ഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷത്തിനിടെ എപ്പോഴോ മനസ്സില്‍ കയറിക്കൂടിയ ആഗ്രഹം  അഗസ്ത്യമല.സമുദ്ര നിരപ്പില്‍ നിന്നും 1900 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയുന്ന ഈ കൊടുമുടി പശ്ചിമ ഘട്ടത്തിന്റെ ഭാഗമാണ്. ഹിന്ദു പുരാണത്തിലെ സപ്തര്‍ഷിമാരില്‍ ഒരാളായ അഗസ്ത്യ മുനിയുടെ തീര്‍ത്ഥാടന കേന്ദ്രം കൂടിയാണിത്. കേരളത്തില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നുമുള്ള ഭക്തരും സഞ്ചാരികളും എല്ലാ വര്‍ഷവും ഇവിടെ സന്ദര്‍ശനത്തിനായി എത്താറുണ്ട്. 

agasthyamala 5

അതുകൊണ്ടൊക്കെ ആവാം ഒരു അവസരം കിട്ടിയപ്പോള്‍ ആരോഗ്യ പരിമിതികള്‍ എല്ലാം മറന്ന് മാനസികവും ശാരീരികവുമായ തയാറെടുപ്പുകള്‍ ആരംഭിച്ചത്. പിന്നെ ആ ദിവസത്തിനായുള്ള കാത്തിരിപ്പും. ഈ യാത്ര ഒട്ടും എളുപ്പമല്ല. 25 കിലോമീറ്റര്‍ നടന്നു വേണം കൊടുമുടിയില്‍ എത്താന്‍. തിരിച്ചും ഇത്ര ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ബുദ്ധിമുട്ടുകള്‍ നിറഞ്ഞതും അപകടകരവുമായ വന പ്രദേശങ്ങളിലൂടെയാണ് കാല്‍ നടയായി സഞ്ചരിക്കേണ്ടത്. ഭക്ഷണവും വെള്ളവുമെല്ലാം കയ്യില്‍ കരുതിയാണ് യാത്ര.

തിരുവനന്തപുരം ജില്ലയിലെ വിതുര എന്ന സ്ഥലത്തിനടുത്താണ് കാല്‍നടയായി യാത്ര തുടങ്ങേണ്ട ബോണെക്കാട് പിക്കറ്റ് സ്റ്റേഷന്‍. യാത്രാദിവസം രാവിലെ 9 30 ആയപ്പോഴേക്കും ഞങ്ങള്‍ അവിടെ എത്തി ചേര്‍ന്നു. എട്ടു പേരടങ്ങുന്ന സംഘമായിരുന്നു ഞങ്ങളുടേത്. ഓഫ് സീസണ്‍ ആയതിനാല്‍ നാല് ഗൈഡുകളുടെ സേവനം ഞങ്ങള്‍ക്ക് ലഭിച്ചു.

agasthyamala 4

ആദ്യ ദിവസത്തിന്റെ ആവേശത്തില്‍ ഞങ്ങള്‍ കാട് കയറി തുടങ്ങി. ഞങ്ങള്‍ക്കും ഗൈഡുകള്‍ക്കുമുള്ള ഭക്ഷണ സാധനങ്ങള്‍ ഗൈഡുകളിലൊരാള്‍ തലച്ചുമടാക്കി നടന്നു. വനത്തിലേക്ക് കടക്കുന്ന ഭാഗത്തു തന്നെ മരങ്ങള്‍ ഇടതൂര്‍ന്ന് നില്കുന്നു. ഒരു നാല് ചക്രവാഹനത്തിന്റെ വീതിയില്‍ ആ കാട്ടുപാത ദൃശ്യമായി. നിരപ്പായ പ്രദേശം. അതിരുമല ബേസ്‌ക്യാമ്പ് ആണ് ആദ്യ ദിവസത്തെ ലക്ഷ്യ സ്ഥാനം. യാത്ര തുടങ്ങിയ സ്ഥലത്തു നിന്നും കാല്‍ നടയായി വേണം 16 കിലോമീറ്റര്‍ അകലെയുള്ള ആ ബേസ്‌ക്യാമ്പില്‍ എത്താന്‍.

ആദ്യ മണിക്കൂറില്‍ നിരപ്പായ പ്രദേശത്തുകൂടി തന്നെയായിരുന്നു യാത്ര. പിന്നീട് ചെറിയ കയറ്റങ്ങളും ഇറക്കങ്ങളുമൊക്കെ കടന്നു. പാതകള്‍ എല്ലാം മനുഷ്യര്‍ നടന്നു നടന്ന് വ്യക്തമായി തെളിഞ്ഞു കിടന്നിരുന്നു. ഓരോ മണിക്കൂറിലും മൂന്നോ നാലോ കാട്ടരുവികളും കടന്നു. മനോഹരവും ശാന്തസുന്ദരവുമായ പ്രദേശങ്ങള്‍. ഏതൊരു പ്രകൃതി സ്‌നേഹിയെയും മാടി വിളിക്കുന്ന വശ്യത. 

രണ്ടു മണിക്കൂര്‍ നേരം പിന്നിട്ടപ്പോഴേക്കും ചെറിയ ക്ഷീണം തോന്നിത്തുടങ്ങിയിരുന്നു പലര്‍ക്കും. ഗൈഡുകളില്‍ രണ്ടു പേര്‍ ചെറുപ്പക്കാരായിരുന്നു. മറ്റു രണ്ടു പേര്‍ 50 നു മേല്‍ പ്രായമുള്ളവര്‍. അവര്‍ രണ്ടും ഓരോ വടികള്‍ കയ്യിലെടുത്ത് അതിന്റെ സഹായത്തോടെ നടന്നു.  

6 കിലോമീറ്റര്‍ സഞ്ചരിച്ച് ഏകദേശം 12 മണിയോടെ ഉച്ച ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് എത്തി. അതും ഒരു കാട്ടരുവിയുടെ അരികത്തു തന്നെ. ഒരു ചെറിയ വെള്ളച്ചാട്ടവും പാറക്കെട്ടുകളും. ഒരു പീഠം പോലെ കാണപ്പെട്ട ഒരു വലിയ പാറപ്പുറത്ത് എല്ലാവരും സ്ഥാനമുറപ്പിച്ച് കയ്യില്‍ കരുതിയിരുന്ന ഉച്ച ഭക്ഷണം പങ്കിട്ട് കഴിക്കാന്‍ ആരംഭിച്ചു. ഗൈഡുകള്‍ക്കു വേണ്ടിയുള്ള ഭക്ഷണവും ഞങ്ങള്‍ കരുതിയിരുന്നു. 

ഭക്ഷണത്തിനു ശേഷം ഉഷാറായി ഞങ്ങള്‍ അരുവിയിലെ വെള്ളവും കുപ്പികളില്‍ ശേഖരിച്ച് യാത്ര പുനരാരംഭിച്ചു. വേനല്‍ കാലമായതിനാല്‍ അരുവികളിലെല്ലാം വെള്ളം നന്നേ കുറവുതന്നെ. 'മഴയുള്ള സമയത്തു ഞങ്ങളും സഞ്ചാരികളും കയറില്‍ പിടിച്ച വേണം ഇവിടം കടക്കാന്‍. അത്രയ്ക്കു ഒഴുക്ക് ഉണ്ടാവും.' വറ്റി വരണ്ടു കിടന്ന ഒരു അരുവി കാണിച്ചുകൊണ്ട് ഗൈഡുകളിലൊരാള്‍ വിശദീകരിച്ചു. എല്ലാ കാലാവസ്ഥയിലും അവര്‍ സഞ്ചാരികളുമായി വരാറുണ്ട്. ഇവിടെ വരുന്ന യാത്രക്കാര്‍ക്കൊപ്പം ഇവര്‍ ആഴ്ചയില്‍ രണ്ടു തവണ മല കയറുമത്രേ. 

agasthyamala

കുളയട്ടകളുടെ വിഹാര കേന്ദ്രങ്ങളായിരുന്നു ജലാംശമുള്ള ഓരോ മണ്‍തരിയും. കൂട്ടത്തിലുള്ള ഒരാളെയും അവ ഒഴിവാക്കിയില്ല. ഉപ്പും തീപ്പെട്ടിയുമെല്ലാം അട്ടയെ പ്രതിരോധിക്കാന്‍ കരുതിയിരുന്നെങ്കിലും വിരുതന്മാര്‍ പതുങ്ങിയിരുന്ന് ചോര കുടിച്ചു. കുറേയായപ്പോള്‍ അട്ടകടി ഒരു ശീലമായി. വകവയ്ക്കാതെ യാത്ര തുടര്‍ന്നു. 

വ്യത്യസ്തമായ ഭൂപ്രകൃതികളും വിവിധ പക്ഷി മൃഗാദികളുടെ ശബ്ദങ്ങളുമാണ് ഞങ്ങളെ മുന്നോട് നയിച്ചത്. നിബിഡ വന പ്രദേശങ്ങളില്‍ ചീവീടുകളുടെ പേടിപ്പെടുത്തുന്ന ആരവങ്ങള്‍, അത്ര ദൂരെയല്ലാതെ കേള്‍ക്കുന്ന കാട്ടുകോഴിയുടെയും കുരങ്ങന്റെയും ശബ്ദങ്ങള്‍, കിളികളുടെ മനോഹര സംഗീതം, സൂര്യ പ്രകാശം മണ്ണില്‍ പതിക്കാത്ത വിധം ഇടതൂര്‍ന്ന് നിന്ന മരങ്ങള്‍, കാട്ടു വള്ളികള്‍ തൂങ്ങിയാടുന്ന ഉയരം കൂടിയ മരങ്ങള്‍, മരങ്ങളില്‍ ചുറ്റി പിണഞ്ഞു കിടക്കുന്ന വള്ളിപ്പടര്‍പ്പുകള്‍.. ഇവയെല്ലാം മുന്നോട്ടുള്ള യാത്രയില്‍ ഉന്മേഷമേകി. 

പിന്നീട് എത്തിച്ചേര്‍ന്നത് പുല്‍മേടുകളിലേക്കാണ്. കിലോമീറ്ററുകളോളം പച്ചപരവതാനി പോലെ, വിശാലമായ പുല്‍മെത്ത പോലെ അവ കാണപ്പെട്ടു. അടുത്തെത്തിയപ്പോള്‍ മുട്ടുവരെ ഉയരമുള്ള പുല്‍ക്കൂട്ടങ്ങളാണവ. കൃത്യമായ അകലങ്ങളില്‍ ആരോ നാട്ടു വളര്‍ത്തിയത് പോലെ ഓരോ കൂട്ടങ്ങളായി നില്കുന്നു. ഇടയ്ക്കിടെ ഉയരം കുറഞ്ഞ തേക്ക് മരങ്ങളും കാട്ടു നെല്ലി മരങ്ങളും വളര്‍ന്നിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ കാട്ടുപോത്തും മ്ലാവുമൊക്കെ പുല്ലു മേയാന്‍ വരാറുണ്ട്. അവയെ ഭക്ഷണമാക്കാന്‍ മറ്റു വന്യജീവികളും എത്താറുണ്ട്.

സാധാരണ ദിവസങ്ങളിലേക്കാള്‍ ചൂട് കുറവായിരുന്നു അന്ന്. ചെറിയ ചാറ്റല്‍ മഴയും. അതുകൊണ്ട് തന്നെ ഉച്ചവെയിലേറ്റ് വാടാതെ നല്ല കാലാവസ്ഥയില്‍ പുല്‍മേട് കടക്കാനായി. പുല്‍മേട്ടില്‍ നില്‍ക്കുമ്പോള്‍ ചുറ്റുമുള്ള മലകളും അവയെ തഴുകി കടന്നു പോകുന്ന കാര്‍മേഘങ്ങളും ദൃശ്യമായി. 

പുല്‍മേട് കടന്നു വീണ്ടും വന്മരങ്ങള്‍ നിറഞ്ഞ നിബിഡ വനത്തിന്റെ ഭീകരതയും കാട്ടരുവികളുടെ സ്വാദും നുകര്‍ന്ന് 4 മണിക്ക് മുന്‍പായി ബേസ്‌ക്യാമ്പില്‍ എത്തിച്ചേര്‍ന്നു. ആദ്യ ദിവസത്തെ വനയാത്രയുടെ അവസാന ഭാഗം. വന്നയുടനെ കിടക്കാനുള്ള മുറിയും പായയും അവര്‍ തന്നു. ബാഗുകള്‍ എല്ലാം ഇറക്കി വെച്ച് എല്ലാവരും കുറച്ചു നേരം വിശ്രമിച്ചു. 

agasthyamala 6
മറ്റ് യാത്രികർക്കൊപ്പം ലേഖിക

കാലിന്റെ വേദനയെല്ലാം മറന്ന് ഒരു കുളി പാസാക്കി വിയര്‍പ്പ് ശമിപ്പിച്ച് എനിക്ക് അനുവദിച്ചു തന്ന മുറിയുടെ മുന്നില്‍ ഇരിപ്പ് ഉറപ്പിച്ചു. അപ്പോഴേക്കും കൂടെയുണ്ടായിരിന്ന ആണ്‍കുട്ടികളെല്ലാം അടുത്തുള്ള അരുവിയിലേക്ക് കുളിക്കാനായി പോയിരുന്നു. ഒരിടത്ത് ഒതുങ്ങി ഇരിക്കുന്ന എന്നെ കണ്ടിട്ടാവാം മുതിര്‍ന്ന ഒരു ഗൈഡ് അങ്ങോട്ട് വന്നു. 'ഈ ക്യാമ്പില്‍ ആരെയും ഒന്നിനെയും പേടിക്കണ്ട, ധൈര്യമായി ഇറങ്ങി നടക്കാം കേട്ടോ..' ഞാന്‍ ഒറ്റക്ക് പേടിച്ച് ഇരിക്കുകയാണ് എന്ന് തോന്നിയിട്ടാവാം അദ്ദേഹം എനിക്ക് ധൈര്യം തന്നു. കൂടെ ഒരു കട്ടനും. മലയടിവാരത്തെ തണുപ്പകറ്റാന്‍ കട്ടന്‍ അവര്‍ക്കൊരു പതിവാണ്. 

agasthyarkoodam 2

കട്ടന്‍ തീരാറായപ്പോഴേക്കും കുളി കഴിഞ്ഞു കൂട്ടുകാരും എത്തി. അവരെ ഞാന്‍ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ട് പോയി. കട്ടനും കുടിച്ചു വന്ന വഴിയിലെ കഥയും പറഞ്ഞ് ഇരുള്‍ പരക്കുന്നതും തണുപ്പ് ഇരച്ചു കയറുന്നതും ആസ്വദിച്ച് നാളെ കീഴടക്കാനുള്ള മലയുടെ ഉയരവും നോക്കി സമയം ചെലവാക്കി.. രാത്രി അവലും പഴവുമാണ് ആഹാരം. രാത്രി 7 മണിയായപ്പോഴേക്കും ബള്‍ബുകള്‍ തെളിഞ്ഞു. സോളാര്‍ ആണ് അവിടുത്തെ ഊര്‍ജ സ്രോതസ്സ്. അതിനാല്‍ 7 മണി മുതല്‍ 9 മണി വരെ മാത്രമേ ബള്‍ബുകള്‍ പ്രകാശിപ്പിക്കാറുള്ളു. അവര്‍ തന്ന ഉരുളിയില്‍ അവല്‍ നനച്ച് അതില്‍ നിന്ന് തന്നെ കഴിച്ച് അന്നത്തെ കാര്യം തീരുമാനം ആക്കി ഉറങ്ങാന്‍ കിടന്നു.

രണ്ടാം ദിവസം 7 മണിക്ക് മല കയറി തുടങ്ങണം. രാവിലെ എഴുന്നേറ്റപ്പോഴേക്കും ഗൈഡ് ഞങ്ങള്‍ക്കുള്ള ഉപ്പുമാവും കട്ടനും തയ്യാറാക്കിയിരുന്നു. അതും കഴിച്ച് ഒട്ടും സമയം പാഴാക്കാതെ യാത്ര ആരംഭിച്ചു. 6 കിലോമീറ്ററാണ് സഞ്ചരിക്കേണ്ടത്. പക്ഷെ കഴിഞ്ഞ ദിവസത്തെ യാത്രയോളം എളുപ്പമല്ല. 4 മണിക്കൂര്‍ എങ്കിലും നടക്കേണ്ടി വരും. ഗൈഡ് ഓര്‍മ്മിപ്പിച്ചു. 

ഒരാള്‍ ഞങ്ങള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കാനായി ക്യാമ്പില്‍ നിന്നു. മറ്റു മൂന്നു പേര്‍ക്കൊപ്പം ധൈര്യം സംഭരിച്ചു ഞങ്ങള്‍ യാത്ര തുടങ്ങി. പോകുന്ന വഴിക്ക് മൂന്നു നാല് ഒഴിഞ്ഞ ഇടങ്ങളില്‍ ചെറിയ കാവുകള്‍ പോലെ ഓരോ പ്രതിഷ്ഠകളും പൂജാദ്രവ്യങ്ങളും പട്ടുവസ്ത്രങ്ങളുമൊക്കെ കാണപ്പെട്ടു. ഞങ്ങള്‍ക്ക് ഊന്നി നടക്കാന്‍ ഗൈഡ് ബലമുള്ള കനം കുറഞ്ഞ വടികള്‍ തന്നു. ചിലര്‍ അത് വേണ്ടെന്നു വെച്ചു. പക്ഷെ ഞാന്‍ അതിലൊരെണ്ണം കയ്യില്‍ എടുത്തു നടന്നു. കുറച്ചു ദൂരം നടന്നപ്പോള്‍ മണ്ണ് ഇടിഞ്ഞു കിടക്കുന്ന ഒരു ഭാഗം. കഴിഞ്ഞ ദിവസം ആന ഇറങ്ങി കൊമ്പുകൊണ്ട് കുത്തി ഇടിച്ചതാണ്. അവിടെ ഈറ്റ ഭക്ഷിക്കാനായി ആനകള്‍ സാധാരണയായി വരാറുണ്ട്

ഈ ദിവസത്തെ യാത്ര തികച്ചും ദുര്‍ഘടം നിറഞ്ഞതു തന്നെ. ആദ്യ 15 മിനിറ്റില്‍ തന്നെ അതു വ്യക്തമായി. വന്മരങ്ങളുടെ വേരുകള്‍ ഉയരം കൂടിയ പടിക്കെട്ടുകള്‍ പോലെ രൂപപ്പെട്ടിരിക്കുന്നു. മുട്ടു നന്നായി മടക്കി മാത്രാ ഓരോ ചുവടും വയ്‌ക്കേണ്ടി വന്നു. ഉയരങ്ങളിലേക്ക് പോകും തോറും കാലുകളും ശരീരവും കുഴയുന്നത് ശരിക്കും അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം ഓരോ മണിക്കൂറിലും വിശ്രമിക്കാന്‍ ഇരുന്ന ഞങ്ങള്‍ക്ക് ഇന്ന് ഓരോ 4  5 മിനിറ്റില്‍ വിശ്രമിക്കേണ്ടി വന്നു. ഒട്ടും എളുപ്പമല്ലാത്ത പാത. പാറക്കെട്ടുകളും മലയിടുക്കുകളും പേടിപ്പെടുത്തുന്ന ഉയരങ്ങളിലേക്ക് കിടക്കുന്ന കല്ല് നിറഞ്ഞ വഴികളും കടന്നു ഞങ്ങള്‍ ഉയരങ്ങള്‍ കീഴടക്കികൊണ്ടിരുന്നു.  

ഈ വഴികള്‍ ഞങ്ങളെ കൊണ്ടെത്തിച്ചത് ചെറുതായി ചരിഞ്ഞു കിടക്കുന്ന പാറപ്പുറങ്ങളിലേക്കാണ്. ഓരോ പാറയിടുക്കില്‍ നിന്നും ചെറിയ നീര്‍ച്ചാലുകള്‍ ഉദ്ഭവിക്കുന്നു. അതുകൊണ്ടു തന്നെ കുടിവെള്ള ദൗര്‍ലഭ്യം ഞങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നതേയില്ല. ആ പാറപ്പുറത്തു നിന്നും ഞങ്ങള്‍ തങ്ങിയിരുന്ന ബേസ്‌ക്യാമ്പ് ഒരു ഒറ്റ മുറി കേട്ടിടത്തോളം വലിപ്പത്തില്‍ ദൃശ്യമായി. എതിരെയുള്ള മലയുടെ ചരിവില്‍ ചെറിയ ഉരുളന്‍ കല്ലുകള്‍ നീങ്ങുന്നതുപോലെ കാട്ടുപോത്തിന്‍ കൂട്ടങ്ങള്‍ നടന്നു നീങ്ങി. 

പൊങ്കാല പാറ എന്ന് വിളിക്കപ്പെടുന്ന ഒരു പ്രദേശം. അവിടെയാണ് അവസാനത്തെ നീരുറവ ഉണ്ടായിരുന്നത്. അവിടെ വെച്ച് പൊങ്കാല പായസം തയ്യാറാക്കിയാണ് ഭക്തര്‍ മലമുകളിലെ ക്ഷേത്രത്തില്‍ എത്തിക്കുന്നത്. പൊങ്കാലയ്ക്കായി തയ്യാറാക്കിയ വിറക് അടുപ്പുകളുടെ അവശിഷ്ടങ്ങളും അവിടങ്ങളില്‍ ഉണ്ട്. പാറയുടെ ഒരു ഭാഗത്ത് ആട്ടുകല്ലുപോലെ പോലെ രൂപപ്പെടുത്തിയിരിക്കുന്നു. പച്ചമരുന്നുകള്‍ ഇടിച്ചു പാകമാക്കാനുള്ളതാണവ.

കയറിപ്പോകുന്ന വഴിയിലെല്ലാം കോടമഞ്ഞ് ഞങ്ങളെ തഴുകി പോകുന്നുണ്ടായിരുന്നു. ഞങ്ങളുടെ ലക്ഷ്യ സ്ഥാനം അടുത്തുകൊണ്ടിരിക്കുന്നു. മൂന്നു ചെങ്കുത്തായ പാറക്കെട്ടുകള്‍ കൂടി കഴിഞ്ഞാല്‍ മതി. പക്ഷെ അത് അതി കഠിനമാണത്രേ. ആകാംക്ഷയോടെ തുടര്‍ന്ന യാത്ര. മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന പാറക്കെട്ട്. പിടിച്ചു കയറാന്‍ കനത്തിലുള്ള വടങ്ങള്‍  കെട്ടിയിട്ടുണ്ട്. ഓരോരുത്തരായി ആ കയറില്‍ പിടിച്ചു കയറാന്‍ ആരംഭിച്ചു.ഞാനും എന്റെ വടി ഒരു സുരക്ഷിത സ്ഥാനത്തുറപ്പിച്ച് കയറില്‍ പിടിച്ചു കയറി. കാണുന്നത്ര ബുദ്ധിമുട്ട് ഉണ്ടായില്ല. കയര്‍ ശരിക്കും സഹായകമായി. ആദ്യത്തെ പാറക്കെട്ട് കീഴടക്കി ഞങ്ങള്‍ മുന്നോട് നീങ്ങി.

ഇതേ രീതിയില്‍ രണ്ടു പാറക്കെട്ടുകള്‍ കൂടി താണ്ടി വിശാലമായ ഒരു പാറപ്പുറത്ത് എത്തിച്ചേര്‍ന്നു. രണ്ടു പ്രതിഷ്ഠകള്‍ ആണ് ഞങ്ങളെ വരവേറ്റത്. ഒന്ന് പരമശിവന്റെ പ്രതിഷ്ഠയാണ്. മറ്റൊന്ന് അഗസ്ത്യ മുനിയുടെ പൂര്‍ണ കായ പ്രതിമ. ഇവിടെയാണ് ഭക്തര്‍ പൊങ്കാല സമര്‍പ്പിക്കുന്നത്. പാറയുടെ മറുവശത്തു ഒരാള്‍ പൊക്കത്തിലുള്ള മരങ്ങള്‍ തിങ്ങി നില്‍ക്കുന്നു. 

ഏറ്റവും ഉയര്‍ന്ന ആ പ്രദേശത്തു നിന്നുള്ള കാഴ്ചകളില്‍ ആകൃഷ്ടരായി ഞങ്ങള്‍ താണ്ടിയ വഴികളിലെ ബുദ്ധിമുട്ടുകളെയെല്ലാം മറന്നു. ചുറ്റും മലകള്‍.. അതിനെ ഇടയ്ക്കിടെ അദൃശ്യമാക്കി കടന്നു പോകുന്ന കോടമഞ്ഞ്.. ദൂരെ ഒരു ചെറിയ പൊട്ടുപോലെ കാണപ്പെട്ട ബേസ്‌ക്യാമ്പ്.. അവിടെ നിന്നുള്ള കാഴ്ചകള്‍ മനം കുളിര്‍പ്പിക്കുന്നവയായിരുന്നു. ഇടയ്ക്കിടെ കോടമഞ്ഞു ഞങ്ങളെയും തലോടി കടന്നു പോയി. മേഘങ്ങള്‍ക്ക് മേല്‍ നില്‍ക്കുന്ന പ്രതീതി.  മനസ്സിന് കുളിര്‍മയേകിയ നിമിഷങ്ങള്‍..

മറ്റൊരു ഭാഗത്ത് വിദൂരതയില്‍ ജലാശയങ്ങളും ദൃശ്യമായി. പേപ്പാറ ഡാമിന്റെ ഭാഗങ്ങളാണതൊക്കെ. ശക്തമായി വീശിയ കാറ്റ് സൂര്യതാപത്തിന്റെ കാഠിന്യം ഇല്ലാതെയാക്കി.ഒരു മണിക്കൂറോളം മലമുകളില്‍ ചെലവഴിച്ച് ആ സൗന്ദര്യം ആസ്വദിച്ച ശേഷം മടക്കയാത്ര ആരംഭിച്ചു.അന്നുതന്നെ ബോണെക്കാടേക്ക് തിരിക്കാനായിരുന്നു തീരുമാനം. അതിനാല്‍ മലയിറക്കം വേഗത്തിലാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. രണ്ടു മണിയോടെ ബേസ്‌ക്യാമ്പില്‍ എത്തണമെന്ന ലക്ഷ്യത്തില്‍ തിരിച്ചിറങ്ങാന്‍ ആരംഭിച്ചു. കയറുന്നത്ര ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല തിരിച്ചിറങ്ങാന്‍. എന്നിരുന്നാലും കയറിപ്പോയ വടങ്ങളില്‍ തന്നെ പിടിച്ച് ഓരോരുത്തരായി സാവധാനത്തില്‍ ഇറങ്ങി. 

കാല്‍മുട്ടുകളില്‍ ചെറുതായി വേദന അനുഭവപ്പെട്ടതിനാല്‍ ഞങ്ങളില്‍ ചിലര്‍ കയ്യില്‍ കരുതിയിരുന്ന നീ സപ്പോര്‍ട്ട് ധരിച്ചു. മറ്റു ചിലര്‍ വടിയുടെ സഹായത്തോടെ  നടന്നു. കയ്യില്‍ കരുതിയിരുന്ന വെള്ളവും പഴങ്ങളുമെല്ലാം കഴിച്ചു. കയറിയതിലും വേഗത്തിലായി തിരിച്ചിറക്കം. രണ്ടു മണിയോടെ ബേസ്‌ക്യാമ്പില്‍ എത്തി. കഞ്ഞിയും പയറും തയ്യാറാക്കി ഗൈഡ് ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടയുടനെ ഭക്ഷണമെല്ലാം വിളമ്പി നല്‍കി. ക്ഷീണത്തിന്റെ ആധിക്യത്തില്‍ എല്ലാവരും നന്നായി കഴിച്ച് അഞ്ചു മിനിറ്റ് വിശ്രമിച്ചു. അപ്പോഴേക്കും സമയം 2 45 ആയിരുന്നു. അന്നുതന്നെ തിരിച്ചിറങ്ങുന്നതിനാല്‍ ഇനിയും വൈകുന്നത് ബുദ്ധിമുട്ടുണ്ടാക്കും. അതിനാല്‍ ഞങ്ങള്‍ അഞ്ചു മിനിറ്റില്‍ ബാഗുകളെല്ലാം പാക്ക് ചെയ്ത് ഇറങ്ങി. 

ആറു മണിക്കൂര്‍ കൊണ്ട് കയറിയ മല ഇരുള്‍ പരക്കുന്നതിനു മുന്നേ ഇറങ്ങി തീരണം എന്നതായി അടുത്ത ലക്ഷ്യം. പോകുന്നത് കാട്ടുപോത്ത്, പന്നി, കരടി, ആന, മ്ലാവ് എന്നിവയുടെയെല്ലാം വിഹാരകേന്ദ്രങ്ങളിലൂടെയാണ്. പോരാത്തതിന് വൈകുന്നേരവും. രണ്ടു ഗൈഡുകള്‍ അപായ സൂചന നല്‍കാനായി കുറച്ചു മുന്നേ നടന്നു. എല്ലാവരും നടത്തം വേഗത്തിലാക്കി. തിരിച്ചിറങ്ങിയപ്പോഴും പുല്‍മേട്ടിലെ കാലാവസ്ഥ അനുകൂലമായിരുന്നു. ചോല വനങ്ങളില്‍ ഇടയ്ക്കിടെ മരങ്ങളുടെ നിഴല്‍ രാത്രിയുടെ പ്രതീതി നല്‍കികൊണ്ടിരുന്നു. അഞ്ചു മണി  ആയപ്പോഴേക്കും കാര്‍മേഘങ്ങളും ഇടിമിന്നലുമെല്ലാം അന്തരീക്ഷം കൂടുതല്‍ ഭയാനകമാക്കി. ഇടയ്ക്ക് കാട്ടുപോത്തിന്‍ കൂട്ടം കണ്ട് ഗൈഡുകള്‍ ഞങ്ങളെ തടഞ്ഞു. അവ പോയെന്ന് ഉറപ്പു വരുത്തിയ ശേഷം യാത്ര തുടര്‍ന്നു 

agasthyamala

വീണ്ടും ഒന്ന് രണ്ടു തവണ കൂടി കാട്ടുപോത്തിന്‍ കൂട്ടങ്ങളെ ഭയക്കേണ്ടി വന്നു. മറ്റു ചിലയിടങ്ങളില്‍ മ്ലാവിന്റെയും പാമ്പിന്റെയുമൊക്കെ  സാന്നിധ്യം അറിഞ്ഞു. പരസ്പരം കാണാനാവാത്ത വിധത്തില്‍ കോടമഞ്ഞും ചാറ്റല്‍ മഴയും. ഇരുട്ടു വീണിരുന്നു അപ്പോഴേക്കും. കയ്യില്‍ കരുതിയിരുന്ന ടോര്‍ച്ചും മൊബൈല്‍ വെളിച്ചവുമെല്ലാം തെളിയിച്ച് കൂട്ടമായി ഞങ്ങള്‍ നടന്നു. ഗൈഡുകള്‍ ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. പൂര്‍ണമായും ഇരുള്‍ വീണിരിക്കുന്നു. എല്ലാവരും ചെറിയ പേടിയോടെ മുന്നോട്ടു നീങ്ങി. ഗൈഡ് ഇടയ്ക്കിടെ ആശ്വാസവാക്കെന്നോണം ദൂരം കുറയുന്നത് ഓര്‍മിപ്പിച്ചു. രാത്രിയില്‍ ആ വന്യതയിലൂടെയുള്ള സഞ്ചാരം തികച്ചും വ്യത്യസ്തവും അവിസ്മരണീയവുമായിരുന്നു. 

6.55 ആയപ്പോഴേക്കും ഒരു കെട്ടിടനത്തിന്റെ നിഴല്‍ കാണപ്പെട്ടു. പിക്കറ്റ് സ്റ്റേഷന്‍ എത്തിയിരിക്കുന്നു. ആശ്വാസത്തിന്റെ നിമിഷങ്ങള്‍. രണ്ടു ദിവസം നീണ്ട കാനന യാത്രയുടെ പര്യവസാനം.മനസ്സും ശരീരവും ഒന്നിച്ചുനിന്നപ്പോള്‍, സൗഹൃദങ്ങള്‍ കരുത്തായപ്പോള്‍, പെണ്മ മറന്ന് ഉയരങ്ങള്‍ കീഴടക്കിയപ്പോള്‍, സ്വയം മനസ്സില്‍ കുറിച്ചിട്ട അതിര്‍ വരമ്പുകള്‍ ഭേദിക്കപ്പെട്ടപ്പോള്‍, ആ സ്വപ്നവും യാഥാര്‍ഥ്യമായി. ഇനി പുതിയ വഴികളും പുതിയ യാത്രാനുഭവങ്ങളും തേടി തളരാതെ മുന്നോട്ട്...

Content Highlights: Agasthyarkoodam is a 1,868-metre tall peak in the Western Ghats of South India