ന്നടനടന്‍ രാജ് കുമാറിനെ തട്ടിക്കൊണ്ടു പോയ കേസില്‍ കാട്ടുകള്ളന്‍ വീരപ്പനെ കുറ്റവുമുക്തനാക്കിയ വാര്‍ത്തകള്‍ക്കിടയിലാണ് വീരപ്പന്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു ഗോപാലസ്വാമി ബേട്ടയെക്കുറിച്ച് വായിച്ചത്. കാനന നടുവിലെ ഗോവിന്ദന്റെ ക്ഷേത്രം മാടി വിളിച്ചുകൊണ്ടിരുന്നു. പോകാന്‍ ആഗ്രഹം പറഞ്ഞപ്പോള്‍, സീസണ്‍ കഴിഞ്ഞതിനാല്‍ പൂക്കള്‍ ഉണ്ടാകില്ലെന്ന് പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്തി. പൂക്കളാണ് ഗുണ്ടല്‍പേട്ടിന്റെ സൗന്ദര്യം. എങ്കിലും മലമുകളിലെ ഗോപാല സ്വാമിയെ കണാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ ഒരു ഞായറാഴ്ച ദിവസം ചങ്ങാതിയെയും കൂട്ടി നേരെ ഗോപാലസ്വാമി ബേട്ടയ്ക്ക് തിരിച്ചു. 

gopal swamy betta
ഗോപാലസ്വാമി ഹില്‍സില്‍ നിന്നുള്ള താഴ്‌വാരക്കാഴ്ച

രാവിലെ ഏഴിന്  കോഴിക്കോടുനിന്നുള്ള ബാംഗളൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര തുടങ്ങി. കെ.എസ്.ആര്‍.ടി.സിയുടെ മൈസൂര്‍, ബാംഗളൂര്‍ ബസുകള്‍ ഗുണ്ടല്‍പേട്ട് വഴിയാണ് സര്‍വീസ് നടക്കുന്നത്. ഇതിന് പുറമേ കര്‍ണാടക ആര്‍.ടി.സിയുടെ ബസുകളുമുണ്ട്. ഗുണ്ടല്‍പ്പേട്ട വരെ 153 കിലോമീറ്ററാണ് ദൂരം. അവിടെ നിന്നു 20 കിലോമീറ്ററുണ്ട് ഗോപാല്‍സ്വാമി ബേട്ട ക്ഷേത്രത്തിലേക്ക്. ഗുണ്ടല്‍പേട്ടിലേയ്ക്ക് നിലവില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി സംവിധാനമില്ല. എന്നാല്‍ മൈസൂര്‍ക്കും ബെംഗളൂരുവിനും ബുക്ക് ചെയ്ത യാത്രക്കാരുമുണ്ടാകും. അതിനാല്‍ തന്നെ മറ്റാരും ബുക്ക് ചെയ്യാത്ത സീറ്റാണെന്ന് കണ്ടക്ടറോട് ചോദിച്ച് ഉറപ്പിച്ച് സൈഡ് സീറ്റുകളിലൊന്നില്‍ ഇരുപ്പുറപ്പിച്ചു.

ചുരം കയറുമ്പോള്‍ തന്നെ വയനാടിന്റെ തണുപ്പ് ബസിനുള്ളിലേയ്ക്ക് അരിച്ചിങ്ങിയെത്തി. കോട താഴെയ്ക്ക് ഇറങ്ങി വന്നിരുന്നു. കോടയില്‍ മുങ്ങിയ വയനാടന്‍ ചുരം മനോഹരം തന്നെ. നവംബറിന്റെ തുടക്കത്തില്‍തന്നെ നന്നേ തണുത്തിരിക്കുന്നു. സുഖമുള്ള തണുപ്പ്. എത്ര കണ്ടാലും മതി വരാത്ത വയനാടന്‍ കാഴ്ചകളിലേയ്ക്ക് ബസ് ഓടിക്കയറി. കല്‍പ്പറ്റയും മാനന്തവാടിയും സുല്‍ത്താന്‍ബത്തേരിയും പിന്നിട്ടതോടെ കാടിന്റെ വരവറിയിച്ചുകൊണ്ട് പ്രകൃതിയുടെ ഭാവം മാറിത്തുടങ്ങി. കാട് അധികം അകലെയല്ല എന്ന് അറിയിച്ചുകൊണ്ട് വനംവകുപ്പിന്റെ ബോര്‍ഡുകള്‍ പ്രത്യക്ഷപെടാന്‍ തുടങ്ങി. മുത്തങ്ങ ചെക്ക് പോസ്റ്റ് പിന്നിട്ട്, ഒരിടത്ത് വണ്ടി ഭക്ഷണം കഴിക്കാനായി ഒതുക്കി. കര്‍ണാടകയിലെ ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്ക ഉള്ളിലുള്ളതിനാല്‍ അത്യാവശ്യം പഴവും വെള്ളവുമൊക്കെ കയ്യില്‍ കരുതിയിരുന്നു.

gundlupet
ചോളവും നിലക്കടലയും വിളയുന്ന കന്നട ഗ്രാമങ്ങള്‍  

മുത്തങ്ങയും പിന്നിട്ട് ആനവണ്ടി ദേശീയപാതയിലൂടെ ബന്ദിപ്പൂര്‍ കടുവാസങ്കേതത്തിലേക്ക് കടന്നു. ഇരുവശവും മാടി വിളിക്കുന്ന കാടകം ഒരു കാഴ്ചതന്നെയാണ്. പല വലുപ്പത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പേരറിയാത്ത മരക്കൂട്ടങ്ങള്‍ സമ്മാനിക്കുന്ന വശ്യത. ആ കാഴ്ചകളിലേക്ക് കണ്ണും നട്ട് ഞാനിരുന്നു. റോഡരികില്‍ ഉടനീളം കുരങ്ങ് കൂട്ടങ്ങളെ കാണം. വയനാടന്‍ ചുരം കയറുമ്പോള്‍ മുതല്‍ കാണുന്നതാണ് കുരങ്ങുകളെ. അവ നിര്‍ഭയം റോഡിലേക്ക് ഇറങ്ങി നടക്കുന്നു. റോഡില്‍ നിന്ന് അധികം അകലെയല്ലാതെ മേഞ്ഞു നടക്കുന്ന മാന്‍ കൂട്ടങ്ങളും കാഴ്ചയ്ക്ക് വിരുന്നൊരുക്കി. കാട്ടാനക്കൂട്ടങ്ങളെ പ്രതീക്ഷിച്ചെങ്കിലും അവയെ മാത്രം കണ്ടില്ല. 

gundlupet
 കന്നട ഗ്രാമങ്ങള്‍

കാടിന്റെ കാഴ്ചകളെ പിന്നിലേയ്ക്ക് തള്ളിയകറ്റി ബസ് ദേശീയപാത 766 ലൂടെ മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു. പിന്നെ വരവേറ്റത് കന്നഡ ഗ്രാമങ്ങളാണ്. പൂവിളി ഒഴിഞ്ഞ കൃഷിസ്ഥലങ്ങള്‍. ചെണ്ടുമല്ലിയും സൂര്യകാന്തിയും പൂത്തിരുന്ന പാടങ്ങളില്‍ ചോളവും നിലക്കടലയും ശീതകാല പച്ചക്കറികളുമൊക്കെ സ്ഥാനം പിടിച്ചിരിക്കുന്നു. മേയ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഗുണ്ടല്‍പേട്ടിലെ പൂക്കൃഷി. പൂക്കള്‍ കാണണമെങ്കില്‍ ആ സമയത്ത് വരണം. പൂക്കളില്ലെങ്കിലും കന്നട ഗ്രാമങ്ങളുടെ ഭംഗിക്ക് കുറവില്ല. പല നിറങ്ങളില്‍ കൊച്ചുകൊച്ചു വീടുകള്‍, കൃഷി സ്ഥലങ്ങള്‍, ചെറിയ കടകള്‍ എല്ലാം ചേര്‍ന്ന് സമ്മാനിക്കുന്ന തനിഗ്രാമീണത. 

gundlupet
ഗുണ്ടല്‍പേട്ട് ബസ് സ്റ്റാന്‍ഡ്

ഗുണ്ടല്‍പേട്ട് ബസ് സ്റ്റാന്‍ഡില്‍ ഞങ്ങള്‍ ഇറങ്ങി. അധികം തിരക്കില്ലാത്ത ഒരു ഇടത്തരം ബസ് സ്റ്റാന്‍ഡ്. ഇവിടെ നിന്നാണ് ഞങ്ങള്‍ക്ക് ഇനി ഗോപാലസ്വാമി ബേട്ടിയിലേക്ക് പോകോണ്ടത്. കന്നടയില്‍ മാത്രമുള്ള ബസ് ബോര്‍ഡുകള്‍ ചെറുതല്ലാത്ത വിധം ബുദ്ധുമുട്ടിലാക്കി. ഗുണ്ടല്‍ പേട്ടില്‍ നിന്ന് ഗോപാലസ്വാമി ബേട്ടയിലേക്ക് നേരിട്ട് എപ്പോഴും ബസ് ലഭ്യമല്ല. അങ്കള എന്ന സ്ഥലത്തിറങ്ങി വേണം പോകാന്‍ എന്ന കാര്യം മനസിലാക്കാന്‍ അഞ്ചിലധികം ആളുകളുടെ സഹായം തേടേണ്ടി വന്നു. നേരിട്ടുള്ള വണ്ടി ഞങ്ങള്‍ എത്തുമ്പോഴേയ്ക്കും പോയിരുന്നു. അടുത്ത വണ്ടി വൈകുന്നേരം മൂന്നിനാണ് എന്ന് അന്വേഷണത്തില്‍ നിന്ന് മനസിലാക്കി. 

gopal swamy betta
ഗോപാലസ്വാമി ഹില്‍സിലേയ്ക്കുള്ള പ്രവേശന കവാടം

ഗുണ്ടല്‍പേട്ടില്‍ നിന്ന് ഗോവിന്ദാപുരം വണ്ടിയില്‍ കയറി അങ്കളയില്‍ ഇറങ്ങി. വെല്‍ക്കം ടു ഹിമവദ് ഗോപാലസ്വാമി ഹില്‍സ് എന്ന വലിയ ബോര്‍ഡ് അങ്കളയില്‍ സ്വാഗതമരുളി നില്‍ക്കുന്നു. അങ്കളയില്‍ നിന്ന് ഓട്ടോയില്‍ ഗോപാലസ്വാമി ബേട്ടിയിലേക്ക് യാത്ര ആരംഭിച്ചു. റോഡിന് ഇരുവശവും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കൃഷിഭൂമികളാണ്. ഇവിടെയെല്ലാം പൂ കൃഷി ഉള്ളതാണെന്നും ഇപ്പോള്‍ ചോളവും പച്ചക്കറികളുമാണ് കൃഷിയെന്നും ഡ്രൈവര്‍ പറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് ചെമ്മരിയാടുകലെയും തെളിച്ചുകൊണ്ടുവരുന്ന ഗ്രാമീണര്‍. അങ്ങിങ്ങായി ചെറിയ വീടുകള്‍.

gundlupet
ഫോറസ്റ്റ് ഗേറ്റ്

യാത്ര അവസാനിച്ചത് കര്‍ണാടക വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിന് മുന്നിലാണ്. ഫോറസ്റ്റ് ഗേറ്റ് എന്നാണ് സ്ഥലത്തിന്റെ പേര്. ഇവിടെ വരെയാണ് സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കുക. മലമുകളിലേക്ക് കര്‍ണാടക ആര്‍.ടി.സിയുടെ ബസില്‍ വേണം പോകാന്‍. സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പാര്‍ക്കിങ് സൗകര്യമുണ്ട്. ചെറിയ തുക അടച്ചാല്‍ മതി. രാവിലെ 8.30 മുതല്‍ വൈകിട്ട് നാലുമണിവരെ കര്‍ണാടക ആര്‍.ടി.സി മലമുകളിലേക്ക് ബസ് സര്‍വീസ് നടത്തുന്നുണ്ട്. ഫോറസ്റ്റ് ഗേറ്റ് മുതല്‍ ഗോപാലസ്വാമി ബേട്ട വരെ 20 രൂപയാണ് ടിക്കറ്റ്. 

gundlupet
ഗോപാലസ്വാമി ഹില്‍സില്‍ നിന്നുള്ള താഴ്‌വാരക്കാഴ്ച

ബസില്‍ നിറയെ യാത്രക്കാരുമായാണ് ബസ് മലകയറ്റം ആരംഭിച്ചത്. അധികവും കര്‍ണാടകക്കാര്‍ തന്നെയായിരുന്നു. മലയാളികളില്‍ ചിലരുമുണ്ട്. സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 2800 അടി ഉയരത്തിലാണ് ക്ഷേത്രം.  വളവുകളും തിരുവുകളുമുള്ള പാതയിലൂടെ ബസ് മുന്നോട്ട് നീങ്ങി. അവിടെ നിന്നുള്ള താഴ്‌വാരത്തിന്റെ കാഴ്ചകള്‍ അതിമനോഹരമാണ്. ദൂരെയായി ഒരു ജലാശയവും കാടും റോഡുമെല്ലാം തീര്‍ക്കുന്ന മനോഹാരിത. പച്ചയില്‍ പുതച്ചു നില്‍ക്കുന്ന കര്‍ണാടക. ഇടയ്ക്ക് മേഞ്ഞു നടക്കുന്ന കാട്ടുപോത്തുകളെ കണ്ടപ്പോള്‍ ഡ്രൈവര്‍ ബസ് നിര്‍ത്തിതന്നു. 

gopal swamy betta
ഗോപാലസ്വാമി ക്ഷേത്രം

ക്ഷേത്രം അടുത്തെത്തി എന്ന സൂചന നല്‍കി ഗോപുരം ദൃശ്യമായിത്തുടങ്ങി. നനുത്ത തണുപ്പുള്ള പ്രദേശത്ത് എപ്പോഴും കാറ്റ് ആഞ്ഞുവീശുക്കൊണ്ടിരിക്കുന്നു. പുറത്തിങ്ങി. അത്യാവശ്യം തിരക്കുണ്ട് ക്ഷേത്രത്തില്‍. പടവുകള്‍ കയറി മുകളിലെത്തി. താഴെ കുന്നുകളും വിശാലമായ പുല്‍മേടുകളും കാടും മേഘങ്ങളുമെല്ലാം തീര്‍ക്കുന്ന വര്‍ണ ചാരുത. കാറ്റ് ശക്തമായി വീശിക്കൊണ്ടിരിക്കുന്നു. കരിങ്കല്ല് പാകിയ നടപ്പാതയിലൂടെ ചുറ്റി നടന്ന് ക്ഷേത്രം കണ്ടു. ഉച്ച സമയമായതിനാല്‍ ക്ഷേത്രത്തില്‍ അന്നദാനം ഉണ്ടായിരുന്നു. പച്ചരിച്ചോറും ഉരുളക്കിഴങ്ങും ചെറുപയറും ചേര്‍ത്ത കറിയും പായസവും.

gopal swamy betta
ഗോപാലസ്വാമി ക്ഷേത്രം

പതിനാലാം നൂറ്റാണ്ടില്‍ ചോള രാജാവായ ബല്ലാലയാണ് ക്ഷേത്രം നിര്‍മിച്ചത്.  കൃഷ്ണനാണ് പ്രതിഷ്ഠ. ക്ഷേത്രമല്ലാതെ ഒന്നും മലമുകളിലില്ല. അവിടയാകെ ചുറ്റി നടന്ന് കാഴ്ചകള്‍ പകര്‍ത്തി. ബസില്‍ തിരികെ ഫോറസ്റ്റ് ഗേറ്റ് എത്തി. ഏതാനും ചെറിയ കടകളും മറ്റും അവിടെയുണ്ട്. കന്നടരീതിയിലുള്ള എന്തോ ഭക്ഷണവും പഴങ്ങളും ചായയും ബജിയുമൊക്കെ അവിടെ കിട്ടും. ഒരു ചായയും ചൂട് ബജിയും കഴിച്ചു. നാലരയ്ക്ക് തിരിച്ച് ഗുണ്ടല്‍പേട്ടിലേക്ക് നേരിട്ട് ബസുണ്ട്. അതില്‍ മടങ്ങുമ്പോള്‍ ഒന്നുറപ്പിച്ചു. വീണ്ടും വരണം. ഗുണ്ടല്‍പേട്ടിലെ പൂക്കാലം കാണാന്‍.