നിശ്ചിതത്വങ്ങളുടെ പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ യാത്ര. സ്ഥിരം സംഘം തന്നെയാണ്. യാത്ര ബ്രഹ്‌മഗിരി മലനിരകളിലേക്കാണ്.

പുളിയഞ്ചേരി.
കോഴിക്കോട്ടെ കൊയിലാണ്ടിയിലുള്ള സുന്ദരമായ ഒരു ഗ്രാമപ്രദേശമാണിത്. മഞ്ഞ് വീണ് തണുത്ത് തുടങ്ങിയ ഈ വൈകുന്നേരത്ത്, പുളിയഞ്ചേരിയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. ഈ ഗ്രാമത്തിന് തൊട്ടടുത്ത സ്ഥലങ്ങളിലായി താമസിക്കുന്ന സജിലും ഹരിയും ജദീറും ഞാനും വണ്ടികയറി. മേപ്പയ്യൂര് വഴി പേരാമ്പ്രയാണ് ആദ്യ ലക്ഷ്യം. അവിടെ കുറ്റ്യാടി റോഡില്‍ വെച്ച് അജ്മലും കൂടെച്ചേര്‍ന്നു.

Brahmagiri Trekking 6

താമരശ്ശേരി ചുരത്തിന്റെ അത്ര സുന്ദരമല്ല കുറ്റ്യാടി ചുരം. എങ്കിലും പേരാമ്പ്രയില്‍ നിന്ന് പടിഞ്ഞാറത്തറയ്ക്ക് പോകാന്‍ ഈ വഴിയാണ് എളുപ്പം. നിരവില്‍പ്പുഴ എത്തുന്നതിന് തൊട്ടുമുന്‍പ് ആള്‍ത്തിരക്കില്ലാതെ, റോഡരികില്‍ ഒരു ചെറിയ കടകണ്ടു. ആ കടക്കാരന്റെ ഈ ദിവസത്തിലെ അവസാനത്തെ കച്ചവടം. നാല് കട്ടന്‍ ചായ, രണ്ട് കട്ടന്‍ കാപ്പി, കാടമുട്ട പൊരിച്ചത്.

നിരവില്‍പ്പുഴയിലൂടെയുള്ള യാത്ര എപ്പോഴും ചപ്പ കോളനിയെ ഓര്‍മയിലേക്ക് കൊണ്ടുവരും. ആറേഴ് വര്‍ഷം മുന്‍പ് ആ ആദിവാസി കോളനിയുടെ കാട്ടതിരില്‍ വെച്ച് മാവോയിസ്റ്റുകളും പോലീസും തമ്മില്‍ വെടിവെപ്പ് നടന്നിരുന്നു. മാവോയിസ്റ്റുകളുടെ കേരളത്തിലെ പ്രവര്‍ത്തനത്തെക്കുറിച്ച് നിരന്തരം വാര്‍ത്തകള്‍ വന്ന കാലം. പല തവണയായി മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ ചപ്പക്കോളനിയിലും സമീപത്തും വന്നു പോയ്‌ക്കൊണ്ടിരുന്നുവെന്ന് അവിടുത്തുകാര്‍ പറഞ്ഞു. മാവോയിസ്റ്റ് ഭീതി പതഞ്ഞ് പൊന്തിയ ആ കാലത്ത് ചപ്പ കോളനിയിലെ വെടിവെപ്പ് വലിയ വാര്‍ത്തയായിരുന്നു. അന്ന് പക്ഷേ ഇരു പക്ഷത്തും ആളപായമോ പരിക്കോ ഉണ്ടായില്ല.

Nirappil Puzha

നിരവില്‍ പുഴയും കടന്ന് യാത്ര, പ്രളയാനന്തരം വന്ന പോലല്ല. റോഡൊക്കെ നന്നാക്കിയിട്ടുണ്ട്. യാത്ര സുഖകരം. വെള്ളമുണ്ട കഴിഞ്ഞ് എട്ടേ നാലിലൂടെ പടിഞ്ഞാറത്തറയ്ക്ക്. ബാണാസുര ഡാമിനടുത്തു കൂടിയാണ് കാറ് ഇരുട്ടിലൂടെ സഞ്ചരിക്കുന്നത്. പതിനൊന്ന് മണിയോടെ പതിനാറാം മൈലില്‍ അഭിയുടെ വീട്ടില്‍.

ഇറക്കത്തിന് താഴെ നക്ഷത്രം തിളങ്ങുന്നു. ഇന്ന് രാത്രി ഇവിടെയാണ്. നേരത്തേ മുളക് പുരട്ടി വെച്ച രണ്ട് ഫുള്‍ കോഴിയുമായി മേലേപ്പറമ്പിലേക്ക് നടന്നു. കാപ്പിച്ചെടിയുടെ തണ്ട് വെട്ടി കുറ്റികളാക്കി. മണ്ണില്‍ പുതഞ്ഞ കരിയില നീക്കി അവിടെ വാഴയില വിരിച്ചു. കുറ്റിയില്‍ കോഴി കെട്ടിവെച്ചു, അതിന് മുകളില്‍ തപ്പ് വെച്ച് തീക്കൊടുത്തു. ചുള്ളിക്കമ്പ് പെറുക്കാന്‍ പല വഴിക്ക് നടന്നു. തണുത്ത് കനപ്പെട്ട സുന്ദര രാത്രിയില്‍ ആളിക്കത്തുന്ന തീയ്ക്കപ്പുറം കാണാം പള്ളിയിലെ ചുവന്ന നക്ഷത്രം.

Brahmagiri Trekking

രാവിലെ ഏഴ് മണിയോടെയാണ് പടിഞ്ഞാറത്തറയില്‍ നിന്ന് ബ്രഹ്‌മഗിരി മലനിരകളിലേക്കുള്ള യാത്ര തുടങ്ങുന്നത്. അതിന് മുമ്പേ അഭിയുടെ അമ്മ കാച്ചിത്തന്ന കട്ടന്‍ കുടിച്ചു. തരുവണ, മാനന്തവാടി വഴി തെറ്റ് റോഡ്. വണ്ടി സൈഡാക്കി. അപ്പത്തിന് പ്രശസ്തമാണ് തെറ്റ് റോഡിലെ കട. അപ്പം മാത്രമല്ല രാവിലെ ഇഡ്‌ലിയും ചമ്മന്തിപ്പൊടിയും സാമ്പാറും കിട്ടും. മല രാവിലെ കയറിയാല്‍ വൈകീട്ടേ ഇറങ്ങാന്‍ പറ്റൂ എന്ന് നേരത്തെ പോയവര്‍ പറഞ്ഞിരുന്നു. അപ്പം കുറച്ച് പാക്കറ്റുകള്‍ കൂടി വാങ്ങി ബാഗിലിട്ടു. കുറച്ചപ്പുറത്ത് നിന്ന് പഴവും വാങ്ങി.

Brahmagiri
ബ്രഹ്‌മഗിരിയിലേക്കുള്ള വഴി | ഫോട്ടോ: അജ്മല്‍ മാണിക്കോത്ത്

തെറ്റ് റോഡില്‍ നിന്ന് തിരുനെല്ലിക്കാട്ടിലൂടെയുള്ള യാത്ര സുന്ദരമാണ്. തണുപ്പ്, മാന്‍ കൂട്ടങ്ങള്‍, ഇരുവശവും ഇടതൂര്‍ന്ന കാട്, അരുവികള്‍. ഇടതുവശത്തെ ചെറിയ കിടങ്ങുപോലുള്ള സ്ഥലത്ത് ഒരാനയേയും കണ്ടു. തിരുനെല്ലി ഫോറസ്റ്റ് ഐ.ബിയ്ക്ക് സമീപത്ത് നിന്നാണ് ബ്രഹ്‌മഗിരി മല നിരകളിലേക്കുള്ള യാത്ര തുടങ്ങേണ്ടത്. ആറ് പേര്‍ക്ക് 2760 രൂപ കൊടുത്ത് ടിക്കറ്റെടുത്തു. മലകയറ്റത്തിന് താങ്ങാവാന്‍ ഊന്നുവടികളുണ്ട്. വഴിതെളിക്കാന്‍ ഗൈഡ് ചന്ദ്രേട്ടനും.

മുമ്പൊരു തവണ ഈ ഐബിയില്‍ താമസിച്ചിരുന്നു. അന്ന് പക്ഷേ ട്രക്കിംഗ് നടന്നില്ല. മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് പറഞ്ഞ് ട്രക്കിംഗ് നിരോധിച്ച സമയമായിരുന്നു അത്. മലയിറങ്ങി കാളിന്ദി തീരത്തൂടെയുള്ള നടത്തവും പുഴയിലെ കുളിയും ആ ദിനത്തിലെ ഓര്‍മ്മ. ഒരു മലയണ്ണാന്‍ മരമിറങ്ങി വന്നു. അത് പിന്നെ മറ്റൊരു മരത്തിലേക്ക് കയറിപ്പോയി. ഞങ്ങള്‍ നടത്തം തുടങ്ങി.

Brahmagiri Trekking 2

കഴിഞ്ഞയാഴ്ച വന്ന ഒരു യാത്രാസംഘത്തെ ഒറ്റയാന്‍ പേടിപ്പിച്ച കഥപറഞ്ഞാണ് ചന്ദ്രേട്ടന്‍ ഞങ്ങളെ മലകയറ്റിത്തുടങ്ങിയത്. ഇരുവശവും വളര്‍ന്ന് പടര്‍ന്ന് പന്തലിച്ച കാട്. നടുവിലെ പാതയില്‍ ആനപ്പിണ്ഡം. വളവും തിരിവും കയറ്റിറക്കങ്ങളും കടന്ന് യാത്ര. ഒരിറക്കത്തിന്റെ താഴെയാണ് ആദ്യ അരുവി കണ്ടത്. തെളിനീര്, തണുപ്പ്. വഴിനീളെ അരുവികളുണ്ട്. ചെറിയ പാറക്കെട്ടുകളിലൂരിയും ഉടക്കിയും കാളിന്ദിയില്‍ ലയിക്കാന്‍ വെമ്പുന്ന നീര്‍ക്കണങ്ങള്‍.

ചെമ്മണ്‍പാതയില്‍ നിന്ന് ഓരോ ഇടവേളകളിലും ഒറ്റയടിപ്പാതയിലേക്ക് മാറി നടന്നുകൊണ്ടേയിരുന്നു വഴികാട്ടി. ചന്ദ്രേട്ടന്റ കയ്യിലൊരു വാക്കത്തിയുണ്ട്. ഞങ്ങളുടെ കയ്യില്‍ ഓരോ ഊന്നുവടിയും. ഞങ്ങള്‍ക്ക് മുമ്പേ വന്ന് പോയ പലരും ഉപയോഗിച്ച വടികളാണിത്. അതും കുത്തിപ്പിടിച്ച് ഏറെ കഷ്ടപ്പെട്ട് മല കയറിക്കൊണ്ടേയിരുന്നു. ഏതൊക്കെയോ ജീവികളുടെ കൂട് പല മരങ്ങളിലായി കണ്ടു. പക്ഷികള്‍, അരുവി, വള്ളിക്കാടുകള്‍.

Brahmagiri Trekking 3

അഞ്ച് കിലോമീറ്ററോളം കയറിയാണ് വാച്ച് ടവറിന് സമീപത്തെത്തിയത്. കുറേക്കാലമായി ആള്‍ത്താമസമില്ലാതെ കിടന്ന ഹട്ടുകള്‍ അവിടെ കണ്ടു. പച്ച പെയിന്റടിച്ച ഒരു കെട്ടിടം, വനം വകുപ്പുകാര്‍ താമസിക്കുന്ന ഇടമായിരിക്കും. അതിനടുത്ത് വാച്ച് ടവര്‍. കാലപ്പഴക്കം കൊണ്ട് ഇപ്പൊ അടര്‍ന്ന് വീഴുമെന്ന് തോന്നുന്ന പടികള്‍ കയറി വാച്ച് ടവറിന് മുകളിലെത്തിയാല്‍ സുന്ദര കാഴ്ച. നാലുപാടും പരന്നൊഴുകുന്നു, പച്ചപ്പ്.

ഇനി നാല് കുന്ന് കയറണം. പുല്‍മേടാണ്, വെയിലാണ്. ആകെ തളര്‍ന്ന് അവശരായ ഞങ്ങളില്‍ ചിലര്‍ മുകളിലേക്ക് നോക്കിയപ്പോള്‍ ഞങ്ങള്‍ക്ക് മുമ്പേ കയറിയവരെ ഒരു പൊട്ടുപോലെ കണ്ടു. അരുവിയിലെ തണുത്ത വെള്ളം മോന്തി പിന്നേയും മല കയറി. ആദ്യ മല കയറിത്തീര്‍ക്കും മുമ്പേ രണ്ടിടത്ത് ഇരുന്നു. രണ്ടാമത്തെ മല കയറി തണലിലിരുന്നു. മുന്നാമത്തെ മലയില്‍ തണലുണ്ടായില്ല. ഞങ്ങള്‍ മൂന്ന് പേര്‍ മൂന്നാമത്തെ മലയ്ക്ക് മുകളിലിരുന്നു. ഈ നട്ടുച്ചയിലും നാലു പാടും സുന്ദര കാഴ്ച. പുല്‍മേടുകള്‍ക്കിടയിലെ മലമടക്കുകളില്‍ ചോല. അതിനുള്ളില്‍ വന്യമൃഗങ്ങള്‍ വെയിലേല്‍ക്കാതെ വിശ്രമിക്കുകയാകും. 'അവിടേയ്ക്ക് നോക്കു', ചന്ദ്രേട്ടന്‍ ചൂണ്ടിക്കാട്ടി. അതാണ് കര്‍ണാടക അതിര്‍ത്തി. ഞങ്ങള്‍ മൂന്ന് പേര്‍ യാത്ര അവിടെ അവസാനിപ്പിച്ചു.

Brahmagirir Trekking 4

നാലാമത്തെ മല കയറ്റത്തിന്റെ അനുഭവം അഭിയും സജിലും അജ്മലും പങ്കുവെച്ചതാണ്. അതിവിടെ കുറിയ്ക്കട്ടെ, ആദ്യം ഒരിറക്കമാണ് വെയിലിന് ചൂട് കൂടി. പിന്നേയും നടന്നു. കുത്തനെയുള്ള കയറ്റം. ഒടുവില്‍ ലക്ഷ്യ സ്ഥാനത്ത്. വെയിലിനെ കീറി തണുത്ത കാറ്റുണ്ട്. കര്‍ണാടകയിലെ ഇരിപ്പ് വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് മല കയറി എത്തിയവരുണ്ട് അവിടെ. അവരോടൊപ്പം കര്‍ണാടകത്തിലെ ഗൈഡുമാര്‍. കാറ്റ്, കാഴ്ച, അനുഭൂതി. കുറച്ച് സമയം മലമുകളില്‍ത്തന്നെ. നാലുപാടും താഴ്വാരം, പച്ചപ്പ്.

കയറിയ അത്ര കഠിനമല്ല തിരിച്ചിറങ്ങല്‍. പക്ഷേ ശ്രദ്ധിക്കണം. തെന്നിത്താഴെപ്പോകാനും സാധ്യതയുണ്ട്. രണ്ടര കിലോമീറ്ററോളം മലയിറങ്ങിയാല്‍ വാച്ച് ടവറിനടുത്ത് വിശ്രമിക്കാം. അത് കഴിഞ്ഞ് വീണ്ടും താഴേക്ക് നടത്തം. മൂന്ന് മണിയോടെ ഐബിയ്ക്ക് സമീപം യാത്ര അവസാനിച്ചു.

Brahmagiri Trekking 5

സുഖകരമായി, വളവ് തിരിഞ്ഞ് കയറ്റം കയറി, ഇറങ്ങി, താഴേക്ക് പതിച്ച്, വീണ്ടും പിടിച്ച് കയറി, വെയില് കൊണ്ട്, ആസ്വദിച്ച്, അരുവിയെ അറിഞ്ഞ്, കുത്തനെ കയറ്റം കയറി നമ്മളാസ്വദിക്കുന്നു. ജീവിതം പോലെ. താഴെ കാളിന്ദി ഒഴുകുന്നുണ്ട്. ആര്‍ത്തുല്ലസിച്ച് കുളിക്കാം. സ്‌നേഹത്തോടെ മടങ്ങാം.

Content Highlights: Brahmagiri journey after lockdown period