മാറിയ കാലാവസ്ഥയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഭൂതത്താന്‍കെട്ട് വിനോദസഞ്ചാര കേന്ദ്രം പുതിയ വിഭവങ്ങളുമായി സജ്ജം. പഴമയുടെ സൗകര്യങ്ങളെ പൊടിതട്ടിയെടുത്ത് കൂടുതല്‍ ആകര്‍ഷണീയമാക്കി വ്യാഴാഴ്ച സഞ്ചാരികള്‍ക്കായി തുറക്കും. കര്‍ശനമായ കോവിഡ് നിയന്ത്രണത്തോടെയാണ് സഞ്ചാരികളെ സ്വീകരിക്കുക. ഇവിടെയടുത്താണ് തട്ടേക്കാട് പക്ഷിസങ്കേതം.

കാട് തുറക്കുന്നു

വനം വകുപ്പ് തുണ്ടം റേഞ്ചിന്റെ നിയന്ത്രണത്തിലാണ് ഭൂതത്താന്‍കെട്ട് 'ഇക്കോ ടൂറിസം'. പഴയ ഭൂതത്താന്‍കെട്ടിലേക്കുള്ള ട്രക്കിങ്ങാണ് പ്രധാന കാഴ്ചകളിലൊന്ന്. പേരറിയാത്ത വന്‍വൃക്ഷങ്ങളും അപൂര്‍വ സസ്യജാലങ്ങളും ഗുഹയും വലിയ പാറക്കെട്ടുകളും... കണ്ണെത്താത്ത ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന കാനനഭംഗി. പെരിയാറിനെയും വന്യജീവികളേയും കാണാം. ഇതിനായി പാറമുകളില്‍ ഈറ്റയിലും മുളയിലും ഒരുക്കുന്ന വിശ്രമകേന്ദ്രത്തിന്റെ അവസാനമിനുക്കുപണിയിലാണ് അധികൃതര്‍.

ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍

ഭൂതത്താന്‍കെട്ട് ഡി.ടി.പി.സി. ഇന്‍ഫര്‍മേഷന്‍ ഓഫീസിലെത്തിയാല്‍ എല്ലാ വിവരവും അറിയാം. തൊട്ടുചേര്‍ന്നാണ് ടിക്കറ്റ് കൗണ്ടറും പാര്‍ക്കിങ് ഏരിയയും. പാര്‍ക്കിങ്ങിന് പ്രത്യേക ഫീസ് നല്‍കണം. ബസ് 50, കാര്‍-ജീപ്പ് 20, ഇരുചക്ര വാഹനം 5 രൂപ എന്നിങ്ങനെയാണ് നിരക്ക്. മുതിര്‍ന്നവര്‍ക്ക് ടിക്കറ്റ് നിരക്ക് 20 രൂപ. 10 വയസ്സില്‍ താഴെയുള്ളവര്‍ക്കും വിദ്യാര്‍ഥിള്‍ക്കും പകുതിനിരക്ക്. വനംവകുപ്പിന്റെ ഇക്കോ ടൂറിസത്തില്‍ പ്രവേശിക്കാന്‍ മുതിര്‍ന്നവര്‍ക്ക് 30 രൂപയും വിദ്യാര്‍ഥികള്‍ക്ക് അഞ്ചു രൂപയുമാണ്.

ബോട്ടിങ്

ഹൗസ് ബോട്ടും സ്പീഡ് ബോട്ടും ലഭിക്കും. ഒരു മണിക്കൂര്‍ യാത്രയ്ക്ക് 150 രൂപ. ഹൗസ് ബോട്ടില്‍ 40 പേര്‍ക്കും സ്പീഡ് ബോട്ടില്‍ 8-10 പേര്‍ക്കും സഞ്ചരിക്കാം. വനമേഖലയിലൂടെ ഞായപ്പിള്ളി വരെ യാത്ര. കോവിഡ് പശ്ചാത്തലത്തില്‍ 50 ശതമാനം സീറ്റുകളാക്കിയാണ് ബോട്ട് യാത്ര.

മരത്തിനുമുകളില്‍ താമസം

Tree Hut
ഭൂതത്താന്‍കെട്ടിലെ തടാകത്തോടു ചേര്‍ന്നുള്ള ഏറുമാടം | ഫോട്ടോ: എന്‍.എം. പ്രദീപ് \ മാതൃഭൂമി

തടാകത്തോട് ചേര്‍ന്നുള്ള 'ട്രീ ഹട്ടി'ല്‍ ഒരു ദിവസത്തെ താമസത്തിന് 2,500 രൂപ. രണ്ട് എ.സി. കോട്ടേജുകളുമുണ്ട്. ഇവിടെ ഒരു രാത്രിയും പകലും തങ്ങാന്‍ 3,000 രൂപ.

പെഡല്‍ബോട്ടിങ്, മീന്‍പിടിത്തം

ഡി.ടി.പി.സി.യുടെ 40 ഏക്കറോളം വരുന്ന തടാകത്തില്‍ പെഡല്‍ ബോട്ട് സൗകര്യവുമുണ്ട്. തടാകത്തില്‍ വളര്‍ത്തുന്ന മീനുകളെ ചൂണ്ടയിട്ട് പിടിക്കാം. തടാകത്തോടു ചേര്‍ന്നുള്ള മനോഹരമായ വാക്ക് വേയിലൂടെ സഞ്ചരിക്കാം. വിശ്രമത്തിന് ഇരിപ്പിടവും സജ്ജം.

ആംഫി ഓപ്പണ്‍ തിയേറ്റര്‍

ആഴ്ച അവസാനം പ്രാദേശിക-ആദിവാസി വൈവിധ്യ കലാരൂപം അരങ്ങേറും. നാടന്‍ ഭക്ഷ്യമേളയും സംഘടിപ്പിക്കും.

പരിസ്ഥിതി സൗഹൃദം

പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്കും വാട്ടര്‍ ബോട്ടിലുകള്‍ക്കും കര്‍ശന നിരോധനം. ചെക്പോസ്റ്റില്‍ പരിശോധനയ്ക്കു ശേഷമേ കടത്തിവിടൂ. പലഭാഗത്തായി 40-ഓളം മാലിന്യക്കൊട്ടയുമുണ്ട്.

എങ്ങനെ എത്താം?

കോതമംഗലം ആണ് അടുത്ത ബസ് സ്റ്റാന്‍ഡ്. ആലുവയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. വിമാനത്താവളം നെടുമ്പാശ്ശേരിയും. കോതമംഗലത്തു നിന്ന് 10 കിലോമീറ്റര്‍ ദൂരം. ഭൂതത്താന്‍കെട്ടില്‍ നിന്ന് തട്ടേക്കാട് പക്ഷിസങ്കേതത്തിലേക്ക് അഞ്ചു കിലോമീറ്ററും.

ഫോണ്‍: ഡി.ടി.പി.സി - 9847332200, ഗ്രീനിക്‌സ് നേച്ചര്‍ പാര്‍ക്ക് - 9847486470

 

നാടന്‍കലകളും ഭക്ഷണവും പ്രധാനം

Stanley Bennyനാട്ടുകാരെക്കൂടി ഉള്‍പ്പെടുത്തിയുള്ള വികസനമാണ് വിഭാവനം ചെയ്യുന്നത്. നാട്ടുകാര്‍ക്ക് വരുമാനവും തൊഴിലും ലഭ്യമാക്കും. പ്രാദേശികമായ ഭക്ഷണം, കലകള്‍ എന്നിവയ്ക്ക് വേദിയൊരുക്കും. സമീപ വീടുകളില്‍ ടൂറിസ്റ്റുകള്‍ക്ക് ഭക്ഷണത്തിന് സൗകര്യമൊരുക്കും. വീടുകളില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറിക്കും മറ്റും വിപണിയുണ്ടാക്കും. കുട്ടികള്‍ക്കായി ചിത്രരചന, പ്രസംഗം, നീന്തല്‍പഠന കളരികള്‍ ഒരുക്കും.

-സ്റ്റാലിന്‍ ബെന്നി, ഡയറക്ടര്‍ ഗ്രീനിക്‌സ് നേച്ചര്‍ പാര്‍ക്ക്

ടൂറിസത്തിന് ഏറ്റവും അനുയോജ്യം

Roy Abrahamടൂറിസത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കൊപ്പം വിദേശ ടൂറിസ്റ്റുകളും എത്തുന്നതിനു വേണ്ട ക്രമീകരണം ചെയ്യണം. മഴക്കാലത്ത് ബാരേജിന്റെ ഷട്ടര്‍ തുറന്നുവിടുന്നതു മൂലം ആറുമാസം ടൂറിസത്തിന് തിരിച്ചടിയാണ്. പെരിയാറില്‍ ജലനിരപ്പ് താഴുന്നതോടെ പ്രകൃതിഭംഗി ആസ്വാദനവും ബോട്ടിങ്ങും വിഫലമാവും. തേക്കടി കഴിഞ്ഞാല്‍ സമീപത്ത് വനമേഖലയിലൂടെയുള്ള ബോട്ടിങ് ഇവിടെയേ ഉള്ളൂ.

-റോയ് എബ്രഹാം, ടൂറിസ്റ്റ് ഗൈഡ്

Content Highlights: Bhoothathankettu Dam, Bhoothathankettu Rafting, Bhoothathankettu Package and Contacts, Kerala Tourism