ക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ മുന്നിലാണ് ശുചീന്ദ്രത്തിന്റെ സ്ഥാനം. കന്യാകുമാരിയിലേക്ക് പോകും വഴിയാണ് ഈ ക്ഷേത്രം. വിശ്വാസപരമായി ഒട്ടേറെ പ്രാധാന്യമുണ്ട് ഈ ക്ഷേത്രത്തിന്. 

വലിയ ക്ഷേത്രക്കുളത്തിന് ചുറ്റുമായി പടര്‍ന്ന് കിടക്കുകയാണ് ആരാധനാലയം. ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാര്‍ ഒരുമിച്ച് സാന്നിധ്യമാവുന്ന പുണ്യഭൂമിയാണ് ശുചീന്ദ്രം. സ്ഥാണുമലയന്‍ ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു. പരമശിവന്റെ പര്യായമായ സ്ഥാണുവും വിഷ്ണുവിനെ സൂചിപ്പിക്കുന്ന മാലും ബ്രഹ്മാവിന്റെ മറ്റൊരു പേരായ അയനും ചേര്‍ന്നാണ് സ്ഥാണുമലയന്‍ എന്ന പേരുണ്ടായത്.

പരശുരാമന്‍ സ്ഥാപിച്ചത് എന്ന് കരുതുന്ന 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്. ശില്പഭംഗിയുടെ ചാരുതയില്‍ ഏഴുനിലകളിലായാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. മുകള്‍ ഭാഗത്ത് ശിവന്‍, നടുഭാഗം വിഷ്ണു, കീഴ്ഭാഗത്ത് ബ്രഹ്മാവ് എന്നിങ്ങനെയാണ് ശുചീന്ദ്രത്തെ ത്രിമൂര്‍ത്തി സാന്നിധ്യം. സ്ത്രീരൂപത്തിലുള്ള ഗണപതിയേയും ഇവിടെ കാണാനാവും.

ശില്പചാരതു നിറഞ്ഞ കാഴ്ചകളാണ് അകത്തുള്ളത്. വലിയ കല്‍ത്തൂണുകളാണ് ക്ഷേത്രത്തിനകത്തെ മനോഹരമാക്കുന്നത്. ആയിരം തൂണുകളുണ്ട് ആകെ. കൊത്തുപണികളുടെ ഭാഷയില്‍ അവ പുരാണകഥകള്‍ പങ്കുവെയ്ക്കുന്നു. ദേവന്മാരുടേയും ഉപദേവന്മാരുടേയും സങ്കല്‍പ്പങ്ങള്‍കൊണ്ടും സമ്പന്നമാണ് ഇവിടം. ക്ഷേത്രവഴികളിലെല്ലാം പ്രാര്‍ത്ഥനയുടെ വിവിധ ഭാവങ്ങള്‍ പകര്‍ന്ന് ദേവ-ദേവീ ഭാവങ്ങള്‍ നിറയുന്നു.

18 അടിയോളം ഉയരമുള്ള ഹനുമാന്‍ പ്രതിഷ്ഠ പ്രശസ്തമാണ്. ഹനുമാന് വടമാലയര്‍പ്പിക്കുന്നത് ദേവപ്രീതിക്ക് ഉത്തമമാണെന്നാണ് വിശ്വാസം. ദ്രാവിഡ വാസ്തുകലയുടെ സൗന്ദര്യത്തിന് സാക്ഷ്യം പറയുന്നുണ്ട് ഇവിടെയുള്ള ക്ഷേത്ര ഗോപുരങ്ങളും അവയില്‍ വിരിയുന്ന പുരാണകഥകളും.

(മാതൃഭൂമി ന്യൂസില്‍ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയില്‍ നിന്ന്. ട്രാവല്‍ ജേണലിസ്റ്റ് റോബിദാസ് ക്യാമറയും സംവിധാനവും നിര്‍വഹിച്ച ശുചീന്ദ്രം യാത്രാവിവരണത്തിന്റെ പൂര്‍ണരൂപം കാണാം.)

Content Highlights: Suchindram Temple In Kanyakumari, Thanumalayan Temple, Spiritual Travel, Mathrubhumi Yathra