മിഴ്നാട്ടുകാർക്കും കേരളീയർക്കും ഏറെ പ്രിയപ്പെട്ട കന്യാകുമാരി യാത്രകളിൽ  എന്തുകൊണ്ടും ഉൾപ്പെടുത്താവുന്ന ഒരിടം. അതാണ്  ചിതറാൽ. തിരുവനന്തപുരം - കന്യാകുമാരി ദേശീയപാതയിൽ അധികം ദൂരത്തല്ല ചിതറാൽ ജൈനക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാർത്താണ്ഡത്തുനിന്നും എട്ട് കിലോ മീറ്ററോളം സഞ്ചരിച്ചാൽ ഇവിടെയെത്താം. ജൈനക്ഷേത്രത്തോടൊപ്പം മലമുകളിലെ കാഴ്ചകളും ഏതൊരു സഞ്ചാരിയുടേയും മനംകവരും.

ഒമ്പതാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതാണ് ജൈനക്ഷേത്രം എന്നാണ് കരുതുന്നത്. പ്രധാനകവാടത്തിൽ നിന്ന് ഒന്നര കിലോമീറ്ററോളം നടക്കാനുണ്ട് ക്ഷേത്രത്തിലേക്ക്. മലയിറങ്ങിവരുന്ന കാറ്റിനൊപ്പം ചേർന്ന് യാത്ര ചെയ്യാം. കുത്തനെയുള്ള കയറ്റങ്ങളില്ലെങ്കിലും ചെറിയ ഒരു ട്രെക്കിങ് അനുഭവം ഈ വഴി തരുന്നുണ്ട്. 

ഒത്ത മുകളിലെത്തുമ്പോൾ തണൽ വിരിക്കുന്ന ആൽമരം കാണാം. പാറക്കല്ലിനോട് ചേർന്ന് നിൽക്കുന്ന അരയാലിന് തലമുറകളുടെ തണലിന്റെ കഥകൾ പറയാനുണ്ടാവും. മുന്നോട്ടുചെല്ലുമ്പോൾ കല്ലിൽ തീർത്ത കവാടവും കൊത്തുപണികളും കാണാം. പാറക്കെട്ടുകൾക്ക് മേൽ ശില്പങ്ങളുടെ നിറവ് എടുത്തുവച്ച പോൽ മനോഹരമാണ് മേൽത്തട്ട്. വലിയ പാറയുടെ ഒരു വശത്താണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. മൂന്ന് നിലകളായാണ് ശില്പവിസ്മയം സ്ഥിതി ചെയ്യുന്നത്.

മധ്യഭാ​ഗത്തായി ചുവർ ശില്പങ്ങളും പൂജയ്ക്കും മറ്റ് പ്രാർത്ഥനകൾക്കുമുള്ള ഇടമുണ്ട്. അടിത്തട്ടിലായി പടികളിറങ്ങിച്ചെന്നാൽ ഒരു കുളവുമുണ്ട്. മുകളിൽ നിന്ന് താഴേക്കിറങ്ങിയാണ് ഓരോ കാര്യവും കാണേണ്ടത്. 

******

നെയ്യാറ്റിൻകരയും പാറശ്ശാലയും പിന്നിട്ട് തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന കളിയിക്കാവിളയിലെത്തണം. അവിടെ നിന്ന് നേരെ കുഴിത്തറ ജങ്ഷനിലേക്ക്. അവിടെ നിന്ന് ഇടത്തേക്കാണ് വഴിതിരിയേണ്ടത്. ഇവിടെ നിന്ന് പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ ചിതറാലിലെത്താം. 

(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്. ട്രാവൽ ജേണലിസ്റ്റ് റോബിദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച യാത്രാവിവരണത്തിന്റെ പൂർണരൂപം കാണാം)

Content Highlights: Chitharal jain temple, Chitharal Hills, Mathrubhumi Yathra