കൂകിപ്പായുന്ന അതിവേഗ തീവണ്ടിയിലല്ല, പതുക്കെ കിതച്ചു കിതച്ചു മലകയറുന്ന തീവണ്ടിയില്‍ !പശ്ചിമഘട്ട മലനിരകളിലൂടെ, ഹിമാലയന്‍ താഴ്‌വാരങ്ങളിലൂടെ തീവണ്ടിയില്‍ ഒരു യാത്ര നടത്തുക എന്നത് സഞ്ചാരികളുടെ എക്കാലത്തെയും ആഗ്രഹങ്ങളിലൊന്നാണ്. ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ മൂന്ന് റെയില്‍ പാതകള്‍ ഉള്‍പ്പെടെ ഏതാനും മലയോര പാതകള്‍ ഇന്ത്യയിലുണ്ട്. കുളിരുള്ള കുന്നിന്‍ മുകളിലേക്ക് പൈതൃകത്തിന്റെ തണലില്‍ ഒരു യാത്ര, ഇന്ത്യയിലെ മലയോര തീവണ്ടികളിലൂടെ  ഒരു യാത്ര!

നീലഗിരി മൗണ്ടന്‍ ട്രെയിന്‍

ഊട്ടിയില്‍ പോവാത്തവരുണ്ടാവില്ല. അടുത്ത യാത്രയും ഊട്ടിയിലേക്കാണങ്കില്‍ അത് ഒരു പൈതൃക തീവണ്ടിയിലായാലോ? യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ മലയോര തീവണ്ടി പാതകളുണ്ട്. അതിലൊന്നാണ്  മേട്ടുപ്പാളയം ഊട്ടി തീവണ്ടി പാത. ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടിയെന്ന പദവി കൂടി ഈ പൈതൃക തീവണ്ടിക്കുണ്ട്. കോയമ്പത്തൂരിന് സമീപമുള്ള മേട്ടുപാളയത്തു നിന്ന് 46 കി.മീറ്റര്‍ അകലെയുള്ള ഊട്ടിയിലേക്ക് ഈ തീവണ്ടി എത്തിച്ചേരാന്‍ വേണ്ടത് നാലര മണിക്കൂര്‍! ഇത്ര സമയം തീവണ്ടിയില്‍ ഇരിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നില്ല എങ്കില്‍ മറ്റു ചില വഴികളുണ്ട്. മേട്ടുപാളയത്തു നിന്ന് കൂനൂരിലേക്ക് ടിക്കറ്റ് എടുക്കുക. കയറിയാല്‍ മതി. അവിെടനിന്ന് കൂനൂര്‍ വരെയുള്ള പാതയില്‍ റാക്ക് ആന്റ് പിനിയന്‍ സംവിധാനം ഉപയോഗിച്ചാണ് തീവണ്ടി ഓടുന്നത്.

ഇന്ത്യയില്‍ ഈ സംവിധാനം ഉപയോഗിക്കുന്നത് ഇന്ന് ഇവിടെ മാത്രമാണ്. പാളത്തിന് നടുവില്‍ പ്രത്യേക പല്‍ചക്രങ്ങള്‍ ഉപയോഗിക്കുന്ന രീതിയാണിത്. 1891 ല്‍ പണി തുടങ്ങി 1908 ല്‍ പൂര്‍ത്തിയാക്കിയ പാതയില്‍  അന്ന് ഏത് എന്‍ജിന്‍ ഉപയോഗിച്ചുവോ അതു തന്നെ ഇപ്പോഴും തുടരുന്നു . നീരാവി എന്‍ജിനുകളില്‍ ഇപ്പോഴും കല്‍ക്കരി തന്നെ ഉപയോഗിക്കുന്നു. ഒരു തവണ സര്‍വീസ് നടത്താന്‍ ഏകദേശം 8000 ലിറ്റര്‍ വെള്ളം വേണം. ഭവാനി നദിയില്‍ നിന്നാണ് ഇതിനുള്ള വെള്ളം എടുക്കന്നത്. മേട്ടുപ്പാളയം വിട്ട ഉടനെ ഭവാനിയെ നമുക്ക് കാണാം.
 
കൂനൂര്‍ വരെ കുത്തനെ കയറ്റമാണ്. ഏഷ്യയിലെ ഏറ്റവും കുത്തനെയുള്ള കയറ്റമാണിത്. പശ്ചിമഘട്ട പര്‍വ്വതനിരയുടെ കിഴക്കന്‍ ചെരിവിലെ വൈവിധ്യമാര്‍ന്ന നിരവധി പൂക്കളും ചെടികളും മരങ്ങളും നീര്‍ചോലകളും ആസ്വദിച്ചുള്ള യാത്ര എക്കാലവും ഓര്‍മയില്‍ തങ്ങും. ചില സമയങ്ങളില്‍ കോടമഞ്ഞിലൂടെയാവും യാത്ര. യൂക്കാലിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും പുല്‍മേടുകളും നിറഞ്ഞ വഴികള്‍... കൂനൂര്‍ എത്തുന്നതിന് മുമ്പ് അഞ്ച് സ്റ്റേഷനുകളുണ്ട്. അവിടെയെല്ലാം ഒന്നിറങ്ങി വിശ്രമിക്കാം. പഴയ കാലത്തിന്റെ ഓര്‍മകളയവിറക്കാം.

മേട്ടുപ്പാളയത്ത് നിന്ന് രാവിലെ 7.10 ന് പുറപ്പെടുന്ന തീവണ്ടിയില്‍ യാത്ര ചെയ്യുന്നതാണ് ഏറ്റവും ഹരം. പുലര്‍കാല കുളിരില്‍ ഊട്ടിയുടെ ഇളം ചൂടിലേക്ക് നമുക്ക് പതുക്കെ കയറാം. അതില്‍ ഇടം കിട്ടിയില്ലങ്കില്‍ ഉച്ചക്ക് 2 ന് ഊട്ടിയില്‍ നിന്ന് പുറപ്പെട്ട് 5.35ന് മേട്ടുപ്പാളയം എത്തുന്ന ഒരു ട്രെയിനും ഉണ്ട്. ഏപ്രില്‍, മെയ് മാസങ്ങളില്‍ രാവിലെ 9.30 ന് സ്‌പെഷല്‍ ട്രെയിനും റെയില്‍വേ ഒരുക്കാറുണ്ട്. കൂനൂര്‍ മുതല്‍ ഊട്ടി വരെയും തിരിച്ചും ഡീസല്‍ എഞ്ചിനാണ് ഇപ്പോള്‍ റെയില്‍വെ ഉപയോഗിക്കുന്നത്. സ്വന്തം വാഹനത്തില്‍ ഊട്ടിയിലേക്ക് യാത്ര തിരിക്കുന്നവര്‍ക്ക് മേട്ടുപാളയം മുതല്‍ കൂനൂര്‍ വരെയുള്ള പാതി യാത്രയാവും ഉത്തമം.
 
ഒന്നാം ക്ലാസില്‍ 16 പേര്‍ക്കും രണ്ടാം ക്ലാസിലെ റിസര്‍വ്ഡ് കോച്ചില്‍ 142 പേര്‍ക്കും ഓര്‍ഡിനറിയില്‍ 65 പേര്‍ക്കും യാത്ര ചെയ്യാം. റിസര്‍വേഷന്‍ ടിക്കറ്റുകള്‍ വളരെ നേരത്തെ വിറ്റുതീരാറുണ്ട്. പഴയ കടലാസ് ചട്ടയിലുള്ള ടിക്കറ്റാണ് ഇപ്പോഴും മേട്ടുപ്പാളയത്ത്. ഇനി നേരത്തെ റിസര്‍വേഷന്‍ ചെയ്യാന്‍ പറ്റാത്തവരാണങ്കില്‍ ഊട്ടിക്ക് സമീപമുള്ള ലൗ ഡേല്‍  സ്റ്റേഷനില്‍ പോയി  ഊട്ടിയിലേക്ക് ടിക്കറ്റ് എടുക്കുക. 4 കി.മീറ്റര്‍ മാത്രമുള്ള യാത്രയാണങ്കിലും പൈതൃക തീവണ്ടിയില്‍ യാത്ര ചെയ്തവരായി തീരും നമ്മളും. കൂനൂരിനും ഊട്ടിക്കും ഇടയില്‍ ധാരാളം സര്‍വീസുകള്‍ ലഭ്യമാണ്. ഇപ്പോഴും പുക തുപ്പുന്ന, പഴയ സ്വിസ് ലോകോമോട്ടീവ് എന്‍ഞ്ചിന്‍ ഘടിപ്പിച്ച, മരത്തില്‍ തീര്‍ത്ത ഒരു കമ്പാര്‍ട്ടുമന്റിന്റെ ജനലരികിലിരുന്ന് കാഴ്ചകള്‍ കണ്ട് ഓര്‍മകളുടെ കുളിരിലേക്ക് ഒരു യാത്ര പോവാന്‍ കൊതിക്കുന്നുവെങ്കില്‍ ഇന്നു തന്നെ ഒരുങ്ങിക്കോളൂ.. കിലുക്കത്തിലെ ഊട്ടിപട്ടണം.... 

Train number 56136
7.10 am to 12- Metupalaiyam MTP to Udagamandalam UAM
Train number  56137 
2 pm to 5.35 -UAM to MTP

ഡാര്‍ജിലിംഗ് മലയോര പാത

ഹിമാലയത്തിലെ സുന്ദര താഴ്‌വാരങ്ങളിലേക്ക് നിങ്ങളൊരു യാത്ര പ്ലാന്‍ ചെയ്യുന്നുവെങ്കില്‍ അതിലൊന്നാമതായി ഇടം പിടിക്കേണ്ട ഒരു യാത്രയിതാ. പശ്ചിമ ബംഗാളിന്റെ ഏറ്റവും നെറുകയിലായി സ്ഥിതി ചെയ്യുന്ന മഞ്ഞില്‍ പൊതിഞ്ഞ ഡാര്‍ജലിംഗിലേക്ക്! 

സിക്കിം, മേഘാലയ, ആസ്സാം, അരുണാചല്‍ തുടങ്ങിയ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലേക്കുള്ള എല്ലാ ട്രെയിനുകളും കടന്നു പോവുന്ന ന്യൂ ജയ്പാല്‍ഗുരി റെയില്‍വേ സ്റ്റേഷനില്‍ ഒന്നിറങ്ങുക. അവിടുന്നോ സമീപത്തെ സിലിഗുരിയില്‍ നിന്നോ ഡാര്‍ജലിംഗിലേക്കുള്ള തീവണ്ടിയാത്രയ്ക്ക് ഒരുങ്ങുക. യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ആദ്യം ഇടം പിടിച്ച തീവണ്ടി പാതയാണ് ഡാര്‍ജലിംഗ് മലയോരപാത.1999 ലാണ് ഈ പാതക്ക് യുനെസ്‌കോ പൈതൃക പദവി നല്‍കിയത്. സമുദ്രനിരപ്പില്‍ നിന്ന് 100 മീറ്ററോളം ഉയരമുള്ള സിലിഗുരിയില്‍ നിന്ന് 2,200 മീറ്റര്‍ ഉയരത്തിലുള്ള  ഡാര്‍ജലിംഗിലേക്ക്!

നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രയോഗിച്ചിരുന്ന അതേ ടോയ് ട്രെയിനില്‍ 86 കി.മീറ്റര്‍ ദൂരത്തില്‍ പ്രകൃതി രമണീയമായ കുന്നിന്‍ ചെരിവുകളിലൂടെ നിങ്ങള്‍ക്ക് മതിവരുവോളം യാത്ര ചെയ്യാം. എന്നാലും ആറ് മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് പകരംസമയമില്ലാത്തവര്‍ക്ക്  ഘോം മുതല്‍ ഡാര്‍ജലിംഗ് വരെ യാത്ര ചെയ്യാം. ഏറ്റവും
ഭംഗിയുള്ള കാഴ്ചകള്‍ ഈ സ്‌േറ്റഷനുകള്‍ക്കിടയിലാണ്. ഈ റൂട്ടില്‍ ഓണ്‍ലൈന്‍ ബുക്കിംങ് ഉണ്ട്. ന്യൂജയ്പാല്‍ഗുരി മുതല്‍ ഡാര്‍ജലിംഗ് വരെ ഫസ്റ്റ് ക്ലാസ് യാത്രക്ക് 1105 രൂപ ചെലവു വരും.സിലിഗുരിയില്‍ നിന്ന് പതിനാറ് കി.മീറ്റര്‍ അകലെയുള്ള ബാഗ്‌നോഗ്രാ ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

Train number 52541
NJP(NEW JAIPALGURI) to DJ (DARJEELING)
Train number 52540
DJ (DARJEELING)  to NJP(NEW JAIPALGURI) 

കല്‍ക്ക-സിംല പാത

ബ്രിട്ടീഷുകാരുടെ  വേനല്‍ കാല തലസ്ഥാനമായിരുന്ന സിംലയിലേക്ക് 1903 ല്‍ പണി കഴിപ്പിച്ച തീവണ്ടി പാതയാണ് ഇന്ത്യയിലെ മറ്റൊരു പൈതൃക തീവണ്ടി പാത. 2008ലാണ് ഈ പാതക്ക് യുനസ്‌കോ ഹെറിറ്റേജ് പദവി നല്‍കിയത്. ഇരുപത് സ്റ്റേഷനുകള്‍ 103 ടണലുകള്‍, 82 പാലങ്ങള്‍, ഒട്ടനവധി വളവുകള്‍, 96 കി.മീറ്റര്‍ ദൈര്‍ഘ്യം അങ്ങിനെ നമ്മെ അത്ഭുതപ്പെടുത്തുന്ന ഒട്ടനവധി വിശേഷങ്ങള്‍! ചണ്ഡിഗഡില്‍ നിന്ന് 28കി.മീറ്റര്‍ അകലെയുള്ള കാല്‍ക്കയില്‍ നിന്നാണ് തുടക്കം.

Train 2

ഒന്നര മണിക്കൂര്‍ കാണണം കല്‍ക്കയിലേക്ക് ചണ്ഡിഗഡില്‍ നിന്നുള്ള റോഡ് യാത്രക്ക്. അഞ്ച് മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് നിങ്ങള്‍ക്ക് സമയമനുവദിക്കുന്നില്ലങ്കില്‍ നിങ്ങള്‍ ബരോഗിലേക്ക് പുറപ്പെടൂ. ഒരു മണിക്കൂര്‍ നാല്‍പത് മിനുറ്റ് നിങ്ങള്‍ക്ക് ലാഭിക്കാം. ബരോഗ് മുതല്‍ യാത്ര കൂടുതല്‍ ഹൃദ്യമാണ്. നിത്യവും അഞ്ച് തീവണ്ടികള്‍ ഈ റൂട്ടിലുണ്ട്. രാവിലെ 3.30, 5.00 ,5.20, 6.00 ഉച്ചക്ക് 12.10 .ഇതില്‍ 5.20 ന് പുറപ്പെടുന്ന ഷിവാലിക് ഡീലക്‌സ് ( 52451) 12.10 നുള്ള ഹിമാലയന്‍ ക്വീന്‍ (52455) എന്നിവയിലുള്ള യാത്ര കൂടുതല്‍ സുഖകരമാണ്. 

ബരോഗ് മുതലാണ് ടണലുകളും ഹിമാലയന്‍ കാഴ്ചകളും തുടങ്ങുന്നത്. ഹില്‍ സ്റ്റേഷനുകളുടെ രാജകുമാരിയായ, ഹിമാചലിന്റെ തലസ്ഥാനമായ സിംല  ഇതാ നിങ്ങള്‍ക്കരികില്‍. 

കാംഗ്രാ താഴ്‌വര യാത്ര

ഹിമാചലിലേക്ക് ഒരു തീവണ്ടി പാത കൂടി മല തുളച്ച് കടന്നു പോവുന്നുണ്ട്. പൈതൃക പട്ടികയില്‍ ഇടം പിടിക്കാത്തതിനാല്‍ അധികമാരും ശ്രദ്ധിക്കാതെ ഈ തീവണ്ടി മല കയറി പോവുന്നു. പഞ്ചാബിലെ പഠാന്‍ കോട്ടില്‍ നിന്നും യാത്ര ആരംഭിച്ച് 164 കി. മീ ദൂരം പിന്നിട്ട് ഹിമാചലിലെ ജോഗീന്ദര്‍ നഗറില്‍ എത്തിച്ചേരുന്ന ഈ പാത 1929 ലാണ് പണി പൂര്‍ത്തിയാക്കി സഞ്ചാരികള്‍ക്കായി തുറന്നത്. കംഗ്രാ മുതല്‍ പാലംപൂര്‍ വരെയുള്ള കാഴ്ചകളാണ് ഏറ്റവും ഹൃദ്യമായത്. മനോഹരമായ പുല്‍മേടുകളും കുന്നിന്‍ ചെരിവുകളും കാടും ഗ്രാമ കാഴ്ചകളും കണ്ട് കാംഗ്രാ താഴ്‌വാരത്തു കൂടി നാട്ടുകാര്‍ക്കൊപ്പം യാത്ര ചെയ്യാം.പഠാന്‍ കോട്ട് മുതല്‍ കാംഗ്ര വരെയുള്ള യാത്രകള്‍ തനത് ഉത്തരേന്ത്യന്‍ യാത്രാനുഭവങ്ങള്‍ മാത്രം നല്‍കുമ്പോള്‍ കാംഗ്ര മുതല്‍ പാലം പൂര്‍ വരെയുള്ള അമ്പത് കിലോമീറ്റര്‍ യാത്ര നമ്മെ പുതിയൊരു ലോകത്തേക്ക് നയിക്കും.

സ്റ്റേഷന്‍ കോഡുകള്‍ > Kangra mandir: KGMR, Palampur: PLMX

 

നരാല്‍-മാത്തേര​ന്‍ ഹില്‍ റെയില്‍വേ

മഹാരാഷ്ട്രയില്‍ പശ്ചിമഘട്ട മലനിരയിലെ ഏറ്റവും സുന്ദരമായ ഒരു ഹില്‍ സ്റ്റേഷനാണ് മതേരന്‍. മലയാളികള്‍ ഊട്ടി പോലെയാണ് മുംബൈക്കാര്‍ക്കും പൂനക്കാര്‍ക്കും മതേരന്‍. താഴ്‌വാരത്തെ നരാലില്‍ നിന്ന് വളഞ്ഞുപുളഞ്ഞ്, കൊടും വളവുകളും കയറ്റങ്ങളുമുള്ള റോഡ് വഴിയും തീവണ്ടി മാര്‍ഗവും നമുക്ക് മതേരനില്‍ എത്താം. വായു മലിനീകരണം ഒഴിവാക്കാന്‍ ഈ ചെറുപട്ടണത്തില്‍ മോട്ടോര്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. സഞ്ചാരികള്‍ മതേരനില്‍ എത്താന്‍ ഒരു ടോയ് ട്രെയിനിനെ ആശ്രയിക്കുന്നു. ഈ തീവണ്ടി പാതക്ക് 21 കി.മി ദൂരമുണ്ട്. ബ്രിട്ടീഷ് നിര്‍മ്മിതമാണ് മെറ്റല്ലാ മലയോര റെയില്‍പാതകെളങ്കില്‍ ഈ പാത പണിതത് അബ്ദുല്‍ ഹുസൈന്‍ ആദംജീ പീര്‍ബോയ് ആണ്. മുംബൈയിലെ സമ്പന്നനായ വ്യാപാരിയും പൗരപ്രമുഖനുമായിരുന്നു അബ്ദുല്‍ ഹുസൈന്‍. നരേന്‍ സ്‌േറ്റഷനും മതേരന്‍ സ്‌േറ്റഷനുമിടയില്‍ ആകെ 3 സ്റ്റേഷനുകളേ ഉള്ളൂ. പശ്ചിമഘട്ട പര്‍വ്വത നിരക്ക് കുറുകെ പണിത ഈ റെയില്‍ പാതയിലൂടെ ആവട്ടെ അടുത്ത യാത്ര! 

ഭൂമിയിലെ സ്വര്‍ഗ്ഗത്തിലൂടെ

ബസുമതി പാടങ്ങളുടേയും കടുക് പാടങ്ങളുടേയും ഇടയിലൂടെ കോടമഞ്ഞു പുതഞ്ഞ കാശ്മീര്‍ താഴ്‌വാരങ്ങളിലൂടെ, പൈന്‍ മരങ്ങളും ആപ്പിള്‍ മരങ്ങളും നിറഞ്ഞ കുന്നിന്‍ ചെരിവിലൂടെ ഒരു തീവണ്ടിയാത്ര സ്വപ്‌നം കണ്ടു നോക്കൂ. അങ്ങിനെയും ഒരു യാത്രയുണ്ട്. കാശ്മീരിലേക്ക് യാത്ര പോകുന്നവര്‍ അധികമാരും ഈ തീവണ്ടി യാത്രയ്ക്ക് മുതിരാറില്ല. കാരണം ഇന്ത്യന്‍ റെയില്‍വേയുടെ പ്രധാന റെയില്‍ പാതകളുമായി ഈ റൂട്ട് ഇപ്പോഴും ബന്ധിപ്പിക്കപ്പെട്ടിട്ടില്ല.

Train 3

കേരളത്തില്‍ നിന്ന് ജമ്മു താവി വരെയാണ് നാം തീവണ്ടിയില്‍ പോവുക. തുടര്‍ന്ന് ടാക്‌സിയില്‍ നേരെ ശ്രീനഗറിലേക്ക്. ഇനി യാത്ര പോവുമ്പോള്‍ ബനിഹാള്‍  എത്തുമ്പോള്‍ ഒന്നിറങ്ങി ടാക്‌സി തിരിച്ചയക്കുക. ബാരാമുല്ലയിലേക്ക് നിത്യവും അഞ്ച് സര്‍വ്വീസുണ്ട് ബനിഹളില്‍ നിന്ന്. അതിനിടയിലെ ഒരു സ്റ്റോപ്പാണ് ശ്രീനഗര്‍. യൂറോപ്പിലൂടെയാണോ നാം പോവുന്നതെന്ന് ഒരു വേള സംശയിച്ചു പോവും. വൃത്തിയും വെടിപ്പുമുള്ള ഒന്നാം തരം ആധുനിക കമ്പാര്‍ട്ട് മന്റുകളാണ് ഈ റൂട്ടിലോടുന്ന വണ്ടികളിലെല്ലാം. 135 കി.മീറ്റര്‍ യാത്രക്ക് രണ്ടര മുതല്‍ മൂന്ന് മണിക്കൂര്‍ വരെ എടുക്കും. ശ്രീനഗര്‍ പരിസരത്തുള്ള ഏതെങ്കിലും ഒരു സ്റ്റേഷനിലേക്ക് കൗതുകത്തിന് ഒരു യാത്രയുമാവാം.

ഗോവ-ലോന്‍ഡ

ഗോവയിലെ വാസ്‌കോ ഡി ഗാമ മുതല്‍ കര്‍ണാടകയിലെ ലോന്‍ഡ വരെ ഒന്നു പോയാലോ? കേരളത്തില്‍ നിന്ന് മുംബൈയിലേക്കോ ഡല്‍ഹിയിലേക്കോ കൊങ്കണ്‍ വഴി പലരും യാത്ര പോയിക്കാണും. പശ്ചിമഘട്ടത്തെ തെക്ക് വടക്ക് ദിശയില്‍ ഒരു പാട് തുരങ്കങ്ങളും പാലങ്ങളും നിര്‍മ്മിച്ച് പണിത ഈ കൊങ്കണ്‍ എന്നും വിസ്മയം തന്നെയാണ്. ആ യാത്രക്കിയില്‍ ഗോവയില്‍ ഇറങ്ങി പശ്ചിമഘട്ടത്തെ ഒന്നു വിലങ്ങനെ കയറിയാലോ? അങ്ങിനെയും ഒരു പാതയുണ്ട്. ഗോവയിലെ വാസ്‌കോഡ ഗാമ സ്റ്റേഷനില്‍ നിന്ന് യാത്ര തുടങ്ങി കര്‍ണാടകയിലെ ലോന്‍ഡ വരെ യാത്ര ചെയ്താല്‍ കാഴ്ചകളുടെ വസന്തമായി.
പച്ച പുതച്ചു നില്‍ക്കുന്ന മലനിരകളും വെള്ളച്ചാട്ടങ്ങളുമെല്ലാം ചേര്‍ന്ന് വിസ്മയകരമായ അനുഭവമാണ് ഈ യാത്ര. മണ്‍സൂണ്‍ ആണ് ഏറ്റവും സുന്ദര കാലം. ചെന്നൈയിലേക്കും തിരുപ്പതിയിലേക്കും വേളാങ്കണ്ണിയിലേക്കുമെല്ലാം ഗോവയില്‍ നിന്നുള്ള തീവണ്ടികള്‍ ഈ മലമ്പാതതാണ്ടിയാണ് കടന്നു പോവുന്നത്. ഗോവ കണ്ട് മടങ്ങുമ്പോള്‍ ഇനി ഈ  പുതിയ വഴി കൂടി കണ്ട് വരൂ...