മീന്‍വിഭവങ്ങളുടെ രുചിയറിഞ്ഞ് ശാന്തമായ അന്തരീക്ഷത്തിലൊരു ദിനം. ഞാറയ്ക്കലിലെ അക്വാടൂറിസം സെന്റര്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു.
കായല്‍ ഉണരുന്നതേയുണ്ടായിരുന്നുള്ളൂ. കൊച്ചിയില്‍നിന്ന് യൂബര്‍ പിടിച്ച് ഞാറയ്ക്കല്‍ എത്തുമ്പോള്‍ മണി ആറ്. കിഴക്ക് സൂര്യഗോളം ചുവപ്പുരാശി പടര്‍ത്തി സിന്ദൂരമണിയാന്‍ കാത്തിരുന്നു. ആകാശം അനുകൂലമായിരുന്നു. മെല്ലെ മെല്ലെ സൂര്യനൊപ്പം കായലോളങ്ങളും ഉണരാന്‍തുടങ്ങി. കാറ്റലകളില്‍ കുഞ്ഞോളങ്ങള്‍ക്കൊപ്പം കരിമീനും പൂമീനും പ്രഭാതനീന്തലിന് ഇറങ്ങി എന്ന് തോന്നുന്നു.
ഫാമില്‍ സന്തോഷ് ഉണ്ടായിരുന്നു. ജയപ്പനും മുരളിയും വന്നു. അവര്‍ ചൂണ്ടയില്‍ മൈദമാവും മഞ്ഞളും ചേര്‍ത്ത് ഉരുട്ടിയ ഇര കൊരുത്തു. രണ്ട് ചൂണ്ടയിലും ഓരോ കരിമീന്‍ കുരുങ്ങി. ജയപ്പന്‍ വലയുമായി വന്ന് ഒന്ന് വീശി. അതില്‍ കൂറേ പൂമീനും കിട്ടി. ഇന്നത്തേക്ക് അത് മതി. മീനുകള്‍ അടുക്കളയിലേക്ക് കൊണ്ടുപോയി. പിന്നെ ഫാം മാനേജര്‍ നിഷാ ഉണ്ണി എത്തി. സന്തോഷ് സ്പീഡ് ബോട്ട് സ്റ്റാര്‍ട്ട്‌ചെയ്തു. നേരേ മുളംകുടിലിലേക്ക്. കായലിന് നടുവില്‍ ഒരു കൊച്ചുതുരുത്തുപോലെയാണീ മുളംകുടില്‍. അവിടെ ഇരിക്കാനൊരു ബെഞ്ചും ഭക്ഷണം കഴിക്കാനൊരു മേശയും ഉണ്ട്. ചൂണ്ടയിടാന്‍ താത്പര്യമുള്ളവര്‍ക്ക് ചൂണ്ടയിടാം, വായിച്ചിരിക്കാനിഷ്ടപ്പെടുന്നവര്‍ക്ക് അതാവാം. ചുമ്മാതിരിക്കാം. ജലദലങ്ങളെ തഴുകിയെത്തുന്ന കാറ്റും കേരനിരകളുടെ ദൂരക്കാഴ്ചയും പിന്നെ ഓരോരുത്തരുടെ ഭാവനയും സ്വപ്‌നലോകവും...


ഭക്ഷണവും കഴിച്ച് വെറുതേ സൊറപറഞ്ഞിരിക്കുമ്പോള്‍ തിരിച്ചുപോരാന്‍ തോന്നുന്നുണ്ടായിരുന്നില്ല. തൊട്ടടുത്തെ കുഞ്ഞുതുരുത്ത് കണ്ടപ്പോള്‍ അങ്ങോട്ട് പോവണമെന്നുതോന്നി. പുല്ലുവളര്‍ന്ന് കാടായ തുരുത്തില്‍ രണ്ട് തെങ്ങ് മാത്രമുണ്ട്. ബോട്ട് അവിടേക്ക് അടുപ്പിച്ച്. ഞങ്ങള്‍ ചാടിയിറങ്ങി. ഇവിടേക്കൊരു പാലം പണിത് ചെറിയ മീറ്റിങ്ങിന് പറ്റിയൊരു ഹാളും ഉണ്ടാക്കാന്‍ പ്ലാന്‍ചെയ്യുന്നുണ്ടെന്ന് മാനേജര്‍ പറഞ്ഞു. അല്ലെങ്കില്‍ ഒരു ഏറുമാടം പണിയും. തുരുത്തില്‍നിന്നൊരു കിലുക്കാംപെട്ടി കിട്ടി. ഗൃഹാതുരമായൊരു ഓര്‍മയാണത്. ഒരു ചെടിയുടെ കായ് ആണത്. ഉണങ്ങി കായ കിലുങ്ങും. അതിലൊരെണ്ണം പറിച്ചെടുത്ത് തിരിയെ ബോട്ടില്‍ കയറി.
കരയില്‍ ഇറങ്ങി ചുറ്റുവരമ്പിലൂടെ ഒന്ന് നടന്നുകാണാമെന്നുവെച്ചു. കരയില്‍ തെങ്ങുകള്‍ പെയിന്റടിച്ച് വര്‍ണാഭമാക്കിയിട്ടുണ്ട്. വലയൂഞ്ഞാലുകള്‍ കെട്ടിയിട്ടുണ്ട്. നടവരമ്പിലൂടെ നടക്കുമ്പോള്‍ തൊഴിലുറപ്പുസ്ത്രീകള്‍ ജോലിചെയ്യുന്നുണ്ടായിരുന്നു.
''ഇതെന്താ കയ്യില്‍''
''കിലുക്കാംപെട്ടി''
''ഇത് വീട്ടില്‍ കൊണ്ടുപോവണ്ട കേട്ടോ''
''അതെന്താ''
''അച്ഛനെ തല്ലി എന്നാണിത് ഇവിടെ അറിയപ്പെടുന്നത്. വീട്ടില്‍ കയറ്റിയാല്‍ പിന്നെ പ്രശ്‌നം ഒഴിയില്ലെന്നാ പറയാ'' - ഓരോ അന്ധവിശ്വാസമെന്ന് പറഞ്ഞെങ്കിലും സലിംകുമാര്‍ പറഞ്ഞപോലെ എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെന്ന് പറഞ്ഞപോലെ വിശ്വാസം ശരിയാണെങ്കിലോ! എന്തായാലും അവനെ കളഞ്ഞു. അതിവിടെ കിടന്ന് പൊട്ടിച്ചിതറും. പിന്നെ മണ്ണില്‍ വേരുകളാഴ്ത്തി വളരും. അങ്ങനെ വിത്തുവിതരണത്തിന് നിമിത്തമായി. നടവരമ്പുകള്‍ ചുറ്റിവരുമ്പോഴേക്കും ഉച്ചഭക്ഷണം തയ്യാറായിരുന്നു. നല്ല ചോറും മീന്‍കറിയും മീന്‍ പൊരിച്ചതും അച്ചാറും. സ്പെഷലായി രാവിലെ പിടിച്ച കരിമീനും വറുത്തിട്ടുണ്ടായിരുന്നു. എല്ലാം കഴിയുമ്പോള്‍ മധുരത്തിന് ഐസ്‌ക്രീം. വയറും മനസ്സും നിറയും.

എന്നാലിതൊന്നും പോര എന്നെഴുതിവെച്ച അഭിപ്രായവും നിര്‍ദേശമെഴുതാനുള്ള പേപ്പറില്‍ എഴുതിവെച്ചിട്ടുണ്ട് ചില

സഞ്ചാരികള്‍. യാത്രക്കാര്‍ ബഹുവിധമെന്നാണല്ലോ. വീഗാലാന്‍ഡില്‍ ഉല്ലസിക്കാനിഷ്ടപ്പെടുന്നവര്‍ക്ക് ഈ ശാന്തസുന്ദരപ്രകൃതിയില്‍ ഉല്ലസിക്കാനൊന്നുമില്ലെന്ന് തോന്നാം. പക്ഷേ, കായലും മീനും ബോട്ടിങ്ങും ചൂണ്ടയിടലുമൊക്കെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇതൊരു നല്ലയിടമാണ്. അക്വാഫെഡിന്റെതന്നെ മാലിപ്പുറത്തെ മീന്‍ചാട്ടവും കുഴുപ്പിള്ളി ബീച്ചിലൊരു സായാഹ്നവും ഉള്‍പ്പെടുത്തി ഒരുദിവസം പൂര്‍ണമായും ഇവിടെയും പരിസരത്തും ചെലവഴിക്കാനുള്ള രീതിയില്‍ പ്ലാന്‍ചെയ്യാം.
200 രൂപയാണ് പ്രവേശനഫീസ്. അതില്‍ ചെല്ലുമ്പോള്‍ ചായ അല്ലെങ്കില്‍ കോഫി, ഉച്ചയ്ക്ക് മീന്‍കറി, മീന്‍ പൊരിച്ചത്, തോരന്‍, സാമ്പാര്‍, മോര്, ചെമ്മീന്‍ അച്ചാര്‍,അല്ലെങ്കില്‍ കക്കാ അച്ചാര്‍, പപ്പടം, ഐസ്‌ക്രീം എന്നിവയടങ്ങിയ ഊണ്, അരമണിക്കൂര്‍ കൊട്ടവഞ്ചിയിലും അരമണിക്കൂര്‍ കൈത്തുഴവഞ്ചിയിലും സഞ്ചാരം എന്നിവയുള്‍പ്പെടും. അഞ്ചുപേര്‍ക്ക് 100 രൂപ കൊടുത്ത് 10 മിനിറ്റ് സ്പീഡ് ബോട്ട് യാത്ര, 20 രൂപകൊടുത്ത് ചൂണ്ട എന്നിവ താത്പര്യമുള്ളവര്‍ക്ക് സ്പെഷലായി എടുക്കാം. ഭക്ഷണത്തില്‍ സ്പെഷല്‍ വേണ്ടവര്‍ മുന്‍കൂട്ടിപ്പറഞ്ഞാല്‍ പാകംചെയ്തുകൊടുക്കും.
ഞണ്ട് റോസ്റ്റ്, ചെമ്മീന്‍ റോസ്റ്റ്, കക്കാറോസ്റ്റ്, താറാവുകറി, കോഴിക്കറി, കരിമീന്‍ റോസ്റ്റ്, ഫ്രൈ, കൂന്തല്‍ റോസ്റ്റ്, കണമ്പ് കറി എന്നിവ ഇങ്ങനെ ലഭ്യതയ്ക്കനുസരിച്ച് വില ഈടാക്കി സ്പെഷലായി പാചകംചെയ്തുകൊടുക്കും. ലതികയും സംഘവും ചേര്‍ന്നുള്ള സൗപര്‍ണിക സ്വാശ്രയസംഘമാണ് പാചകം രുചികരമാക്കുന്നത്. ടിക്കറ്റ് കൗണ്ടറിനരികില്‍ സമന്വയ സ്വാശ്രയസംഘത്തിന്റെ ലതയും സംഘവും ഫ്രഷ് ജ്യൂസും തയ്യാറാക്കി വില്‍ക്കുന്നുണ്ട്. കുടിവെള്ളം ഫില്‍ട്ടര്‍ചെയ്ത് കൊണ്ടുപോവാന്‍ ഗ്ലാസ് ബോട്ടില്‍ നല്‍കും. 50 രൂപ അടച്ച് കൊണ്ടുപോവുന്ന ബോട്ടില്‍ തിരിച്ചുകൊടുക്കുമ്പോള്‍ 40 രൂപ തിരികെ കൊടുക്കും. പ്ലാസ്റ്റിക് ഒഴിവാക്കാന്‍വേണ്ടിയാണ് ഈ സംവിധാനം.


മുളംകുടിലിലേക്ക് പോവാന്‍ ഒരാള്‍ക്ക് മൂന്നുമണിക്കൂറിന് 350 രൂപ പ്രകാരമാണ് ടിക്കറ്റ് ഉച്ചയൂണിന് പുറമേ വൈകീട്ട് ചായയും സ്നാക്സും ഈ പാക്കേജിലുണ്ടാവും.ഈവനിങ് പാക്കേജായി ഒരാള്‍ക്ക് 100 രൂപ ടിക്കറ്റിലും പ്രവേശനമുണ്ട്. കൊട്ടവഞ്ചി, കൈത്തുഴവഞ്ചി, ചൂണ്ട എന്നിവ ഇതുപ്രകാരം ഉപയോഗിക്കാം. ജി.എസ്.ടി. നടപ്പിലാകുന്നതോടെ താരിഫില്‍ മാറ്റമുണ്ടാകുമെന്ന് മാനേജര്‍ നിഷ മുന്‍കൂര്‍ ജാമ്യമെടുത്തു.
(മാതൃഭൂമി യാത്ര മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)