കാഴ്ചയുടെയും കച്ചവടത്തിന്റെയും കൂടാരമാണ് ഹൈദരാബാദിലെ ശില്പാരാമം. നഗരത്തിന്റെ തിരക്കിനും ഒച്ചപ്പാടുകള്‍ക്കും നടുവില്‍ സ്ഥിതിചെയ്യുന്ന സ്ഥലമാണെങ്കിലും ടിക്കറ്റെടുത്ത് അകത്ത് കയറിക്കഴിഞ്ഞാല്‍ അന്തരീക്ഷം  അതിശയിപ്പിക്കും. ആന്ധ്രയുടെ ഒരു ഉള്‍ഗ്രാമത്തിലേക്ക് പ്രവേശിച്ച പ്രതീതിയാണ് ശില്പാരാമം സമ്മാനിക്കുന്നത്.

മുളവേലികൊണ്ട് തീര്‍ത്ത ബാരിക്കേഡുകളിലൂടെ നടന്നുവേണം ടിക്കറ്റ് കൗണ്ടറിലെത്താന്‍. കൂറ്റന്‍ ശില്പങ്ങളും മണ്‍നിറത്തിലുള്ള ചുമരുകളും അകത്തേക്കുള്ള യാത്രയ്ക്ക് സ്വാഗതമോതും. റോഡിനോട് ചേര്‍ന്നുനില്‍ക്കുന്ന ചുമരുകളില്‍ നിറയെ വെള്ളനിറത്തില്‍ അലങ്കാര എഴുത്തുകള്‍. 

6

നഗരച്ചൂടില്‍നിന്ന് മാറി വിശ്രമം കൊതിച്ചെത്തിയവരെയും ശില്പ വിസ്മയം ആസ്വദിക്കാന്‍ വന്നവരെയും ശില്പാരാമത്തില്‍ നിറയെ കണ്ടു.

തെലുങ്കും ഹിന്ദിയും മലയാളവും നന്നായറിയുന്ന നീരജില്‍നിന്നാണ് ശില്പാരാമത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കേട്ടത്. ശില്പഗ്രാമമാണ് ശില്പാരാമമായി മാറിയതെന്നും ഗ്രാമത്തിന്റെ അകത്തളങ്ങള്‍ നിറയെ ഗ്രാമീണമനുഷ്യരുടെ ജീവിതം വിവരിക്കുന്ന ശില്പങ്ങള്‍ കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. 

5
വിൽപ്പന കേന്ദ്രങ്ങൾ

പരമ്പരാഗത സംഗീതം മുന്നോട്ടുള്ള യാത്രയ്ക്ക് കൂട്ടുവന്നു. ചെറുകച്ചവടകേന്ദ്രങ്ങള്‍ നിറഞ്ഞ പാതയിലൂടെയാണ് അകത്തേക്കുള്ള സഞ്ചാരം. വിലപേശുമ്പോള്‍, ആദ്യം പറഞ്ഞതിന്റെ പകുതിവിലയ്ക്കുവരെ സാധനങ്ങള്‍ നല്‍കാന്‍ തയ്യാറാകുന്നുണ്ട്.

ചിത്രമെഴുത്തില്‍ വൈവിധ്യം തുറന്നുവയ്ക്കുന്ന വില്പനക്കാരെ കടന്നുപോകുന്ന വഴികളിലെല്ലാം കണ്ടു. മധുബനി, ബിഹാര്‍ ചിത്രങ്ങളാണ് ഏറെയും. വെജിറ്റബിള്‍ കളറുകള്‍ ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ക്ക് മുന്നൂറുമുതല്‍ അമ്പതിനായിരംവരെ വിലയിട്ടാണ് വില്പന നടക്കുന്നത്. ദൈവങ്ങളും പ്രകൃതിയും നൃത്ത-സംഗീത ദൃശ്യങ്ങളുമെല്ലാം ചിത്രങ്ങളില്‍ ഇടംനേടിയിട്ടുണ്ട്.

4
ശിൽപ്പാരാമത്തിനകത്തെ തടാകം

ഗ്രാമത്തിനുള്ളിലേക്ക് ചെല്ലുന്തോറും ചെറുതും വലുതുമായ തുണിക്കടകള്‍ കാണാം. സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടങ്ങള്‍ ഓരോ വസ്ത്രക്കടയ്ക്ക് മുന്നിലും ഉണ്ടായിരുന്നു. കശ്മീരി സില്‍ക്കുകള്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാരേറെയെന്ന് തുണിത്തരങ്ങളുടെ പേര് വിളിച്ചുപറഞ്ഞ് കടയിലേക്ക് വിളിക്കുന്ന ദില്‍നയെന്ന പെണ്‍കുട്ടിയുടെ സാക്ഷ്യം.മാര്‍ബിളിലും മരത്തിലും തീര്‍ത്ത ശില്പങ്ങള്‍, മണ്‍ചട്ടികള്‍, അലങ്കാരവിളക്കുകള്‍, ചൂരല്‍ക്കസേരകള്‍, ബാഗുകള്‍, ചെരിപ്പുകള്‍... അങ്ങനെ ഒറ്റനോട്ടത്തില്‍തന്നെ കാഴ്ചക്കാരുടെ മനംകവരുന്ന നിറങ്ങളിലുണ്ടാക്കിയ ഗ്രാമീണത്തനിമയുള്ള ഉത്പന്നങ്ങള്‍ നിരത്തിവെച്ചാണ് ഓരോ വില്പനകേന്ദ്രവും വിളിക്കുന്നത്. കരകൗശലവസ്തുക്കള്‍ക്കും പ്രതിമകള്‍ക്കും മാത്രമായി നിരവധി കടകളുണ്ട്.

1

കച്ചവടകേന്ദ്രങ്ങള്‍ക്ക് നടുവിലൂടെയുള്ള വഴി ചെന്നവസാനിക്കുന്നത് ശില്പാരാമത്തിലെ മറ്റൊരു പ്രധാന കവാടത്തിന് മുന്നിലേക്കാണ്. ആന്ധ്രയിലെ പുരാതന ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളാണ് അവിടെ കാണാനാകുക. വീടുകളും വീട്ടകത്തെ ഉപകരണങ്ങളും പഴയകാല വസ്ത്രരീതികളോടുകൂടിയ മനുഷ്യരുടെയുമെല്ലാം ശില്പങ്ങള്‍ ധാരാളമുണ്ട് അവിടെ. മരച്ചുവട്ടിലെ നാട്ടുകൂട്ടങ്ങളുടെ സമ്മേളനവും കൃഷിക്കാരായ ദമ്പതിമാരും കൊല്ലന്റെ ആലയും ആയുധനിര്‍മാണവും കാളപൂട്ടും കുട്ടികളെ തൊട്ടിലിലാക്കി വീട്ടുവേലചെയ്യുന്ന അമ്മമാരുടെയുമെല്ലാം ശില്പങ്ങള്‍ ഇവിടെ കണ്ടു.

3
ഗ്രാമീണ ഉത്സവങ്ങളുടെ പകർപ്പ്

ചരിത്രം പഠനവിഷയമാക്കിയവര്‍ക്കും പഴയ തലമുറയുടെ കാഴ്ചകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും കണ്ടുതീര്‍ക്കാന്‍ ഒരുപാടുണ്ട് ഇവിടെ. പഴയകാലത്തെ മനുഷ്യരുടെ മുഖങ്ങള്‍ ശില്പങ്ങളിലേക്ക് മാറുമ്പോള്‍ ഭാവങ്ങള്‍പോലും കൃത്യമായി പകര്‍ത്തിവെക്കുന്നുണ്ട് മിക്ക ശില്പങ്ങളിലും. പഴയകാലത്തെ വീടുകളുടെ മാതൃകകള്‍, ചുമരിലും നിലത്തും അന്ന് സ്ഥിരമായി കണ്ടുവന്നിരുന്ന സാധനങ്ങള്‍ എന്നിവയെല്ലാം തനിമയോടെതന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2
ഉൾഗ്രാമങ്ങളുടെ മിനിയേച്ചറുകൾ

പഴയ തറവാടുവീടുകളുടെ പകര്‍പ്പുകളാണ് മറ്റൊരു കാഴ്ച.. വീടിന് മുന്നിലെ വളര്‍ത്തുമൃഗങ്ങളും, കുട്ടികളും വളര്‍ത്തുമൃഗങ്ങളുമായുള്ള ചങ്ങാത്തവുമെല്ലാം തനിമ ചോരാതെ നിര്‍മിച്ചുവെച്ചിട്ടുണ്ട്.

ഹൈദരാബാദ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഒരു ദിനം മൊത്തം ചെലവിടാനുള്ള കാഴ്ചകള്‍ ഈ ഗ്രാമത്തിലുണ്ട്. ഗ്രാമത്തിനകത്തെ കാഴ്ചകള്‍ക്കൊപ്പം വിശാലമായ പുല്‍മേടുകളും ഭക്ഷണം കഴിക്കാനായി നിര്‍മിച്ച ചെറു ഇരിപ്പിടങ്ങളും ബോട്ടിങ് ഉള്‍പ്പെടുന്ന ചെറു അരുവിയുമെല്ലാം ഗ്രാമത്തിനകത്തുതന്നെയുണ്ട്.

(2019 ജൂൺ ലക്കം യാത്ര മാസികയിൽ പ്രസിദ്ധീകരിച്ചത്)

cover
യാത്ര ഓൺലൈനായി വായിക്കാം

Content Highlights: Shilparam in Hyderabad is a heaven of arts and crafts, Mathrubhumi Yathra