പന്തൽ പോലെ പടർന്നു നിൽക്കുന്ന കണ്ടൽവനങ്ങളുടെ തണലിലൂടെ  പുഴയുടെ ഭംഗി കൺനിറയെക്കണ്ട്,  തുരുത്തിലെ കുടിലിലിരുന്ന് ഗ്രാമീണവിഭവങ്ങൾ ആസ്വദിച്ച്,  മണൽത്തിട്ടയിൽ ശയിക്കുന്ന സഞ്ചാരി പക്ഷികളുടെ കാഴ്ചകൾ പിന്നിട്ട്   ഒരു തോണിയാത്ര. ഇത് അങ്ങ് വേന്പനാട്ട് കായലിലെയും കുട്ടനാട്ടിലെയുമൊന്നും കാര്യമല്ല.  കടലുണ്ടിയിലെ   പക്ഷി സങ്കേതത്തിലൂടെയാണ്  വളരെ ചുരുങ്ങിയ ചെലവിൽ അതിശയിപ്പിക്കുന്ന   രണ്ടരമണിക്കൂർ നീണ്ട തോണിയാത്ര. പഞ്ചായത്തിന്റെ സാന്പത്തിക  സഹായത്തോടെ പ്രവർത്തിക്കുന്ന  മണൽത്തൊഴിലാളികളുടെ സ്വാശ്രയ സംഘമാണ് ഈ പദ്ധതിക്കു പിന്നിൽ.    
 കടലുണ്ടി കമ്യൂണിറ്റി റിസർവിൽ നിന്നാരംഭിക്കുന്ന യാത്ര അറബിക്കടലിന്റെ അഴിമുഖത്തെത്തി തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടരമണിക്കൂർ നീളുന്ന യാത്രയിൽ നാല് തുരുത്തുകൾ പിന്നിടും.  
നിരവധി വിഭാഗത്തിൽപ്പെട്ട കണ്ടലുകളെ പരിചയപ്പെടാം. അപൂർവ കണ്ടൽ സന്പത്തുകളുടെയും ദേശാടനപ്പക്ഷികളുടെയും കേന്ദ്രമായതിനാൽ പ്രകൃതിക്ക്  കോട്ടംതട്ടാത്ത രീതിയിലാണ് പദ്ധതി തയ്യാറാക്കിയത്. 

പുഴയിൽനിന്ന് മണലെടുപ്പിന് നിരോധനം വന്നതോടെ പുതിയ തൊഴിൽ  സാധ്യതയാരായുന്ന നേരത്താണ് മാൻഗ്രൂവ്സ് ഗ്രൂപ്പ് എന്ന സ്വാശ്രയ സംഘത്തിന്റെ    പരിസ്ഥിതി സൗഹൃദ തോണിയാത്രാ പദ്ധതിക്ക്  പഞ്ചായത്ത് പച്ചക്കൊടി കാട്ടിയത്. സ്ത്രീകളടക്കമുള്ള പത്തംഗ സംഘമാണ്  നടത്തിപ്പുകാർ. പഞ്ചായത്ത് നാല് ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്.  തോണി വാങ്ങുന്നതിന്    രണ്ട് ലക്ഷം രൂപ ബാങ്ക് വായ്പ സംഘടിപ്പിച്ചു. രണ്ട് ലക്ഷം രൂപ പഞ്ചായത്തിന്റെ  സബ്സിഡിയും നൽകി. പത്തുപേർക്ക് 1500 രൂപയാണ് ഇവർ ഈടാക്കുന്നത്. യാത്രയിൽ ഊണിനൊപ്പം കടലുണ്ടിപ്പുഴയിലെ കരിമീൻ പൊരിച്ചത്, ഞണ്ട് ഫ്രൈ, മുരു ഇറച്ചി ഫ്രൈ, ചെമ്മീൻ ഫ്രൈ, കപ്പ, പത്തിരി, ചപ്പാത്തി എന്നിവയാണ് ഭക്ഷണം. ഇതിന് വേറെ തുക നൽകണം. പരിസ്ഥിതിക്ക് യാതൊരുവിധ കോട്ടവും തട്ടാതെയുള്ള  തോണി യാത്രയാണ്  പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നതെന്ന്  കടലുണ്ടി പഞ്ചായത്ത് മുൻ പ്രസിഡന്റും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അംഗവുമായ ഒ. ഭക്തതവത്സലൻ പറഞ്ഞു.  ഇവിടെ യന്ത്രവത്കൃത വള്ളങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  


വിനോദസഞ്ചാരികളെ ആകർഷിച്ച് സ്വകാര്യസംരംഭകരും
സ്വകാര്യ  ചെറുകിട ടൂറിസം സംരംഭകരും കണ്ടൽ ടൂറിസം മേഖലയിൽ സജീവമാണ്.   ഐലൻഡ് ടൂറിസം കടലുണ്ടി, കടലുണ്ടി റിവർ ടൂറിസം, ഗ്രീൻ ഐലൻഡ്, കടവ് ഹട്ട് റിവർ ടൂറിസം, കടലുണ്ടി ടൂറിസം തുടങ്ങിയവരും തോണിയാത്ര സംഘടിപ്പിക്കുന്നുണ്ട്.  12 പേരടങ്ങുന്ന സംഘത്തിന്‌ ഭക്ഷണവും തോണിയാത്രയുമുൾപ്പെടെ 9,000 രൂപയാണ് ഈടാക്കുന്നത്. ആവശ്യത്തിനനുസരിച്ച്‌ മറ്റു ഭക്ഷ്യവിഭവങ്ങളും ഒരുക്കി നൽകുന്നു. 

ഈ നന്പരുകളിൽ ബന്ധപ്പെടാം
 
കടലുണ്ടി മാൻഗ്രൂവ്സ് 
ഗ്രൂപ്പ് -8606161478 
ഐലൻഡ് ടൂറിസം 
കടലുണ്ടി -9544981228
കടലുണ്ടി റിവർ ടൂറിസം    -9947442493
ഗ്രീൻ ഐലൻഡ് റിവർ ടൂറിസം- 9539338338
കടവ് ഹട്ട് റിവർ ടൂറിസം -9744805550