ടയ്ക്ക് ഒരു മഡ്കാ ചാ (ഒരു കപ്പ് ചായ), അനുഭവത്തെളിച്ചമുള്ള ബംഗാളി ഗ്രാമീണകഥകള്‍ കുന്നോളം; പിന്നെ, നിഗൂഢമായൊരു പുഞ്ചിരി... ഇതില്‍ കുരുക്കിയിട്ടാണു പശ്ചിമബംഗാളിന്റെ ഗ്രാമീണാനുഭവങ്ങളിലേക്ക് 'നാസര്‍ ബന്ധു' ഞങ്ങളെ ഇറക്കിവിട്ടത്. ''നിങ്ങള്‍ നേരിട്ട് കാണൂ; നാട്ടുകാരോട് സംസാരിക്കൂ; അവരുടെ ജീവിതമറിയൂ'' എന്നായിരുന്നു കക്ഷിയുടെ നിലപാട്. ഘടികാരസൂചിയുടെ കാര്‍ക്കശ്യമില്ലാതെ പത്തുദിവസം ഞങ്ങളുടെ ടീം ബംഗാള്‍ ഗ്രാമങ്ങളെ കണ്ടു, അനുഭവിച്ചു. പത്തുവര്‍ഷമായി മൂവാറ്റുപുഴക്കാരന്‍ അബ്ദുള്‍നാസര്‍ വിവിധ സാമൂഹികപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ബംഗാളിലുണ്ട്. അവിടത്തെ ഗ്രാമീണര്‍ക്കായുള്ള 'സീറോ ഫൗണ്ടേഷന്‍' എന്ന സന്നദ്ധസംഘടനയുടെ അമരക്കാരനും നടത്തിപ്പുകാരനുമാണദ്ദേഹം. ഗ്രാമവഴികളിലൂടെ നടന്നാല്‍ ''ഓ ബന്ധൂ'' എന്നൊരു നീട്ടിവിളിയോടെ ഗ്രാമീണരുടെ സ്‌നേഹം നാസറിലേക്കൊഴുകിയെത്തുന്നത് നേരില്‍ കാണാം. ബന്ധു എന്നാല്‍ ചങ്ങാതി എന്നര്‍ഥം.

santhal 1

ആ യാത്രയ്ക്കിടയിലാണ് ശാന്തിനികേതനിലെത്തിയത്. ശാന്തിനികേതന്‍, ശ്രീനികേതന്‍ എന്നീ രണ്ടു ചെറുപട്ടണങ്ങളിലായി പടര്‍ന്നുകിടക്കുന്ന ടാഗോറിന്റെ 'വിശ്വഭാരതി' സര്‍വകലാശാലതന്നെയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. പ്രകൃതിയോട് ചേര്‍ന്നുള്ള പഠനരീതി പിന്തുടരുന്ന 'വിശ്വഭാരതി' കാഴ്ചകള്‍ കണ്ടുതീര്‍ക്കാന്‍ ദിവസങ്ങള്‍ വേണം. കോവിഡ് മാനദണ്ഡങ്ങള്‍ കാരണം സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങളുണ്ട്. പക്ഷേ, അവിടെനിന്നു നേരേ പോയത് ജീവിതത്തിന്റെ തുറന്ന കാഴ്ചകളിലേക്കായിരുന്നു, സന്ദര്‍ശകര്‍ അധികമെത്താത്ത സാന്താള്‍ ഗോത്ര ഗ്രാമങ്ങളിലേക്ക്. ശാന്തിനികേതനില്‍ പലയിടത്തായി ഇവരുടെ ഊരുകള്‍ കാണാം. 'മുണ്ട' എന്ന പ്രാക്തനഗോത്രവിഭാഗത്തില്‍പ്പെട്ടവരാണിവര്‍. ഇന്ത്യയിലും ബം​ഗ്ലാദേശിലും വേരുകളുള്ള ഇവര്‍ ഇന്ത്യയില്‍ പശ്ചിമബംഗാളിനു പുറമെ അസം, ജാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലുമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഗോത്രവര്‍ഗങ്ങളിലൊന്നാണിത്. 'ബന്ധു'വും സുഹൃത്ത് അനൂപുമാണ് ഞങ്ങളെ ഊരുകളിലേക്കു നയിച്ചത്. 'വിശ്വഭാരതി'യില്‍നിന്ന് ചിത്രകലയില്‍ മാസ്റ്റേഴ്സ് ഡിഗ്രിയെടുത്ത് തുടര്‍പരിശീലനങ്ങളുമായി ഒരു ദശാബ്ദത്തിലേറെയായി അവിടെത്തന്നെയുണ്ട് തൃശ്ശൂരുകാരന്‍ അനൂപ്. ഇക്കഴിഞ്ഞ വര്‍ഷം രാഷ്ട്രപതിയില്‍നിന്ന് കേന്ദ്ര ലളിതകലാ അക്കാദമി അവാര്‍ഡ് ഏറ്റുവാങ്ങിയ അനൂപ് സാന്താള്‍ ഗ്രാമങ്ങളിലെ നിത്യസന്ദര്‍ശകനാണ്. 

ബിദ്യാധര്‍പുരില്‍നിന്നാണ് ഞങ്ങള്‍ ഗ്രാമവഴികളിലേക്കു നടന്നുതുടങ്ങിയത്. അജോയ് നദിയുടെ കൈവഴിയായ കോപ്പായ് പുഴയോരവും കടന്നുവേണം സാന്താള്‍ ഊരുകളിലേക്കെത്താന്‍. പുറത്തുനിന്നുള്ള ആളുകളെ ഒരു കൈയകലത്തില്‍ നിര്‍ത്തുന്നവരാണിവര്‍. കൂട്ടമായി ജീവിക്കാനിഷ്ടപ്പെടുന്ന ഇവരുടെ പ്രധാന ഉപജീവനമാര്‍ഗം കൃഷിയാണ്. കാലാവസ്ഥയനുസരിച്ച് നെല്ലും കടുകും ഉരുളക്കിഴങ്ങുമൊക്കെയാണു വിളകള്‍. ഉള്ളി, കാബേജ്, കോളിഫഌവര്‍ തോട്ടങ്ങളും കാണാം. കന്നുകാലിവളര്‍ത്തലും റിക്ഷയോടിക്കലുമണ് ഇതരവരുമാനമാര്‍ഗങ്ങള്‍. കൂലിവേല ചെയ്യുന്നവരുമുണ്ട്. ഏതെങ്കിലുമൊരു ലളിതകലയില്‍ പ്രാവീണ്യമില്ലാത്തവര്‍ സാന്താളുകള്‍ക്കിടയിലില്ലെന്നാണ് അനൂപിന്റെ പക്ഷം. പ്രകൃത്യാരാധകരായ ഇവരുടെ കുലദൈവം മലമ്പുരുവാണ്. പൂജകളും മൃഗബലിയുമൊക്കെ ജീവിതത്തിന്റെ ഭാഗം. കൃഷിയിറക്കുമ്പോഴും ഗോത്രാഭിവൃദ്ധിക്കും മാട്ട്പൂജ (ഭൂമീപൂജ) നടത്താറുണ്ട്. പൂജാരികളെ നായ്ക്കയെന്നു വിളിക്കും. കാര്യമായ രാഷ്ട്രീയബോധമില്ലാത്ത ഇവിടത്തെ ഗോത്രജനത നായ്ക്ക പറയുന്നവര്‍ക്കാണു വോട്ട് ചെയ്യാറുള്ളത്. അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ പരിഗണനയൊന്നും തിരിച്ചും ലഭിക്കാറില്ല. 

santhal 2

ഊരുമൂപ്പന്റെ നേതൃത്വത്തിലുള്ള നാട്ടുകൂട്ടമാണ് ഇവര്‍ക്കിടയിലെ ചെറിയ തര്‍ക്കങ്ങളൊക്കെ പരിഹരിക്കുന്നത്. അനൂപിനെ ഞങ്ങളുടെകൂടെ കണ്ടതോടെ ഗ്രാമത്തിലെ കുട്ടികളും ഒപ്പം നടക്കാന്‍ തുടങ്ങി. ഊര്‍ജസ്വലരും സന്തോഷമുള്ളവരുമാണ് സാന്താള്‍ ഗ്രാമങ്ങളിലെ കുട്ടികളെന്നു തോന്നി. ''ഞാന്‍ ഇവരുടെ ജീവിതവും രീതികളുമൊക്കെ അടുത്തറിയാന്‍ എപ്പോഴും ഈ ഭാഗങ്ങളില്‍ വരും. ഇവിടെ ഏതെങ്കിലും മരത്തണലിലിരുന്ന് വരയ്ക്കും. പതിയെ കുട്ടികള്‍ കൂട്ടായി; അവരെയും വരയ്ക്കാന്‍ പഠിപ്പിക്കാമോ എന്നായി. വരയ്ക്കാന്‍ താത്പര്യവും കഴിവുമുള്ള കുട്ടികളാണ്. പക്ഷേ അവരുടെ കൈയില്‍ കടലാസോ ചായക്കൂട്ടുകളോ ഇല്ല. പരിമിതിക്കുള്ളില്‍ നിന്ന് ഞാനവ എത്തിക്കും. അഞ്ചാറുമാസമായി. മുപ്പത്തഞ്ചോളം കുട്ടികളുണ്ട്. എന്റെ ബൈക്കിന്റെ ശബ്ദം കേട്ടാല്‍ പലയിടത്തുനിന്നായി അവരോടിയെത്തും; കൂടെയിരുന്ന് വരയ്ക്കും. പല പ്രായക്കാരുണ്ട്; ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്,'' ഞങ്ങളുടെ കൗതുകം കണ്ട് അനൂപ് വിശദീകരിച്ചു. 

santhal 5

നടന്നുനടന്ന് സൊര്‍പുക്കുര്‍ദംഗയെന്ന സ്ഥലത്തെത്തി. തൊട്ടടുത്തുതന്നെയുള്ള വേറൊരു സാന്താള്‍ ഗ്രാമം. കുട്ടികള്‍ ഇപ്പോഴും കൂടെത്തന്നെയുണ്ട്. കാഴ്ചകള്‍ കണ്ട്, കഥകള്‍ കേട്ട് ഞങ്ങളും. മണ്‍വീടുകളാണു സാന്താള്‍ ശൈലി. വീടിന്റെ പുറംഭിത്തി കളിമണ്ണും ചാണകവും ചുണ്ണാമ്പുപൊടിയും നീലം പോലുള്ള പ്രകൃതിദത്തനിറങ്ങളുമുപയോഗിച്ച് ചുമര്‍ചിത്രങ്ങള്‍ ചെയ്ത് മനോഹരമാക്കിയിട്ടുമുണ്ട്. അപൂര്‍വം ചില ഇരുനിലവീടുകളും കണ്ടു. ചുരുക്കം വീടുകള്‍ സിമന്റുപയോഗിച്ച് ഭിത്തികള്‍ മിനുസപ്പെടുത്തിയിട്ടുണ്ട്. അത് പുതിയ കാഴ്ചയാണത്രേ. 

സാധാരണ ബംഗാള്‍ ഗ്രാമങ്ങളില്‍ കാണുന്നതുപോലെ മുറ്റത്തിന് അരികിലായി മണ്ണടുപ്പുണ്ട്. വൈക്കോല്‍ക്കൂനയും പശുത്തൊഴുത്തും വൈക്കോല്‍കൊണ്ട് പിരിച്ചുണ്ടാക്കിയ കയറുപയോഗിച്ച് ഭംഗിയില്‍ മെനഞ്ഞെടുത്ത പത്തായവും കാണാം. മേല്‍ക്കൂരയോടുചേര്‍ന്ന് വലിയ മണ്‍കുടങ്ങള്‍ വെച്ചിരിക്കുന്നത് കിളികള്‍ക്ക് കൂടുകൂട്ടാനും വെള്ളം കുടിക്കാനുമുള്ള സൗകര്യത്തിനാണ്.

santhal 4
 
സാന്താളുകളുടെ നിലമൊരുക്കലും കൊയ്ത്തും മെതിയുമെല്ലാം പാട്ടും നൃത്തവുമായി ആഘോഷത്തോടെയാണ്. വലിയ മണ്‍കലങ്ങളില്‍ ചോറുപുളിപ്പിച്ച് ചേരുവകളൊക്കെ ചേര്‍ത്ത് വീടുകളില്‍ തയ്യാറാക്കുന്ന ഹാദിയ എന്ന നാടന്‍ മദ്യം ഇവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. കഞ്ചാവുപോലുള്ള ലഹരിവസ്തുക്കളും ഗ്രാമങ്ങളില്‍ സുലഭം. ആണുങ്ങള്‍ പൊതുവെ അലസരും സ്ത്രീകള്‍ കര്‍മനിരതരുമാണ്. നെല്ലുണക്കലും പുഴുങ്ങലും വീട് വൃത്തിയായി സൂക്ഷിക്കലും ഭക്ഷണം പാകംചെയ്യലുമൊക്കെയായി എപ്പോഴും ജോലിത്തിരക്കിലാണു വീട്ടമ്മമാര്‍. 

ഉച്ചഭക്ഷണത്തിനായി മാത്രം മക്കളെ സ്‌കൂളില്‍ വിടുന്നതാണ് ബംഗാള്‍ ഗ്രാമങ്ങളിലെ പതിവ്. പെണ്‍കുട്ടികളെ ചെറുപ്പത്തിലേ വിവാഹം ചെയ്തയയ്ക്കും, ആണ്‍കുട്ടികളെ അല്പം മുതിര്‍ന്നാല്‍ എന്തെങ്കിലും ജോലിക്കും. ദാരിദ്ര്യം മാത്രം ആദ്യത്തെയും അവസാനത്തെയും സത്യമാകുമ്പോള്‍ അവര്‍ക്കങ്ങനെയൊക്കെ ജീവിക്കാനേപറ്റൂ. ബംഗാളികേട്ട് വായുംപൊളിച്ചു നില്‍ക്കുന്ന ഞങ്ങളോട് ''നിങ്ങള്‍ ഇം​ഗ്ലീഷിൽ സംസാരിക്കൂ, എനിക്ക് മനസ്സിലാവും'' എന്നു നിറഞ്ഞുചിരിച്ച ശ്രീമോതി മുര്‍മുവെന്ന ആറാംക്ലാസുകാരിയുടെ ആത്മവിശ്വാസം അവിടത്തെ വേറിട്ടൊരു കാഴ്ചയായിരുന്നു. അതിനുപുറമെ ഒരു എം.എ. വിദ്യാര്‍ഥിയെയും ഒരു ബി.എഡുകാരനെയുമാണ് സന്ദര്‍ശനത്തിനിടയില്‍ ഞങ്ങളാ ഗ്രാമങ്ങളില്‍ കണ്ടത്.

santhal 3

ഒരു വലിയ മൈതാനത്തിലാണു ഞങ്ങള്‍ക്ക് രാവിലെയും ഉച്ചയ്ക്കും ഭക്ഷണമൊരുക്കിയത്. ഖുഗ്നിയും മൂഡിയും(അരിപ്പൊരിയും മസാലക്കറിയും) ആയിരുന്നു പ്രാതല്‍. ഉച്ചയ്ക്ക് ചോറും പരിപ്പുകറിയും. കുട്ടികള്‍ ഞങ്ങള്‍ക്കൊപ്പം ഭക്ഷണംകഴിച്ചു; ഫുട്‌ബോള്‍ കളിച്ചു. പെണ്‍കുട്ടികളും നന്നായി കളിക്കുന്നുണ്ട്. സാന്താള്‍ ഗോത്രത്തിലെ സ്ത്രീകളും പെണ്‍കുട്ടികളും ലിംഗവിവേചനത്തിന്റെ ഇരകളാണെന്നു തോന്നിയില്ല. നദിക്കരയിലെ വിശ്രമസമയത്ത് കുട്ടിക്കൂട്ടം നാടന്‍ നൃത്തച്ചുവടുകളും പാട്ടുകളുമായി ഞങ്ങളെ സന്തോഷിപ്പിച്ചു. പ്രകൃതിയുമായി ഇണങ്ങിജീവിക്കുന്ന, ലളിതകലകളില്‍ പ്രാവീണ്യമുള്ള ഈ വിഭാഗം ശാന്തിനികേതന്‍ പരിസരങ്ങളില്‍ താവളമുറപ്പിക്കുന്നത് ടാഗോറിനും താത്പര്യമായിരുന്നു. അദ്ദേഹത്തിന്റെ സമകാലികനും ഇന്ത്യന്‍ കലയുടെ ആധുനികമുഖങ്ങളില്‍ പ്രധാനിയുമായ രാംകിങ്കര്‍ ബെയ്ജ് സാന്താള്‍ വംശജനാണ്. ബെയ്ജിന്റെ പരുക്കന്‍ പ്രതലങ്ങളുള്ള ശില്പനിര്‍മാണരീതി പുതുമയുള്ളതായിരുന്നു. ശില്പപ്രതലങ്ങള്‍ മിനുസപ്പെടുത്തിയെടുക്കലായിരുന്നു അക്കാലത്തെ ശൈലി. വിഖ്യാതമായ പല ബെയ്ജ് ശില്പങ്ങളും സന്ദര്‍ശകശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് കാമ്പസിനകത്തുണ്ട്. 

യാത്ര ഒരനുഭവമാണ്. ജീവിതത്തിന്റെ ഏതെല്ലാം അടരുകളാണ് ഓരോ യാത്രയിലും നമുക്കുമുന്നില്‍ അനാവൃതമാകുന്നത്! എന്തെല്ലാം ജീവിതസാഹചര്യങ്ങള്‍, എന്തെല്ലാം ആചാരാനുഷ്ഠാനങ്ങള്‍, ദാരിദ്ര്യം, രോഗം, സന്തോഷം, സ്‌നേഹം... ലോകം നമുക്കുമുന്നില്‍ പരന്നുകിടക്കുമ്പോള്‍ വീടെന്ന തടവറയ്ക്കുള്ളില്‍ കഴിയുന്നതെന്തിനെന്നു റൂമി ചോദിച്ചത് വെറുതെയല്ല. യാത്രയെപ്പോഴും നമ്മെ നവീകരിച്ചുകൊണ്ടിരിക്കും.

(2021 ഫെബ്രുവരി ലക്കം മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Shanthi Nikethan Santhal Village Travelogue Yathra