ര്‍ത്താവിന്റെ വിവാഹ വാര്‍ഷിക സമ്മാനമായാണ് മുമ്പൊരിക്കലും കൈകൊണ്ട് തൊടാതിരുന്ന ക്യാമറ ആദ്യമായി കോട്ടയം നാട്ടകം സ്വദേശിനി ഡോ. അപര്‍ണ പുരുഷോത്തമന്റെ ജീവിതത്തിലേക്ക് വരുന്നത്. ആ കൊച്ചു ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളാണ് അപര്‍ണയിലെ വന്യജീവി ഫോട്ടോഗ്രാഫറെ തേച്ചുമിനുക്കിയെടുത്തത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി വന്യജീവി ഫോട്ടോഗ്രഫിയിലെ വനിതാസാന്നിധ്യമായി അപര്‍ണയുണ്ട്. അപൂര്‍വമായ പല ചിത്രങ്ങളും ആ ക്യാമറയില്‍ പതിഞ്ഞു. വന്ന വഴിയേക്കുറിച്ചും ക്യാമറയിലും മനസിലും പതിഞ്ഞ മനോഹരങ്ങളായ ചിത്രങ്ങളേക്കുറിച്ചും അപര്‍ണ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു. 

വിവാഹ വാര്‍ഷിക സമ്മാനമായി കിട്ടിയ ക്യാമറയില്‍ തുടക്കം

വിവാഹത്തിന് ശേഷമാണ് വന്യജീവി ഫോട്ടോഗ്രഫിയിലേക്ക് തിരിയുന്നത്. വിവാഹ വാര്‍ഷിക സമ്മാനമായി ഭര്‍ത്താവ് ഡി. അശോക് സോണിയുടെ സൈബര്‍ഷോട്ട് ക്യാമറ സമ്മാനമായി തന്നിരുന്നു. ഷോളയാറില്‍ കാടിനു നടുവിലെ കെ.എസ്.ഇ.ബിയുടെ പവര്‍ ഹൗസില്‍ അസിസ്റ്റന്റ് എഞ്ചിനീയറായിട്ടാണ് അദ്ദേഹം അന്ന് ജോലി ചെയ്തിരുന്നത്. ഈ സമയത്ത് ഞാന്‍ എം.ജി. സര്‍വകലാശാലയില്‍ പി.എച്ച്.ഡി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് വല്ലപ്പോഴുമേ കാണാന്‍ പറ്റിയിട്ടുണ്ടായിരുന്നുള്ളൂ. അവധി കിട്ടുമ്പോള്‍ ഞാന്‍ അങ്ങോട്ടുപോകും. സമ്മാനമായി കിട്ടിയ ചെറിയ ക്യാമറയില്‍ ചിത്രമെടുത്തുതുടങ്ങി. ഫോട്ടോകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ നല്ല അഭിപ്രായവും കുറച്ചുകൂടി പ്രൊഫഷണല്‍ ആയ ക്യാമറ ഉപയോഗിക്കാനുള്ള ഉപദേശവും ലഭിച്ചു. അങ്ങനെ കാനന്റെ 550 ഡിയും ഒരു ടെലി ലെന്‍സും വാങ്ങി ചിത്രമെടുക്കാന്‍ തുടങ്ങി. ഇപ്പോള്‍ നിക്കോണ്‍ ഡി 850യും 200-500 ലെന്‍സുമാണ് ഉപയോഗിക്കുന്നത്.

Dr Aparna Purushothaman 1

വഴിത്തിരിവായ 'മരനായു'ടെ ചിത്രം

ഈ ക്യാമറയെടുത്തതിന് ശേഷം ഞാനും ഭര്‍ത്താവും ചേര്‍ന്ന് ഷോളയാര്‍ മുതല്‍ ആളിയാര്‍, വാല്‍പ്പാറ റൂട്ടില്‍ ഒരു ബൈക്ക് യാത്ര നടത്തി. ആ യാത്രയില്‍ ഒരുപാട് വന്യജീവികളുടെ ചിത്രങ്ങള്‍ ലഭിച്ചു. അതുകൂടാതെ 2012 സെപ്റ്റംബറില്‍ ഷോളയാര്‍ പവര്‍ഹൗസിന്റെ അടുത്തുനിന്നും അത്യപൂര്‍വമായ, വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മരനായ എന്ന സസ്തനിയുടെ ചിത്രം കിട്ടി. ഷോളയാറില്‍ ഈ ജീവി ഉണ്ടെന്ന് ഉറപ്പിക്കുന്ന ആദ്യചിത്രമായിരുന്നു അത്. പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവരുന്ന ഒരു തദ്ദേശീയ ജീവിയായിരുന്നു അത്. ഒരു വഴിത്തിരിവ് തന്നെയായിരുന്നു അത്. അതിന് ശേഷമാണ് വന്യജീവി ഫോട്ടോഗ്രഫിയെ സീരിയസായി കാണാന്‍ തുടങ്ങിയത്. നിലവില്‍ തെക്കേ ഇന്ത്യയിലെ എല്ലാ കാടുകളും പോയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം മേയില്‍ രാജസ്ഥാനിലെ രണ്‍തംഭോര്‍ നാഷണല്‍ പാര്‍ക്കില്‍ പോയിരുന്നു.

കുമ്പയുടേയും നൂറിന്റേയും 'ഫെയ്ക്ക് മേറ്റിങ്'

രാജസ്ഥാനിലെ കടുവകളുടെ ചിത്രമെടുക്കാന്‍ പോയത് വലിയൊരനുഭവമായിരുന്നു. ഒരാഴ്ചത്തെ ട്രിപ്പായിരുന്നു. 400 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കടുവ സംരക്ഷണ മേഖലയാണ് രണ്‍തംഭോര്‍. ഏകദേശം 70 കടുവകളുണ്ടവിടെ. കേരളത്തിലെ കാടുകളെ അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ ധാരാളം കടുവകളുള്ളതിനാല്‍ എന്തായാലും അവയെ കാണാനാകുമെന്ന് ഉറപ്പായിരുന്നു. അവിടെ ചെന്ന് ആദ്യദിവസം തന്നെ രണ്ട് കടുവകള്‍ ഇണചേരുന്ന അപൂര്‍വമായ ഒരു കാഴ്ച കാണാനായി. കുമ്പ എന്ന ആണ്‍കടുവയും നൂര്‍ എന്ന പെണ്‍കടുവയുമായിരുന്നു അത്. ഞങ്ങളുടെ യാത്രയുടെ അവസാനദിവസം ഈ രണ്ട് കടുവകളും തമ്മില്‍ പിരിയുന്നതും കാണാനായി. ആണ്‍കടുവയെ വിട്ട് പെണ്‍കടുവ മറ്റൊരിടത്തേക്ക് പോവുകയായിരുന്നു. പെണ്‍കടുവയെ ആണ്‍കടുവ യാത്രയാക്കുന്ന ദൃശ്യം വളരെ മനോഹരമായിരുന്നു. കാടിന് നടുവിലെ ഒരു മരത്തിന് ചുവട്ടില്‍ ജിപ്‌സി നിര്‍ത്തിയിട്ടിരുന്നു. ഏതാണ്ട് അഞ്ച് മീറ്റര്‍ മാത്രമേ ഞങ്ങളും കടുവകളും തമ്മില്‍ ദൂരവ്യത്യാസമുണ്ടായിരുന്നുള്ളൂ. കടുവകളുടെ ഗന്ധവും അനുഭവിച്ച് വാഹനത്തില്‍ കിടന്നായിരുന്നു ആ ചിത്രങ്ങളെടുത്തത്.

കടുവകളുടെ സ്വഭാവമനുസരിച്ച് ഒരു പ്രത്യേകദൂരത്തില്‍ അവ തങ്ങളുടെ അധികാരം അടയാളപ്പെടുത്തിയിരിക്കും. ആ ഭാഗത്ത് മറ്റുകടുവകളെ അങ്ങനെയൊന്നും പ്രവേശിപ്പിക്കില്ല. നൂര്‍ നേരത്തെ ഉണ്ടായിരുന്ന ഒരു മേഖലയില്‍ നിന്നും പുറത്താക്കപ്പെട്ട് ഇവിടേക്ക് വന്നതായിരുന്നു. ഇണ ചേരുന്ന സമയത്ത് അവിടെയുണ്ടായിരുന്ന മറ്റ് ജീപ്പ് ഡ്രൈവര്‍മാര്‍ പറയുന്നുണ്ടായിരുന്നു അത് ഫെയ്ക്ക് മേറ്റിങ് ആയിരുന്നെന്ന്. നേരത്തെ പറഞ്ഞ കുമ്പ അത്ര ആരോഗ്യവാനൊന്നും ആയിരുന്നില്ല. അതുകൊണ്ട് തന്നെ പെണ്‍കടുവയെ കണ്ടുകൊണ്ടുള്ള സന്തോഷത്താലുള്ള ഒരു കേളി മാത്രമായിരുന്നു അത്.

Dr Aparna Purushothaman 2

കാത്തിരുന്ന് കിട്ടിയ മലമുഴക്കി വേഴാമ്പല്‍

Vezhambalമൃഗങ്ങളേക്കാള്‍ പക്ഷികളെയാണ് എനിക്ക് താത്പര്യം. എല്ലാവരേയും പോലെ മലമുഴക്കി വേഴാമ്പലിന്റെ ചിത്രം പകര്‍ത്തണമെന്ന് വലിയ ആഗ്രഹമായിരുന്നു. ഒരിക്കല്‍ ഷോളയാറില്‍ വെച്ച് ഒരു വേഴാമ്പല്‍ കുടുംബത്തെ അടുത്തുകിട്ടിയെങ്കിലും ക്യാമറയെടുത്തപ്പോഴേക്കും അവയെല്ലാം പറന്നുപോയി. പല യാത്രകളിലും മലമുഴക്കിയുടെ നല്ലൊരു ചിത്രമെടുക്കാന്‍ പറ്റാതെ നിരാശയിലായി. അങ്ങനെ കാത്തിരുന്ന് വാല്‍പ്പാറയിലെ കാപ്പിത്തോട്ടത്തില്‍ വെച്ച് ആ ചിത്രം കിട്ടി. കൂടൊരുക്കുന്ന സമയമായിരുന്നു അത്. നാല്പതടി ഉയരത്തിലാവും കൂടൊരുക്കുക. എല്ലാ വര്‍ഷവും ഒരേ മരം തന്നെ. പെണ്‍പക്ഷി മുട്ടയിട്ട് അടയിരിക്കുമ്പോള്‍ ആണ്‍പക്ഷി കൂടിന്റെ മുന്‍ഭാഗം അരക്കുകൊണ്ടും കാഷ്ഠം കൊണ്ടും അടയ്ക്കുന്ന തീരക്കിലാവും. തുടര്‍ന്ന് ആണ്‍പക്ഷി ഭക്ഷണം തേടിപ്പോകും. ഒരുപാട് ഭക്ഷണത്തിനായി പോകുമെന്നതിനാല്‍ പെട്ടന്നൊന്നും ആണ്‍പക്ഷി തിരിച്ചെത്തില്ല. അങ്ങനെ മണിക്കൂറുകളോളം ഒളിച്ച് കാത്തിരുന്നാണ് ആ ചിത്രമെടുത്തത്.

ബാക്കി നില്‍ക്കുന്ന സ്വപ്‌ന ചിത്രം

പക്ഷികളേക്കുറിച്ച് പഠിക്കുകയും വിവരങ്ങള്‍ കുറിച്ചുവെയ്ക്കുകയുമൊക്കെ ചെയ്യാറുണ്ട്. അതുകൊണ്ട് വ്യത്യസ്തരായ പക്ഷികള്‍ ഏറെയുള്ള പാപ്പുവ ന്യൂ ഗിനിയയിലെ പറുദീസ പക്ഷിയുടെ ചിത്രമെടുക്കണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. ഇണയെ ആകര്‍ഷിക്കാന്‍ നൃത്തം ചെയ്യുന്ന പക്ഷികളാണവ. എന്നെങ്കിലുമൊരിക്കല്‍ അത് സാധിക്കുമെന്നാണ് കരുതുന്നത്.

എങ്ങനെയാവണം കാട്ടിലെ മര്യാദ?

കാട്ടില്‍ ചെന്ന് ഒരു കാരണവശാലും നേരിട്ട് ഫോട്ടോയെടുക്കാന്‍ ശ്രമിക്കരുത്. നിരീക്ഷണത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. കാട്ടില്‍ ചെന്നുകഴിഞ്ഞാല്‍ ചുറ്റുപാടും നിരീക്ഷിക്കുക. ഏത് ഭാഗത്താണ് മൃഗങ്ങളുടേയും പക്ഷികളുടേയും അനക്കം അനുഭവപ്പെടുന്നതെന്ന് ശ്രദ്ധിക്കുക. നമ്മള്‍ നോക്കുന്നുണ്ടെന്ന് അവര്‍ക്ക് തോന്നരുത്. അവരെ ബുദ്ധിമുട്ടിക്കരുത്. കാട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ തിടുക്കം കാണിക്കാതിരിക്കുക. പിന്നെ ഒരുപാട് ഗ്രൂപ്പുകളായി കാട്ടില്‍ പോവാതിരിക്കുക. കാടിന് അതിന്റേതായ മണമുണ്ട്. അതുകൊണ്ട് കാട്ടില്‍ പോകുമ്പോള്‍ സുഗന്ധദ്രവ്യങ്ങള്‍ പൂശുകയോ പലനിറങ്ങളുള്ള വസ്ത്രം ധരിക്കുകയോ ചെയ്യരുത്.

DR Aprana Purushothaman 3

കാടും യാത്രയും പഠിപ്പിച്ചത്

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ ഒരിക്കലും പണത്തിന് വേണ്ടിയല്ല ചിത്രങ്ങളെടുക്കുന്നത്. ഇഷ്ടംകൊണ്ട് മാത്രമാണ് ആളുകള്‍ വന്യജീവി ഫോട്ടോഗ്രഫിയിലേക്ക് വരുന്നത്. ഒരുപാട് കാര്യങ്ങള്‍ യാത്രകള്‍ നമ്മെ പഠിപ്പിക്കും. ചിലപ്പോള്‍ മുമ്പ് എടുത്തിട്ടുള്ള ജീവിയുടെ ചിത്രങ്ങള്‍ തന്നെയായിരിക്കും വീണ്ടും കിട്ടുക. പക്ഷേ ഓരോ തവണ പോവുമ്പോഴും ആ മൃഗത്തിന്റെയോ പക്ഷിയുടേയോ ഏതെങ്കിലും പ്രത്യേക സ്വഭാവമായിരിക്കും കിട്ടുക. പക്ഷേ അത് നമ്മളെ ഒരുപാട് സ്വാധീനിക്കും. പ്രകൃതിസ്‌നേഹിയല്ലാത്ത ഒരാള്‍ക്ക് വന്യജീവി ഫോട്ടോഗ്രാഫര്‍ ആകാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഇനി അങ്ങനെയല്ലാത്ത ഒരാളാണെഹ്കില്‍ ക്രമേണ അയാള്‍ പ്രകൃതിസ്‌നേഹിയായി മാറുകയും ചെയ്യും. പ്രകൃതിയോടുള്ള സ്‌നേഹം, ആത്മാര്‍ത്ഥത എന്നിവ ഓരോ യാത്രകളിലും നമുക്ക് കിട്ടും. അത് നമ്മുടെ ദൈനംദിന ജീവിതത്തില്‍ പ്രതിഫലിപ്പിക്കാനും പറ്റും. കൂടാതെ സഹജീവി സ്‌നേഹവും വളര്‍ത്താനാവും.

പിന്തുണ കുടുംബത്തില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും

ഭര്‍ത്താവിനോടൊപ്പമാണ് ഏറ്റവും കൂടുതല്‍ യാത്ര പോയിട്ടുള്ളത്. ഫോട്ടോഗ്രഫി അറിയില്ലെങ്കിലും യാത്രകള്‍ ചെയ്യാനിഷ്ടമാണ്. കൂടാതെ നല്ല നിരീക്ഷണപാടവമുള്ളയാള്‍ കൂടിയാണ്. വീട്ടിലെ മറ്റുള്ളവര്‍ക്ക് ഞാന്‍ കാട്ടില്‍ പോകുന്നതിനേക്കുറിച്ച് ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോളെല്ലാം മാറി നല്ല പിന്തുണയാണ് നല്‍കുന്നത്. ഞാന്‍ ഇപ്പോള്‍ കോട്ടയം പാമ്പാടി ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപികയാണ്. സഹപ്രവര്‍ത്തകരില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്.

Content Highlights: Dr Aparna Purushothaman, Wildlife Photography, Women Travel, Mathrubhumi Yathra