കിഴക്കന്‍ മലയോര മേഖലയില്‍ റബ്ബര്‍ മാത്രമല്ല ഓറഞ്ചും തേയിലയും ഉള്‍പ്പെടെയുള്ളവ വിളവെടുക്കാന്‍ കഴിയുമെന്ന് തെളിയിച്ച സ്ഥലങ്ങളിലൊന്നാണ് അമ്പനാട്. പതിറ്റാണ്ടുകളായി ഇവിടെ തണുപ്പിനെ ആശ്രയിച്ചുള്ള കൃഷിരീതികളാണ് നടത്തിവരുന്നത്. തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശമായ സ്ഥലമായിട്ടും മറ്റെങ്ങുമില്ലാത്ത കാലാവസ്ഥ മാറ്റമാണ് ഇവിടുത്തെ പ്രത്യേകത. 

ഈ തണുപ്പ് കൂടിയ കാലാവസ്ഥയാണ് ഓറഞ്ച് വിളയുന്നതിനും സഹായകരമാകുന്നത്. ചെറുതും വലുതുമായ ഓറഞ്ച് മരങ്ങള്‍ ധാരാളം ഇവിടെ വച്ചു പിടിപ്പിച്ചിട്ടുണ്ട്. ഹൈറേഞ്ച് തേയിലത്തോട്ടത്തില്‍ തന്നെയാണ് ഓറഞ്ചും നട്ടിട്ടുള്ളത്. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ മുന്തിയ വിളവ് ലഭിച്ചെങ്കിലും അത് തുടരാന്‍ ഇക്കുറി കഴിഞ്ഞിട്ടില്ല.

ഇപ്രാവശ്യം വിളഞ്ഞ ഓറഞ്ചാകട്ടെ കുരങ്ങുകള്‍ അപ്പാടെ നശിപ്പിക്കുകയും ചെയ്തു. അതിനാല്‍ കുരങ്ങുകള്‍ പറിച്ചെറിഞ്ഞ ഓറഞ്ചുകള്‍ നിരന്നുകിടക്കുന്ന സങ്കടകരമായ കാഴ്ചയുമുണ്ട്. എന്നാല്‍ നവംബര്‍ മാസമായതോടെ ഓറഞ്ച് സീസണ്‍ ഏതാണ്ട് അവസാനിച്ചമട്ടാണ്.

Tea Ambanadu
അമ്പനാടിലെ തേയിലത്തോട്ടം

അതിവിശാലമായ തേയില തോട്ടങ്ങളില്‍ മൂന്നാറിന് സമാനമായ കാഴ്ചയൊരുക്കി ചൗക്ക മരങ്ങള്‍ ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു. മരത്തില്‍ കുരുമുളകും പടര്‍ത്തിവിട്ടിരിക്കുന്നു. 12 ദിവസങ്ങള്‍ കൂടുമ്പോഴാണ് തേയില കൊളുന്തുകള്‍ നുള്ളിയെടുക്കുന്നത്. പിന്നീട് ഈ ഇലകള്‍ പല ഗ്രേഡുകളാക്കി ഇവിടെത്തെ ഫാക്ടറിയില്‍ത്തന്നെ പൊടിച്ചെടുക്കുന്നു. പ്രാദേശികമായും ബാക്കിയുള്ളത് എറണാകുളം മാര്‍ക്കറ്റിലേക്കുമാണ് പോകുന്നത്. തെന്മല,ആര്യങ്കാവ് പ്രദേശങ്ങളില്‍ ഇവിടുത്തെ തേയിലക്ക് ആവശ്യക്കാര്‍ ഏറെയാണ്.  

എന്നാല്‍ ഓറഞ്ചും തേയിലയും കൂടാതെ ഗ്രാമ്പൂ, അപക്കാഡോ, പേരയ്ക്ക തുടങ്ങിയവയും യഥേഷ്ടം ഇവിടെ വിളയുന്നു. ഒരുഭാഗത്ത് മുഴുവന്‍ നൂറുകണക്കിന് പ്ലാവും നട്ടിട്ടുണ്ട്. സ്വകാര്യ തോട്ടമായതിനാല്‍ സാധാരണയായി സഞ്ചാരികള്‍ക്ക് ഇവിടേക്ക് പ്രവേശനം നല്‍കാറില്ല.   

Content Highlights: Ambanadu Orange, Thenmala Tourism, Mathrubhumi Travel