ന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയ കേരളത്തിലെ ഏറ്റവും വലിയ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബേക്കല്‍ കോട്ടയും പരിസരവും അടിമുടി മാറുന്നു.  കവാടവും നടവഴികളും അന്തര്‍ദേശീയ നിലവാരത്തില്‍ മാറുകയാണ് . കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ ചരിത്രത്തെ വിനോദത്തില്‍ പൊതിഞ്ഞ് ജനങ്ങളിലെത്തിക്കുന്നു. ബേക്കല്‍ കോട്ടയോടൊപ്പം പള്ളിക്കര ബീച്ചിന്റെയും മുഖച്ഛായ മാറി. പുതുമയാര്‍ന്ന കാഴ്ചയുടെ അനുഭവം സമ്മാനിക്കുന്ന ടൂറിസം കേന്ദ്രങ്ങളായി ബേക്കലും പള്ളിക്കര ബീച്ചും വിനോദ സഞ്ചാരികളെ കാത്തിരിക്കുകയാണ്. 

വടക്കേ മലബാറില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ബേക്കല്‍. 400 വര്‍ഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമായ ബേക്കല്‍ കോട്ടയും, കോട്ടയോട് ചേര്‍ന്നുള്ള ബീച്ചും സഞ്ചാരികളെ ജില്ലയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്ത കേരളത്തിലെ ഏക പ്രത്യേക ടൂറിസം മേഖലയാണ് ബേക്കല്‍. ദക്ഷിണ കര്‍ണ്ണാടകയുടെയും ഉത്തര കേരളത്തിന്റെയും ചരിത്രത്തില്‍ പ്രമുഖ സ്ഥാനമുള്ള ബേക്കല്‍ കോട്ട സന്ദര്‍ശിക്കാനെത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ക്ക് സ്വാഗതമേകാനും പാതയോരം സൗന്ദര്യവല്‍ക്കരിക്കാനുമായി 2019 ജൂണിലാണ് സംസ്ഥാന ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയത്.

സാങ്കേതികാനുമതി ലഭിച്ചയുടന്‍ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു.  സ്വാഗത കമാനം, കോമ്പൗണ്ട് വാള്‍, ഇന്റര്‍ലോക്ക് പതിച്ച നടപ്പാത, കൈവരികള്‍, ട്രാഫിക് സര്‍ക്കിള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാകുകയും ചെയ്തു.  നിര്‍മ്മാണ ചുമതല ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു.പദ്ധതിയുടെ ഭാഗമായി ബേക്കല്‍ കോട്ടയുടെ പ്രവേശന കവാടവും പാതയോര സൗന്ദര്യവത്ക്കരണവുമെല്ലാം പൂര്‍ത്തിയായി. ബേക്കലില്‍ എത്തുന്ന സഞ്ചാരികള്‍ക്കും ചരിത്രന്വേഷികള്‍ക്കും സ്വാഗതമരുളുന്ന കമാനങ്ങള്‍ കോട്ടയുടെ സൗന്ദര്യം ഇരട്ടിപ്പിക്കും. ബേക്കല്‍ റിസോര്‍ട്‌സ്  ഡവലപ്‌മെന്റ് കോര്‍പറേഷന്‍ മാനേജിങ്ങ് ഡയറക്ടറും ജില്ലാ കളക്ടറുമായ ഡോ.ഡി.സജിത് ബാബുവിന്റെ ആശയത്തിന്റെ പൂര്‍ത്തീകരണമാണ് ബേക്കല്‍ കോട്ടയുടെ പരിസരം മുതല്‍ പള്ളിക്കര ബീച്ചു വരെ തെളിഞ്ഞു കാണുന്നത്.

പദ്ധതികള്‍ ഇനിയുമേറെ 

ബേക്കല്‍ കോട്ട കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് കൃത്യമായി മനസ്സിലാക്കി എത്തിച്ചേരാന്‍ ബോര്‍ഡുകളോ അടയാളങ്ങളോ ഇല്ലാതിരുന്നത് ജില്ലയുടെ ടൂറിസം രംഗത്തിന് വലിയ തിരിച്ചടിയായിരുന്നു. കണ്ണൂരില്‍ നിന്നെത്തുന്നവര്‍ ഉദുമ വരെയും മംഗലാപുരത്ത് നിന്ന് എത്തുന്നവര്‍ പള്ളിക്കര ബീച്ചും കഴിഞ്ഞും വഴിതെറ്റിപ്പോയ ചരിത്രം തുടരാതിരിക്കാനാണ് വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയപാതയോരത്ത് ആകര്‍ഷകമായ കമാനം സ്ഥാപിക്കാന്‍ ഒരുങ്ങിയത്. സ്വാഗത കമാനം, കാമ്പൗണ്ട് വാള്‍, ഇന്റര്‍ലോക്ക് പതിച്ച നടപ്പാത, കൈവരികള്‍, രാത്രികാലങ്ങളില്‍ തെളിഞ്ഞു പ്രകാശിക്കുന്ന വിളക്കുകള്‍ തുടങ്ങി പദ്ധതി യാഥാര്‍ത്ഥ്യമായതോടെ ബേക്കലിന്റെ മുഖച്ഛായ തന്നെ മാറി. ഈ പദ്ധതിയില്‍ ഇനി ശുചിമുറി സൗകര്യങ്ങളോടു കൂടിയ മികച്ച രണ്ട് ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കൂടി വരാനിരിക്കുന്നു. ഇതിനോട് ചേര്‍ന്ന് ഒരു കിയോസ്‌കും സ്ഥാപിക്കും. അവിടെ ചായ, ചെറുകടി തുടങ്ങിയവയുടെ കച്ചവടത്തിനായി വിട്ടു നല്‍കും. കിയോസ്‌ക് നടത്തുന്നവര്‍ക്കാണ് ശുചിമുറി വൃത്തിയായി സൂക്ഷിക്കേണ്ട ചുമതല. പദ്ധതിയുടെ പ്രവര്‍ത്തി പുരോഗമിക്കുകയാണെന്ന് ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവന്‍ പറഞ്ഞു.

ബി.ആര്‍.ഡിസിയുടെ നേതൃത്വത്തില്‍ ബേക്കല്‍ പി.ഡബ്ല്യൂ.ഡി റോഡരികില്‍ ഒരു മിയാവാക്കി വനവത്ക്കരണം നടത്തി കഴിഞ്ഞു. കാഴ്ചയുടെ പുതു വിസ്മയം തീര്‍ക്കാനായി അവ വളര്‍ന്നു വരികയാണ്. ബേക്കല്‍ കോട്ടയില്‍ നിന്നും ബേക്കല്‍ ബീച്ച് വരെയുള്ള റോഡുകള്‍ 300 മീറ്റര്‍ ദൂരം ഇന്റര്‍ ലോക് ചെയ്തു. മെക്കാഡം റോഡ് ടാര്‍ ചെയ്തു. ടൈല്‍സ് ഒട്ടിച്ച് നടപ്പാത ഭംഗിയാക്കി. ലാന്റ്‌സ്‌കേപ്പ് ചെയ്തു. കെ.എസ്.ടി.പി റോഡ് മുതല്‍ മുതല്‍ ബീച്ച് വരെയുള്ള റോഡ് രണ്ട് ഭാഗം ഇന്റര്‍ ലോക് ചെയ്ത നടവഴി, ഗാര്‍ഡന്‍ എന്നിവ ഉള്‍പ്പെടുത്തിയ പദ്ധതി പുരോഗമിക്കുകയാണ്. സംസ്ഥാന പാത  മുതല്‍ അണ്ടര്‍ ബ്രിഡ്ജ് വരെ 30 ലക്ഷം രൂപയുടെ പദ്ധതിയും പിന്നീട് ബീച്ച് വരെയുള്ള റോഡ് 40 ലക്ഷം രൂപയുമാണ് ബഡ്ജറ്റ്. ഒരു ബീച്ചില്‍ നിന്ന് മറ്റൊരു ബീച്ചിലേക്കുള്ള റോഡ് ഇന്റര്‍ ലോക് ചെയ്തു കഴിഞ്ഞു. ഇതിനായി 1.30 കോടി രൂപ യാണ് ചിലവഴിച്ചത്.  ഇതോടൊപ്പം പള്ളിക്കര ബീച്ചില്‍ ബീച്ച് ആര്‍ട്ട് നടത്തി മനോഹരമാക്കി. ഇവിടെ 300 മീറ്റര്‍ നീളത്തിലുള്ള തിരമാലയുടെ രൂപത്തില്‍ ഒന്നര കോടി രൂപ മുതല്‍ മുടക്കി ആര്‍ട്ട് വാള്‍ നിര്‍മ്മിച്ചു. ഇനി ഉടന്‍ തന്നെ ഈ വാളില്‍ മ്യൂറല്‍ ചിത്രങ്ങള്‍ തെളിയും.

അഞ്ച്  കോടി രൂപയുടെ നവീകരണ പദ്ധതി കൂടി ആലോചനയിലാണ്. ബീച്ചിന് അകത്ത് 18 ലക്ഷം രൂപ ചിലവിട്ട് മിയാവാക്കി വനം നിര്‍മ്മിച്ചിട്ടുണ്ട്. കെ.എസ്.ടി.പി റോഡിലെ ഡിവൈഡറിന് അകത്ത് ഇലഞ്ഞി മര തൈകള്‍ നട്ടു വളര്‍ത്തി പരിപാലിക്കുന്നുണ്ട്.  രണ്ട് വര്‍ഷം കഴിയുമ്പോള്‍ ബീച്ചിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇലഞ്ഞി മരത്തിന്റെ സുഗന്ധവും ആസ്വദിക്കാമെന്ന് ബി.ആര്‍.ഡി.സി അസിസ്റ്റന്റ് മാനേജര്‍ സുനില്‍ കുമാര്‍ പറഞ്ഞു.

Content Highlights: Bekal fort renovation, Bekal fort, Kasaragod tourism, travel news