രു ദീര്‍ഘയാത്ര പോകണമെന്ന് കുറേ നാളായുള്ള ആഗ്രഹമാണ്. പലകാര്യങ്ങള്‍കൊണ്ടും അത് നീണ്ടുനീണ്ടു പോയി. ഇനിയത് വൈകിച്ചുകൂടാ എന്ന തീവ്രമായ ചിന്തയുമായി നടന്ന എനിക്ക് ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളിലൊരാളാണ് മേഘമല എന്ന സ്വച്ഛന്ദസുന്ദര സ്ഥലം പരിചയപ്പെടുത്തിയത്. കൂട്ടത്തില്‍ തേനിയിലെ മുന്തിരിപ്പാടങ്ങളും കാണാം എന്നുവച്ചു. മേഘമല എന്ന പേരില്‍ത്തന്നെ ആകൃഷ്ടനായ ഞാന്‍ സ്ഥലത്തേക്കുറിച്ച് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പ്രാഥമികമായ ധാരണയിലെത്തി. എന്ന് പോകുമെന്നായി പിന്നീടുള്ള ചിന്ത. അങ്ങനെയാണ് യാത്ര പൊങ്കല്‍ ദിനത്തിലാക്കാം എന്നുറപ്പിക്കുന്നത്. സഹോദരനോടും രണ്ട് സുഹൃത്തുക്കളോടും കാര്യം പറഞ്ഞപ്പോള്‍ അവരും റെഡി. അങ്ങനെ ഒരു യാത്ര അവിടെ പതിയെ രൂപപ്പെട്ടു.

Meghamalai 1

പൊങ്കലിന്റെ തലേദിവസമായ ജനുവരി 13-ാം തീയതി രാത്രി കോഴിക്കോട് മിഠായിത്തെരുവില്‍ നിന്നായിരുന്നു ഞങ്ങള്‍ യാത്ര തുടങ്ങിയത്. മിഠായിത്തെരുവില്‍ നിന്ന് പുറപ്പെടുമ്പോള്‍ സമയം രാത്രി 11 മണി കഴിഞ്ഞിരുന്നു. കൂടെയുള്ളവര്‍ മൂവരും നല്ല ഡ്രൈവര്‍മാരായതിനാല്‍ വളയം അവര്‍ക്ക് വിട്ടുകൊടുത്ത് ഞാന്‍ വെറും യാത്രികനായി മാറി. കേരളം വഴിയും തമിഴ്‌നാട് വഴിയും മേഘമലയ്ക്ക് പോകാം.

കേരളം വഴിയുള്ള യാത്രയാണെങ്കില്‍ അങ്കമാലി, കോതമംഗലം നെടുങ്കണ്ടം വഴി കമ്പത്ത് ഇറങ്ങി ചിന്നമണ്ണൂരിലെത്തി അവിടെ നിന്ന് മേഘമലയില്‍ എത്താം. തമിഴ്‌നാട് വഴി പരിഗണിക്കുന്നവര്‍ക്ക് പാലക്കാട് വഴി പൊള്ളാച്ചി കടന്ന് ധര്‍മപുരം, ഓടച്ഛത്രം, സെംപട്ടി, ബത്തലഗുണ്ട് വഴി തെന്‍പളനിയില്‍ എത്താം. അവിടെ നിന്ന് മേഘമലയിലേക്കുള്ള ചുരം റോഡാവും. തിരക്ക് കുറഞ്ഞ റോഡും വണ്ടി ഓടിക്കാനുള്ള സുഖവുമാണ് പരിഗണിക്കുന്നതെങ്കില്‍ തമിഴ്‌നാടന്‍ റോഡാണ് നല്ലത്. 

രാത്രിയാത്രയിലുടനീളം സഹയാത്രികരുടെ സംസാരം യന്ത്രങ്ങളുടെ പ്രവര്‍ത്തനരീതിയേ കുറിച്ചായിരുന്നു. പോളി ടെക്‌നിക്കിലൊന്നും പഠിക്കാത്തതിനാല്‍ ഒന്നും മനസിലാവാതിരുന്ന ഞാന്‍ കാര്‍ സ്റ്റീരിയോയില്‍ നിന്നൊഴുകി വന്ന മാര്‍സ് ബ്രൂണോയുടെ ഗാനത്തിലേക്ക് പൂണ്ടു. '' ഇറ്റ്‌സ് എ ബ്യൂട്ടിഫുള്‍ നൈറ്റ്...''  പുലര്‍ച്ചെ 3.15 ഓടെ കേരളാ-തമിഴ്‌നാട് അതിര്‍ത്തിയായ ഗോപാലപുരത്തെത്തി. റോഡിന് ഒത്തമധ്യത്തില്‍ തിരുവള്ളുവരുടെ കൂറ്റന്‍ ശില്‍പ്പം ഞങ്ങള്‍ക്ക് സ്വാഗതമേകി. മുന്നോട്ടുള്ള യാത്രയില്‍ പൊള്ളാച്ചി എത്തുന്നതിന് മുമ്പ് രണ്ടിടങ്ങളില്‍ പോലീസ് പരിശോധനയുമുണ്ടായിരുന്നു. അല്‍പ്പദൂരം പോയപ്പോഴേക്കും സൂര്യന്‍ തന്റെ ചുവന്ന കുപ്പായവും ധരിച്ച് ഞങ്ങള്‍ക്ക് അഭിമുഖമായെത്തി. വാഹനം നിര്‍ത്തി ആ കാഴ്ച ആസ്വദിച്ച ശേഷം വീണ്ടും യാത്രയാരംഭിച്ചു. 

sunrise

റോഡിനിരുവശവും പുളിമരങ്ങള്‍ പരസ്പരം കൊമ്പുകോര്‍ത്ത് തലകുനിച്ച് നില്‍ക്കുന്നു. 'റ' പോലെ തോന്നിക്കുന്ന ഈ തുരങ്കം കോടമഞ്ഞിനാല്‍ നിറഞ്ഞിരിക്കുന്നു. ഇതിലൂടെയുള്ള യാത്രയെ എത്ര വര്‍ണിച്ചാലും മതിയാവില്ല. കയ്യില്‍ കരുതിയിരുന്ന ഗോപ്രോ ക്യാമറ കാറിന്റെ ബോണറ്റില്‍ ഘടിപ്പിച്ചായി  പിന്നെ അല്‍പ്പനേരത്തേക്കുള്ള യാത്ര. കുറച്ചുകൂടി മുന്നോട്ടുപോയപ്പോള്‍ ദിണ്ടിഗല്‍-തേനി-കൊട്ടാരക്കര ഹൈവേയായി. റോഡിന്റെ ഇരുഭാഗവും കുന്നുകളാണ്. പരത്തിവച്ചതുപോലെ തോന്നിക്കുന്ന ഇലകളുമായി കാട്ടുചെടികള്‍ തിങ്ങിനില്‍ക്കുന്നു. മറുഭാഗത്താകട്ടെ റോഡിനോട് ചേര്‍ന്നുതന്നെ നീലനിറത്തില്‍ മിന്നിത്തിളങ്ങി നില്‍ക്കുന്ന തടാകവും. തടാകത്തിന് പശ്ചാത്തലമായി മഞ്ഞുമൂടിയ മലനിരകളും മഞ്ഞിനെ തുളച്ചിറങ്ങാന്‍ ശ്രമിക്കുന്ന സൂര്യരശ്മികളും. വാഹനം നിര്‍ത്തി സ്വസ്ഥമായി ഈ കാഴ്ച ആസ്വദിച്ചില്ലെങ്കില്‍ വലിയ നഷ്ടമായിരിക്കുമെന്ന് തോന്നി. കൂടെയുള്ളവര്‍ ഈ ദൃശ്യം പശ്ചാത്തലമാക്കി സെല്‍ഫിയെടുക്കുന്ന തിരക്കിലായിരുന്നു. ഏതെങ്കിലും വിദേശരാജ്യത്താണോ നില്‍ക്കുന്നതെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാനാവില്ല. 

Highway lake

ഒമ്പത് മണിയോടെ ഞങ്ങള്‍ തേനിയിലെത്തി. വിശപ്പിന്റെ വിളി ആരംഭിച്ചിരുന്നു. നല്ലൊരു ഭക്ഷണശാല അന്വേഷിച്ചുനടന്ന ഞങ്ങള്‍ ഒടുവില്‍ ഒരു മലയാളി ഹോട്ടല്‍ തന്നെ കണ്ടെത്തി. കൊല്ലം സ്വദേശിയായ സാബു ചേട്ടന്റേതാണ് ഹോട്ടല്‍. പൊങ്കലായതുകൊണ്ട് അപൂര്‍വം ഹോട്ടലുകളേ തുറന്നിട്ടുള്ളു എന്നതിനാല്‍ കടയില്‍ അത്യാവശ്യം  തിരക്കുണ്ട്. 15 വര്‍ഷമായി ഇദ്ദേഹം തേനിയിലെത്തിയിട്ട്. പല ബിസിനസുകളും ചെയ്തു. രണ്ടര വര്‍ഷം മുമ്പാണ് ഹോട്ടല്‍ തുടങ്ങിയിട്ട്. ഒറ്റമുറിയാണ് ഹോട്ടല്‍ എന്ന് പറയുന്നത്. കഴിക്കാനുള്ള ഇടവും ക്യാഷ് കൗണ്ടറും മാത്രമേ ഇവിടെയുള്ളൂ. ഭക്ഷണം പാകം ചെയ്യുന്നത് ഇതിന് തൊട്ടുപിന്നിലായുള്ള സാബു ചേട്ടന്റെ വീട്ടിലെ അടുക്കളയിലാണ്. മേഘമലയിലേക്കുള്ള വഴി ചോദിച്ചപ്പോള്‍ കൃത്യമായിത്തന്നെ അദ്ദേഹം പറഞ്ഞുതന്നു. സാബു ചേട്ടന് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങള്‍ തേനിവിട്ടു. 

Sabu Hotel

ഏതാനും കിലോമീറ്ററുകള്‍ മുന്നോട്ടുപോയപ്പോള്‍ അതാ ഒരു കാഴ്ച. റോഡിന്റെ ഒരുഭാഗത്ത് വിശാലമായ കരിമ്പ് പാടമാണ്. കര്‍ഷകര്‍ പല സംഘങ്ങളായി ചേര്‍ന്ന് കരിമ്പ് കൊയ്യുകയാണ്. കൂട്ടത്തില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്. തലച്ചുമടായി കൊണ്ടുവന്ന് റോഡരുകില്‍ കൂട്ടിയിട്ടാണ് കച്ചവടം. കരിമ്പിന്റെ ചിത്രം പകര്‍ത്തിക്കൊണ്ടിരിക്കേ ഒരാള്‍ അടുത്തുവന്നിട്ട് പറഞ്ഞു. '' തമ്പീ..ഫോട്ടോ എടുക്കറ്ത്ക്ക് ടാക്‌സ് കൊടുക്കണുമേ'' . ആര്‍ക്കാണ് ടാക്‌സ് കൊടുക്കേണ്ടതെന്ന് ഞാന്‍ ചോദിച്ചു. മറുചോദ്യത്തിന് കൃത്യമായ ഒരുത്തരം പറയാന്‍ സാധിക്കാതിരുന്ന ആ സുഹൃത്തിന് ഒരു ചിരി സമ്മാനിച്ച് ഞാന്‍ ചിന്നമണ്ണൂരിലേക്ക് യാത്ര തുടങ്ങു. ചിന്നമണ്ണൂരാണ് മേഘമലയുടെ അടിവാരം. ഭേദപ്പെട്ട ഒരു ടൗണാണ് ചിന്നമണ്ണൂര്‍. പൊങ്കലായതിനാല്‍ കച്ചവടക്കാരുടെ ബഹളമുണ്ട്. പലതരം വസ്തുക്കള്‍ റോഡരികില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്നു. കരിമ്പാണ് മുഖ്യം.

Sugarcane

ചിന്നമണ്ണൂര്‍ നിന്നും ഏകദേശം 50 കിലോമീറ്ററുണ്ട് മേഘമലയിലേക്ക്. ചോദിച്ച് ചോദിച്ചായിരുന്നു ഇവിടെ നിന്നുമുള്ള യാത്ര. പക്ഷേ അപ്പോഴും ഒരു നിരാശ ബാക്കി കിടന്നു. വഴിക്ക് മുന്തിരി നിറഞ്ഞുകിടക്കുന്ന പാടങ്ങള്‍ പ്രതീക്ഷിച്ച എനിക്ക് വിളവെടുപ്പ് കഴിഞ്ഞതോ കൃഷി ആരംഭിക്കുന്നതോ ആയ നിലങ്ങള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. മേഘമലയിലേക്കുള്ള യാത്രയില്‍ ഇടയ്‌ക്കൊന്ന് വഴിതെറ്റി. വഴിയില്‍ കണ്ട പ്രായമായ ഒരാളോട് ചോദിച്ച് വഴി മനസിലാക്കിയ ഞങ്ങള്‍ അവസാനം ഉച്ചയ്ക്ക് 12.30 ഓടെ മലയിലേക്കുള്ള ചുരം റോഡിന് താഴെയെത്തി. ഇവിടെ വനംവകുപ്പ് അധികൃതരുടെ ഒരു ചെക്ക്‌പോസ്റ്റുണ്ട്. മലമുകളില്‍ തങ്ങുന്നില്ലെന്ന് പറഞ്ഞപ്പോള്‍ അങ്ങനെയെങ്കില്‍ 5.30 ന് മുമ്പ് തിരിച്ചെത്തണമെന്ന് ചെക്‌പോസ്റ്റില്‍ നിന്നും നിര്‍ദേശം ലഭിച്ചു. ഗോപ്രോയെടുത്ത് കാറില്‍ ഘടിപ്പിച്ച് ഞങ്ങള്‍ ചുരം കയറാന്‍ തുടങ്ങി.

Churam Road

വീതി കുറഞ്ഞതും മല തുരന്ന് നിര്‍മിച്ചതുമായ റോഡാണ് മേഘമലയിലേക്കുള്ളത്. ഇരുപതോളം മുടിപ്പിന്‍ വളവുകളാണ് റോഡിന്റെ പ്രത്യേകത. നിര്‍മാണം പോലും പൂര്‍ത്തിയാവാത്ത കൃത്യമായ കൈവരി പോലുമില്ലാത്ത റോഡില്‍ എതിരെ വാഹനം വന്നാല്‍ കുടുങ്ങിയത് തന്നെ. കഴിഞ്ഞ വര്‍ഷം തുടങ്ങിയ റോഡ് ടാറിടല്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. വളവുകളില്‍ ചരല്‍ നിരത്തിയിട്ടിട്ടേയുള്ളൂ. നാലുചക്ര വാഹനങ്ങള്‍ പോകാന്‍ കഷ്ടപ്പെടുന്ന ഈ വഴിയിലൂടെ മൂന്നുപേരുമായി സ്‌കൂട്ടികള്‍ പോകുന്നത് കണ്ട് ഞാന്‍ അന്തംവിട്ടു. ആദ്യവളവിന് പേര്  കുറിഞ്ഞിപ്പൂവ്. പിന്നെ മുല്ല, മരുത, വെച്ചി, വഞ്ചി, തുമ്പ, വാക, കാന്ത, മകാഴം, താഴംപൂ, പിച്ചി, കൂവളം, അണിച്ചം, ഇരുവാച്ചി, കൊണ്‍റൈ, വേങ്കൈ, മല്ലിക, താമരപ്പൂ വളവുകള്‍. ശാന്തവും അതേസമയം വന്യതയും നിറഞ്ഞതാണ് ഈ വളവുകള്‍ക്ക് മുകളില്‍ നിന്നുള്ള കാഴ്ചകള്‍. കാറ്റാടിപ്പാടങ്ങളും ചതുരക്കട്ടകള്‍ പോലെ തോന്നിക്കുന്ന കൃഷിയിടങ്ങളും ചെമ്മണ്‍ നിലങ്ങളും ചേര്‍ന്നൊരുക്കുന്ന പ്രകൃതിയുടെ സിംഫണി അനുഭവിച്ചറിയുക തന്നെ വേണം.

View

റോഡില്‍ നിന്ന് താഴോട്ട് നോക്കുമ്പോള്‍, കറുത്ത ദൃഢശരീരത്തില്‍ ചന്ദനമുണ്ടുടുത്തൊരു പ്രതിഷ്ഠാ രൂപം. കൈയിലൊരു വാളും കൂടെയൊരു പട്ടിയും. 'കറുപ്പാസ്വാമി' യുടെ കോവിലാണത്. മേഘമലുടെ കാവല്‍ക്കാരനാണ് കറുപ്പാസ്വാമി. മുകളിലേക്ക് പോകുന്തോറും തേയിലത്തോട്ടങ്ങള്‍ കണ്ടുതുടങ്ങും. നല്ല പച്ച നിറമുള്ള തേയിലകള്‍ കണ്ടാല്‍ പരവതാനി വിരിച്ചതുപോലെ തോന്നും. സമുദ്രനിരപ്പില്‍ നിന്ന് 1,500 മുതല്‍ 5,560 അടി വരെ ഉയരമുള്ള ഈ പ്രദേശത്ത് 6,000 ഏക്കറിലായാണ് തേയിലത്തോട്ടം. വുഡ്ബ്രയര്‍ ഗ്രൂപ്പിന്റെ കൈയിലാണ് തോട്ടം. കാപ്പി, ഏലം തുടങ്ങിയ കൃഷികള്‍ വേറെയും. തോട്ടം തൊഴിലാളികളുടെ പാര്‍പ്പിടങ്ങളും അല്‍പ്പംകൂടി മുകളിലേക്ക് പോകുമ്പോള്‍ കാണാം. 

Tea Estate

ഉച്ചയ്ക്ക് ഒരുമണിയോടെ മേഘമലയിലെത്തി. 'ഹൈവേ വിസ്' എന്ന സ്റ്റോപ്പിലിറങ്ങിയാല്‍ അവിടെയാണ് പഞ്ചായത്ത് ആസ്ഥാനം. താമസ സൗകര്യവും കിട്ടും. ഈ പഞ്ചായത്ത് അതിഥി മന്ദിരമാണ് ഇവിടെ താമസിക്കാനുള്ള ആശ്രയം. ദിവസം 750 രൂപ വാടക. അല്ലെങ്കില്‍ പിന്നെ, എസ്റ്റേറ്റ് ബംഗ്‌ളാവുകള്‍ നോക്കണം. 'ക്‌ളൗഡ് മൗണ്ടന്‍', 'റിവര്‍ സൈഡ്' എന്നിങ്ങനെ രണ്ട് എസ്റ്റേറ്റ് ബംഗ്‌ളാവുകളാണ് ഇവിടെയുള്ളത്. അതിന് 6,000 രൂപയാവും. സാധാരണക്കാര്‍ക്ക് പഞ്ചായത്ത് അതിഥിമന്ദിരം തന്നെ ശരണം. മൂന്നാറിലേ പോലെ വിനോദസഞ്ചാരികളുടെ കുത്തൊഴുക്കൊന്നുമില്ല മേഘമലയിലേക്ക്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ നടക്കാം. സൂര്യന്റെ ചൂടിനെ നിഷ്പ്രഭമാക്കുന്ന കുളിര്‍ കാറ്റേല്‍ക്കാം.

Tea Estate 2

തേയിലത്തോട്ടങ്ങള്‍ക്ക് നടുവില്‍ മറ്റൊരു അതിശയ കാഴ്ചയുണ്ട്. തൂവാനം ഡാം. തേയിലത്തോട്ടങ്ങളുടെ നടുവില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ ജലാശയം. പച്ചപുതച്ച രണ്ട് കുന്നുകളെ ബന്ധിപ്പിക്കുന്ന ഈ ഡാമിനപ്പുറം വിശാലമായ താഴ്‌വരയും കൃഷിയിടങ്ങളും ഗ്രാമങ്ങളുമാണ്. മേഘമലയിലേക്ക് മൂന്ന് ബസ്സുകളാണുള്ളത്. ഒന്ന് രാവിലെ അഞ്ച് മണിക്ക് പോവും. രണ്ടാമത്തേത് എട്ട് മണിക്കും, മൂന്നാമത്തേത് ഉച്ചയ്ക്കും. തിരിച്ച് രാവിലെ ആറ് മണി, ഉച്ചയ്ക്ക് ഒരു മണി, മൂന്ന് മണി. രണ്ടെണ്ണം സര്‍ക്കാര്‍ ബസ്സുകളും ഒരു സ്വകാര്യ ബസ്സും. സര്‍ക്കാര്‍ ബസ്സുകള്‍ ഇരവങ്കലാറിലേക്കും സ്വകാര്യ ബസ് മഹാരാജ മേട്ടിലേക്കുമാണ്.  ഒരു ക്രിസ്ത്യന്‍ പള്ളിയും പള്ളിക്കൂടവും തേയിലക്കമ്പനി വക കാന്റീനും ഒരു ദേവീക്ഷേത്രവുമായാല്‍ മേഘമലയുടെ ആസ്വാദനം പരിപൂര്‍ണമാവും.

Thoovanam Dam

റോഡ് നിര്‍മാണം പൂര്‍ത്തിയാവാത്തതാണ് മേഘമലയുടെ പ്രധാന പോരായ്മ. അതുകൂടി നികത്തപ്പെട്ടാല്‍ ഇന്ത്യയുടെ ടൂറിസം ഭൂപടത്തില്‍ മേഘമല വ്യക്തമായ ഒരിടം കണ്ടെത്തും.