ണ്ടുവർഷം മുൻപാണ് മഞ്ഞൾ ഉത്സവത്തെക്കുറിച്ച് കേട്ടറിഞ്ഞ് പഠാൻകൊടോളിയിലെത്തുന്നത്. മഹാരാഷ്ട്രയിലെ കോലാപുരിൽനിന്ന് 17 കിലോമീറ്റർ ദൂരെയാണ് ഈ ഗ്രാമം. ആൾതാമസം കുറവായ, അധികഭാഗവും ഒഴിഞ്ഞുകിടക്കുന്ന ഇടമാണ് ഇത്. ഇടയ്ക്ക് ഉയരം കുറഞ്ഞ, പഴയ കെട്ടിടങ്ങൾ കാണാം. ആടിനെ മേച്ച് ഉപജീവനം നടത്തുന്ന ഗ്രാമവാസികൾ. കോലാപുരിൽനിന്ന് ടാക്സിയിലാണ് അവിടേക്ക് എത്തിയത്. കുടുംബസമേതം ലോറിയിലും ട്രാക്ടറുകളിലും പെട്ടി ഓട്ടോറിക്ഷകളിലുമാണ് ആളുകൾ പഠാൻകൊടോളിയിലെ വിത്തൽ ബിർദേവ് മഹാരാജ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. 

മഹാവിഷ്ണുവിന്റെ അവതാരമാണ് വിത്തൽ ബിർദേവ് മഹാരാജ് എന്നാണ് വിശ്വാസം. ആട്ടിടയസമുദായത്തിന്റെ കുലദൈവമാണ് ബിർദേവ് മഹാരാജ്. വർഷംതോറും ഒക്ടോബറിലാണ് പ്രശസ്തമായ മഞ്ഞൾ ഉത്സവം നടക്കുന്നത്. നൂറോളം വർഷങ്ങൾക്കു മുമ്പാണ് ഇത് ആരംഭിച്ചതെന്ന് പറയപ്പെടുന്നു. ആ വിശേഷദിവസങ്ങളിൽ ഒരു ഗ്രാമം മുഴുവൻ മഞ്ഞയിൽ നീരാടും.

Pattankodoli 1
എങ്ങുമെങ്ങും മായികമഞ്ഞ

കർണാടക, മഹാരാഷ്ട്ര, ഗോവ, ആന്ധാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ആട്ടിടയസമുദായത്തിൽപ്പെട്ട ആൾക്കാരാണ് ഉത്സവത്തിനായി ഇവിടെ എത്തുന്നത്. നിഷ്കളങ്കരായ, നഗരപരിഷ്കാരങ്ങൾ കടന്നുചെന്നിട്ടില്ലാത്ത ആളുകൾ. ബാബ എന്നറിയപ്പെടുന്ന വ്യക്തിയാണ് ഉത്സവത്തിലെ പ്രധാനി. ഉത്സവത്തിന് പതിനേഴുദിവസം മുൻപുതന്നെ കാൽനടയായി ബാബ ഷോലാപുരിൽനിന്ന് പുറപ്പെടും. ക്ഷേത്രത്തിന് മുന്നിൽ വലിയ ഒരു മൈതാനമുണ്ട്. രാവിലെ പത്തുമണിയോടുകൂടി ഈ മൈതാനം നിറഞ്ഞുകവിയും. ഉത്സവത്തിന്റെ ഭാഗമായുള്ള ചന്ത നീണ്ടുകിടക്കും. കരകൗശലവസ്തുക്കളും മഞ്ഞളുമാണ് പ്രധാന ആകർഷണം. വഴിയുടെ ഇരുവശത്തും അഞ്ചുകിലോ, പത്തുകിലോ, എന്നിങ്ങനെ ചാക്കുകണക്കിന് ചെറു മഞ്ഞൾപ്പൊടിവിൽപ്പന സജീവമാണ്.

ക്ഷേത്രത്തിന് മുന്നിലെ മൈതാനത്തിന്റെ ഒരറ്റത്ത് ആൽമരമുണ്ട്. അതിന് ചുവട്ടിലായി ചെറുമണ്ഡപവും. ഇവിടെയാണ് ബാബ ധ്യാനത്തിലിരിക്കുന്നത്. "ഭണ്ഡാര' എന്ന് വിളിക്കുന്ന മഞ്ഞളിനൊപ്പം ഭക്തന്മാർ നാട്ടിൽനിന്ന് കൊണ്ടുവന്ന ആടിന്റെ രോമവും തേങ്ങാപൂളുകളും കൂടി ചേർത്ത് തയ്യാറാക്കിയ പൊടി ബാബയുടെ നേരേ എറിയുന്നു. ആ സമയം ക്ഷേത്രത്തിന്റെ അകത്തും ഇതേ മഞ്ഞൾ ഏറ് തുടങ്ങും. ഉച്ചയ്ക്ക് രണ്ടുമണിവരെ ഇത് തുടരും. പഠാൻകൊടോളിയുടെ മണ്ണും വിണ്ണും മഞ്ഞകൊണ്ട് മൂടും, ഗ്രാമം ഒരു മഞ്ഞക്കടലായി മാറും. എങ്ങുമെങ്ങും മഞ്ഞ.

Pattankodoli 2
ഡോലക്കിന്റെ താളം...

ദർശനം കിട്ടിയ ബാബ നൃത്തംചെയ്തുകൊണ്ട് മൈതാനത്തിന് നടുവിലൂടെ ഘോഷയാത്രയായി ക്ഷേത്രത്തിന് അകത്തേക്ക് പ്രവേശിക്കുന്നു. ഒപ്പം അണികളും. വലിയ മുത്തുക്കുടകളുടേയും പാട്ടിന്റെയും അകമ്പടിയോടെയാണ് ബാബയുടെ എഴുന്നള്ളത്ത്. ക്ഷേത്രത്തിൽവെച്ച് ബാബ ചില പ്രവചനങ്ങൾ നടത്തും. അടുത്ത ഒരു വർഷത്തേക്ക് കൃഷിക്കാർക്കുള്ള കാലാവസ്ഥ, വിളവ്, കച്ചവടം എന്നിവയായിരിക്കും അവ. കന്നഡയുടെ ഒരു വകഭേദത്തിൽ നടത്തുന്ന പ്രവചനങ്ങൾ മറ്റ് ഭാഷകളിലേക്ക് തർജമ ചെയ്തുകൊടുക്കുന്നു. ആൾക്കാർ പ്രവചനം കേട്ട ആഹ്ലാദത്തിമിർപ്പിലാകും.

Yathra Cover
മാതൃഭൂമി യാത്ര വാങ്ങാം

വൈകീട്ടാകുമ്പോൾ ഇവിടെ ആരവങ്ങൾ നിലയ്ക്കും. പീതവർണത്തിന്റെ മേലാപ്പുകൾ അഴിഞ്ഞുവീഴും. നിലത്ത് വീണു കിടക്കുന്ന മഞ്ഞൾപ്പൊടി വാരിക്കെട്ടി തലച്ചുമടായി ആൾക്കാർ നാട്ടിലേക്ക് മടങ്ങും. തുടർന്നുള്ള ഗ്രാമീണരുടെ സ്വപ്നങ്ങളിൽ മായികമായ മഞ്ഞ നിറഞ്ഞു നിൽക്കും.

(മാതൃഭൂമി യാത്ര 2021 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Vittal Baba Maharaj, Baba Pattankodoli Village, Maharashtra Tourism, Mathrubhumi Yathra