കേരളാ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ചെങ്കോട്ട പമ്പ്‌ലിയിലെ തിരുമലകോവില്‍ തിരുമല കുമാരസ്വാമിയെന്ന മുരുകഭഗവാന്റെ പുണ്യഭൂമിയെന്ന നിലയില്‍ പ്രശസ്തമാണ്. വിശ്വാസത്തിനും പെരുമയ്ക്കും ആക്കംകൂട്ടി ശ്രീകോവിലിന്റെ കിഴക്കെ നടയില്‍ പുതിയ കുംഭഗോപുരവാതില്‍ ഒരുങ്ങുകയാണ്. ക്ഷേത്രത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാനാണ് കിഴക്കുദിക്കില്‍ പുതിയ ഗോപുരവാതില്‍ തയ്യാറാക്കുന്നത്. പ്രധാന ക്ഷേത്ര കവാടത്തിലും അറ്റുകുറ്റപ്പണികള്‍ നടക്കുന്നുണ്ട്.

Chenkotta Temple
തിരുമലകോവിലിലെത്താനുള്ള കരിങ്കല്‍ പടവുകള്‍

പുതിയതായി ഉയരുന്ന ഗോപുരഭിത്തികള്‍ കല്ലുകള്‍ കൊണ്ടു തന്നെയാണ് നിര്‍മ്മിക്കുന്നത്. കരിങ്കല്‍ ഭിത്തികളില്‍ പൊതിയാനുള്ള അലങ്കാര ലോഹ തകിടുകളും നിര്‍മ്മാണത്തിലാണ്. ചെങ്കട്ടയില്‍ നിന്ന് ഏകദേശം എട്ടുകിലോമീറ്ററോളം ഉള്ളിലായായി പമ്പ്‌ലിയില്‍ പശ്ചിമഘട്ടത്തോട് ചേര്‍ന്ന് കുന്നിന്‍ മുകളിലായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 600 വര്‍ഷത്തിനപ്പുറമാണ് തിരുമലകോവിലിന്റെ പഴക്കം കണക്കാക്കുന്നത്. പന്തളം രാജാവാണ് തിരുമല കോവിലിന്റെ ആദ്യ ഭാഗങ്ങള്‍ പണിതീര്‍ത്തത്.പിന്നീടുള്ള ഭാഗം ശിവകാമി അമ്മയാറും.

Chenkotta 1
നിര്‍മ്മാണം പുരോഗമിക്കുന്ന കിഴക്കെ നടയിലെ പുതിയ കുംഭഗോപുരവാതില്‍

മുഴുവനും കരിങ്കല്ലില്‍ തീര്‍ത്ത വിസ്മയമാണ് തിരുമലക്കോവില്‍. കരിങ്കല്‍ തൂണുകളിലെ അലങ്കാര കൊത്തുപണികള്‍ ആരിലും കൗതുകമുണ്ടാക്കും. പണ്ട് ക്ഷേത്രം നിര്‍മ്മാണത്തിനാവശ്യമുള്ള കൂറ്റന്‍ കരിങ്കല്ലുകള്‍ ആനയെ ഉപയോഗിച്ച് വലിച്ചുകയറ്റുകയായിരുന്നു. പ്രധാനമായും മുരുകന്റെയും ഗണപതിയുടെയും വിഗ്രഹ പ്രതിഷ്ഠയാണ് ക്ഷേത്രത്തിനുള്ളില്‍. നേര്‍ച്ചയായി കുട്ടികളുടെ മുടിയെടുപ്പും വിവാഹങ്ങളും നടക്കാറുണ്ട്. 2011 മുന്‍പുവരെ ക്ഷേത്രത്തിലെത്താന്‍ 625 കരിങ്കല്‍ പടവുകള്‍ കയറിവേണം എത്തേണ്ടിയിരുന്നത്. എന്നാല്‍ പാറകള്‍ മുറിച്ചുമാറ്റി വിശാലമായ റോഡ് നിര്‍മ്മിച്ചതോടെ ക്ഷേത്ര കവാടം വരെ ഇപ്പോള്‍ വാഹനം ചെല്ലും. ഉച്ചവെയിലിലും പശ്ചിമഘട്ടത്തിലെ കാറ്റടിക്കുന്നതിനാല്‍ മലകയറിയെത്തുന്ന ഭക്തര്‍ക്ക് തളര്‍ച്ചയറിയില്ല.

Chenkotta 3
തിരുമലകോവിലില്‍ നിന്ന് കാണാന്‍ കഴിയുന്ന തമിഴ് ഗ്രാമീണ പച്ചപ്പുകള്‍

മലമുകളിലെ ക്ഷേത്രത്തില്‍നിന്ന് നോക്കിയാല്‍ തമിഴകത്തിന്റെ നെല്‍പ്പാടങ്ങളും തെങ്ങിന്‍ തോട്ടവുമെല്ലാം കണ്ണിന് കുളിര്‍മയുള്ള കാഴ്ചകളാണ്.കൂടാതെ പശ്ചിമഘട്ടത്തിന്റെ സുന്ദരകാഴ്ചകള്‍ വേറെയുമുണ്ട്.

Content Highlights: Chenkotta Thirumala Kovil, Kollam Tourits Destinations, Thenmala Tourism