ട്ടിയിലെ തോഡാ ക്ഷേത്രത്തേ ( Toda Temple ) കുറിച്ച് പലരും പറഞ്ഞ് കേട്ടിരുന്നു.  ഊട്ടി സന്ദർശിക്കുമ്പോൾ ഒരിക്കലെങ്കിലും അവിടെ പോകണമെന്നത് ആഗ്രഹമായി മനസ്സിൽ കയറിയതും അങ്ങിനെ തന്നെ.  പലതവണ ഊട്ടിയിൽ പോയിട്ടും എന്തുകൊണ്ടാണെന്നറിയില്ല ഇതുവരേക്കും അവിടെ പോകാൻ സാധിച്ചിട്ടുണ്ടായിരുന്നില്ല.  എന്നാൽ ഇത്തവണ അതു കണ്ടിട്ടേ മറ്റെവിടേയ്ക്കുമുള്ളൂ എന്നു തീരുമാനിച്ചായിരുന്നു യാത്ര.  

ഇത്തവണ ഊട്ടിയിലെത്തിയ ആദ്യ ദിവസം തന്നെ ക്ഷേത്രം കാണാനിറങ്ങിത്തിരിച്ചതും അതുകൊണ്ട് തന്നെ.  വഴി വലിയ തിട്ടമില്ലാത്തതുകൊണ്ട് ഗൂഗിൾ മാപ്പ് ഉപയോഗിച്ചാണ് യാത്ര.  ലെയ്ക്കിനടുത്തുള്ള ഒരു കോട്ടേജിലാണ് താമസം ശരിയാക്കിയിരുന്നത്.  അവിടെ നിന്ന് തോഡാ ക്ഷേത്രം വരെ ഏകദേശം 7 കി.മി സഞ്ചരിക്കണം എന്നാണ് മാപ്പിൽ കാണിച്ചത്.  ഇതിന് 23 മിനിറ്റ് സമയമെടുക്കുമെന്നും സൂചിപ്പിച്ചു.  മാപ്പിലെ നീല വരയെ പിന്തുടർന്നാണ് യാത്ര.  ഒടുവിൽ നീലവര അവസാനിച്ചിടത്ത് വാഹനമൊതുക്കി പുറത്തിറങ്ങി.  ആകെ ഒരു കൺഫ്യൂഷൻ.  അവിടെ തോഡാ ക്ഷേത്രം എന്നല്ല വേറെ ഒരു അമ്പലവും കാണാനില്ല.  ഈ പേരു പറഞ്ഞിട്ട് ആർക്കുമൊട്ടും മനസ്സിലാവുന്നതുമില്ല.  കടത്തിണ്ണയിൽ ചായകുടിച്ചിരിക്കുന്ന ഒരാൾ അടുത്തേക്ക് വന്നു.  അയാൾ പറഞ്ഞതിൽ നിന്ന് എനിക്ക് മനസ്സിലായത് വന്ന വഴി തന്നെ കുറച്ച് കൂടി മുന്നോട്ട് പോയാൽ ഒരു കോവിലുണ്ടെന്നാണ്.  അത് എന്റെ ലക്ഷ്യം ആണെന്ന് അയാൾ ഉറപ്പിച്ച് പറഞ്ഞില്ലെങ്കിലും ഞാനുറപ്പിച്ചു.  അങ്ങോട്ട് നീങ്ങി.  

അയാൾ പറഞ്ഞത് വളരെ ശരിയാണ്, മുന്നോട്ട് പോയപ്പോൾ ഒരു കോവിലിനു മുന്നിലെത്തി.  പക്ഷെ അത് എനിക്ക് പോകേണ്ട സ്ഥലമായിരുന്നില്ല എന്നു മാത്രം.  ഒരെത്തും പിടിയും കിട്ടാതെ അവിടെ ചുറ്റിത്തിരിഞ്ഞപ്പോൾ ഒരു വണ്ടി അടുത്ത് വന്ന് നിർത്തി.  അന്ന് ഞായറാഴ്ച്ച ആയതുകൊണ്ട് പള്ളിയിൽ പ്രാർഥിക്കാൻ പോകുന്ന ചിലരായിരുന്നു വണ്ടിയിൽ.  അതിലൊരാൾ എന്നോട് കാര്യമന്വേഷിച്ചു.  വഴി ചോദിച്ച എന്നോട് അവർ പറഞ്ഞത് വളരെ കൗതുകകരമായ ഒരു കാര്യമായിരുന്നു.  ആദ്യം വഴിചോദിച്ച സ്ഥലം അതായത് നീല വര വന്നു നിന്ന സ്ഥലം, അതിനടുത്ത് തന്നെയാണ് ഞാനന്വേഷിച്ച ക്ഷേത്രം.  പക്ഷെ ഒരു പ്രശ്നമുണ്ട്.  ഗൂഗിൾ പറഞ്ഞ സ്ഥലത്തുനിന്ന് ഇങ്ങോട്ടുള്ള ഒരു കിലോമീറ്ററോളം പൊതുവഴിയല്ലത്രേ.  വഴി അടച്ചിട്ടിരിക്കുകയാണ്.  അതിലെ പോകാൻ പറ്റിയാൽ തന്നെ കാൽനടയായിട്ട് പോകേണ്ടി വരും.  വണ്ടി കൊണ്ടു പോകാൻ വളരെ ബുദ്ധിമുട്ടാണ്. വഴി അത്രക്ക് മോശമാണ്.  

വണ്ടിയിൽ വന്നവരൊരു കാര്യം കൂടി പറഞ്ഞു.  ബൊട്ടാണിക്കൽ ഗാർഡനിലൂടെ പോയാൽ ക്ഷേത്രത്തിൽ എത്താനൊരു വഴിയുണ്ടെന്ന്.  അവർ പറഞ്ഞതിൽ എനിക്ക് വലിയ വിശ്വാസമൊന്നും തോന്നിയില്ല.  എന്തായാലും അവിടെ നിന്നിട്ട് കാര്യമില്ലെന്നതുകൊണ്ട് ടൗണിലേക്ക് തിരിച്ചു പോന്നു. നല്ലൊരു സ്ഥലം... അത് കാണാനുള്ള അവസരം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടതോർത്ത് സങ്കടം തോന്നി.

Toda Temple 1

വൈകിട്ട് ഗാർഡനിൽ പോയപ്പോൾ കുറേ പേരോട് അന്വേഷിച്ചു തോഡാ ക്ഷേത്രത്തേക്കുറിച്ച്.  ആർക്കും അറിയില്ല.  ഒടുവിൽ അവിടുത്തെ ഒരു തോട്ടപ്പണിക്കാരിയാണ് പറഞ്ഞത് ഗാർഡനിലൂടെ മുകളിലേക്ക് പോകാൻ.  ഒരുപാട് കയറ്റം കയറാനുണ്ട്.  കയറ്റമൊക്കെ കയറി ഗാർഡന് പുറത്ത് കടന്നു.  ഒന്ന് ചോദിക്കാൻ ആരെയും കാണുന്നില്ല.  ഒടുവിൽ അവിടെ കണ്ട ഒരു വീടിൻ്റെ കാവൽക്കാരനോട് ചോദിച്ചു.  അത് ശരിക്കും വീടല്ല.  ഏതോ ഒരു സർക്കാർ ഉദ്യോഗസ്ഥൻ്റെ ഔദ്യോഗിക വസതിയാണ്.  എന്തായാലും അയാൾ പറഞ്ഞ് തന്ന വഴിയിലൂടെ കുറച്ച്കൂടി പോയപ്പോൾ അത്രയും നേരം മുഖം തരാതെ കുഴക്കിയ ക്ഷേത്രത്തിന്റെ മുന്നിലെത്തി.    

പുല്ലും ചെളിയുമുപയോഗിച്ച് പ്രത്യേക രീതിയിൽ മേഞ്ഞുണ്ടാക്കിയ ഒരു ചെറിയ നിർമിതി.  അതിൻ്റെ രണ്ട് വശങ്ങളിൽ മരമുപയോഗിച്ചാണ് മറച്ചിരിക്കുന്നത്.  കൊത്തുപണികളോട് കൂടിയ ചെറിയ മരവാതിൽ. നീലഗിരി മേഖലയിലെ പഴമക്കാരായ തോഡാ വിഭാഗത്തിലുള്ളവരുടെ ആരാധനാ കേന്ത്രമാണത്.  വർഷത്തിലൊരിക്കൽ  അവരുടേതായ  ആചാരനുഷ്ഠാനങ്ങൾ അവിടെ നടക്കാറുണ്ട്.  പരമ്പരാഗതമായ തോഡാ ശൈലിയിലാണ് അതിൻ്റെ നിർമ്മാണം.  മനോഹരമായ പുൽത്തകിടിക്ക് നടുവിലായാണ് ക്ഷേത്രത്തിൻ്റെ  സ്ഥാനം.  പുൽത്തകിടിക്ക് ചുറ്റും വലിയ മരങ്ങൾ അതിരിട്ടു നിൽക്കുന്നു.  കന്നുകാലികൾ മേയുന്നതിനാൽ അവിടവിടങ്ങളിലായി അല്പം വൃത്തികേടായതൊഴിച്ചാൽ വളരെ മനോഹരമായ സ്ഥലം.  അധികമാർക്കും അറിയാത്തത് കൊണ്ടാവണം സന്ദർശക ബാഹുല്യവും നന്നേ കുറവ്.  യാത്രയിൽ ചെറുതായൊന്നു ചുറ്റിയാലും ഒടുവിലെത്തിച്ചേർന്ന സ്ഥലം ശരിക്കും കണ്ണുകൾക്ക് വിരുന്നായി.

ഊട്ടി സന്ദർശിക്കുന്നവർ അവസരം കിട്ടുന്നമുറക്ക് ഒരു തവണയെങ്കിലും തോഡാ ക്ഷേത്രത്തിൽ പോകണം.  ഞാനാദ്യം പറഞ്ഞ വഴി ഒന്ന് പരീക്ഷിക്കുന്നതിൽ തെറ്റില്ല.  പക്ഷെ അതുവഴി ആളുകളെ കടത്തിവിടുന്നുണ്ടെന്ന് ആദ്യമേ ഉറപ്പുവരുത്തിയതിന് ശേഷമാവണം പരീക്ഷണമെന്ന് മാത്രം.  അല്ലാത്തവർക്ക് രണ്ടാമത്തെ വഴി തിരഞ്ഞെടുക്കാം.  ബൊട്ടാണിക്കൽ ഗാർഡനിലുള്ളിലൂടെയുള്ള വഴി.... എളുപ്പവും അതു തന്നെയാണ്.

Content Highlights: Toda Temple Travel Ootty Travel Ootty Travel Destinations