സാഹസിക വിനോദ സഞ്ചാരികളുടെയും സ്വന്തം നാടാണ് കേരളം. വിനോദ  സഞ്ചാര കേന്ദ്രങ്ങളെ വികസിപ്പിക്കുന്നതിലും നിലവിലുള്ളവയെ പരിപാലിക്കുന്നതിലും സംസ്ഥാന ടൂറിസം വകുപ്പ് പ്രത്യേക ശ്രദ്ധ നല്‍കുകയാണ്.ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് വന്നത്തെന്നു വിനോദ സഞ്ചാരികള്‍ക്ക് ഇതെല്ലാം ഒരു പുത്തന്‍ അനുഭവമാകും. വാഗമണ്‍ മുതല്‍ വയനാട്ടില്‍ വരെയുള്ള സാഹസിക സഞ്ചാരികള്‍ക്കായുള്ള വിനോദ കേന്ദ്രങ്ങളിലേക്ക് നിരവധി ടൂറിസ്റ്റുകളും ഇതോടെ കൂടുതലായി എത്തുന്നു. ഇതോടെ സാഹസിക വിനോദ കേന്ദ്രത്തിന്റെ വിലാസം കടല്‍ കടന്നും പ്രചരിക്കുന്നു. പാരാഗ്ലൈഡിങ്ങ് അടക്കം നടത്താന്‍ കഴിയുന്ന കണ്ണൂര്‍ജില്ലയിലെ മുഴുപ്പിലങ്ങാട് ഡ്രൈവിങ്ങ് ബീച്ച് തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി സാഹസിക വിനോദ കേന്ദ്രങ്ങളാണ് സഞ്ചാരികളുടെ മനം കവരുന്നത്.

ആകാശം തൊടാം, വാഗമണ്‍ വിളിക്കുന്നു

അംബരചുംബിയായ മലനിരകള്‍.പച്ചപ്പ് നിറഞ്ഞ വാഗമണ്ണിലേക്ക് വേനല്‍ക്കാലമായാല്‍ സഞ്ചാരികളുടെ ഒഴുക്കാണ്.സാഹസിക വിനോദ സഞ്ചാരികളുടെയും അഭ്യന്തര ടൂറിസ്‌ററുകളുടെയും ആകര്‍ഷ കേന്ദ്രങ്ങളിലൊന്നാണിത്.ലോക സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നാഷണല്‍ ജോഗ്രഫിക് ട്രവാലര്‍ ഉള്‍പ്പെടുത്തിയ പത്ത് പ്രദേശങ്ങളില്‍ ഒന്നാണിത്.കോട്ടയം ഇടുക്കി ജില്ലകളിലായാണ് വാഗമണ്‍ വ്യപിച്ചുകിടക്കുന്നത്.ഈരാറ്റുപേട്ടയില്‍ നിന്നും 28 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.പശ്ചിമഘട്ട സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തിലാണ് ഈ ഭൂമേഖലയുളളത്.വേനല്‍ക്കാലത്ത് പോലും തണുത്ത കാറ്റാണ് ഈ മലനെറുകയില്‍ വീശിയടിക്കുന്നത്.മൊട്ടക്കുന്നുകളും ചോലവനങ്ങളും പൈന്‍മരക്കാടുകളുമെല്ലാമായി ഇടകലര്‍ന്നാണ് ഈ ഗിരിനിരയുള്ളത്. തങ്ങള്‍മല മുരുകന്‍മല കുരിശുമല എന്നിവയാല്‍ ചുറ്റപ്പെട്ട് കിടക്കുകയാണ് ഈ വിനോദ കേന്ദ്രം.ഒരു ഭാഗം അഗാഥമായ കൊക്കയാണ്.മറുഭാഗം വലിയ പാറക്കൂട്ടങ്ങളുമായി ഈ മലമ്പാത യാത്രികരെ വെല്ലുവിളിക്കുന്നു.

ആറു കിലോമീറ്ററോളം ദുഷ്‌കരമായ പാതയാണ്.ഇത് പിന്നിട്ടുവേണം മലമുകളിലെത്താന്‍.മലയുടെ നെറുകയില്‍ വിശാലമായ താഴ് വാരത്തിലേക്ക് കാഴ്ചകള്‍ മിഴിതുറക്കുന്നു.

കറന്‍സി നോട്ടടിക്കുന്ന പൈന്‍മരക്കൂട്ടങ്ങള്‍ ഇവിടെ ധാരാളമുണ്ട്.ഇരുപത് വര്‍ഷത്തിലൊരിക്കലാണ് ഈ മരങ്ങള്‍ പള്‍പ്പിനായി മുറിച്ചെടുക്കുന്നത്.കോട്ടയത്ത് നിന്നും 65 കിലോമീറ്ററും പാലായില്‍ നിന്നും 37 കിലോമീറ്ററുമാണ് വാഗമണ്ണിലേക്ക് ദൂരമുള്ളത്.ഇന്‍ഡോ സ്വിസ് പ്രോജക്ടിന്റെ കന്നുകാലി വളര്‍ത്തല്‍ പ്രോജക്ടും ഇവിടെയുണ്ടായിരുന്നു.സഞ്ചാര ഭൂപടത്തില്‍ ഇടം തേടിയതോടെ പുതിയ പദ്ധതികള്‍ ഇവിടെ ഒരുങ്ങുകയാണ്.ഗ്ലൈഡറില്‍ പറക്കാനുള്ള സൗകര്യങ്ങള്‍ നല്‍കി സാഹസിക ടൂറിസവും ഇവിടെ പുതിയ ഉയരങ്ങള്‍ തേടുകയാണ്.

സാഹസിക സഞ്ചാരികളുടെ കര്‍ളാട് തടാകം 

വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിനു സമീപമാണ് കര്‍ളാട് താടാകമുള്ളത്. പ്രകൃതി നിര്‍മ്മിത ശുദ്ധജലാശയമാണിത്. ബോട്ടുയാത്രയടക്കമുള്ള ഈ തടാകം ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ഒരു സാഹസിക വിനോദ കേന്ദ്രമാക്കി മാറ്റാന്‍ ടൂറിസം വകുപ്പ് പദ്ധതി തയ്യാറാക്കുകയായിരുന്നു. ദിനം പ്രതി ആയിരത്തോളം വിനോദ സഞ്ചാരികള്‍ ഈ കേന്ദ്രത്തില്‍ ഇപ്പോള്‍ എത്തുന്നു. ഒരു വര്‍ഷത്തിനകം ഒരു കോടി രൂപയിലധികം വരുമാനവും ഈ കേന്ദ്രത്തില്‍ നിന്നും ഇന്ന് വരുമാനമുണ്ട്.

Adventure Tourism Kerala

500 മീറ്റര്‍ ഉയരത്തിലുള്ള സിപ്‌ലൈനില്‍ 250 മീറ്റര്‍ കയറിലൂടെയുള്ള തടാകത്തിന് കുറുകെയുള്ള  സഞ്ചാരമാണ് കൂടുതല്‍ ആകര്‍ഷണം.  250 മീറ്റര്‍ ദൂരത്തിലാണ്  തടാകത്തിന് കുറുകെയുള്ള റോപ്പ് വേ ഒരുക്കിയത്. സംസ്ഥാനത്ത് ഏറ്റവും നീളം കൂടിയതാണ്.തടാകത്തിലുള്ള സഞ്ചാരത്തിനായി  തുഴച്ചില്‍ ബോട്ടും, പെഡല്‍ ബോട്ടും ഉണ്ടാവും.  സഞ്ചാരികളുടെ താമസ സൗകര്യം  മെച്ചപ്പെടുത്തുന്നതിനായി നിലവിലെ  കോട്ടേജുകള്‍ കൂടാതെ 10 സ്വിസ് കോട്ടേജുകളും ഇവിടെയുണ്ട്.  പ്രദേശത്തിന്റെ പച്ചപ്പ് നിലനിര്‍ത്തി ഹരിതഭംഗി വര്‍ദ്ധിപ്പിക്കാനായി സൗന്ദര്യവല്‍ക്കരണവും നടക്കുന്നുണ്ട്. കുട്ടികളുടെ പാര്‍ക്കും ആകര്‍ഷകമായ പൂന്തോട്ടവുമെല്ലാം കര്‍ളാടിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു. 

Adventure Tourism Kerala

74 ലക്ഷം രൂപ ചെലവിലാണ് ഇവിടെ ടൂറിസം വകുപ്പ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചത്.ജില്ലയിലെ മറ്റു വിനോദ കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്തമായി സാഹസിക സഞ്ചാരികളെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങളാണ് ഈ തടാകകരയില്‍ തയ്യാറായത്. റോപ്പ് വേ, സിപ്‌ലൈന്‍, കയാക്കിങ്, റൈഡിങ്ങ് ബോള്‍, അമ്പെയ്ത്ത്, റോപ്പ് ക്ലയിമ്പിംഗ്, കനോയിങ് തുടങ്ങിയവയെല്ലാം സാഹസിക വിനോദ സഞ്ചാരികള്‍ക്കായി ഇവിടെയുണ്ട്.  

ചെമ്പ്ര മലയിലെ സഞ്ചാരികള്‍

പശ്ചിമഘട്ടത്തിലെ ആനമുടിക്കും താഴെ ഇങ്ങ് വയനാട്ടില്‍ ചെമ്പ്രമല കാലത്തെ തോല്‍പ്പിച്ചു നില്‍ക്കുന്നു. കാഴ്ചകളുടെ വിരുന്നില്‍ എന്നും നൂറു ഭാവങ്ങളാണ് ഈ ഹിമവാന്‍ കുറിച്ചിടുന്നത്.താഴ് വാരത്തിലുള്ള ഗ്രാമീണര്‍ക്കു പോലും ഒരു നൂറുവട്ടം കയറിയാലും കൊതിതീരാത്ത യാത്രാനുഭവമാണ് ഈ മലയോരം നല്‍കുന്നത്..നീല കാട്ടുപൂക്കളുടെ മൂക്കുത്തിയണിഞ്ഞ് ആകാശത്തിനെ പ്രണയിക്കുന്ന ഈ ഗിരിനിരകള്‍ക്ക് കാലത്തോട് പറയാന്‍ ഒരുപാട് വിശേഷങ്ങളുണ്ട്.നെറുകയിലെ ഹൃദയതടാകത്തില്‍ നീന്തി തുടിച്ച് നൂറുകണക്കിന് സഞ്ചാരികളുടെ മനസ്സില്‍ ഇടം തേടിയതാണ് ഈ സാഹസിക വിനോദ കേന്ദ്രം.

Adventure Tourism Kerala

ചെമ്പ്രയ്ക്ക് എന്നും വിഭിന്ന ഭാവങ്ങളാണ്.ഓരോ സമയത്തും ഒന്നിനൊന്നു വ്യത്യാസം.അതുകൊണ്ട് തന്നെ ചെമ്പ്രയിലേക്കുള്ള വഴികള്‍ ഒരിക്കല്‍ പോലും സഞ്ചാരികളുടെ മനസ്സുമടിപ്പിക്കാറില്ല.ശിശിരമാസത്തിലെ വയനാടന്‍ മഞ്ഞ് മൂടുമ്പോഴാണ് കൂടുതല്‍ സൗന്ദര്യമെന്ന് പറയുന്നവരുമുണ്ട്.കൊടും വേനലില്‍ വറ്റാതെ കിടക്കുന്ന ഹൃദയസരസ്സാണ് മറ്റു കുറെ പേര്‍ക്ക്‌വിസ്മയക്കാഴ്ച.

ഊട്ടി വഴി വയനാട്ടിലെത്തിയ ബ്രട്ടീഷുകാരാണ് ചെമ്പ്രയുടെ നെറുകയില്‍ ആദ്യമായെത്തിയ വിദേശികള്‍.കൃത്യമായി 6300 അടി.വയനാട്ടിലെ ഏറ്റവും വലിയ പര്‍വ്വതത്തിന്റെ ഉയരം കണക്കാക്കിയതും ബ്രട്ടീഷുകാര്‍ തന്നെയാണ്.പശ്ചിമഘട്ടത്തില്‍ ഇംഗ്‌ളീഷുകാര്‍ തമ്പടിച്ച ഏക പര്‍വ്വതമാണിത്.കുതിരലായവും ഗോള്‍ഫ് കോര്‍ട്ടുമെല്ലാം ഇവിടെയുണ്ടായിരുന്നു.

Adventure Tourism Kerala

നീലഗിരിയില്‍ നിന്നും  വയനാടന്‍ മലനിരകളിലേക്കായിരുന്നു സായ്പന്‍മാരുടെ പ്രയാണം.ചായത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും പടുത്തുയര്‍ത്താന്‍ വേണ്ടിയുള്ള യാത്രകള്‍.കൂട്ടത്തില്‍ സിങ്കോണ ചെടികളെയും വിദേശത്ത് നിന്നും എത്തിച്ചു.സ്വര്‍ണ്ണ ഖനനത്തിനും ഇംഗ്‌ളണ്ടില്‍ നിന്നും കമ്പനികളെത്തിയതോടെ ചെറിയൊരു യൂറോപ്പായി വയനാടും മാറുകയായിരുന്നു.ഇവരുടെയൊക്കെ ആവാസ കേന്ദവും ചെമ്പ്രയുടെ താഴ്‌വാരങ്ങളിലായിരുന്നു.മൃഗയാ വിനോദങ്ങള്‍ക്കും മദ്യപാനത്തിനും വേണ്ടി ഇവിടെയുള്ള ക്യാമ്പു ഓഫീസുകള്‍ ഒരു കാലത്ത് രാപ്പകല്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.ഇതിന്റെയെല്ലാം ഓര്‍മ്മകള്‍ക്ക് സാക്ഷ്യമാണ് ഈ ഹരിത പര്‍വ്വതം.

ഇടവിട്ടുള്ള ചോല വന സമൃദ്ധിയില്‍ വെണ്‍തേക്കും ചടച്ചിയും ഞാവലുമൊക്കെയുണ്ട്.കാട്ടുകുരുമുളകും നന്നാറിയും ശതാവരിയും ഇവിടെ കാണാം.ആരോഗ്യപച്ചയും ദണ്ഡപാലയും ഇവിടെ അപൂര്‍വ്വമല്ല.ഉഗ്ര വിഷമുള്ള പാമ്പുകള്‍ക്കും മലബാര്‍ ഫേണ്‍ഹില്‍ എന്നറിയപ്പെടുന്ന മലമുഴക്കി വേഴാമ്പലിന്റെയും വാസസ്ഥലമാണിത്.ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമാണ് ഈ മലനിരകള്‍.ഒരേ സമയം രണ്ടു ദിശകളിലേക്കാണ് ഇവിടെ നിന്നും ഉറവയെടുക്കുന്ന അരുവികള്‍ ഒഴുകുന്നത്.

വയനാട് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരമുണ്ട്.സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 48 കിലോമീറ്ററും മാനന്തവാടിയില്‍ നിന്നും 52 കിലോമീറ്ററും ദൂരമുണ്ട്.മേപ്പാടിയില്‍ നിന്നും ചെമ്പ്ര എസ്റ്റേറ്റ് റോഡ് വഴിയാണ് തിരിഞ്ഞു പോകേണ്ടത്.വനംവകുപ്പിന്റെ അനുവാദം മേടിച്ചുവേണം മലനിരകളിലേക്ക് പ്രവേശിക്കാന്‍.മൂന്നു മണിക്കൂറോളം യാത്രയുണ്ട്.ഇവിടെയുള്ള വനം സംരക്ഷണസമിതിയില്‍ നിന്നും പാസ്സും ഒരു വഴികാട്ടിയെയും ലഭിക്കും.

Adventure Tourism Kerala

ഒരു ദിവസം 200 പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ പ്രവേശനം. പത്ത് പേരടങ്ങിയ ഇരുപത് ഗ്രൂപ്പുകള്‍ക്ക്. സ്വകാര്യ എസ്റ്റേറ്റ് ബംഗ്ലാവു വരെ മാത്രമാണ് വാഹനങ്ങള്‍ക്ക് പ്രവേശനമുള്ളൂ.പത്തുപേരടങ്ങിയ ട്രക്കിങ്ങ് സംഘത്തിന് 500 രൂപയാണ് പ്രവേശനഫീസ്.ക്യാമറയ്ക്ക് 50 രൂപയും വീഡിയോ കവറേജിന് 200 രൂപയുമാണ് ഈടാക്കുന്നത്.പൂര്‍ണ്ണമായും ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായതിനാല്‍ പ്ലാസ്റ്റിക്ക് തുടങ്ങിയവയ്ക്ക് വിലക്കുണ്ട്.കല്‍പ്പറ്റ മേപ്പാടി എന്നിവടങ്ങളില്‍ ധാരാളം താമസ സൗകര്യങ്ങളും റിസോര്‍ട്ടുകളുമുണ്ട്.യാത്ര ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത് നന്നായിരിക്കും. ഡി.ടി.പി.സി 04936 202134 

ചിത്രകൂടന്‍ പക്ഷികളുടെ ഒളിത്താവളം

തിരുനെല്ലിയിലെ ബ്രഹ്മഗിരി മലനിരകളിലെ മഴക്കാടുകള്‍ താണ്ടി ക്ലേശങ്ങള്‍ നിറഞ്ഞ വനപാത പിന്നിട്ടാണ് ചിത്രകൂടന്‍ പക്ഷികളുടെ ഒളിത്താവളമായി. നൂറ്റാണ്ടുകളായി അനേകം മഴപ്പക്ഷികളും വവ്വാലുകളും ഈ ശിലാഗുഹയില്‍ അഭയം തേടിയിരിക്കുന്നു. അടുക്കുകളായുള്ള പാറകള്‍ക്കിടയിലൂടെ നുഴഞ്ഞിറങ്ങി വഴിപിരിഞ്ഞ് താണിറങ്ങിയാല്‍ മഴപ്പക്ഷികളുടെ ഗന്ധം വമിക്കുന്ന ഇരുള്‍ നിറഞ്ഞ ഗുഹയിലെത്താം. പക്ഷികള്‍ക്ക് സ്വന്തമായുള്ള ഈ പാതാളം പകരം വെക്കാന്‍ മറ്റൊന്നുമില്ലാത്ത വയനാട്ടിന്റെ മാത്രം വിസ്മയമാണ്. 

Adventure Tourism Kerala

തിരുനെല്ലി അമ്പലത്തില്‍നിന്ന് എട്ടുകിലോമീറ്ററോളം കാട്ടുപാതയിലൂടെ സഞ്ചരിച്ചാണ് പ്രകൃതി സ്‌നേഹികളായ സാഹസികര്‍ ഇവിടെയെത്തുന്നത്. യാത്രകളില്‍ വെല്ലുവിളിയായി ഗരുഡന്‍പാറയും ചെങ്കുത്തായ പുല്‍മേടുകളും വനഗഹ്വരതയുടെ തണുപ്പും ആവോളമുണ്ട്. ഏതു സമയവും മുന്നില്‍ വന്നേക്കാവുന്ന വന്യമൃഗങ്ങളുടെ കണ്ണുവെട്ടിച്ച് ഇവിടെയെത്തി തിരിച്ച് പോവുകയെന്നതും ശ്രമകരമായ അനുഭവമാണ്.

യാത്രയുടെ തുടക്കത്തില്‍ മഞ്ഞുപുതഞ്ഞുനില്ക്കുന്ന ബ്രഹ്മഗിരിയുടെ വിദൂരദൃശ്യമാണ് കണ്ണില്‍പ്പെടുക. മൂന്നുകിലോമീറ്റര്‍ പിന്നിട്ട് കഴിഞ്ഞാല്‍ വാച്ച്ടവറിന് താഴെയെത്താം. കര്‍ണാടകകേരള വനാതിര്‍്ത്തിയിലെ ഈ ടവറിനു മുകളില്‍ കയറിയാല്‍ താഴെ സമതലത്തില്‍ കണ്ണെത്താദൂരം വരെ ഇരുസംസ്ഥാനങ്ങളിലെയും ഗ്രാമങ്ങള്‍ കാണാം. കൂട്ടമായെത്തുന്ന സഞ്ചാരിള്‍ ഇതിനു മുകളിള്‍ മണിക്കൂറുകളോളം കാഴ്ചകള്‍ ആസ്വദിക്കാറുണ്ട്.

പച്ചപുതച്ച ബ്രഹ്മഗിരിയുടെ നെറുകയിലേക്കാണ് പിന്നീടുള്ള യാത്ര. തെരുവ പുല്ലുകളെ വകഞ്ഞുമാറ്റി സദാസമയവും വീശിയടിക്കുന്ന കാറ്റിന്റെ തലോടലില്‍ മനംമയങ്ങി യാത്രികര്‍ ഇവിടെ വിശ്രമകേന്ദ്രമാക്കുന്നു. ക്ഷീണമകറ്റാന്‍ കാട്ടരുവികളിലെ തെളിനീരും കണ്ണിനു കുളിരു പകരാന് താഴ്‌വ്ാരങ്ങളുടെ മനോഹര ദൃശ്യങ്ങളും യഥേഷ്ടമുണ്ട്.

Adventure Tourism Kerala

കാട്ടാനകളുടെ വിഹാരകേന്ദ്രമായ കര്‍ണാടക വനത്തിലൂടെയാണ് പിന്നീടുള്ള യാത്ര. വനനിബിഡതയിലൂടെ ശബ്ദകോലാഹങ്ങളില്ലാതെ വേണം ഈ വഴികള്‍ പിന്നിടാന്‍. മൂന്നു കിലോമീറ്റര്‍ പിന്നിടുന്നതോടെ ഗരുഡപ്പാറയിലെത്താം. നൂറടിയോളം ഉയരമുള്ള പാറയുടെ ചെരുവിലാണ് പക്ഷിപാതാളം. നാലു മണിക്കൂറോളം നീണ്ടുനിന്ന വനയാത്രയ്ക്ക് ഇവിടെ വിരാമമായി. പാതാളം ലക്ഷ്യത്തില്‍ കണ്ടതോടെ ഇരുളറകളിലേക്ക് കയറി നോക്കാന്‍ ധൃതിപ്പെടുന്ന സവാരികളെ പക്ഷികള്‍ അലോസരപ്പെടുത്തും. അലയടിച്ച് തലങ്ങും വിലങ്ങും പറക്കുന്ന കടവാവലുകള്‍ അടങ്ങുമ്പോള്‍ മാത്രമാണ് പ്രവേശനം സാധ്യമാവുക.ശിലാപാളികള്‍ക്കിടയില്‍ സൈ്വരമായി തൂങ്ങിനില്ക്കുന്ന മഴപ്പക്ഷികളെ ശല്യപ്പെടുത്താതെ ഏതോ അനന്തതയിലേക്കുള്ള വഴികള്‍ യാത്രികര്‍ ഇവിടെ തിരയുന്നു. ഗുഹാ വഴികള്‍ ചുരുങ്ങുന്നതോടെ തിരിച്ചുകയറല്‍ സാഹസികമാവുന്നു. മഴയും വെയിലും കൊള്ളാത്ത നിരവധി പ്രകൃതി നിര്‍മ്മിത ഗുഹകള്‍ ഇവിടെയുണ്ട്. 

പത്തോളം പേര്‍ക്ക് സുഖമായി കിടന്നുറങ്ങാനും ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള മുനിമടകളും കാണാവുന്നതാണ്. പാറക്കെട്ടുകളിലൂടെ നുഴഞ്ഞിറങ്ങി വെള്ളം ശേഖരിക്കാന്‍ ഉറവയുമുണ്ട്. അപൂര്‍വ്വം ഇനം പക്ഷികളും ഈ പാറക്കെട്ടുകളില്‍ കൂടൊരുക്കിയിട്ടുണ്ട്. ചിത്രകൂടന്‍ പക്ഷികളുടെ കൂടുകള്‍ പോലും വന്‍ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. വിദേശ രാജ്യങ്ങളില്‍ ഇത് ഉപയോഗിച്ച് സൂപ്പ് ഉണ്ടാക്കുന്നത് പതിവാണ്. പാപനാശിനിയെ പിന്നിടുന്ന ഈ ശിലാഗുഹകളില്‍ ആത്മാക്കള്‍ പക്ഷികളുടെ രൂപം പ്രാപിച്ച് കുടിയുറങ്ങുന്നു എന്ന് വിശ്വാസമുണ്ട്. പാപനാശിനിയില്‍ മോക്ഷം പ്രാപിച്ച് ആത്മാക്കള്‍ പക്ഷികളായി ഗുഹയില്‍ അഭയം തേടുന്നതായാണ് ഐതിഹ്യം.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കര്‍ണാടകയിലല്‍നിന്നുമാണ് പ്രകൃതിസ്‌നേഹികള്‍ ഇവിടെ കൂട്ടമായി എത്തുന്നത്. സ്ത്രീകളും കുട്ടികളും വരെ സംഘത്തില്‍ ഉണ്ടാവാറുണ്ട്. ദുഷ്‌കരമായ പാതകളെ ഇവര്‍ ആവേശത്തോടെ കീഴടക്കുന്നു. ഗരുഡന്‍പാറയില്‍ മുകളിലേക്കുള്ള ട്രക്കിങ്ങിനും ആളുകള്‍ ഇവിടെയെത്താറുണ്ട്. വന്യജീവി സംരക്ഷണ കേന്ദ്രത്തോട് തുടര്‍ച്ചയായുള്ള വനപാതയായതിനാല്‍ ഡി.എഫ്.ഒ.യുടെ സമ്മതം വാങ്ങി മാത്രമേ പക്ഷിപാതാളത്തിലേക്കുള്ള യാത്ര സാധ്യമാവുകയുള്ളൂ. വനപാലകരോ വാച്ചര്‍മാരോ സഞ്ചാരികള്‍ക്ക് വഴികാട്ടിയായി കൂടെയുണ്ടാകും.