പുണ്യതീര്‍ഥമായ കന്യാകുമാരി ത്രിവേണിസംഗമത്തില്‍ വെങ്കിടാചലപതിയുടെ ദര്‍ശനഭാഗ്യം. ഉദയസൂര്യന്റെ പൊന്‍കിരണങ്ങള്‍ ആദ്യമേറ്റുവാങ്ങുന്ന തെന്‍കുമരിയില്‍ ഏഴുമലയന്റെ ദേവസ്ഥാനം കുംഭാഭിഷേകത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി. രാജ്യത്തിന്റെ തെക്കേ മുനമ്പില്‍ മൂന്നു സാഗരങ്ങള്‍ ഒത്തുചേരുന്ന ലോകത്തിലെ ഏറ്റവും സമുദ്രതീര്‍ത്ഥക്കരയിലെ തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിന്റെ പ്രതിഷ്ഠയും കുംഭാഭിഷേകവും 27-ന് നടക്കും.

Thiruppathi Temple 1
കന്യാകുമാരിയിലെ തിരുപ്പതി ക്ഷേത്രം. അകലെ വിവേകാനന്ദപ്പാറയും കാണാം

സ്വാമി വിവേകാനന്ദന്റെ പാദസ്പര്‍ശമേറ്റതും കന്യാകുമാരി ദേവിയുടെ ചൈതന്യം നിറഞ്ഞുനില്‍ക്കുന്നതുമായ ത്രിവേണിസംഗമത്തിന് തൊട്ടടുത്ത് കടല്‍ത്തീരത്താണ് മഹാക്ഷേത്രം പൂര്‍ത്തിയായിരിക്കുന്നത്. 2014-ലാണ് ക്ഷേത്രത്തിന്റെ നിര്‍മാണം കന്യാകുമാരിയില്‍ ആരംഭിച്ചത്.

പൂര്‍ണമായും തിരുപ്പതിക്ഷേത്ര മാതൃകയിലാണ് ഇവിടെയും ദേവസ്ഥാനം പണിതിരിക്കുന്നത്. തിരുപ്പതി ക്ഷേത്രത്തില്‍ നടത്താറുള്ള എല്ലാത്തരം പൂജകളും നേര്‍ച്ചകളും വഴിപാടുകളും ഇവിടെയും നടത്താം. തിരുപ്പതിയില്‍ പൂജകള്‍ നടത്തുന്ന അതേ മുഹൂര്‍ത്തത്തിലാണ് കന്യാകുമാരിയിലും ക്ഷേത്രച്ചടങ്ങുകള്‍ നടത്തുന്നത്.

കന്യാകുമാരി വിവേകാനന്ദ കേന്ദ്രവളപ്പില്‍ അഞ്ചരയേക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മിച്ചത്. കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള ക്ഷേത്രമായതിനാല്‍ ഇവിടെനിന്നുള്ള കടല്‍ക്കാഴ്ചയും മനോഹരമാണ്. വിവേകാനന്ദപ്പാറയും തിരുവള്ളുവര്‍ പ്രതിമയും ക്ഷേത്രത്തിനുമുന്നില്‍നിന്നു നോക്കിയാല്‍ വ്യക്തമായി കാണാവുന്ന തരത്തിലാണ് നിര്‍മാണം നടത്തിയിരിക്കുന്നത്.

26 കോടി രൂപയാണ് ക്ഷേത്രനിര്‍മാണത്തിന് തിരുമല ദേവസ്വം ചെലവാക്കിയിരിക്കുന്നത്. തിരുപ്പതി ക്ഷേത്രത്തിന്റെ അതേ രീതിയിലുള്ള പ്രതിഷ്ഠകളാണ് ഇവിടത്തെ ക്ഷേത്രത്തിലും. വെങ്കിടാചലപതിയുടെ പ്രധാന ക്ഷേത്രവും ആണ്ടാള്‍ദേവി, പദ്മാവതി എന്നീ ദേവതമാരുടെ പ്രതിഷ്ഠയുമുണ്ട്.

ഏഴടി ഉയരമുള്ള വെങ്കിടാചലപതി പ്രതിമയാണ് ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുന്നത്. ഉപദേവതകളായ ആണ്ടാള്‍ദേവി, പദ്മാവതി പ്രതിഷ്ഠകള്‍ക്ക് മൂന്നരയടി ഉയരമുണ്ടാകും. മൂന്നടി ഉയരമുള്ള ഗരുഡപ്രതിഷ്ഠയുമുണ്ട്. 40 അടി ഉയരമുള്ള കൊടിമരവും ക്ഷേത്രത്തില്‍ സ്ഥാപിക്കും.

Thiruppathi Temple 2
ക്ഷേത്രത്തിന്റെ ശ്രീകോവില്‍

രണ്ടുനിലകളായി കടലിനഭിമുഖമായാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. താഴത്തെ നിലയില്‍ 1500 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള അന്നദാന മണ്ഡപമുണ്ട്. 1000 വിവാഹ ജോഡികള്‍ക്ക് ദര്‍ശനം നടത്താന്‍ സൗകര്യമുള്ള ശ്രീനിവാസ് കല്യാണമണ്ഡപവും തയ്യാറാക്കിയിട്ടുണ്ട്. താഴത്തെ നിലയില്‍ ധ്യാനമണ്ഡപം പ്രത്യേകമായി നിര്‍മിച്ചിട്ടുണ്ട്. മുടി കാണിക്ക നല്‍കുന്നയിടം (തലമുണ്ഡനം) എന്നിവയും താഴത്തെ നിലയിലാണ്.

മുകളിലത്തെ നിലയിലാണ് ദേവപ്രതിഷ്ഠകള്‍. ബലിക്കല്ലും കൊടിമരപ്രതിഷ്ഠയും പിന്നിട്ടാണ് ശ്രീകോവില്‍. ശ്രീകോവിലില്‍ പ്രത്യേക മണ്ഡപവും നിര്‍മിച്ചിട്ടുണ്ട്. ശ്രീകോവിലിന് ഇരുവശത്തുമായി ഉപദേവതാപ്രതിഷ്ഠകള്‍. കടലിന് അഭിമുഖമായാണ് ശ്രീകോവിലിന്റെയും നിര്‍മാണം. ഇവിടെ നിന്നാല്‍ കന്യാകുമാരി തീരത്തിന്റെ വിശാലമായ കാഴ്ച കാണാന്‍ കഴിയും. നിരവധി പടിക്കെട്ടുകള്‍ കയറിവേണം ശ്രീകോവില്‍ സ്ഥിതി ചെയ്യുന്ന മുകളിലത്തെ നിലയിലെത്താന്‍. അലങ്കാരപ്പണികള്‍ കൊണ്ടുതീര്‍ത്ത തൂണുകളും ഗോപുരങ്ങളുമാണ് തയ്യാറാക്കിയിരിക്കുന്നത്. തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിന്റെ ശ്രീകോവില്‍ മാതൃകയില്‍ തന്നെയാണ് ഇവിടത്തെയും നിര്‍മാണം. വിശേഷദിവസങ്ങളില്‍ വെങ്കിടാചലപതി പ്രതിഷ്ഠയുടെ പാദത്തില്‍ സൂര്യകിരണങ്ങള്‍ പതിക്കുന്ന തരത്തിലാണ് ശ്രീകോവില്‍ നിര്‍മാണം. തിരുപ്പതി ദേവസ്ഥാനത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് ക്ഷേത്രഭരണം.

2010-ല്‍ കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ തിരുപ്പതി ദേവസ്വം അധികൃതര്‍ ശ്രീനിവാസ കല്യാണച്ചടങ്ങ് നടത്തിയിരുന്നു. പ്രതീക്ഷിച്ചതിലുമധികം ഭക്തലക്ഷങ്ങളാണ് ഈ വിശിഷ്ട ചടങ്ങില്‍ പങ്കെടുക്കാനായി ഇവിടെയെത്തിയത്. തുടര്‍ന്നാണ് കന്യാകുമാരിയില്‍ വെങ്കിടാചലപതിക്ക് ക്ഷേത്രം പണിയാന്‍ അധികൃതര്‍ തീരുമാനിക്കുന്നത്. വിവേകാനന്ദകേന്ദ്രം അഞ്ചരയേക്കര്‍ സ്ഥലം ക്ഷേത്രത്തിനായി സൗജന്യമായി വിട്ടുനല്‍കുകയായിരുന്നു. 2013 ജൂലായില്‍ ഭൂമിപൂജ നടത്തി. 2014 ഡിസംബറിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. നാലുവര്‍ഷംകൊണ്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്കായി.

തിരുപ്പതി ക്ഷേത്രത്തില്‍ നടത്താറുള്ള ബ്രഹ്മോത്സവം, തേരോട്ടം, തെപ്പ ഉത്സവം തുടങ്ങിയ എല്ലാ ചടങ്ങുകളും അതേദിവസം തന്നെ കന്യാകുമാരിയിലെ ക്ഷേത്രത്തിലും നടത്തും. തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു, അവിടെ നിര്‍മിച്ച് കന്യാകുമാരിയിലെ ക്ഷേത്രത്തില്‍നിന്ന് ഭക്തര്‍ക്ക് നല്‍കും. ഗോശാല ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ക്ഷേത്രത്തില്‍ ഭാവിയില്‍ സജ്ജീകരിക്കും. കുംഭാഭിഷേകവും പ്രതിഷ്ഠയും 27-ന് നടക്കും. അതിനുശേഷമാണ് ഭക്തര്‍ക്ക് ക്ഷേത്രദര്‍ശനത്തിന് സൗകര്യമൊരുക്കുക.

Kanyakumari

പ്രകൃതി മനോഹരവും ശാന്തവുമായ വിവേകാനന്ദകേന്ദ്രത്തിനുള്ളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വൃക്ഷങ്ങളും ചെടികളും നിറഞ്ഞ് കാനനഭംഗിയും ശാന്തതയും വിളിച്ചോതുന്ന വിവേകാനന്ദകേന്ദ്രത്തിനുള്ളിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇവിടെ കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള ക്ഷേത്രദര്‍ശനം മനസ്സിനും ശരീരത്തിനും പുതിയ അനുഭവമാകുമെന്നുറപ്പ്. അറബിക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും ഒത്തുചേരുന്ന കന്യാകുമാരി തീരത്തിന് കൂടുതല്‍ അഴകുനല്‍കുകയാണ് തിരുപ്പതി ക്ഷേത്രം. മൂന്ന് സാഗരങ്ങള്‍ കടന്നെത്തുന്ന കടല്‍ക്കാറ്റ് ക്ഷേത്രമുറ്റത്തെത്തി ഭക്തനെ തഴുകി കടന്നുപോകും.

ക്ഷേത്രത്തിലേക്ക് കന്യാകുമാരി തീരത്തേക്കുള്ള പ്രധാന റോഡില്‍നിന്ന് പ്രത്യേകമായി റോഡും നിര്‍മിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ പ്രവേശനഗോപുരവും ചിത്രപ്പണികളാല്‍ അലങ്കരിച്ചിട്ടുണ്ട്.

ആധുനിക സുരക്ഷാസംവിധാനങ്ങള്‍ ക്ഷേത്രത്തിനായി ഒരുക്കും. പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കന്യാകുമാരി തീരത്തിനടുത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാല്‍ അതീവ സുരക്ഷാസംവിധാനങ്ങളാണ് അധികൃതര്‍ ഒരുക്കുന്നത്. അന്‍പതോളം ആധുനിക നിരീക്ഷണക്യാമറകളും രണ്ട് നിരീക്ഷണ ടവറുകളും സ്ഥാപിക്കും. പോലീസിന്റെ സുരക്ഷയ്ക്കൊപ്പം ദേവസ്വം സുരക്ഷാജീവനക്കാരുമുണ്ടാകും. ക്ഷേത്രത്തിന് ചുറ്റും മരങ്ങള്‍ നട്ട് കൂടുതല്‍ ഹരിതാഭമാക്കാനുള്ള പദ്ധതിയുമുണ്ട്.

Content Highlights: Thiruppathi Temple Kanyakumari, Kanyakumari Tourism