കേരളം ജലാശയങ്ങളാൽ അനു​ഗ്രഹീതമാണ്. അങ്ങനെയുള്ള ഒരു പ്രദേശമാണ് കോട്ടയം ജില്ലയിലെ മലരിക്കൽ. താമരകളുടെ കൂട്ടമാണ് ഇവിടേക്ക് ഓരോ സഞ്ചാരപ്രിയരേയും ക്ഷണിക്കുന്നത്. ഇവിടെ അരയേക്കറോളം സ്ഥലത്ത് താമരപ്പാടമുണ്ട്.

ആമ്പൽപ്പാടങ്ങൾക്ക് പേരുകേട്ട നാടാണ് മലരിക്കൽ. വിനോദസഞ്ചാരികളെ ഉദ്ദേശിച്ചാണ് ഇവിടെ താമരപ്പാടം ഒരുക്കിയിരിക്കുന്നത്. ഇവിടെ മറ്റൊരു കൃഷിയില്ല. സാധാരണ താമരക്കൃഷി നടത്താറുള്ളവർ പുഷ്പങ്ങൾ വിൽക്കാറുണ്ട്. ഇവിടെ ആ പതിവുമില്ല. ടൂറിസ്റ്റുകൾക്കായി കാഴ്ചകളുടെ പാടമൊരുക്കുകയാണ് മലരിക്കൽ.

കേരളത്തിന്റെ നാട്ടുജീവിതത്തെ ടൂറിസത്തിന്റെ ഭാഷയിലേക്ക് പകർത്തുന്നതിൽ ഈ നാട് കാണിക്കുന്ന പ്രൊഫഷണലിസം എടുത്തുപറയേണ്ടതാണ്. നാടുകാണാനെത്തുന്നവർക്ക് കൗതുകമേകാൻ മലരിക്കൽ ഒരുങ്ങിയിരിക്കുന്നു എന്ന് പറയാം. 

മലരിക്കൽ ​ഗ്രാമീണ ടൂറിസം കേന്ദ്രത്തേക്കുറിച്ച് പറയുമ്പോൾ ആദ്യം സൂചിപ്പിക്കേണ്ടത് മീനച്ചിലാർ, മീനന്തറയാർ, കൊടൂരാർ, പുനഃസംയോജന പദ്ധതിയേക്കുറിച്ചാണ്. കോട്ടയം മേഖലയിലെ ചെറുതും വലുതുമായ ജലാശയങ്ങളെ വീണ്ടെടുക്കാനുള്ള പദ്ധതിയാണ് ഇത്. ഈ വലിയ ആശയത്തിന്റെ ചുവടുപിടിച്ച് ജലാശയങ്ങളോടുചേർന്ന ​ഗ്രാമപ്രദേശങ്ങളിലെ വിനോദസഞ്ചാര സാധ്യതകളെ പരിപോഷിപ്പിക്കാനും ശ്രമങ്ങളുണ്ടായി. അങ്ങനെയാണ് മലരിക്കൽ ഇത്രയധികം ജനശ്രദ്ധയിലേക്ക് വരുന്നത്.

മാതൃഭൂമി ന്യൂസില്‍ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയില്‍ നിന്ന്. ട്രാവല്‍ ജേണലിസ്റ്റ് റോബിദാസ് ക്യാമറയും സംവിധാനവും നിര്‍വഹിച്ച മലരിക്കൽ യാത്രാവിവരണത്തിന്റെ പൂര്‍ണരൂപം കാണാം.

Content Highlights: Beauty Of Lotus Field In Malarikkal, Roby Das, Kerala Tourism, Mathrubhumi Yatra