കൊൽക്കത്തയിൽ ഓരോ മനുഷ്യനും ഒരു കഥയാണ്; കേൾക്കാൻ ചെവികൊടുക്കണം എന്നുമാത്രമേയുള്ളൂ. ഹുഗ്ലിനദിയിലൂടെ മഹാനഗരത്തെ കണ്ടുകൊണ്ട് കാലങ്ങളായി തുഴയുന്ന തോണിക്കാരനാണ് ഗൗതംദാസ്. നാൽപ്പതു നാഴിക അകലെയുള്ള ഗ്രാമത്തിലാണ് ജനിച്ചതെങ്കിലും ഗൗതംദാസിന് തോണിയാണ് വീട്. ഒഴുകുന്ന നദിയും ഇളകുന്നതോണിയുമാണ് അയാളുടെ ഇടം

യാത്രക്കാർ കയറിക്കഴിഞ്ഞപ്പോൾ കരയിൽ നിന്നുമുള്ള കെട്ടുപാടുകൾ വിടുവിച്ച് തോണിക്കാരൻ തോണിയെ നദിയുടെ ഒഴുക്കിലേക്കു സ്വതന്ത്രമാക്കി. അണിയത്ത് അനുമതി കാത്തുനിൽക്കുന്ന തുഴക്കാരന്റെ നേർക്കുതിരിഞ്ഞ്, രണ്ടുകൈകളും ഉയർത്തി അയാൾ യാത്രയുടെ ദിശ കാണിച്ചുകൊടുത്തു. ഒരു വലിയ ഓർക്കസ്ട്രയെ നിയന്ത്രിക്കുന്ന സംഗീതപ്രമാണിയുടെ ഭാവമുണ്ടായിരുന്നു തോണിക്കാരന്റെ മുഖത്തപ്പോൾ. തുഴക്കാരൻ കോലുയർത്തി സാവധാനം ജലത്തിൽ ഊന്നി. തോണി ചലിക്കാൻ തുടങ്ങി.

''ഗൗതംദാസ്'', അല്പം പതറിയ ശബ്ദത്തിൽ തോണിക്കാരൻ സ്വയം പരിചയപ്പെടുത്തി. തണുപ്പുകാറ്റുകൊണ്ടെന്നതുപോലെ അയാളുടെ വാക്കുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. കാലത്തു പത്തുമണിയായിരുന്നുവെങ്കിലും ഹുഗ്ലി മഞ്ഞിന്റെ നിശാവസ്ത്രം ഉപേക്ഷിച്ചിരുന്നില്ല. അയാൾ സാവകാശം തോണിക്കുമേൽ വിരിച്ച, മങ്ങിയ നീലനിറം പടർന്ന പലകകളിൽ ചമ്രംപടിഞ്ഞിരുന്നു. അകന്നകന്നുപോകുന്ന തീരത്തെയോ ദൂരെ നദിക്കുകുറുകെയുള്ള തൂക്കുപാലത്തെയോ നേർത്ത മഞ്ഞിലൂടെ തെളിഞ്ഞുകാണുന്ന മറ്റുതോണികളെയോ അയാൾ ശ്രദ്ധിച്ചതേയില്ല. എല്ലാം മൂന്നുപതിറ്റാണ്ടിലേറെയായി തുടരുന്ന കാഴ്ചകൾ. ഇരിപ്പിടത്തിനു തൊട്ടുതാഴെ ഒരു തട്ടിൽ വെച്ചിരുന്ന സ്റ്റൗ കത്തിച്ച് പാതിവെള്ളം നിറച്ച ഒരു അലുമിനിയം കലം അയാൾ അതിനുമുകളിൽ വെച്ചു. ചെറിയൊരു സഞ്ചിയിൽനിന്ന് ഉരുളക്കിഴങ്ങും തക്കാളിയും പുറത്തെടുത്ത് കുറച്ചുകൂടി വാവട്ടമുള്ള മറ്റൊരു പാത്രത്തിലേക്കിട്ടു. പാചകത്തിനുള്ള ഒരുക്കങ്ങൾക്കായി ചെറിയ അളുക്കുകളിൽനിന്നു മസാലപ്പൊടികളും ഉപ്പും പരതി.

തനിക്ക് അമ്പതുവയസ്സായി എന്നാണ് ഗൗതംദാസ് പറഞ്ഞത്. കാഴ്ചയിൽ പക്ഷേ, അയാൾക്ക് അതിലുമെത്രയോ പ്രായം തോന്നിക്കും. ഒരേ കാഴ്ചകൾ കണ്ടുകണ്ടാവണം, അയാളുടെ കണ്ണുകൾ കുഴിഞ്ഞുപോയിരിക്കുന്നു. താടിയും മീശയുമെല്ലാം വല്ലാതെ നരച്ചു. ഇളംനീല നിറത്തിലുള്ള കള്ളിമുണ്ടും ചാരനിറത്തിലുള്ള കുപ്പായവും നീലത്തൊപ്പിയുമായി, മുഷിഞ്ഞ ഒരു ഉരുളക്കിഴങ്ങിന്റെ തൊലി ശ്രദ്ധാപൂർവം ചുരണ്ടിക്കൊണ്ട് അയാൾ ഇരിക്കുന്നു. ഏതൊക്കെയോ ചലച്ചിത്രങ്ങളിൽ അയാളെ കണ്ടിട്ടുണ്ടെന്നു തോന്നി.

താഴെ സ്റ്റൗവിനുമുകളിൽ വെച്ച കലത്തിൽ വെള്ളം തിളച്ചുതുടങ്ങി. ഈ സമയമത്രയും നദിയിലേക്കു നോക്കിക്കൊണ്ട് തുഴക്കോലുമായി തോണിയുടെ മുമ്പിൽ അയാളുടെ കൂട്ടുകാരൻ തോണിയെ നയിച്ചു. കിശോർ ദാസ് എന്നായിരുന്നു അയാളുടെ പേര്. അയാൾ കാഴ്ചയിലും ചെറുപ്പമാണ്.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്ത് കൊൽക്കത്തയിൽ ജീവിച്ചിരുന്ന പ്രമുഖ പുരാവസ്തുവിദഗ്ധൻ ജെയിംസ് പ്രിൻസെപിന്റെ പേരിലുള്ള കടവിൽനിന്നാണ് ഞങ്ങൾ പുറപ്പെട്ടത്. കരയിൽ അദ്ദേഹത്തിന്റെ സ്മരണാർഥം ഗ്രീക്ക്-ഗോഥിക് മാതൃകകളിൽ പണിതിരിക്കുന്ന ഒരു കവാടമുണ്ട്. അവിടെനിന്നു നോക്കിയാൽ കാണുന്ന തൂക്കുപാലത്തിന് വിദ്യാസാഗർസേതു എന്നാണ് പേര്. കൊൽക്കത്തയെയും ഹൗറയെയും തമ്മിൽ ബന്ധിപ്പിക്കുന്ന, ഹുഗ്ലിക്കുമേലുള്ള രണ്ടാമത്തെ പാലമാണിത്. ഹൗറപ്പാലത്തെക്കാൾ ചെറുതാണെങ്കിലും വിദ്യാസാഗർ സേതുവും ഒരു എൻജിനിയറിങ് അദ്ഭുതമാണ്. 823 മീറ്റർ നീളമുള്ള സേതുവിന് ബംഗാളി നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്ന ഈശ്വരചന്ദ്രവിദ്യാസാഗറുടെ പേരാണ് കൊടുത്തിരിക്കുന്നത്.

കുറച്ചുദൂരം പോയപ്പോൾ കരയിൽനിന്ന് ഉയർന്നുകേട്ടിരുന്ന സംഭാഷണങ്ങളും ഇളയസ്ഥായിയിലുള്ള രബീന്ദ്രസംഗീതവുമെല്ലാം മാഞ്ഞുപോയി. പ്രിൻസെപ് ഘാട്ടിനടുത്തുള്ള അതേ പേരിലുള്ള റെയിൽവേസ്റ്റേഷനിൽനിന്നു വണ്ടികളെക്കുറിച്ചുണ്ടായിരുന്ന അറിയിപ്പുകൾ നിലച്ചു. നദിയും അതിന്റെ ഒഴുക്കിന്റെ നേർത്ത ശബ്ദങ്ങളും ബാക്കിയായി. ഗൗതംദാസ് തൊലി കളഞ്ഞ ഉരുളക്കിഴങ്ങ് തിളയ്ക്കുന്ന വെള്ളത്തിലേക്കു പകർന്നു. അപ്പോൾ വെള്ളം അതിന്റെ കോപം നിയന്ത്രിച്ച് തെല്ലിട ശാന്തമാകുന്നതു കണ്ടു. തോണിക്കാരൻ അയാളുടെ ജീവിതത്തെക്കുറിച്ചു പറയാൻ തുടങ്ങി. അംതൊള എന്ന ഗ്രാമത്തിൽനിന്നുമാണ് അയാൾ വരുന്നത്. അത് കൊൽക്കത്തയിൽനിന്നു നാല്പതുനാഴിക ദൂരെയാണ്. വല്ലപ്പോഴുമൊരിക്കൽ തോണി കരയിൽ ചേർത്തുനിർത്തിയിട്ട് അയാൾ ഗ്രാമത്തിലേക്കു പോകും. പെട്ടെന്നുതന്നെ തിരിച്ചുവരുകയും ചെയ്യും. കൂടുതൽ സമയം അവിടെ നിൽക്കുന്നത് അയാൾക്കിഷ്ടമില്ലായിരുന്നു. ഒഴുകുന്ന നദിയും ഇളകുന്ന തോണിയുമാണ് അയാളുടെ ഇടം, നിശ്ചലമായ ഒരു ഗ്രാമമോ പാതകളോ ഉറങ്ങിക്കിടക്കുന്ന വയലുകളോ അല്ല. അത്രയും പറഞ്ഞശേഷം ഗൗതം ദാസ് ഒന്ന് ഇളകിയിരുന്നു. പിന്നെ, തുഴക്കാരനെ നോക്കി ഒരു ആംഗ്യം കാണിച്ചു. കിശോർദാസ് തുഴക്കോൽ വശംമാറ്റി കുത്തി. തോണി സാവധാനം വിദ്യാസേതുവിന്റെ ദിശയിലേക്കു വഴിമാറി.

''തോണി ഞങ്ങളുടെ വീടാണ്,'' ഗൗതം ദാസ് തുടർന്നു. ''ഇതിനുള്ളിലാണ് ഞങ്ങൾ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്നത്.'' അയാൾ താഴെത്തട്ടിലുള്ള ഒരു കൊച്ചുമുറിയിലേക്കു വിരൽ ചൂണ്ടി. വീതികുറഞ്ഞ ഒരു കിടക്കയും തലയണയും അവയ്ക്കുമേൽ വിരിച്ച കമ്പിളിവിരികളും ഞങ്ങൾ കണ്ടു. കുറച്ചുമുകളിലായി, ആ കിടപ്പുമുറിയുടെ ചുവരിൽ ഒരു ഫാൻ ഘടിപ്പിച്ചിരിക്കുന്നു. ഉഷ്ണകാലത്തേക്കുള്ള കരുതലാണത്. വിളക്കുകളും പങ്കയുമെല്ലാം പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതിക്കുവേണ്ടി തോണിയുടെ മുകൾത്തട്ടിൽ ഒരു സോളാർപാനൽ പിടിപ്പിച്ചിട്ടുണ്ട്. ആറു യാത്രക്കാരെ കയറ്റാവുന്ന തോണിയായിരുന്നു അത്. കാലത്ത് ഒമ്പതുമണിമുതൽ രാത്രി ഒമ്പതുമണിവരെ ഹുഗ്ലിയിൽ അതു സഞ്ചരിക്കും. വേണമെങ്കിൽ പ്രിൻസെപ് ഘാട്ടിൽ നിന്ന് ദക്ഷിണേശ്വർവരെ ആ തോണിയിൽ യാത്രചെയ്യാം. അയ്യായിരം രൂപയാണ് വാടക. അങ്ങനെ ഒരു പകൽമുഴുവൻ വാടകയ്ക്കെടുക്കുകയാണെങ്കിൽ ഊണും കാപ്പിയും പലഹാരങ്ങളുമെല്ലാം അതിൽത്തന്നെ ഉണ്ടാക്കി യാത്രക്കാർക്കുകൂടി നൽകും. അതിനുള്ള സാധനങ്ങളെല്ലാം കരയിൽ അടുത്തുള്ള അങ്ങാടിയിൽനിന്ന് വാങ്ങണം. ഇതിപ്പോൾ ഹ്രസ്വദൂരത്തേക്കുള്ള, ഹ്രസ്വസമയത്തേക്കുള്ള യാത്രയാണ്. ഞങ്ങളെ തിരിച്ചുകൊണ്ടുവന്നുവിട്ടാൽ വേറെ ആളുകൾ അതിൽ കയറും. വീണ്ടും അതേ പഥങ്ങളിലൂടെയുള്ള സഞ്ചാരം. അതിനിടയ്ക്ക് തോണിക്കാർ രണ്ടുപേരും ഭക്ഷണം തയ്യാറാക്കുന്നു, കഴിക്കുന്നു. അതേയുള്ളൂ. രാത്രി ഒമ്പതുമണിയായാൽ കടവിലെത്തി, വടങ്ങൾകൊണ്ടു തോണിയെ കരയിലെ ഇരുമ്പുകുറ്റികളുമായി സുരക്ഷിതമായി ബന്ധിപ്പിക്കും. വിളക്കുകളണച്ച് തോണിക്കാർ ഉറങ്ങുകയായി. ആ കടവിലുള്ള മറ്റു ബോട്ടുകളും വിവിധഭാഗങ്ങളിലായി നിശ്ചലമാവും. അപ്പോഴും ഓളങ്ങൾ പതുക്കെ തോണിയെ ചലിപ്പിച്ചുകൊണ്ടേയിരിക്കും. അംതൊളാ ഗ്രാമത്തിൽ ചെല്ലുമ്പോൾ ഗൗതംദാസിനു കിട്ടാതപോകുന്നത് നദിയുടെ ഈ താരാട്ടാണ്.

ഇരുപതുവയസ്സായപ്പോൾ അയാൾ ഗ്രാമത്തിൽനിന്നു പോന്നതാണ്. തോണികളുടെ ഈ ലോകത്തുതന്നെയായിരുന്നു അച്ഛനും. കുറെ വയസ്സായപ്പോൾ തോണി മകനു കൈമാറി അദ്ദേഹം ഗ്രാമത്തിലേക്കു തിരിച്ചുപോയി. വൈകാതെ മരിച്ചുപോവുകയും ചെയ്തു. 'സിദ്ധാർഥ'യിലെ തോണിക്കാരന്റേതുപോലെ ജീവിതം ഒഴുക്കുമുറിയാതെ തുടർന്നു. കോവിഡ് കാലത്ത് പൊടുന്നനെ, ഈയൊരു തുടർച്ചയാണ് നഷ്ടമായത്. കടവുകളിൽ യാത്രക്കാർ വരാതായി. തോണികൾ ദീർഘനിദ്രയിലേക്കു പോയി. വിദ്യാസേതുവിനു മുകളിലൂടെയുള്ള ഗതാഗതം അവസാനിച്ചു. എന്നാലും പട്ടിണി കിടക്കേണ്ടിവന്നില്ലെന്ന് അയാൾ പറഞ്ഞു. മമതാ (ബാനർജി)ദീദി അരിയും സാമാനങ്ങളും തന്നു സഹായിച്ചു. ആദ്യം ഇരുപതിനായിരം രൂപയും രണ്ടാമത് അയ്യായിരം രൂപയും തന്നു. ഗൗതംദാസ് മുമ്പ് കോൺഗ്രസുകാരനായിരുന്നു. ദീദി കോൺഗ്രസുവിട്ടുപോന്നപ്പോൾ അയാളും കുടുംബവും അവരോടൊപ്പം തൃണമൂലിലേക്കു വന്നതാണ്. വാസ്തവത്തിൽ നേതാക്കളെല്ലാവരും നല്ലവരാണ് എന്നാണ് ഗൗതംദാസിന്റെ പക്ഷം. ജ്യോതി ബാബുവാകട്ടെ, മമതയാകട്ടെ, മോദിയാകട്ടെ എല്ലാവരും വളരെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അടിത്തട്ടിലേക്ക് അതെത്തിക്കാൻ അണികൾ മിനക്കെടുന്നില്ലെന്നതാണ് പ്രശ്നം. അടുത്ത തിരഞ്ഞെടുപ്പിലും ഗൗതംദാസിന്റെ വോട്ട് തൃണമൂലിന്റെ പെട്ടിയിൽ വീഴും. ബി.ജെ.പി.യൊന്നും അയാളെ സ്വാധീനിച്ചിട്ടേയില്ല. ദീദി തിരിച്ചുവരും എന്ന കാര്യത്തിൽ അയാൾക്കു സംശയമില്ലായിരുന്നു. ''ആ കടവിലേക്കു നോക്കൂ,'' അയാൾ പിറകിലേക്കു ചൂണ്ടിക്കാണിച്ചു. ''അതിനുചുറ്റും കാണുന്ന പാർക്കുകളും റോഡുകളും വിളക്കുകളുമെല്ലാം ദീദി സ്ഥാപിച്ചതാണ്.''

യാത്രയ്ക്കിടയിൽ എഴുന്നേറ്റ് ഒരു വശത്തേക്കു നീങ്ങാൻ തുനിഞ്ഞപ്പോൾ അയാൾ തടഞ്ഞു. ''വേണ്ടാ, വീഴും.'' വീണാൽ കുഴപ്പമാണ്. സുരക്ഷിതമല്ലാത്ത ബോട്ടുകളുടെ ലൈസൻസ് റദ്ദുചെയ്യപ്പെട്ടേക്കാം. കേന്ദ്ര ഗവൺമെന്റിൽനിന്നാണ് ബോട്ടുകളുടെ ലൈസൻസ് വരുന്നതെന്ന് അയാൾ പറഞ്ഞു. അയാളെ തുണയ്ക്കാനെന്നോണം ഞാനെന്റെ ലൈഫ് ജാക്കറ്റിൽ ഒന്നുകൂടി മുറുക്കെപ്പിടിച്ചു. ഉരുളക്കിഴങ്ങുകൊണ്ടുള്ള കറി തയ്യാറാക്കി ഒരു ഭാഗത്തേക്കു മാറ്റിവെച്ചശേഷം വേവിച്ച തക്കാളി അയാൾ കൈകൊണ്ട് ഉടയ്ക്കാൻ തുടങ്ങി. അതിന് സാധാരണയിൽക്കൂടുതൽ തുടുത്ത നിറമുണ്ടെന്നു തോന്നി. തക്കാളികൊണ്ട് അയാൾ ഒരു ചട്ണിയുണ്ടാക്കുകയാണ്. എല്ലാം തയ്യാറാകുമ്പോൾ ആട്ട കുഴച്ച് കുറച്ചു റൊട്ടികൾ ചുട്ടെടുക്കും. ഞങ്ങളുടെ യാത്ര അവസാനിക്കുന്നതിനു മുമ്പുതന്നെ ഉച്ചഭക്ഷണം തയ്യാറാകണം. അടുത്ത യാത്രയിൽ രണ്ടുപേരും അതു കഴിക്കും.

ചട്ണി ഒരുക്കിയതിനുശേഷം അയാൾ അതുവരെ ഉപയോഗിച്ച പാത്രങ്ങൾ നദിയിൽ നിന്നുതന്നെ വെള്ളമെടുത്തു കഴുകാൻ തുടങ്ങി. അപ്പോഴേക്കും ഞങ്ങൾ വിദ്യാസേതുവിന്റെ താഴത്തെത്തിയിരുന്നു. പാലത്തിന്റെ നിഴൽ തോണിയുടെയും സഞ്ചാരികളുടെയും മേൽ പതിച്ചു. ഇരുണ്ട, ഒരു കൂറ്റൻ മേഘത്തിനുള്ളിലൂടെ സഞ്ചരിക്കുകയാണെന്നു തോന്നി. പാലത്തിനുമുകളിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ മുരൾച്ച കേൾക്കാമായിരുന്നു. കുറച്ചുനേരം ആ നിഴലിൽത്തന്നെ തുടർന്നശേഷം തോണി പുറത്തു വന്നു. മഞ്ഞുമാറിയിരിക്കുന്നു. കൂടുതൽ വെളിച്ചവുമുണ്ടായിരുന്നു അപ്പോൾ. ഞങ്ങൾ തിരിച്ചു യാത്രചെയ്യാൻ തുടങ്ങി. പ്രിൻസെപ് ഘാട്ടിൽ തൊണ്ണൂറോളം ബോട്ടുകളുണ്ടെന്ന് ഗൗതംദാസ് ഓർത്തെടുത്തു. ഈ തോണിയുടെ പേരെന്താണെന്നു ഞാൻ ചോദിച്ചു. എവിടെയും അതിന്റെ പേരെഴുതിക്കണ്ടിരുന്നില്ലല്ലോ. ''തോണികൾക്ക് പേരാവശ്യമില്ല.'' -അയാൾ പറഞ്ഞു. ''കാരണം എല്ലാ തോണികളും ഒരുപോലെയാണ്.'' മനുഷ്യരെപ്പോലെ തമ്മിൽത്തമ്മിൽ വ്യത്യസ്തരായിരിക്കുമ്പോഴാണ് പേരുകൾ വേണ്ടിവരുന്നത്. പിന്നെ ആരും ഒന്നും ചോദിച്ചില്ല.

കിശോർദാസ് ജലത്തിലേക്ക് ഊന്നുന്ന തുഴയുടെ ശബ്ദം മാത്രം ഉയർന്നുകേട്ടു.

ഞങ്ങൾ തീരത്തേക്ക് അടുക്കുകയായി. കടവിൽ, ഹുഗ്ലിനദിയിലെ പേരില്ലാത്ത തോണികളെക്കാത്ത് വരിനിൽക്കുന്ന മനുഷ്യരുടെ മുഖങ്ങൾ തെളിയാൻ തുടങ്ങി.