കാടു കാണാൻ കൊല്ലത്തുകാർപോലും തൃശ്ശൂർ ജില്ലയിലെ മലക്കപ്പാറയ്ക്ക് വണ്ടികയറുന്ന കാലം. പക്ഷേ, നമ്മുടെ ജില്ലയിൽ കാടും തോടും പുഴയും കാട്ടരുവിയും വെള്ളച്ചാട്ടവുംകണ്ട്‌ സ്വച്ഛമായി ഒരു യാത്ര പോയാലോ.

രാവിലെ പോയാൽ മനംനിറഞ്ഞ് വൈകീട്ട് മടങ്ങാം. പറയുന്നത് അലിമുക്ക്-അച്ചൻകോവിൽ പാതയെപ്പറ്റിയാണ്. അച്ചൻകോവിലിൽനിന്ന് ചെങ്കോട്ടയിലേക്ക് നീളുന്ന ഈ പാത, പുനലൂർ-ചെങ്കോട്ട പാതയ്ക്കു സമാന്തരമായാണ് പോകുന്നത്.

റബ്ബർ ഷീറ്റും ഒട്ടുപാലും മണക്കുന്ന തോട്ടങ്ങളും കപ്പയും മലഞ്ചരക്കും ഉണക്കാനിട്ടിരിക്കുന്ന മുറ്റങ്ങളുംകടന്ന് പാത നീളുന്നത് കാടകങ്ങളിലേക്കാണ്. ആനകൾ അർമാദിച്ച ഈറ്റക്കാടുകളും ആവി പറക്കുന്ന ആനപ്പിണ്ടങ്ങളും നനഞ്ഞുതഴച്ച അടിക്കാടുകളും ചീവീട് ചിലയ്ക്കുന്ന കാടുകങ്ങളും...

തണുത്ത കാറ്റേറ്റും വെള്ളച്ചാട്ടങ്ങളിൽ കുളിച്ചും തിരിച്ചുവരുമ്പോൾ, ശരീരത്തിലും മനസ്സിലും ഊർജം നിറയും. അച്ചൻകോവിലിൽ രാത്രി തങ്ങാനും സൗകര്യമുണ്ട്. വനംവകുപ്പിന്റെയും പൊതുമരാമത്തുവകുപ്പിന്റെയും ഗസ്റ്റ് ഹൗസുകൾ. സ്വകാര്യ ലോഡ്ജുകളിലും താമസസൗകര്യമുണ്ട്.

Achankovil Travel
അച്ചൻകോവിൽ യാത്രയിലെ കാഴ്ചകൾ | ഫോട്ടോ: മാതൃഭൂമി

കാട്ടിനുള്ളിലെ വെള്ളച്ചാട്ടങ്ങൾ

കാട്ടിനുള്ളിലെ രണ്ട് ചെറുവെള്ളച്ചാട്ടങ്ങൾ അച്ചൻകോവിലിലെ ആകർഷകമായ കാഴ്ചയാണ്. മണലാർ വെള്ളച്ചാട്ടവും കുംഭാവുരുട്ടി വെള്ളച്ചാട്ടവും. 2017 ജൂലായ്‌ രണ്ടിന് കുംഭാവുരുട്ടിയിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ അപകടത്തിൽപ്പെട്ടു മരിച്ചതിനെ തുടർന്ന് യാത്രക്കാരെ കയറ്റുന്നില്ല.

അച്ചൻകോവിൽ ക്ഷേത്രത്തിനുമുന്നിൽനിന്ന് ചെങ്കോട്ട പാതയിൽ ആറു കിലോമീറ്റർ പോയാൽ കുഭാവുരുട്ടിയിലെത്തും. ഇടതുവശത്ത് കാട്ടിനുള്ളിലായാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. കാഴ്ചക്കാരായി തമിഴ്നാട്ടിൽനിന്നുള്ളവരാണ് ഏറെയും എത്തിയിരുന്നത്. വഴുവഴുപ്പൻ പാറകളായതിനാൽ അപകടസാധ്യത കൂടുതലാണ്. സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തി, വെള്ളച്ചാട്ടം ഉടൻ യാത്രക്കാർക്കായി തുറന്നുകൊടുക്കുമെന്ന് വനംവകുപ്പ് റേഞ്ച് ഓഫീസർ ആർ.സി.അരുൺ പറഞ്ഞു. വെള്ളച്ചാട്ടത്തിനു സമീപത്തുനിന്ന് ചെങ്കോട്ട ഭാഗത്തേക്ക് ഒരു കിലോമീറ്റർ മുന്നോട്ടുപോയാൽ മണലാർ വെള്ളച്ചാട്ടമായി. വലതുവശത്ത് അരക്കിലോമീറ്റർ കാട്ടിനുള്ളിലാണിത്. അപകടരഹിതമായ വെള്ളച്ചാട്ടമാണ് മണലാർ.

മഞ്ഞു പുകയുന്ന കുന്നുകൾ

പുനലൂരിൽനിന്ന് പത്തനാപുരത്തേക്കുള്ള വഴിയിൽ ആറു കിലോമീറ്റർ പിന്നിട്ടാൽ അലിമുക്കെത്തും. വലത്തോട്ടു തിരിഞ്ഞ് 37 കിലോമീറ്റർ പോയാൽ അച്ചൻകോവിൽ. 23 കിലോമീറ്റർകൂടി യാത്രചെയ്താൽ ചെങ്കോട്ട. 13 കിലോമീറ്റർ പോയാൽ കേരള അതിർത്തിയിലെത്തും.

അലിമുക്കിൽനിന്ന് കറവൂർ, പെരുന്തോയിൽ, ചണ്ണയ്ക്കാമൺ, മൈക്കാമൺ, മുള്ളുമല, അമ്പനാർ, ചെരുപ്പിട്ടകാവ്, ചെമ്പനരുവി, കടമ്പുപാറ, തുറ, വളയം, കോടമല എന്നിവിടങ്ങൾ പിന്നിട്ടാണ് അച്ചൻകോവിലിൽ എത്തുക. മുള്ളുമലയിൽ ഫാമിങ് കോർപ്പറേഷന്റെ ചെക്ക്പോസ്റ്റുണ്ട്. പിന്നെ കാഴ്ചകളിൽ സൗന്ദര്യം നിറയും. പച്ചപുതച്ച മലനിരകൾ, നല്ല തണുത്ത കാറ്റ്, മഞ്ഞു പുകയുന്ന കുന്നുകൾ.... ആകെപ്പാടെ ഒരു മിനി വാഗമൺ അനുഭവം. പിന്നീട് നിബിഡവനങ്ങളിൽക്കൂടിയാണ് യാത്ര.

ആന റോഡ് മുറിച്ചുകടക്കുന്നത് കാണാം. മയിലിന്റെയും മാനിന്റെയും കൂട്ടങ്ങളുണ്ടാകാം. പുലിപോലും കെ.എസ്.ആർ.ടി.സി. ബസിനുമുന്നിൽപ്പെട്ടിട്ടുണ്ട് ഈ ഭാഗങ്ങളിൽ. വളവുകൾ തിരിയുമ്പോൾ സൂക്ഷിച്ചുപോകണം. മഴക്കാലം മാറിയാൽ പാതനിറയെ പൂമ്പാറ്റയും തുമ്പിയുമുണ്ടാകും.

Achankovil 2
അച്ചൻകോവിൽ യാത്രയിൽ മുള്ളുമലയിൽ നിന്നുള്ള കാഴ്ചകൾ | ഫോട്ടോ: മാതൃഭൂമി

അച്ചൻകോവിൽ ക്ഷേത്രം

പ്രധാന വനക്ഷേത്രങ്ങളിലൊന്നാണ് അച്ചൻകോവിൽ ശാസ്താക്ഷേത്രം. കേരളത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി പരശുരാമൻ സ്ഥാപിച്ചതാണെന്നാണ് വിശ്വാസം.

Achankovil temple
ഫോട്ടോ: മാതൃഭൂമി

കേരളത്തിൽ രഥോത്സവം നടക്കുന്ന പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണിത്. തമിഴ്നാട്ടിൽനിന്നുള്ള ഒട്ടേറെ അയ്യപ്പ തീർഥാടകർ അച്ചൻകോവിൽ വഴിയാണ് ശബരിമലയ്ക്കു പോകുന്നത്.

ആനവണ്ടിയിലും യാത്രപോകാം

പുനലൂരിൽനിന്ന് അലിമുക്ക് വഴി അച്ചൻകോവിലിലേക്ക് കെ.എസ്.ആർ.ടി.സി. സർവീസ് ഉണ്ട്.

രാവിലെ 6.30-ന് പുനലൂരിൽനിന്നു തുടങ്ങി എട്ടിന് അച്ചൻകോവിലിൽ എത്തുന്നതാണ് ആദ്യ ബസ്. ഇത് തിരികെ 8.30-ന് പുറപ്പെട്ട് 10-ന് പുനലൂരിൽ എത്തിച്ചേരും.

രാവിലെ 11.30-നും ഉച്ചയ്ക്ക് 1.30-നും അച്ചൻകോവിലിലേക്കും ഉച്ചയ്ക്ക് ഒന്നിനും വൈകീട്ട് 3.45-നും തിരികെ പുനലൂരിലേക്കും സർവീസുണ്ട്.

നേരത്തേ അച്ചൻകോവിലിൽനിന്ന് ചെങ്കോട്ട വഴി പുനലൂരിലേക്കും തിരികെയും ബസ് സർവീസുകൾ ഉണ്ടായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഈ സർവീസുകൾ നിലച്ചിരിക്കുകയാണ്.

Content Highlights: Achankovil Travel, Waterfalls in Kollam, Hidden tourist places in Kollam, Kollam tourist places