നിറഞ്ഞ പകലിലാണ് ഹരിദ്വാറില്‍ വണ്ടിയിറങ്ങിയത്. ഋഷികേശില്‍നിന്നും രുദ്രപ്രയാഗ് വഴി ചോപ്ത എന്ന ഗ്രാമമായിരുന്നു എന്റെ ലക്ഷ്യം. ഋഷികേശില്‍ എത്തിയപ്പോള്‍ പതിനൊന്നു മണിയോടടുത്തിരുന്നു. ഋഷികേശില്‍നിന്നും 140 കി. മീ. അകലെയുള്ള രുദ്രപ്രയാഗിലേക്കുള്ള തുടര്‍യാത്ര കീഴ്കാംതൂക്കായി കിടക്കുന്ന മലകളെ ചുറ്റിയുള്ള ചുരംപാതയിലൂടെയാണ്. 74 കി.മീ. അകലെയുള്ള ദേവപ്രയാഗാണ് യാത്രയിലെ പ്രധാന ആകര്‍ഷണം. ഗംഗയുടെ ഉദ്ഭവം അവിടെയാണ്. പുണ്യനദികളായ അളകനന്ദയും ഭാഗീരഥിയും ഇവിടെ സംഗമിച്ച് ഗംഗയായി രൂപാന്തരപ്പെടുന്നു. ചുരംപാതയിലൂടെയുള്ള യാത്രയില്‍ അപാരമായ ആഴങ്ങളില്‍ മഹാപ്രവാഹമായി അളകനന്ദ ഒഴുകുന്നത് കാണാം. അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണത്.
 
മൂന്നു മണിക്കുശേഷം ചോപ്തയിലേക്ക് പോകാന്‍ മാര്‍ഗമില്ല. ഉഗിമത് എന്ന ഗ്രാമത്തിലെത്തി അവിടെ നിന്നും മറ്റൊരു വാഹനത്തില്‍ സഞ്ചരിച്ചാലേ ചോപ്തയില്‍ എത്താനാവൂ. അവിടുന്ന് രണ്ട് സൈനികര്‍ക്കൊപ്പം ഒരു വാഹനത്തില്‍ കയറി. അതില്‍ ഉഗിമത് ഗ്രാമത്തിന് മുന്‍പുള്ള കുണ്ട് എന്ന പ്രദേശംവരെ പോവാമെന്ന് അവരില്‍നിന്നും മനസ്സിലാക്കി. അവിടുന്ന് ഏതെങ്കിലും വാഹനം കിട്ടാതിരിക്കില്ലെന്ന അവരുടെ വാക്കിന്റെ ബലത്തില്‍ അവര്‍ക്കൊപ്പം ചേര്‍ന്നു. മനോഹരങ്ങളായ മലയോരങ്ങളിലൂടെയായിരുന്നു യാത്ര. യാത്രയിലുടനീളം നദി കാണാം. കരയിലെ ഒറ്റപ്പെട്ട ഗ്രാമങ്ങള്‍ അവയുടെ പിന്നിലെ ദേവദാരു മരങ്ങളുടെ കാടുവരെ വ്യാപിച്ചു കിടക്കുന്നു. ഒരു മണിക്കൂറിലേറെ നീണ്ട യാത്രയ്‌ക്കൊടുവില്‍, പ്രധാന പാത രണ്ടായി തിരിയുന്ന ഒരു കവലയില്‍ ഞങ്ങളെ ഇറക്കിയശേഷം ഇടത്തേക്ക് നീളുന്ന പാതയിലൂടെ വാഹനം അപ്രത്യക്ഷമായി. കുറച്ചുനേരത്തെ കാത്തിരിപ്പിനുശേഷം നേരിയ വെളിച്ചത്തില്‍ ടിപ്പര്‍ ലോറിയോടു സാദൃശ്യമുള്ള ഒരു വാഹനം അതുവഴി വന്നു. ഞങ്ങള്‍ ആ ലോറിയുടെ പിറകിലേക്ക് കയറി. അരികുകളിലെ കമ്പികളില്‍ പിടിച്ചുനിന്നൊരു സാഹസികയാത്രയായിരുന്നു അത്. ദൂരെ വൈദ്യുതദീപങ്ങള്‍ തെളിഞ്ഞ വീടുകളുടെ നീണ്ട നിരയോടെ ഗ്രാമം ദൃശ്യമായി. അല്പം കഴിഞ്ഞതോടെ വഴിയരികിലുള്ള സേവാശ്രമത്തിനു മുന്നില്‍ വണ്ടിയിറങ്ങി.

Tungnath, Rudraprayag, Uttarakhand
 
കടും ചുവപ്പ് നിറത്തില്‍ ചായം പൂശിയ ഒരു ബഹുനിലകെട്ടിടം. മുന്നിലുള്ള തെരുവുവിളക്കിന്റെ വെളിച്ചമേറ്റ് പ്രകാശിക്കുന്ന വാതിലിലൂടെ അകത്തേക്ക് കയറി. വലിയൊരു മുറിയുടെ മുന്‍പിലാണ് പടികള്‍ അവസാനിച്ചത്. അതിലാകെ ഭസ്മത്തിന്റെയും ചന്ദനത്തിന്റെയും ഗന്ധം നിറഞ്ഞിരുന്നു. പുസ്തകങ്ങള്‍ നിറഞ്ഞ അലമാരകള്‍ക്കിടയില്‍, മേശയിലേക്ക് മുഖം പൂഴ്ത്തിവെച്ച് കാവിവസ്ത്രധാരിയായ ഒരു സംന്യാസി എന്തോ വായിച്ചുകൊണ്ടിരിക്കുന്നു.രാംദേവ് എന്നാണ് അദ്ദേഹത്തിന്റെ പേര്. മുറിക്ക് കൃത്യമായ വാടകയൊന്നുമില്ല, തീര്‍ഥാടകര്‍ നല്കുന്ന തുക സംഭാവനയായി സ്വീകരിക്കുകമാത്രമേ ചെയ്യുന്നുള്ളൂ. ലളിതമായ സൗകര്യങ്ങളോടെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന മുറി തുറന്നുതന്നു. തുറന്നുകിടക്കുന്ന ബാല്‍ക്കെണിയിലൂടെ കടന്നുവന്ന ശബ്ദത്തില്‍നിന്നും വളരെ അടുത്തായി നദി ഒഴുകുന്നുണ്ടെന്ന് മനസ്സിലായി. 

പിറ്റേന്ന് രാവിലെ ഏഴുമണിക്ക് ബസ് എത്തുമെന്ന് രാംദേവ് പറഞ്ഞതിനാല്‍ അതിനുമുന്‍പ് തന്നെ ആശ്രമത്തിനുമുന്‍പില്‍ കാത്തിരിപ്പ് തുടങ്ങിയിരുന്നു. മൂടല്‍മഞ്ഞില്‍ മുങ്ങിയിരുന്ന താഴ്‌വരയിലൂടെ ബസ് നിരങ്ങിനിരങ്ങി കുന്നുകള്‍ കയറുന്നത് കാണാമായിരുന്നു. ബസ്സിന്റെ പിന്‍നിരയിലായി ആശ്രമത്തില്‍ നിന്ന് ഒപ്പം കൂടിയ മുനിസ്വാമിക്കൊപ്പം ഇരിപ്പിടം കിട്ടി. വിദൂരസ്ഥങ്ങളായ ഹിമാലയനിരകള്‍ കാണാം. അവയിലേക്കുള്ള ദൂരങ്ങള്‍ക്കിടയില്‍ പച്ചപുതച്ച കുന്നുകളും താഴ്‌വരകളും നീണ്ടുകിടക്കുന്നു. വാഹനം വനപാതയിലേക്ക് തിരിഞ്ഞു. വനത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഗ്രാമമാണ് ചോപ്ത. 

Tungnath, Rudraprayag, Uttarakhand
മലയില്‍ നേര്‍ത്ത അരഞ്ഞാണംപോലെ നീണ്ടുകിടക്കുന്ന പാതയുടെ വീതിയേറിയ ഒരിടത്താണ് വണ്ടിയിറങ്ങിയത്. ഇരുവശത്തും ചെറിയ ഭക്ഷണശാലകളുണ്ട്.  

റോഡിന്റെയും വനത്തിന്റെയും അതിരുകള്‍ക്കുള്ളില്‍ പരന്നുകിടക്കുന്ന പുല്‍മേടുകളില്‍ കൊച്ചു കൊച്ചു വീടുകള്‍ കാണാം. യാത്രക്കാരെല്ലാം ഭക്ഷണം കഴിക്കാനിറങ്ങി. എതിര്‍വശത്തുള്ള തിരക്കൊഴിഞ്ഞ ഒരു ഭക്ഷണശാലയിലേക്ക് ഞാനും കയറി. ഒരു യുവാവ് ചിരിയോടെ എനിക്കരികിലെത്തി. വിക്രം എന്ന് പേരുള്ള ആ യുവാവുതന്നെയാണ് ഹോട്ടലിന്റെ ഉടമസ്ഥന്‍. ഭക്ഷണം പാകംചെയ്യുന്നതും വിളമ്പുന്നതുമുള്‍പ്പെടെ എല്ലാ ജോലികളും അയാള്‍തന്നെ ചെയ്യുന്നു. സഹായിക്കാന്‍ വൃദ്ധയായ അമ്മയുമുണ്ട്. താമസിക്കാനുള്ള മുറി ആവശ്യമുണ്ടോ എന്നവര്‍ ചോദിച്ചു. സത്യത്തില്‍ ഞാനത് ആഗ്രഹിച്ചിരുന്നു. ഒരു ദിവസം ഗ്രാമത്തില്‍ തങ്ങി കാഴ്ചകള്‍ കണ്ടശേഷം, പിറ്റേന്ന് തുംഗ്‌നാഥിലേക്ക് പോകാനാണ് ഞാന്‍ തീരുമാനിച്ചിരുന്നത്. ഗ്രാമത്തില്‍ നിന്നും നാലു കി.മീ. ട്രെക്കിങ് നടത്തി വേണം ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവക്ഷേത്രം സ്ഥിതിചെയ്യുന്ന തുംഗ്‌നാഥില്‍ എത്താന്‍. 

200 രൂപയാണ് മുറിവാടക. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇത്ര കുറഞ്ഞ വാടകയ്ക്ക് കാരണം. വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഗ്രാമത്തില്‍ ഇന്നും അന്യമാണ്. ഭക്ഷണശാലയില്‍ നിന്നും 100 മീറ്റര്‍ അകലെ വനാതിര്‍ത്തിലായിരുന്നു താമസിക്കാനുള്ള മുറി. അവിടവിടെയായി കാണുന്ന കൊച്ചു കൊച്ചു വീടുകളെല്ലാം സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളതാണെന്ന് വിക്രം പറഞ്ഞു. രണ്ടുമുറികള്‍ വീതമുള്ള ചെറിയ വീടുകളാണെല്ലാം. ഓരോ വീടിന്റെയും മുറ്റത്ത് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ ബാറ്ററികള്‍ സൂക്ഷിച്ചിട്ടുണ്ട്. രാത്രിയോടെ അവ മുറിയിലേക്ക് ബന്ധിപ്പിച്ച് അത്യാവശ്യത്തിനുള്ള വൈദ്യുതി ലഭ്യമാക്കും. അതിലേറെ ഭേദപ്പെട്ട സൗകര്യങ്ങള്‍ പ്രതീക്ഷിക്കരുതെന്ന് ക്ഷമാപണം കലര്‍ന്ന ആതിഥ്യഭാവത്തോടെ അയാള്‍ പറഞ്ഞു.

Tungnath, Rudraprayag, Uttarakhand
 
രാത്രിയായതോടെ തണുപ്പ് കഠിനമായി. വിക്രമും അമ്മയും അടുപ്പിനു സമീപം ഇരുന്നു തീ കായുന്നു. ഞാനും അടുക്കളയിലേക്ക് കയറിച്ചെന്നു. സീതമ്മ ഒരു കസേരയെടുത്ത് എനിക്കായി അടുപ്പിനരികിലേക്ക് ഇട്ടുതന്നു. തുംഗ്‌നാഥിലെ മലമുകളില്‍ നിന്ന് സൂര്യോദയം ദര്‍ശിക്കണമെങ്കില്‍ പുലര്‍ച്ചെ മൂന്നു മണിക്കെങ്കിലും യാത്ര തിരിക്കണമെന്ന് വിക്രം പറഞ്ഞു. പക്ഷേ, അസമയത്ത് വനത്തിലൂടെ ഒറ്റയ്ക്ക് പോവുന്നതിനോട് സീതമ്മ യോജിച്ചില്ല. നാലു കി.മീ. നീളുന്ന ട്രെക്കിങ് പാതയില്‍ ആദ്യത്തെ ഒരു കി.മീ. വനത്തിനുള്ളിലൂടെയാണ്. പക്ഷേ, എന്തുകൊണ്ടോ എനിക്ക് ഭയം ഒട്ടും അനുഭവപ്പെട്ടില്ല. ഒടുവില്‍ എന്റെ ആഗ്രഹം അവരെ ബോധ്യപ്പെടുത്തുന്നതില്‍ വിജയിച്ചു. ഉറങ്ങാന്‍ നേരം സീതമ്മ മേശയ്ക്കകത്തുനിന്നും ഒരു ടോര്‍ച്ച് എടുത്തുതന്നു. 

പുലര്‍ച്ചെ മൂന്ന് മണിക്ക് മുന്‍പേ എഴുന്നേറ്റു. പുറത്തിറങ്ങിയപ്പോള്‍ തണുപ്പുകൊണ്ട് മരവിച്ചുപോയി. പാതി മാഞ്ഞ ചന്ദ്രന്റെയും ചിതറിയ നക്ഷത്രങ്ങളുടെയും വെളിച്ചം വീണുകിടക്കുന്ന പാതയിലൂടെ കവലയിലേക്ക് നടന്നു. വിക്രമിന്റെ ഭക്ഷണശാലയ്ക്ക് സമീപത്തുനിന്നാണ് തുംഗ്‌നാഥിലേക്കുള്ള കയറ്റം ആരംഭിക്കുന്നത്.  തുംഗ്‌നാഥിലേക്കുള്ള പടികള്‍ കയറുന്നിടത്ത് വലിയൊരു മണി തൂക്കിയിട്ടിട്ടുണ്ട്. മല കയറാന്‍ തുടങ്ങുന്നവരും, കയറ്റം പൂര്‍ത്തിയാക്കി എത്തുന്നവരും ആ മണി മുഴക്കുകയാണ് പതിവ്. അല്പം ഉയരത്തില്‍ കെട്ടിത്തൂക്കിയിരിക്കുന്നതിനാല്‍ ഞാന്‍ വലിഞ്ഞു ചാടി മണി മുഴക്കി. അല്പം ശക്തിയേറിപ്പോയതായി തോന്നി. ശാന്തമായ രാത്രിയിലേക്ക് വലിയൊരു മുഴക്കത്തോടെ അത് പ്രതിധ്വനിച്ചു. തെരുവില്‍ കിടന്നിരുന്ന കുറെ നായ്ക്കള്‍ ഉടനെ ഞെട്ടി എഴുന്നേറ്റ് കുരയ്ക്കാന്‍ തുടങ്ങി. ഏതാനും നിമിഷം ഭയന്ന് അനക്കമറ്റ് നിന്നശേഷം ഞാന്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞ് വേഗത്തില്‍ പടികള്‍ കയറി. കോണ്‍ക്രീറ്റ് ചെയ്തും വലിയ കല്ലുകള്‍ പാകി നിരപ്പാക്കിയും നിര്‍മിച്ചിട്ടുള്ളതാണ് പാത. വനത്തിനു നടുവിലൂടെയുള്ള ഭാഗം മുഴുവന്‍ കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നതിനാല്‍ പരിചയമില്ലാത്തവര്‍ക്കുപോലും വഴിതെറ്റില്ല. 

Tungnath, Rudraprayag, Uttarakhand

രാക്കിളികളുടെയോ ചീവീടുകളുടെയോ ശബ്ദം പോലും കേള്‍ക്കാനുണ്ടായിരുന്നില്ല. ഇരുവശവും ഇടതൂര്‍ന്ന് വളര്‍ന്നുനില്ക്കുന്ന മരങ്ങള്‍. പാതയുടെ ഇടതുവശം താഴ്ചയേറിയതാണ്. ചന്ദ്രന്റെ അരണ്ടവെളിച്ചത്തില്‍ ഇരുവശവുമുള്ള വന്മരങ്ങളുടെ നിഴലുകള്‍ ഭയാനകമായ വിധത്തില്‍ വഴിയിലേക്ക് വീണുകിടന്നിരുന്നു. സീതമ്മ നല്‍കിയ ടോര്‍ച്ചാണ് അപ്പോഴെല്ലാം സഹായിയായത്. വനത്തിനുള്ളില്‍ അഴുകുന്ന ഇലകളുടെ ഗന്ധം. ഇടയ്ക്ക് ഒരു കാട്ടുപക്ഷിയുടെ അവ്യക്തമായ കരച്ചില്‍, വീണ്ടും നിശബ്ദത. ഇടയ്ക്ക് പെട്ടെന്നുള്ള ചിറകടി ശബ്ദം. പുല്‍മേട്ടില്‍ എത്തിയതോടെ തലയ്ക്കു മുകളില്‍ താരാപഥം വ്യക്തമായി. മലമുകളില്‍ നിന്നുള്ള കാറ്റിന്റെ ശക്തിയേറി. 

ഇരിക്കാനൊരിടമായിരുന്നു അടുത്ത ലക്ഷ്യം. ചാരനിറത്തിലുള്ള, മരത്തടികളാല്‍ തീര്‍ത്ത ഒരു കുടില്‍ കണ്ടതോടെ നടത്തം തിടുക്കത്തിലായി.  അടഞ്ഞുകിടക്കുന്ന ആ ചെറിയ കുടിലിനു പുറത്തായി പ്ലാസ്റ്റിക് കൊണ്ട് മറച്ച ചായ്പില്‍ ഒന്നുരണ്ടു ബെഞ്ചുകളും ഏതാനും കസേരകളും കിടപ്പുണ്ടായിരുന്നു. അല്‍പനേരം വിശ്രമിക്കാനായി ചായ്പിലേക്ക് കയറി. പെട്ടെന്ന് അസാധാരണമായ മുരള്‍ച്ച കേട്ട് ഞെട്ടിത്തരിച്ചുപോയി. ബെഞ്ചിനടിയില്‍ ചുരുണ്ടുകൂടി കിടന്നിരുന്ന കറുത്ത, വലുപ്പമേറിയ ഒരു നായ അപ്പോഴാണ് എന്റെ ശ്രദ്ധയില്‍പ്പെട്ടത്. അത് മുരണ്ടുകൊണ്ട് എണീറ്റു. ഒരു നിമിഷം സ്തബ്ധനായി നിന്നുപോയ ഞാന്‍ ഭയന്ന് പ്രാര്‍ഥിക്കാന്‍ തുടങ്ങി. അതിനിടയില്‍ നായയെരികിലേക്ക് വിളിച്ച് അനുനയിപ്പിക്കാനും ശ്രമിച്ചു. അത് സാവധാനം എനിക്കരികിലെത്തി സംശയത്തോടെ ദേഹത്ത് മണത്തുകൊണ്ട് പ്രദക്ഷിണംവെച്ചു. ആ നിമിഷങ്ങളിലെല്ലാം ഞാന്‍ ഭയന്ന് വിറയ്ക്കുകയായിരുന്നു. 

എന്റെ ദയനീയാവസ്ഥ ഒരുപക്ഷേ, ആ മിണ്ടാപ്രാണി മനസ്സിലാക്കിയിരിക്കണം. അത് മുരള്‍ച്ച നിര്‍ത്തി ശാന്തനായി എന്റെ കാലുകളില്‍ ഉരുമ്മുകയും വാലാട്ടുകയും ചെയ്തു. പുറത്ത് ചന്ദ്രന്‍ കൂടുതല്‍ വിളറി വിളറി വന്നു. പ്രഭാതം അത്ര അകലെയല്ലെന്ന് മനസ്സിലായി. സൂര്യന്‍ ഉദിച്ചുയരുന്നതിന് മുന്‍പ് മലമുകളില്‍ എത്തേണ്ടതുണ്ട്.
 
ദാഹവും ക്ഷീണവുമെല്ലാം എവിടെയോ പോയി മറഞ്ഞിരുന്നു. ഒടുവില്‍ തുംഗ്‌നാഥില്‍ എത്തിയപ്പോള്‍ 5.30 കഴിഞ്ഞിരുന്നു. ഏതാനും തീര്‍ഥാടകര്‍ ക്ഷേത്രത്തിനു സമീപമുണ്ടായിരുന്നു. ചുറ്റും പൂജാസാമ്രഗ്രികള്‍ വില്ക്കുന്ന കടകളും ഭക്ഷണശാലകളും താമസിക്കാനുള്ള ചെറിയ മുറികളും മറ്റുമുണ്ട്. സൂര്യോദയം കൂടുതല്‍ വ്യക്തമായി കാണണമെങ്കില്‍ ചന്ദ്രശില എന്ന മലകൂടി കയറണം. ഒരു കി.മീ. ദൂരം മുകളിലേക്ക് കൂടുതല്‍ കുത്തനെയുള്ള കയറ്റമാണത്. കിഴക്കേ ചക്രവാളത്തിലേക്ക് ഒന്ന് പാളിനോക്കി. അരണ്ട വെട്ടം അന്തരീക്ഷത്തില്‍ വ്യാപിച്ചിട്ടുണ്ട്. പക്ഷേ, സൂര്യോദയത്തിന് ഇനിയും സമയമുണ്ട്. 

Tungnath, Rudraprayag, Uttarakhand

ചന്ദ്രശിലയിലേക്കുള്ള കയറ്റം ആരംഭിച്ചു. അവിടെ വ്യക്തമായതോ നിരപ്പാക്കിയതോ ആയ പാതയില്ല. കുത്തനെയുള്ള പാറയിടുക്കുകളിലൂടെ പിടിച്ചുതൂങ്ങിയും പാറയില്‍നിന്ന് മറ്റൊരു പാറയിലേക്ക് ചാടിയും അല്പം സാഹസമേറിയതാണ് വഴി. മുന്‍പേ കടന്നുപോയവര്‍ അവശേഷിപ്പിച്ച അടയാളങ്ങള്‍ പിന്തുടര്‍ന്ന് കയറവേ കിഴക്ക് വെളിച്ചമുദിച്ചു. മുകളിലേക്ക് അല്പദൂരം കൂടിയുയെങ്കിലും തുറസ്സായ ഒരു ഭാഗത്തേക്ക് നീങ്ങി ചക്രവാളം വ്യക്തമായി കാണാന്‍ കഴിയുന്ന ഒരിടത്തെത്തി ക്യാമറ തയ്യാറാക്കി നിന്നു. മലയിടുക്കില്‍ നിന്നും മൂടല്‍മഞ്ഞിനിടയിലൂടെ ചുവന്നുതുടുത്ത് സൂര്യന്‍ ഉയര്‍ന്നുപൊങ്ങി. ചുറ്റുമുള്ള മഞ്ഞുമൂടിയ ഗിരിനിരകളില്‍ ആ ചുവപ്പുരാശി പ്രതിഫലിച്ചു. ഉദയപ്രഭയില്‍ താഴ്‌വരകള്‍ മുഴുവനും വെട്ടിത്തിളങ്ങി. സൂര്യപ്രകാശത്തില്‍ കുളിച്ചുനിന്നിരുന്ന സ്വര്‍ണനിറമാര്‍ന്ന കുന്നുകള്‍ വെള്ളിനിറത്തിലേക്കു രൂപാന്തരപ്പെടുന്നു. ആകാശംമുട്ടെ ഉയര്‍ന്നുനില്ക്കുന്ന മഞ്ഞുമൂടിയ മലനിരകള്‍. താഴ്‌വരകള്‍ക്കുമേല്‍ മൂടല്‍മഞ്ഞ് നിശ്ചലമായി കിടക്കുന്ന കടല്‍പോലെ തോന്നിച്ചു. മലമുകളില്‍ ചെറിയൊരു ശിവപ്രതിഷ്ഠയുമുണ്ട്. 

പൂര്‍ണനിലാവുള്ള രാത്രികളില്‍ മലമുകളില്‍ ചെലവഴിക്കുന്ന നിമിഷങ്ങള്‍ മനോഹരങ്ങളായിരിക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. അതുതന്നെയായിരിക്കാം ചന്ദ്രശില എന്ന പേര് വരാനുള്ള കാരണവും. കാഴ്ചയില്‍ മതിമറന്ന് പാറയുടെ മുകളില്‍ മലര്‍ന്നുകിടന്നു. മലനിരകളിലേക്ക് പതുക്കെ ഒഴുകിക്കൊണ്ടിരുന്ന മേഘങ്ങള്‍ കയ്യെത്തും ദൂരത്തൂടെ കടന്നുപോയി.

അല്‍പനേരംകൂടി അവിടെ ചെലവഴിച്ചശേഷം മനസ്സില്ലാമനസ്സോടെ മലയിറങ്ങി. മൂടല്‍മഞ്ഞ് ഇടയ്ക്ക് താഴേക്കിറങ്ങി വരികയും ചിലപ്പോള്‍ മുകളിലേക്കുയരുകയും ചെയ്യുന്നു. മഞ്ഞിനടിയില്‍ മറഞ്ഞുകിടക്കുകയാണ് പാത. ഒന്നുരണ്ടാളുകള്‍ മലകയറിവരുന്നത് കാണാമായിരുന്നു. തുംഗ്‌നാഥില്‍ എത്തിയപ്പോള്‍ ഒരു സുഹൃത്തിനുവേണ്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നതനുസരിച്ച് ചില പൂജാസാമഗ്രികള്‍ വാങ്ങി പൂജാരിയെ ഏല്‍പ്പിച്ചു. പട്ടുതുണിയില്‍ പൊതിഞ്ഞ തേങ്ങയും എണ്ണയും ചന്ദനതിരികളും പൂക്കളുമെല്ലാം അടങ്ങിയ പൂജാദ്രവ്യങ്ങള്‍ ഒരു താലത്തിലാക്കി കടകളില്‍ നിരത്തിവെച്ചിട്ടുണ്ട്. 100 മുതല്‍ 500 രൂപവരെ വിലവരുന്നതാണ് അവ. ഏതാനും മണിക്കൂറുകള്‍ മുന്‍പ് ഏകനായി കടന്നുവന്ന പാതയിലൂടെ അപ്പോള്‍ അനേകം തീര്‍ഥാടകര്‍ കയറിവരുന്നുണ്ടായിരുന്നു. ചിലര്‍ കുതിരപ്പുറത്താണ് മലകയറുന്നത്. ധാരാളം വിദേശികളും ട്രെക്കിങ്ങിനായി എത്തുന്നുണ്ട്. 

നടന്ന് നടന്ന് രാവിലെ അഭയംതേടിയ ചായക്കടയുടെ സമീപമെത്തി. ഒരു ശവക്കല്ലറ പോലെ ശാന്തവും നിശ്ചലവുമായി കിടക്കുകയായിരുന്നു അതപ്പോഴും. ഞാന്‍ ബെഞ്ചിനടിയിലേക്ക് നോക്കി. ആ നായ അപ്പോഴും അവിടെ കിടന്നുറങ്ങുന്നുണ്ട്. അതിനെ വിളിച്ചുണര്‍ത്തി. വേട്ടപ്പട്ടിയുടെ രൂപമാര്‍ന്ന അസാമാന്യ വലുപ്പമുള്ള നായ ഒരു നിമിഷം കണ്ണ് ചിമ്മി നോക്കിയശേഷം എഴുന്നേറ്റ് വാലാട്ടി അരികിലേക്ക് വന്നു. നായയ്ക്ക് വേണ്ടി വാങ്ങിയ ബിസ്‌കറ്റ് ഞാന്‍ ബാഗില്‍ നിന്നെടുത്തു നല്കി. അത് നന്ദിയോടെ എന്റെ കാലുകളില്‍ ഉരുമ്മി ബിസ്‌കറ്റ് മുഴുവന്‍ അകത്താക്കി. കൊടും തണുപ്പില്‍ എനിക്ക് അഭയം നല്കിയതിനു നന്ദിസൂചകമായി അതിന്റെ തലയില്‍ തഴുകി യാത്ര പറഞ്ഞു.

Tungnath, Rudraprayag, Uttarakhand 

സ്‌നേഹപൂര്‍വം കുറച്ചുദൂരം അതെന്നെ പിന്തുടര്‍ന്നു. പിന്നീട് വഴിയരികില്‍ ഇരിപ്പായി. പാതയിലെ ഒരു തിരിവ് പിന്‍കാഴ്ചകള്‍ മറയ്ക്കുന്നതുവരെ ആ നായ എന്നെ നോക്കി ഇരിക്കുന്നത് കാണാമായിരുന്നു. വനപാതയില്‍ അല്‍പനേരം വിശ്രമിച്ചശേഷം വീണ്ടും ഇറക്കം. ഭക്ഷണശാലയിലെത്തിയപ്പോള്‍ വിക്രമും സീതമ്മയും സന്തോഷത്തോടെ സ്വീകരിച്ചിരുത്തി. സീതമ്മയെ കേരളത്തിലേക്ക് ക്ഷണിച്ചപ്പോള്‍ അവിടെ എന്താണ് കാണാനുള്ളത് എന്ന് ചോദിച്ച് അവര്‍ ജിജ്ഞാസയോടെ എന്നെനോക്കി. കായലും കടലുമൊക്കെ ഉണ്ടെന്നു പറഞ്ഞപ്പോള്‍ അതെന്താണെന്നായിരുന്നു മറുചോദ്യം. ഞാന്‍ വിശദീകരിച്ചെങ്കിലും കടലിനെ മനസ്സില്‍ രൂപപ്പെടുത്താന്‍ അവര്‍ക്ക് കഴിയില്ല എന്ന് തോന്നി. 

രാവിലെ ഒന്‍പതു മണിക്ക് ഗ്രാമത്തിലെത്തുന്ന ബസ്സില്‍ ബദ്രിനാഥിലേക്ക് പോവാനായി തയ്യാറായിനിന്നു. പ്രഭാതഭക്ഷണം കഴിച്ചശേഷം അതുവരെയുള്ള താമസത്തിന്റെയും ഭക്ഷണത്തിന്റെയും തുക വിക്രമിനെ ഏല്പിച്ചു. അധികമായി നല്കിയ തുക സ്വീകരിക്കാന്‍ സീതമ്മയോ വിക്രമോ കൂട്ടാക്കിയില്ല. ബസ്സില്‍ കയറുന്നതിനുമുന്‍പ് സീതമ്മ പുഞ്ചിരിച്ചുകൊണ്ട് എന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. ഗാഢമായ ഒരാലിംഗനത്തോടെ അവരോടു യാത്രപറയവെ എന്റെ മിഴികളില്‍ ഉരുണ്ടുകൂടിയ കണ്ണീര്‍ മറ്റാരും കാണാതിരിക്കാനായി ശ്രദ്ധിച്ചു.