കേട്ട് തഴമ്പിച്ചതും പറഞ്ഞ് പരത്തിയതുമായ നുണക്കഥകളിലെ നായികമാരാണ് യക്ഷികള്‍. രക്തരക്ഷസായ യക്ഷികള്‍. തിരുവനന്തപുരത്തിനുമുണ്ട് അത്തരത്തില്‍ യക്ഷിക്കഥകളില്‍ ചീത്തപ്പേരുകേട്ട സ്ഥലങ്ങള്‍. കാര്യവട്ടം ക്യാമ്പസിനടുത്തുള്ള ഹൈമവതിയും പാലോടുള്ള സുമതി വളവുമെല്ലാം അവയില്‍ ചിലത് മാത്രം. അതുപോലെ ഇന്ന് ഗൂഗിള്‍ പറഞ്ഞ് തരുന്ന കേരളത്തിലെ മോസ്റ്റ് ഹോണ്ടഡ് സ്ഥലങ്ങളിലൊന്നാണ് തലസ്ഥാനനഗരിയിലെ ബോണക്കാടുള്ള മഹാവീര്‍ പ്ലാന്റേഷന്റെ കെട്ടിടം.

ഒരു കാലത്ത് സര്‍വ പ്രൗഡിയോടെ നിലനിന്നിരുന്ന ബോണക്കാടുണ്ടായിരുന്ന തേയിലത്തോട്ടവും ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതമായിരുന്നു ഈ ബംഗ്ലാവിന് ചുറ്റും. ബോണക്കാടുള്ള ഈ കുപ്രസിദ്ധിയാര്‍ജിച്ച പ്രേത ബംഗ്ലാവിന് ചുറ്റുമുള്ള പൊട്ടിപ്പൊളിഞ്ഞ ആലയങ്ങള്‍ ഇവിടുത്തെ നശിച്ചുപോയ തേയിലത്തോട്ടത്തിന്റെയും ജീവിതങ്ങളെയുമാണ് ഓര്‍മ്മപ്പെടുത്തുന്നത്. 1951 ല്‍ സ്ഥാപിച്ച മഹാവീര്‍ പ്ലാന്റേഷന്റെ ഈ ബംഗ്ലാവില്‍ ബോണക്കാട്ടെ എസ്റ്റേറ്റ് മാനേജര്‍ താമസിച്ചു വരുകയായിരുന്നൂ. പിന്നീട് ഇയാളുടെ പതിമൂന്ന് വയസുകാരി മകള്‍ കൊല്ലപ്പെടുകയും ശേഷം എസ്റ്റേറ്റ് മാനേജര്‍ ഇവിടം വിട്ട് ലണ്ടനിലേക്ക് പോയി എന്നുമാണ് കഥകള്‍ പരക്കുന്നത്. ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ആത്മാവ് ഇവിടെ ഉണ്ടെന്നും രാത്രിയും പകലുമില്ലാതെ ആ പെണ്‍കുട്ടിയുടെ ആത്മാവ് ഇവിടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതായാണ് കഥകള്‍ പരക്കുന്നത്. 

bonacaud bungalow


യദാര്‍ത്ഥത്തില്‍ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് മറ്റൊന്നാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ കെട്ടിടം പണികഴിപ്പച്ചത്. പക്ഷേ ഇന്നും നല്ലൊരു റോഡോ വാഹനസൗകര്യമോ ഇവിടെ കാര്യമായി ഇല്ല. ഈ കെട്ടിടത്തിന്റെ കെട്ടും മട്ടും ആ കാലത്തെ പ്രൗഢിയും ബ്രിട്ടീഷ് അധിനിവേശത്തിന്റെ രേഖപ്പെടുത്തലും കൂടിയാണ്. ബോണക്കാട് ബംഗ്ലാവിന് ചുറ്റുമായി കാണുന്ന പൊട്ടിപ്പൊളിഞ്ഞ ചെറിയ ആലയങ്ങള്‍ പലപ്പോഴും ഒരുകാലത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്ന തേയിലത്തോട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്.  

കെട്ടിടത്തില്‍ പ്രവേശിക്കുന്നത് മുതല്‍ ബ്രിട്ടീഷ് കാലത്തെ ഓര്‍മ്മപ്പെടുത്തലുകളാണ് മുഴുവന്‍. 25 ജി ബി ബംഗ്ലാവില്‍ ആദ്യം തന്നെ കാണാന്‍ കഴിയുന്നത് ഇടതുഭാഗത്തായി കാടുകയറി നശിച്ച വാഹനങ്ങള്‍ വൃത്തിയാക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഒരു മുറിയാണ്. അങ്ങനെ പ്രവേശന കവാടം മുതല്‍ ആ കെട്ടിടത്തെക്കുറിച്ച് പറയാനേറെയാണ്. ഈ ബംഗ്ലാവിന്റെ ഏറ്റവും വലിയ പ്രതേകതയും മനോഹാരിതയും കെട്ടിടത്തിന്റെ നിര്‍മാണ രീതിയാണ്. അഗസ്ത്യാര്‍കൂടത്തിന്റെ താഴ്വാരത്ത് ബോണക്കാടിന്റെ ഭംഗി മുഴുവന്‍ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം.  ബംഗ്ലാവിന്റെ ഏത് മുറിയില്‍ നിന്ന് പുറത്തേക്ക് നോക്കിയാലും അഗസ്ത്യന്റെ മുഴുവന്‍ മനോഹാരിതയും അടുത്തറിയാന്‍ സാധിക്കും. 

image

ഈ കെട്ടിടത്തിന്റെ ശില്പി ആരാണെന്നോ കരിങ്കലുകളാല്‍ നിര്‍മിച്ച ഈ കെട്ടിടത്തിന് വേണ്ടുന്ന സാധനങ്ങള്‍ ആര് എങ്ങനെ ഇപ്പോഴും വാഹനം കടന്നു ചെല്ലാത്ത ഇവിടെ എത്തിച്ചുവെന്നതും ഇപ്പോഴും ആര്‍ക്കുമറിയില്ല. വീടിനുള്ളിലേക്ക് കയറിച്ചെല്ലുമ്പോള്‍ ആദ്യം തന്നെ കാണുന്നത് പാശ്ചാത്യസംസ്‌കാരത്തെ സൂചിപ്പിക്കുന്ന തരത്തിലുള്ള രൂപകല്പനയാണ്. ആദ്യം തന്നെ വിശാലമായൊരു പ്രവേശന മുറി. അതിനോട് ചേര്‍ന്ന് തീകായുന്നതിനുള്ള ചിമ്മിനി. അതുപോലെ അടുത്ത മുറിയിലുമുണ്ട് അത്തരത്തിലൊരു ചിമ്മിനി. വീടിന്റെ എല്ലാ മുറികളിലും ബാത്ത് ടബ്ബും ഉണ്ട്. പക്ഷേ ഇന്നതെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. രാവും പകലുമില്ലാതെ കാടിനുള്ളില്‍ കഴിയുന്ന ഇവിടുത്തെ ജനങ്ങളാരും ഇവിടുത്തെ പ്രേതത്തെ കണ്ടിട്ടില്ല. പകരം പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഈ കെട്ടിടം ഈ കാണുന്ന വിധത്തില്‍ നശിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

ഇവിടുത്തെ പ്രദേശവാസിയായ സെല്‍വിക്ക് ഓര്‍ത്തെടുക്കാനുള്ളത് പണ്ട് തോട്ടം തൊഴിലാളിയായിരുന്ന അമ്മയോടൊപ്പം ഈ ബംഗ്ലാവില്‍ പണിക്ക് വരുന്നതാണ്. അന്ന് ഇവിടുത്തെ മുറികളില്‍ നിന്നുയര്‍ന്നിരുന്ന ഗന്ധവും മുറികളിലുണ്ടായിരുന്ന അലങ്കാരങ്ങളും വസ്തുവകകളും ഇന്നും കണ്ണില്‍ നിന്നും മായാതെയും ഗന്ധം വിട്ടകലാത്തതുപോലെയും അനുഭവപ്പെടുന്നു. പക്ഷേ എസ്റ്റേറ്റ് മാനേജര്‍ ഇവിടം വിട്ടതിന് ശേഷം ഇതെല്ലാം നാശിപ്പിക്കുകയായിരുന്നു. രാത്രിയോ പകലോ ഇല്ലാതെ സാമൂഹ്യവിരുദ്ധര്‍ കൈയടക്കുകയായിരുന്നു ഇവിടെ.ഈ ബംഗ്ലാവിന്റെ വാതിലുകളും ജനലുകളുമടക്കം സര്‍വ  സാധനങ്ങളും ആരൊക്കെയോ കൊണ്ടുപോയി.എല്ലാം നശിപ്പിച്ചു. വീടിന്റെ ചുമരുകളും അകവും പുറവുമെല്ലാം ഇവിടെ യക്ഷിയെ കാണാന്‍ വന്നുപോകുന്നുവരുടെ അടയാളപ്പെടുത്തലുകളാണ്. വെറുതേ അടയാളപ്പെടുത്തുകയല്ല, പകരം പച്ചക്ക് വില എന്താണെന്നു കൂടി ചോദിക്കുന്നുണ്ട് ആ ചുമരെഴുത്തുകളില്‍.  പതിമൂന്ന് വയസുകാരി പ്രേതത്തെപ്പറ്റി നുണക്കഥകള്‍ പ്രചരിക്കുമ്പോഴും നശിച്ചുകൊണ്ടിരിക്കുന്നത് ചരിത്രത്തിന്റെ ശേഷിപ്പുകളാണ്.