ഞാന്‍ ഒന്നുകൂടി സൂക്ഷിച്ച് നോക്കി. അത് അയാള്‍ തന്നെ, കൂടെയുള്ളത് ആ ചാവാലി കഴുതയും. ഞാന്‍ രാവിലെ ആരോഗ്യം പോരാ, ലക്ഷണം പോരാ എന്നൊക്കെ പറഞ്ഞ് ഓടിച്ചുവിട്ടതാണ്. എന്നിട്ടിപ്പോള്‍ എന്റെ ലക്ഷണമൊത്ത കുതിരയെയും കടന്ന് ഒരു തടിച്ച സ്ത്രീയെയും വഹിച്ചുകൊണ്ട് ആ ചാവാലി കഴുത ചാടിച്ചാടി മല കയറുന്നു. എന്റെ കുതിരയെ ഓവര്‍ടേക്ക് ചെയ്യുംനേരം രാവിലെ വഴക്കുപറഞ്ഞ് ഓടിച്ച ആ മനുഷ്യന്‍ എന്നോട് ചോദിച്ചു:

''എന്താ സാറേ സുഖമല്ലേ?'

എന്നിട്ട് എന്റെ കുതിരക്കാരനായ ധര്‍മേന്ദറിനോട് പഹാടി ഭാഷയില്‍ എന്തോ പറഞ്ഞ് രണ്ടുപേരും കൂടി പൊട്ടിച്ചിരിച്ചു. ശരിക്കു പറഞ്ഞാല്‍ ഞാന്‍ ചമ്മിപ്പോയി. കുറേനേരം മിണ്ടാതിരുന്നു. എന്നിട്ട് ഈ കോവര്‍ കഴുതയുടെ ആരോഗ്യത്തിന്റെ രഹസ്യം എന്താണെന്ന് ധര്‍മേന്ദ റിനോട് ചോദിച്ചു. 

ധര്‍മേന്ദര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

'സാര്‍, കുന്നും മലയും കയറാന്‍ കുതിരയെക്കാള്‍ മിടുക്കര്‍ കോവര്‍ കഴുതകളാണ്.'

ശരിയായിരിക്കാം, മാനസരോവര്‍ യാത്രയിലും മല കയറാന്‍ ഉപയോഗിക്കുന്നത് കോവര്‍ കഴുതകളെയാണെന്ന് വായിച്ചിട്ടുണ്ട്. എന്തൊക്കെയാണെങ്കിലും പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടില്ലല്ലോ. ജാനകിഛട്ടിയില്‍ നിന്നും യമുനോ ത്രിയിലേക്കുള്ള ആറ് കിലോമീറ്റര്‍ നടപ്പാതയില്‍ ഏകദേശം നാല് കിലോമീറ്റര്‍ പിന്നിട്ടു. മലകയറ്റം കഠിനമായിത്തുടങ്ങി. നടക്കാന്‍ കഴിയാത്തവരെയും കുതിരപ്പുറത്ത് ഇരിക്കാന്‍ പറ്റാത്തവരെയും മഞ്ചലില്‍ ചുമന്ന് കൊണ്ടുപോകുന്നു. ഇങ്ങനെയുള്ള മഞ്ചലുകാരെ ഇടയ്ക്കിടെ കാണാം. 4000 രൂപയാണ് പോകാനും വരാനുമായി ഇവര്‍ ഈടാക്കുന്നത്. ഏഴു മണിയ്ക്ക് തു ടങ്ങിയ യാത്ര ഏകദേശം ഒമ്പത് മണിയോടുകൂടി യമുനോത്രിയിലെത്തി. കുതിരത്താവളം എത്തിയതും ആരും പറയാതെതന്നെ കുതിര നിന്നു. ഇനി ഏകദേശം 300 മീറ്റര്‍ നടക്കണം. പത്തിരുപതു പടവുകള്‍ ഇറങ്ങി താഴെ എത്തിയാല്‍ കുറെ കച്ചവടശാലകള്‍ക്കിടയിലൂടെ മുന്നോട്ട് പോവണം. കടകളില്‍ പൂജാ സാധനങ്ങളും ഭക്ഷണസാധനങ്ങളുമാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. ഒട്ടുമിക്ക കടകളിലും ചുമന്ന തുണിയില്‍ അരി കിഴികെട്ടി വെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അത് എന്തിനാണെന്ന് ചോദിച്ച് മനസ്സിലാക്കുകയും അതിലൊന്ന് വാങ്ങി കൈയില്‍ വെക്കുകയും ചെയ്തു.

Yamunotri 2

അല്പം ദൂരെ യമുനോത്രി. അതിനുമീതെ അങ്ങകലെ വെള്ളിത്തിളക്കമാര്‍ന്ന ഹിമവല്‍ സാനുക്കള്‍. പുണ്യനദിയായ യമുനയുടെ ഉദ്ഭവസ്ഥലമാണ് യമുനോത്രി. ഭൂമിശാസ്ത്രപരമായി 4421 മീറ്റര്‍ ഉയരത്തിലുള്ള ചമ്പാസര്‍ ഹിമപ്പരപ്പില്‍ നിന്നാണ് യമുന ശരിക്കും ഉദ്ഭവിക്കുന്നത്. അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ ഒരു കിലോമീറ്റര്‍ ഇപ്പുറമുള്ള യമുനോത്രിയെയാണ് നദിയുടെ പ്രഭവകേന്ദ്രമായി വിശ്വാസികള്‍ കരുതുന്നത്. സാഹസികപ്രിയരായ ചിലര്‍ ചമ്പാസര്‍വരെ നടന്നുകയറാറുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 3293 മീറ്റര്‍ ഉയരത്തില്‍ ബന്ദര്‍പൂഞ്ച് പര്‍വതത്തിലാണ് യമുനോത്രിയുടെ സ്ഥാനം. നദീദേവതയായ യമുനോത്രിയുടെ അമ്പലമാണ് ഇവിടത്തെ ഏറ്റവും വലിയ സവിശേഷത.

മഞ്ഞ് പുതച്ച ഹിമാലയത്തിന്റെ മടിത്തട്ടില്‍ തിളച്ച വെള്ളമൊഴുകുന്ന നീരുറവകള്‍ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. ഇതിലെ ആവി പറക്കുന്ന ജലത്തിന്റെ ഊഷ്മാവ് 88 ഡിഗ്രി സെന്റിഗ്രേഡാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സള്‍ഫറിന്റെ സാന്നിധ്യമാണ് ഉറവകള്‍ക്ക് ചൂടുപകരുന്നതെന്ന് പറയുന്നു. യമുനോത്രിയില്‍ ദര്‍ശനത്തിനെത്തുന്നവര്‍ തപ്തകുണ്ഡില്‍ സ്‌നാനം ചെയ്താണ് ക്ഷേത്രത്തില്‍ പ്രവേശിക്കുക. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അതിനായി വെവ്വേറെ സൗകര്യങ്ങളുണ്ട്. ചുടുനീരുറവകളെ തണുത്ത വെള്ളവുമായി കലര്‍ത്തി മറ്റൊരു കുളത്തില്‍ ശേഖരിച്ചാണ് ആളുകള്‍ക്ക് കുളിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു സമീപം മറ്റൊരു കുളവുമുണ്ട്. പ്രകൃതിക്ക് കാര്യമായ ക്ഷതമേല്‍പ്പിക്കാത്ത വിധത്തില്‍ നിര്‍മിച്ചിട്ടുള്ള ചെറിയ ക്ഷേത്രമാണ് യമുനോത്രിയിലേത്.

ഹിമാലയ നിരയിലെ ഗര്‍വാള്‍ വനമേഖലയില്‍ പടിഞ്ഞാറ് ഭാഗത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നദീദേവതയായ യമുനയുടെയും സഹോദരനായ യമദേവന്റെയും പ്രതിമകള്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളില്‍ ക്യാമറ പ്രവേശിപ്പിക്കാന്‍ അനുമതിയില്ല. 

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജയ്പുര്‍ മഹാറാണിയായ ഗുലേരിയ ആണ് ആദ്യം ഇവിടെ ക്ഷേത്രം പണിതത്. പ്രകൃതിക്ഷോഭത്തില്‍ ആ ക്ഷേത്രം തകര്‍ന്നു. പിന്നീട് തെഹ്രി ഗര്‍വാളിലെ മഹാരാജാ പ്രതാപ് സിങ്ങാണ് ഇപ്പോള്‍ കാണുന്ന ക്ഷേത്രം പണിതതെന്ന് കരുതപ്പെടുന്നു. തുണിയില്‍ അരിപൊതിഞ്ഞ് പ്രകൃതിദത്തമായ ചുടുനീരുറവയിലെ തിളയ്ക്കുന്ന വെള്ളത്തില്‍ മുക്കിവെക്കുന്നു. അല്പസമയത്തിന് ശേഷം പുറത്തെടുക്കുന്ന അരി നന്നായി വെന്തിരിക്കും. ഈ ചോറാണ് ഇവിടെ പ്രസാദമായി കൊടുക്കുന്നത്. ദേവിക്ക് നിവേദി ക്കാനുള്ള അരിയും കിഴങ്ങും ഈ വെള്ളത്തിലാണ് വേവിച്ചെടുക്കു ന്നത്. ഞാന്‍ വാങ്ങി കൈയില്‍ വെച്ച അരിയും അവിടെ കൊടുത്ത് വേവിച്ചെടുത്തു. പത്തോ ഇരുപതോ രൂപ ദക്ഷിണയായി കൊടുക്കണം. അനുഗ്രഹം തേടിയെത്തുന്നവര്‍ക്കായി പുരോഹിതര്‍ വിവിധ പൂജാദികര്‍മങ്ങളൊരുക്കി തീര്‍ഥവും പ്രസാദവും നല്‍കുന്നു.

Yamunotri 3
യാത്രികരെ മഞ്ചലില്‍ കൊണ്ടുപോകുന്നു | ഫോട്ടോ: റോബി ദാസ് \ മാതൃഭൂമി

വൈശാഖ മാസത്തിലെ അക്ഷയ തൃതീയ നാളില്‍ ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കും. ദീപാവലിയുടെ അടുത്ത രണ്ട് നാളുകള്‍ക്കുശേഷം യമുനോത്രിയില്‍ നട അടയ്ക്കുകയും ചെയ്യും. ക്ഷത്ര പരിസരത്തുനിന്നാല്‍ വനഭൂമിയില്‍ ഉദ്ഭവിച്ച് താഴോട്ടൊഴുകുന്ന യമുനയുടെ ബാല്യം കാണാം. പാറക്കല്ലുകള്‍ക്കിടയിലൂടെ പുണ്യനദി താഴേക്ക് ഒഴുകുന്നു. നദിയുടെ നേര്‍ത്ത നീരൊഴുക്കിന്റെ കുളിര്‍മയില്‍ ദേഹശുദ്ധി വരുത്തുന്നവരേയും ഇവിടെ കാണാം. കൈക്കുമ്പിളില്‍ കോരിക്കുടിക്കാന്‍ തോന്നുംവിധം തെളിമയാര്‍ന്നതും തണുപ്പുള്ളതും ഉന്മേഷദായകവുമാണ് ഇവിടെ യമുന. മനുഷ്യന്റെ ആക്രമണത്താല്‍ മലിനയാകാത്ത നദി. ഹരിതാഭമായ ഈ കാടുകളുടെ പരിശുദ്ധിയില്‍ നിന്നുമാണ് യമുന ഉദ്ഭവിച്ച് താഴോട്ടൊഴുകുന്നത്. യമുനോത്രിയില്‍നിന്ന് കാണുന്ന മഞ്ഞില്‍ പൊതിഞ്ഞ ഹിമാലയ സാനുക്കളുടെ ദൃശ്യത്തിന് വേറിട്ടൊരു ഭംഗിയുണ്ട്. പച്ചപ്പുനിറഞ്ഞ വനത്തിനിടയിലൂടെ മഞ്ഞുപാളികള്‍ താഴോട്ട് ഒഴുകിയിറങ്ങുന്നു.

ഇനി, യമുനോത്രിയില്‍നിന്ന് മടക്കം. പ്രകൃതിഭംഗി ആവോളം ആസ്വദിച്ച് മലയിറങ്ങാം. യാത്രയ്ക്കിടയില്‍ യമുനയിലേക്ക് പതിക്കുന്ന ഗരുഡ് ഗംഗ എന്ന വെള്ളച്ചാട്ടവും കാണാം. ഏപ്രില്‍ മുതല്‍ ജൂലായ് വരെയാണ് യമുനോത്രിയിലെ വേനല്‍ക്കാലം. മെയ് മുതല്‍ ജൂണ്‍ വരെയും സെപ്റ്റംബര്‍ തൊട്ട് നവംബര്‍ വരെയുമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ബൈക്കിലും കുതിരപ്പുറത്തുമായി ചതുര്‍ധാമങ്ങളില്‍ ഒന്നാമത്തേത് കണ്ടുകഴിഞ്ഞു. ഇനി ഗംഗോത്രിയിലേക്ക്.

Yamunotri Temple is situated in the western region of Garhwal Himalayas at an altitude of 3,291 meters in Uttarkashi district, Uttarakhand. The temple is dedicated to Goddess Yamuna.
 
Road : Yamunotri is directly not connected with motorable roads and the trek commences from Hanuman Chatti. Hanuman Chatti is well connected by motorable roads with major destinations of Uttarakhand state. Buses to Rishikesh are available from ISBT Kashmiri Gate. Buses and Taxis to Hanuman Chatti are easily available from major destinations of Uttarakhand state like Rishikesh, Dehradun, Tehri, Uttarkashi, Barkot etc. 

Rail: Dehradun(175kms), Rishikesh (200kms). Rishikesh and Dehradun are well connected by railway networks with major destinations of India. Trains to Rishikesh are frequent. Hanuman Chatti is well connected by motorable roads with Rishikesh and Dehradun. Taxis and buses are available from Rishikesh, Tehri Garhwal, Uttarkashi and Barkot and many other destinations to Hanuman Chatti. 

Air: Jolly Grant Airport ( 210kms). Jolly Grant Airport is well connected to Delhi with daily flights. Hanuman Chatti is directly not connected by motorable roads with Jolly Grant Airport. Taxis are available from Jolly Grant Airport to Hanuman Chatti.
 
 

Yathra Cover
യാത്ര വാങ്ങാം

Season: May to June and September to November.

Weather: Summer 6 to 20°C Winter 7 to 5°C 

Stay: Due to less accommodation options in Yamunotri,travellers prefer to stay at Jankichatti.

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Yamunotri, Yamunotri Explorations, Roby Das, Travel on Wheels, Incredible India