ഊട്ടി: ഊട്ടിയിലെത്തുന്ന സഞ്ചാരികളെക്കാത്ത് സസ്യോദ്യാനത്തില്‍  മറഞ്ഞിരിക്കുന്ന ഒരു അപൂര്‍വ കാഴ്ചയുണ്ട്. ഉദ്യാനത്തിലെ ഇറ്റാലിയന്‍ ഗാര്‍ഡന്റെ മുകളിലുള്ള പാറയിടുക്കില്‍ പൂവണിഞ്ഞുനില്‍ക്കുന്ന കുറിഞ്ഞി.

അപൂര്‍വമായി കാണപ്പെടുന്ന സ്‌ട്രോബിലാന്തസ് ലനാടാ എന്നയിനത്തില്‍പ്പെട്ടതാണിത്. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയുമായി ഏറെ സാദൃശ്യവുമുണ്ടിതിന്.

നീലഗിരിയില്‍മാത്രം കാണപ്പെടുന്ന അപൂര്‍വയിനം കുറിഞ്ഞിയാണിത്. പശ്ചിമഘട്ട മലനിരകളിലാണ് ഇവ വളരുന്നത്. സമുദ്രനിരപ്പില്‍നിന്നും 2,400 അടിയെങ്കിലും ഉയരമുള്ള തുറസ്സായ മലമുകളില്‍ മാത്രമേ വളരുകയുള്ളൂ എന്ന പ്രത്യേകതകൂടിയുണ്ട് ഈ അപൂര്‍വയിനം ചെടിക്ക്.

ലനാടാ ഇനത്തില്‍പ്പെട്ട കുറിഞ്ഞി ഏത്രവര്‍ഷംകൂടുമ്പോഴാണ് പൂക്കുക എന്നതിനെക്കുറിച്ച് ഗവേഷണം നടന്നുവരികയാണെന്നും കൃത്യമായ കാലയളവ് കണ്ടെത്തിയിട്ടില്ലെന്നും ഗവേഷകയായ ബിന്‍സിയും പ്രദീപും പറഞ്ഞു. ഇലകള്‍ വെല്‍വെറ്റ് പോലെയായതിനാല്‍ ബ്രിട്ടീഷുകാര്‍ ഈ ചെടിയെ അലങ്കാരച്ചെടിയാക്കി മാറ്റി.

പശ്ചിമഘട്ട മലനിരകളില്‍നിന്ന് കൊണ്ടുവന്ന് ഇവ ഊട്ടിയിലെ പല ഉദ്യാനങ്ങളിളും നട്ടുപിടിപ്പിച്ചതായി ചരിത്രരേഖകളുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ സത്യമൂര്‍ത്തി പറഞ്ഞു.

സഞ്ചാരികള്‍ക്ക് ഊട്ടി സസ്യോദ്യാനത്തില്‍വന്ന് ഈ അപൂര്‍വതകണ്ട് ആസ്വദിക്കാം. ഒരുമാസംവരെ ഇതില്‍ പൂക്കള്‍ വിരിയുമെന്ന് ഹോര്‍ട്ടിക്കള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

Content Highlights: rare strobilanthes kunthiana in ootty