ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും 85 കിലോമീറ്റര്‍ യാത്ര ചെയ്ത് പുന്‍സാരി ഗ്രാമത്തില്‍ എത്തിയാല്‍ നിങ്ങള്‍ അതിശയിച്ച് പോകും. ഇന്ത്യയിലെ ഗ്രാമങ്ങളുടെ പതിവു സമ്പ്രദായങ്ങളെ കണ്ട് പരിചയിച്ച നമുക്കീ മാതൃകാ ഗ്രാമം ഏറെ പാഠങ്ങള്‍ നല്‍കും.

ഇ.ഭരണം, സ്മാര്‍ട്ട് സ്‌കൂള്‍, സമ്പൂര്‍ണ്ണ വൈ ഫൈ, ശുചിത്വം, എല്ലാ വീടുകളിലും ശുചിത്വ മുറി, ചാണകത്തില്‍ നിന്നും ഊര്‍ജ്ജം സംഭരിച്ച് തെരുവ് വിളക്കുകള്‍, ഗ്രാമീണരുടെ കംപ്യൂട്ടര്‍ ജ്ഞാനം, സി.സി.ടി.വി. എല്ലാം മാതൃകാപരമായി നടപ്പിലാക്കിയത് നേരില്‍ മനസിലാക്കാന്‍ 33 രാഷ്ട്രങ്ങളിലെ നയതന്ത്രജ്ഞരാണ് ഈയിടെ ഗ്രാമത്തിലെത്തിയത്. 

പ്രധാന മന്ത്രി നരേന്ദ്രമോദി പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന ഈ ഗ്രാമത്തെ പറ്റി പഠിക്കാന്‍ വന്‍ ഉദ്യോഗസ്ഥ സംഘത്തേയും ഗ്രാമത്തിലേക്ക് അയച്ചിരുന്നു. 'ദാരിദ്യരേഖക്ക് താഴെയുള്ള 328 കുടുംബങ്ങളുണ്ടിവിടെ. അവരെ ദാരിദ്ര്യ രേഖക്ക് മുകളിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തിലേക്ക് തങ്ങള്‍ ചുവട് വെക്കുകയാണെന്ന് ഈ പദ്ധതിയുടെ കപ്പിത്താനും, പുന്‍സാരി പഞ്ചായത്ത് പ്രസിണ്ടന്റുമായ ഹിമനാംശു പട്ടേല്‍  പറഞ്ഞു.

Punsari Village 1

 

സബര്‍കാന്ത് ജില്ലയിലെ പുന്‍സാരി ഗ്രാമത്തിലെ പോലീസ് സ്റ്റേഷനില്‍ 2012 ന് ശേഷം സത്രീ അതിക്രമങ്ങളോ കൊലപാതകങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അപകടങ്ങളും ചെറിയ മോഷണങ്ങളും മാത്രമാ ണ്  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്നതും ഏറെ ശ്രദ്ധിക്കപ്പെട്ട വസ്തുതയായിരുന്നു. എല്ലാ പഞ്ചായത്ത് സേവനങ്ങളും ഓണ്‍ലൈന്‍, 4 mbphs വേഗതയില്‍ സമ്പൂര്‍ണ്ണ വൈ ഫൈ, സാമൂഹ്യ മാധ്യമ ഇടപെടല്‍, പുതിയ കാര്‍ഷിക നിലവാരമറിയല്‍, സാങ്കേതിക ജ്ഞാനം നേടല്‍ എന്നിവയില്‍ ഗ്രാമീണരുടെ മികവ് കണ്ടാല്‍  അത്ഭുതപ്പെടും.

കാര്‍ഷിക ഗ്രാമമായ പുന്‍സാരിയില്‍ ചാണകമടക്കമുള്ള ജൈവ മാലിന്യങ്ങള്‍ സംസ്‌കരിച്ച് വളവും ഊര്‍ജവും ആക്കി മാറ്റുന്നു. ''ഞങ്ങളുടെ നാട്ടില്‍ വന്ന് താമസിക്കൂ, ഒരു കൊതുകിനെ എനിക്ക് പിടിച്ച് തന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് സമ്മാനം തരാം'' എന്നാണ് പഞ്ചായത്ത് പ്രസിണ്ടന്റ് ഹിമനാംശു പട്ടേല്‍ തന്നെ കണ്ട മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. വിനോദ സഞ്ചാരത്തോടൊപ്പം, സാമൂഹ്യ വിനോദ സഞ്ചാരവും വികസിച്ച് വരുന്ന ഇക്കാലത്ത്, ഈ ഗ്രാമത്തില്‍ സന്ദര്‍ശിച്ച് സല്‍ഭരണത്തിന്റെ നന്മകള്‍ കണ്ടറിയുക തന്നെ വേണം.