ഉറ്റസുഹൃത്ത് മേമാരിയിലേക്ക് വരുന്നോ എന്നു ചോദിച്ചപ്പോള്‍ രണ്ടാമതൊന്നാലോചാക്കാതെ യെസ് എന്നു പറഞ്ഞു. അദ്ദേഹത്തിന്റെ മിക്ക യാത്രകളും അധികമാരും അറിയാത്ത സ്ഥലങ്ങളിലേക്കായിരിക്കും. എന്തായാലും നെറ്റില്‍ ഒന്നു പരതി നോക്കി. മേമാരി ഉണ്ട്. പക്ഷെ പശ്ചിമബംഗാളിലാണെന്നു മാത്രം. പശ്ചിമബംഗാള്‍, മേമാരി, കാര്‍യാത്ര, ആറു മണിക്കൂര്‍ യാത്രാസമയം... എന്തോ ഒരു പൊരുത്തക്കേട്.

 

Memari

 

സുഹൃുത്തിന്റെ വെരിട്ടോയില്‍ വേറിട്ടൊരു യാത്ര. ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് ഞങ്ങള്‍ വെച്ചു പിടിച്ചു. തിരുവനന്തപുരം-പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം. രാവിലെ ഒമ്പതിന് കുട്ടിക്കാനത്തെത്തി. അവിടെ നിന്ന് പ്രാതല്‍.  അവിടെ നിന്ന് കട്ടപ്പന റൂട്ടില്‍ ഏലപ്പാറ- കരുന്തരുവി- ചപ്പാത്ത് കഴിഞ്ഞ് പരപ്പ്. കാര്‍ ഇടതു തിരിഞ്ഞ് ഉപ്പുതറക്കു വിട്ടു. ആശുപത്രി പടി കഴിഞ്ഞ് വളവുകോട്. ചവിട്ടി നിര്‍ത്തി. തൊട്ടുമുമ്പില്‍ ഫോര്‍വീല്‍ ഡ്രൈവ് ജീപ്പുമായി ബാബു അണ്ണന്‍. കിഴുക്കാനത്തെ 'സൂപ്പര്‍മാര്‍ക്ക്' ഉടമ!

 

Memari

 

അണ്ണന്റെ ബന്ധുവീട്ടില്‍ കാര്‍ കയറ്റിയിട്ടു. ജീപ്പില്‍ ആറു കിലോമീറ്റര്‍ താണ്ടി കിഴുക്കാനത്തെത്തി. മുഴുവന്‍ മേമാരി യാത്രയുടെ ബേസ് ക്യാമ്പ് എന്നു തന്നെ കിഴുക്കാനത്തെ വിശേഷിപ്പിക്കാം. ഫോറസ്റ്റ് ഓഫീസും ഇവിടെയാണ്. ബസ് സര്‍വീസ് ഇവിടെ വരെയെ ഉള്ളൂ. ദിവസേന 2 തവണ. കിഴുക്കാനത്തെ വനം വകുപ്പാഫിസില്‍ നിന്നും അനുവാദം വാങ്ങി ആളേയും കൂട്ടി നേരെ കണ്ണമ്പാടിയില്‍ എത്തി. സ്ഥലവാസികള്‍ക്കും  സഞ്ചാരികള്‍ക്കും അത്യാവശ്യം വേണ്ട സാധനങ്ങള്‍ 'ഷോപ്പിങ്ങ്' നടത്താവുന്ന കിഴുക്കാനത്തിനടുത്തുള്ള ഏകയിടമാണ് കണ്ണമ്പാടി. 

 

Memari

 

പ്രദേശത്തെ ട്രൈബല്‍ സ്‌കൂള്‍ ഇവിടെയാണ്. 100 മേനി കൊയ്യുന്ന ഒരു മാതൃകാ സ്‌കൂള്‍. കണ്ണമ്പാടിയുള്ള രാജപ്പന്‍ ചേട്ടന്റെ ഭാര്യയുടെ കൈപ്പുണ്യം അനുഭവിച്ച് മുല്ലയിലേക്ക്. ഇവിടെ ജീപ്പു യാത്ര അവസാനിക്കുന്നു. കിഴക്കലാച്ചിയിലേക്കുള്ള ട്രക്കിങ്ങിന് ഇവിടെ നിന്നാണ് തുടക്കം. കിഴുക്കാനത്തു നിന്നും ഫോര്‍വീല്‍ ഡ്രൈവ് ജീപ്പില്‍ ഇതുവരെ എത്താം. നേരം ഉച്ച കഴിഞ്ഞു. ഇനി നടപ്പാണ്. ലക്ഷ്യം കിഴക്കലാച്ചി. ആകാശം അതിരിട്ടു നില്‍ക്കുന്ന പുല്‍മേടുകള്‍. ചോല വനങ്ങള്‍. സുഖശീതളമായ കാട്. കയറ്റമോ ഇറക്കമോ അറിയിക്കാത്ത പ്രകൃതിയുടെ മുഗ്ദ്ധ സൗന്ദര്യം. കാഴ്ച്ചയുടെ വിസ്മയങ്ങള്‍ അവസാനിക്കുന്നില്ല. കിഴക്കലാച്ചിയുടെ മുകളില്‍ നില്‍ക്കുമ്പോള്‍ അങ്ങകലെ കുളമാവ് ഡാം കാണാം. എത്ര നേരം അവിടെ ഇരുന്നുവെന്നറിഞ്ഞില്ല. ''ഒത്തിരി നടക്കാനുണ്ട് സാ ര്‍'', കുട്ടപ്പായി വിളിച്ചു.

 

Memari

 

ഇനി ഭീമന്‍ ചുവടിലേക്ക്. കിഴക്കലാച്ചിയില്‍ നിന്നും ഇറങ്ങിച്ചെന്നാല്‍ ഭീമന്‍ചുവടായി.  വൈകുന്നേരം ആറു മണിയോടെ ഭീമന്‍ചുവടില്‍. പഞ്ചപാണ്ഡവരുടെ വനവാസ കാലത്ത് ഭീമന്‍, അദ്ദേഹത്തിന്റെ ഒരു ചുവട് ഇവിടെ ഉറപ്പിച്ചതായി കഥ. വിശാലമായ പാറപ്പുറത്ത് അങ്ങനെയൊരടയാളം കാണാം. വിണ്ടും കിഴുക്കാനത്തേക്ക.് ബാബുവിന്റെ കടയില്‍ നിന്നും അത്യാവശ്യം സാധനങ്ങള്‍ വാങ്ങി പുന്നപ്പാറ-മുല്ലഅള്ള് വഴി ഏഴു കിലോമീറ്റര്‍ താണ്ടി മേമാരിയില്‍ എത്തി. ഫോര്‍വീല്‍ ജീപ്പിനു മാത്രം പറ്റിയ വഴി.  ഒടുവില്‍ അതാ..മൂടല്‍ മഞ്ഞിന്റെ പുതപ്പിനു കീഴെ മേമാരി!

 

താമസത്തിനു കോളനിയിലെ ഏകാധ്യാപക, ഏക മുറി സ്‌കൂള്‍ മാത്രം. ഞാനടക്കം അഞ്ചു സഹയാത്രികര്‍ ഒറ്റമുറിയിലണഞ്ഞു. വൈദ്യുതിയെത്താത്ത, 'റേഞ്ചി'ല്ലാത്ത മേമാരി. മെഴുകുതിരി വെട്ടത്തില്‍ കോളനിമൂപ്പന്റെ കഥാകഥനം. പിന്നെ സുഖമായ ഉറക്കം.

 

Memari

 

പുലര്‍ച്ചെ തൊട്ടടുത്തുള്ള അരുവിയില്‍ ഒരു കുളി. പ്രഭാതഭക്ഷണശേഷം അറക്കപാടത്തേക്ക്. ഒറ്റ നോട്ടത്തില്‍ പാടം ആണെന്ന സ്ഥലവിഭ്രാന്തി ഉളവാക്കുന്നതരത്തില്‍ ആകാശം അതിരുകളിട്ട് നോക്കെത്താദൂരത്തോളം പുല്‍മേടുകളും താഴ്‌വാരങ്ങളും. ഇടക്കിടെ ചോലവനങ്ങള്‍. ആനപ്പുല്ലു വകഞ്ഞു മാറ്റി താഴേക്ക്. അവിടേക്കിറങ്ങുമ്പോള്‍ പൊടുന്നനെ ഒരു ജലാശയം. അക്ഷരാര്‍ഥത്തില്‍ ജീവജലം. പക്ഷിമൃഗാദികളുടെ ഊഴം കഴിഞ്ഞ് മനുഷ്യനു ദാഹം തീര്‍ക്കാന്‍ ഈശ്വരന്റെ വരദാനം. പ്രകൃതിയുടെ ലാവണ്യം തൊട്ടനുഭവിക്കാവുന്ന ഭൂമിയിലെ സ്വര്‍ഗ്ഗം. അവിടെ നിന്ന് ആകാശത്തിന്റെ  അതിരുകളിലൂടെ വിമാനത്താവളത്തിലേക്ക്. അറക്കപ്പാടം കഴിഞ്ഞ് നക്ഷത്രകുന്നിലേക്കുള്ള കയറ്റിറക്കങ്ങള്‍ക്കിടക്ക് മനോഹരമായ ഒരു താഴ്‌വാരം. അതിനുനടുവില്‍ പാറപ്പരപ്പ്. ഓരം ചേര്‍ന്ന് തെളിനീരുറവ. ദാഹം തോന്നുന്നില്ല, എങ്കിലും ഈ അമൃത് നുണയാതെ പോകുന്നതെങ്ങിനെ? 

 

ഇടുക്കി പ്രോജക്റ്റ് സര്‍വ്വേ ടീമിന്റെ ഹെലികോപ്റ്റര്‍ ഇറങ്ങിയതിന്റെ സ്മരണാര്‍ഥമാണത്രെ വിമാനത്താവളം എന്ന പേരു വന്നത്. പിന്നെ പുല്‍ മേടുകളും ചോലകളും കയറി മറിഞ്ഞ് നക്ഷത്രക്കുന്നിലേക്ക്.  കയറ്റം കഠിനമെങ്കിലും ചുറ്റുമുള്ള കാഴ്ച്ചകള്‍ അതു തീവ്രമാക്കുന്നില്ല. സുഹൃത്തുക്കള്‍ പലരും മറിഞ്ഞു വീണു.  മറിഞ്ഞു വീണ് ആകാശം കാണുന്നതു കൊണ്ടാണോ, അതോ ഇത്ര പൊക്കത്തിലായ മലയായതു കൊണ്ടാണോ എന്നറിയില്ല,  ഈ പേരു വരാന്‍ കാരണം. എന്തായാലും ചെറുതോണി ഡാമും, കാച്ച്‌മെന്റ് ഏര്യയും, നക്ഷത്രകുന്നിന്റെ സ്വന്തം. 

 

Memari

 

നക്ഷത്രകുന്നിറങ്ങി ചെല്ലുന്നത് ചെമ്പകപ്പാറ. ആനപ്പുറം പോലെ വിസ്തൃതമായ പാറപ്പരപ്പില്‍ പൂത്തുലഞ്ഞ ഒരു ചെമ്പകമരം. ''ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍..'' എന്നു പാടിപ്പോകുന്ന അനുപമമായ കാഴ്ച്ച. ഇതിനെ ചെമ്പകപ്പാറ എന്നു വിളിക്കാതിരിക്കുന്നതിലല്ലേ അത്ഭുതമുള്ളൂ.. ചെമ്പകപ്പാറയിലെ ചെമ്പകത്തിന്റെ ചുവട്ടിലിരുന്ന് മൂപ്പന്റെ മൂപ്പത്തി തന്നു വിട്ട പാഥേയത്തിന്റെ കഥ കഴിച്ചു. വെള്ളത്തിനു പകരം കൂടെ കരുതിയ ലൈറ്റ് കട്ടന്‍ ചായ. നടക്കുമ്പോള്‍ ക്ഷീണം അകറ്റാന്‍ അത്യുത്തമം. നോക്കിയാല്‍ കാണുന്ന ദൂരത്ത് തിനപൊതിയന്‍ മല നില്‍ക്കുമ്പോള്‍ എന്തു ക്ഷീണം?

 

രണ്ടു ദിവസത്തെ മേമാരി യാത്ര കഴിഞ്ഞ് വളകോടിലേക്ക് എത്തുമ്പോള്‍ മുത്തമ്പടിയും, കല്ലാട്ടുപാറ വെള്ളച്ചാട്ടവും വഴിയരികില്‍ മാടി വിളിക്കും. വളകോടിന്റെ സ്വന്തം വടിയും (ഒരു തരം പലഹാരം) ചായയും കഴിച്ച് മേമാരിയോട് ഔപചാരികമായി യാത്ര പറഞ്ഞു.

 

Memari

 

A tiny hamlet within Idukki wildlife sanctury.

 

Location

 

Idukki Dt.

 

How to reach

 

By road:  Reach Kuttikkanam by bus. Buses are penty from Kottayam via Mundakkayam to Kuttikkanam or via Pathanamthitta Ranni, Erumeli, Mundakkayam from Thiruvananthapuram. From Kuttikkanam go to Parappu on Kattappana rout.  From Parappu deviate to left and reach Valakode via Upputhara. Lot of buses operate to Valakode from Kuttikkanam and Kattappana. Kizhukkanam is 8 km from Valakode. Though a bus runs to here, it is better to hire a jeep from Valakode.  For those who have their own vehicle, it is better to take a jeep from here.

 

Contact

 

Forest Section Office, Idukki Wild life Division, Idukki Wild life Sanctuary.

 

Sights Around 

 

Kizhukkanam, Kannampadi, Mulla, Kizhakkalachi, Bheeman Chuvad, Memari Colony, Arakkapadam, Vimanathavalam, Nakshathrakunnu, Chempakappara, Thinapotiyan, Muthampadi.