എ..ഡി.1600 കാലഘട്ടത്തില്‍ ഇക്കേരി രാജവംശവും ടിപ്പു സുല്‍ത്താനും നാടുവാണിടുന്ന കാലം. അന്ന് ബന്തടുക്കയില്‍ ഒരു കോട്ട തലയുയര്‍ത്തിനിന്നിരുന്നു. എന്നാല്‍ ഇന്ന് കോട്ടയുടെ സ്ഥിതി ദയനീയം. എല്ലാം നശിച്ചു നാനാവിധമായി.

ഒരു നാട്ടുരാജ്യത്തിന് കാലങ്ങളോളം കാവല്‍ നിന്ന കോട്ടയ്ക്ക് ഈ യുഗത്തില്‍ രക്ഷകനായി ആരുമില്ലാത്ത അവസ്ഥ. ബേക്കല്‍ ഒഴികെ ചരിത്രമുറങ്ങുന്ന കോട്ടകളെല്ലാം കാസര്‍കോട് ജില്ലയില്‍ നശിച്ചുകൊണ്ടിരിക്കുന്നു.

അങ്ങനെയുള്ള കോട്ടകളില്‍ ഒന്നാണ് ബന്തടുക്കയിലുള്ളത്. കോട്ടയുടെ വടക്ക്പടിഞ്ഞാറ് അതിര്‍ത്തി പങ്കിടുന്നത് ബന്തടുക്ക ടൗണ്‍. തെക്ക് അതിര് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കിഴക്ക് സുബ്രഹ്മണ്യ ക്ഷേത്രവും ശ്രീരാമക്ഷേത്രവും. അതായത് കോട്ട സ്ഥിതി ചെയ്യുന്നത് ബന്തടുക്കയുടെ ഒത്ത നടുക്ക്. അതിനാല്‍ ബന്തടുക്കയെ പണ്ടുമുതലേ നാട്ടുകാര്‍ വിളിക്കുന്നത് 'കോട്ടക്കാല്‍' എന്നാണ്.

ഒരുകാലത്ത് ഈ ദേശം 'പന്നടുക്ക'യെന്നും അറിയപ്പെട്ടിരുന്നു. ഇതാണ് പിന്നീട് ബന്തടുക്കയായത്. ഇതിനകത്ത് ആകെ 12 കോട്ടകൊത്തളങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ കോട്ടയും കൊത്തളവുമില്ല. കോട്ട നിര്‍മിച്ച ഉരുക്കിന്റെ ഉറപ്പുണ്ടായിരുന്ന ചെങ്കല്ലുകള്‍ കാലം കഴിയുംതോറും കാണാതാകുന്നു. കോട്ട കൊത്തളത്തിന്റെ അവശിഷ്ടം അല്പമെങ്കിലും ഉണ്ടെങ്കില്‍ ബന്തടുക്ക ഗവ. ഹൈസ്‌കൂളിന്റെ ഓഫീസിനോട് ചേര്‍ന്നുള്ള സ്ഥലത്ത് മാത്രം.

കോട്ട സര്‍ക്കാര്‍ഭൂമിയിലോ പുറംപോക്ക് ഭൂമിയിലോ ഉള്‍പ്പെടുന്നില്ല. പഴയ രേഖകള്‍ പ്രകാരം സാധാരണ പട്ടയ ഭൂമിയാണിത്. ഭൂരിഭാഗവും സ്വകാര്യ വ്യക്തികള്‍ക്ക് രേഖാമൂലം  കൈവശം വന്ന സ്ഥലം. ഇന്ന് കോട്ടയ്ക്കകത്ത് വീടുകളും  വ്യാപാര, വാണിജ്യ സ്ഥാപനങ്ങളും വരെ ഉണ്ട്.

ബന്തടുക്ക കക്കച്ചാല്‍  റോഡില്‍നിന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കുള്ള  റോഡ് കോട്ടയുടെ ഒത്ത മധ്യത്തിലൂടെയാണ്. കോട്ടമതിലിന്റ പുറത്ത് ചുറ്റും വലിയ കിടങ്ങുകളുണ്ട്. ഇവ കാടുമൂടി പ്രവേശനം പോലും സാധ്യമല്ലാതായി. ചില കിടങ്ങുകളില്‍ തെങ്ങുകളും വളരുന്നു. വടക്കുഭാഗം പൂര്‍ണമായും ഇടിഞ്ഞു പൊളിഞ്ഞു.

അടുത്തകാലത്ത് സംസ്ഥാന പുരാവസ്തു വകുപ്പ് കോട്ടയുടെ തെക്കുകിഴക്ക് ഭാഗത്ത് 27 സെന്റ്് ഏറ്റെടുത്തിരുന്നു. 2012ല്‍ ഇവിടെ ചെങ്കല്ലുപയോഗിച്ച് പുതുക്കിപ്പണിതു. ഇപ്പോള്‍ ഇതും കാടുമൂടി.
ബേക്കല്‍ കോട്ട, കുണ്ടംകുഴി കോട്ട, ബന്തടുക്ക കോട്ട, കര്‍ണാടക സുള്ള്യയിലെ കാന്തമംഗലം കോട്ട, ബെള്ളാരെ കോട്ട എന്നിവ നേര്‍രേഖ പാതയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്.

ടിപ്പു സുല്‍ത്താന്‍ മൈസൂരില്‍ നിന്നും ആയുധങ്ങള്‍ ശേഖരിച്ച് ഈ പറയുന്ന  കോട്ടകളിലേക്കെല്ലാം എത്തിച്ചിരുന്നു.വിദേശരാജ്യങ്ങളുമായി മൈസൂര്‍ രാജ്യത്തിന് ബന്ധപ്പെടാനും വാണിജ്യാവശ്യങ്ങള്‍ നിറവേറ്റുന്നതിനുമാണ് കോട്ട നിര്‍മ്മിച്ചിരുന്നത്. അക്കാലത്ത് ബേക്കല്‍ തുറമുഖമായിരുന്നു ആശ്രയം. ഇക്കേരി രാജവംശത്തിലെ ശിവപ്പനായ്ക്കായിരുന്നു കോട്ടകളുടെ നിര്‍മാണത്തിന് നേതൃത്വം നല്കിയത്.

ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലെത്തിയ കര്‍ണാടക വംശജര്‍ ഇപ്പോഴും ബന്തടുക്കയില്‍ താമസിക്കുന്നുണ്ട്. ഇക്കേരി രാജവംശത്തെത്തുടര്ന്ന് ടിപ്പുസുല്‍ത്താന്‍ ഇവിടെയെത്തി. ടിപ്പുസുല്‍ത്താന്റെ ഭരണകാലത്ത് ആയുധങ്ങളും കുതിരകളെയും ഇറക്കുമതിചെയ്തത് ബേക്കല്‍ തുറമുഖം വഴിയായിരുന്നു. അവിടെ നിന്ന് ഇറക്കുമതി സാധനങ്ങള്‍ കര്‍ണാടകയിലേക്ക് കൊണ്ടുപോയത് ഈ പ്രദേശം വഴിയായിരുന്നു.

കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തുകള്‍ പണ്ട് ദക്ഷിണ കര്‍ണാടകയുടെ ഭാഗമായിരുന്നു. വടക്കും പടിഞ്ഞാറും തെക്കും പുഴകളാല്‍ ചുറ്റപ്പെട്ട ബേഡഡുക്ക, കുറ്റിക്കോല്‍ പ്രദേശങ്ങള്‍ കര്‍ണാടകത്തിലെ സുള്ള്യ നഗരത്തെ ആശ്രയിച്ചതും അങ്ങനെയായിരുന്നു. ഇന്ന് ഈ കോട്ട കോഴിക്കോട് പഴശ്ശി മ്യൂസിയത്തിന്റെ നിയന്ത്രണത്തിലാണ്.

ഇവിടുത്തെ കോട്ട സംരക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ ബേക്കല്‍ കോട്ടയിലെത്തുന്ന ഏതൊരു സഞ്ചാരിക്കും ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളുടെ പ്രകൃതിസൗന്ദര്യം ആസ്വദിച്ച് ബന്തടുക്ക കോട്ടയും കണ്ട് മടങ്ങാമായിരുന്നു.പക്ഷെ അവഗണനയുടെ പടുകുഴിയില്‍ കിടന്നില്ലാതെയാവാനാണ് ഈ കോട്ടയുടെ വിധി.സര്‍ക്കാര്‍ മനസ്സുവെച്ചാല്‍ നാളത്തെ തലമുറയ്ക്ക് വേണ്ടി ഇതിനെ നിലനിര്‍ത്താന്‍ സാധിക്കും.