തൊരു പൗരനിലും രാജ്യസ്‌നേഹം ഉണര്‍ത്തുന്നതാണ് ഡല്‍ഹിയിലെ പ്രമുഖ ചരിത്രസ്മാരകങ്ങളിലൊന്നായ ഇന്ത്യാ ഗേറ്റിന് സമീപത്തെ ദേശീയ യുദ്ധസ്മാരകം. വിവിധ യുദ്ധങ്ങളില്‍ ഇന്ത്യയ്ക്കു വേണ്ടി വീരമൃത്യുവരിച്ച സൈനികര്‍ക്കുള്ള ആദരസൂചകമായാണ് 40 ഏക്കറില്‍ പരന്നുകിടക്കുന്ന യുദ്ധസ്മാരകം നിര്‍മിച്ചിരിക്കുന്നത്. രാജ്യതലസ്ഥാനത്തുള്ളവരും എത്തുന്നവരും തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടതുതന്നെയാണ് ഇവിടം.

War Memorial 1
യുദ്ധസ്മാരകത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന യുദ്ധങ്ങളുടെ ചിത്രവിവരണം

പ്രൗഢഗംഭീരമായ ഇന്ത്യാ ഗേറ്റിലൂടെ ഇവിടേക്ക് പ്രവേശിക്കാം. ഒന്നിന് പുറമേ മറ്റൊന്നായി നാലുവൃത്തങ്ങളുടെ ആകൃതിയിലാണ് യുദ്ധസ്മാരകത്തിന്റെ നിര്‍മിതി. ഇവയിലൊന്ന് 'ചക്രവ്യൂഹ'ത്തിന്റെ മാതൃകയിലാണ്. ഇതിന്റെ 16 ചുമരുകളിലായി വീരമൃത്യവരിച്ച 25,942 സൈനികരുടെ പേരുകള്‍ തങ്കലിപിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അശോകസ്തംഭം ആലേഖനം ചെയ്തിരിക്കുന്ന സ്തൂപമാണ് ഏറ്റവും മധ്യത്തില്‍. എല്ലാദിവസവും ഇതിനുമുമ്പില്‍ ഒരു സൈനികന്‍ കാവലുണ്ടാവും. ഓരോ ആഴ്ചയിലും ഓരോ സേനയ്ക്കാണ് കാവല്‍ച്ചുമതല. ഞായറാഴ്ച രാവിലെ പത്തിനാണ് കാവല്‍ മാറുന്ന ചടങ്ങ്. ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക്  ഇറങ്ങാന്‍ സന്ദര്‍ശകര്‍ക്ക് അനുവാദമില്ല. എന്നാല്‍, ചടങ്ങുകള്‍ വീക്ഷിക്കാം.

സ്തൂപത്തിന് സമീപം അര്‍ധവൃത്താകൃതിയില്‍ നിര്‍മിച്ചിരിക്കുന്ന ചുമരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രധാന പോരാട്ടങ്ങളുടെ ചിത്രങ്ങളും അവയുടെ വിവരണങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. 1971-ലെ ഇന്ത്യ-പാക് യുദ്ധസമയത്തെ ലോംഗ്വാല ഏറ്റുമുട്ടല്‍, ഗംഗാസാഗര്‍ ഏറ്റുമുട്ടല്‍, 1947-48 കാലത്തെ ഇന്ത്യ-പാക് സംഘര്‍ഷസമയത്തെ തിത്വല്‍ ഏറ്റുമുട്ടല്‍, 1962-ലെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിലുണ്ടായ റെസന്‍ഗ്ലാ ഏറ്റുമുട്ടല്‍, ജമ്മുകശ്മീരിലെ സിയാച്ചിന്‍ മലനിരകള്‍ പിടിച്ചെടുക്കാന്‍ നടത്തിയ ഓപ്പറേഷന്‍ മേഘദൂത്, പാകിസ്താന്റെ തുറമുഖനഗരമായ കറാച്ചിയില്‍ നാവികസേന നടത്തിയ ഓപ്പറേഷന്‍ ട്രിഡെന്റ് എന്നിവയുടെ വിവരണങ്ങള്‍ ഇവിടെ കാണാം.

യുദ്ധസ്മാരകത്തിന്റെ വിവിധയിടങ്ങളിലുള്ള സ്പീക്കറുകളിലൂടെ ഇടതടവില്ലാതെ സൈനികസംഗീതം പുറപ്പെടുവിക്കുന്നുണ്ട്. അതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിനായി സൈനികര്‍ അവരുടെ ജീവന്‍ പണയംവെച്ച് നടത്തിയ പോരാട്ടങ്ങളുടെ ദൃശ്യങ്ങള്‍ കാണാനും മനസ്സിലാക്കാനും സാധിക്കുന്നത് ഏതൊരു പൗരനിലും അഭിമാനമുണര്‍ത്തും. ഇന്ത്യന്‍ പതാകയും കര-നാവിക-വ്യോമ സേനകളുടെ മൂന്നുപതാകകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

War memorial 2

സൈന്യവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ളവ വില്‍ക്കുന്ന ഒരു കടയും ഇതിനകത്ത് പ്രവര്‍ത്തിക്കുന്നു. ടീ-ഷര്‍ട്ടുകള്‍, തൊപ്പികള്‍ തുടങ്ങിയ നിരവധി സാധനങ്ങള്‍ മിതമായ വിലയ്ക്ക് ഇവിടെനിന്ന് വാങ്ങാന്‍ സാധിക്കും. സൈനികസ്മരണ ഉണര്‍ത്തുന്ന വസ്തുക്കള്‍ സ്വന്തമാക്കാനും ഇവിടെ അവസരമുണ്ട്. 2015-ലാണ് ദേശീയ യുദ്ധസ്മാരകം നിര്‍മിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. 2019 ഫെബ്രുവരി 25-ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്മാരകം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 1962-ലെ ഇന്ത്യ-ചൈന യുദ്ധം, 1947, 1965, 1971 എന്നീ വര്‍ഷങ്ങളില്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ യുദ്ധങ്ങള്‍, 1999-ലെ കാര്‍ഗില്‍ യുദ്ധം, ശ്രീലങ്കയിലെ സമാധാന സേനാനീക്കം എന്നിവയില്‍ വീരമൃത്യുവരിച്ച സൈനികരുടെ സ്മരണയ്ക്കായി നിര്‍മിച്ചതാണ് ദേശീയ യുദ്ധസ്മാരകം.

ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ രാവിലെ ഒമ്പതുമുതല്‍ രാത്രി ഏഴരവരെയും നവംബര്‍ മുതല്‍ മാര്‍ച്ച് വരെ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറരവരെയുമാണ് പ്രവേശനം. എന്നാല്‍, ചില പ്രത്യേക ദിവസങ്ങളിലും സമയത്തും പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തും. പ്രവേശനം സൗജന്യമാണ്. ഒറ്റയ്ക്കും കുടുംബമൊന്നിച്ചും സന്ദര്‍ശിക്കാന്‍ ഏറെ യോജ്യമാണ് ഇവിടം.