തൊരു പ്രതികാരയാത്രയാണ് എനിക്ക്. 2006-ല്‍ ചുണ്ടിനും കപ്പിനുമിടയില്‍ കൈമോശം വന്ന യാത്ര. അന്നു ഞാന്‍ കോഴിക്കോട്ട് മാതൃഭൂമിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഭര്‍ത്താവും ഞാനും കൂടെ ഒരു ആഴ്ചാവസാനം ധനുഷ്‌ക്കോടിക്കു വച്ചുപിടിച്ചു. ആദ്യം മധുര, പിന്നെ ധനുഷ്‌ക്കോടി എന്നായിരുന്നു പ്ലാന്‍. മധുര കൊതിതീരെ കണ്ട് ധാരാളം ഡിക്കേഷന്‍ കാപ്പിയും അകത്താക്കി, രാത്രി ഹോട്ടലില്‍ ചെന്നപ്പോള്‍ മുറിയില്ല. മൊബൈല്‍ ഫോണൊന്നുമില്ലാത്ത പഴയ കാലമല്ലേ. പല ഹോട്ടലുകള്‍ തപ്പിയിട്ടും മുറി കിട്ടിയില്ല. കാരണം ചോദിച്ചപ്പോള്‍ 'സുനാമി ഭീഷണിയുണ്ട്, വിനോദ സഞ്ചാരികളാരും റൂം ഒഴിയുന്നില്ല'എന്നായിരുന്നു മറുപടി. അയ്യോ,സുനാമിയോ ...ഞെട്ടലായി ഞങ്ങള്‍ക്ക്. വളരെ കഷ്ടപ്പെട്ട് ഒടുവില്‍ ഒരു റൂം ഒപ്പിച്ചു. എന്നിട്ട് നാട്ടിലേക്കു ഫോണ്‍ വിളിച്ചപ്പോള്‍ അവിടെ എല്ലാവരും ഞങ്ങള്‍ ധനുഷ്‌ക്കോടിക്കു പോയോ എന്നോര്‍ത്ത് വിഷമിച്ചിരിക്കയായിരുന്നു. പണ്ടത്തെ കാണ്‍മാനില്ല പരസ്യത്തിലെ ഡയലോഗ് പോലെ 'മക്കളേ ,വേഗം തിരിച്ചു വാ' എന്നായി വീട്ടുകാര്‍. മൂന്നുനാള്‍ യാത്രയ്ക്ക് പെട്ടീം പ്രമാണോമെടുത്ത് റ്റാറ്റാ പറഞ്ഞിറങ്ങിയിട്ട് പിറ്റേന്ന് മടങ്ങിച്ചെല്ലുന്നതോര്‍ത്തപ്പോള്‍ നാണക്കേടിനേക്കാള്‍ സങ്കടം തോന്നി.

'എന്തൊക്കെ സ്വപ്നങ്ങളായിരുന്നു ' ഭര്‍ത്താവിന്റെ ആത്മഗതം പോലൊരു കമന്റ്. ഒടുവില്‍ ഞങ്ങള്‍ രണ്ടാളും കൂടി ഒരുമിച്ചൊരു തീരുമാനത്തിലെത്തി. റൂട്ട് മാറ്റിപ്പിടിക്കുക. പിറ്റേന്ന് രാവിലെ എണീറ്റ് റൂം വെക്കേറ്റു ചെയ്ത് ബസ്സില്‍ കയറി പഴനിക്കു വച്ചുപിടിച്ചു. മധുര -പഴനി റൂട്ടിലെ കുറേ ഗ്രാമങ്ങള്‍ കണ്ട് ധനുഷ്‌ക്കോടി കണ്ടില്ലെന്നുള്ള സങ്കടം മറക്കാന്‍ ശ്രമിച്ചു. ഒരു വ്യാഴവട്ടം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴാണ് ധനുഷ്‌ക്കോടി വീണ്ടും വിളിച്ചത്. എല്ലാറ്റിനും അതിന്റേതായ സമയം ഉണ്ടെന്നു പറയുന്നതെത്ര ശരിയാണല്ലേ..

ഇതൊക്കെ ആലോചിച്ചോണ്ട് രാമനാഥപുരം ക്ഷേത്രത്തിനു മുന്‍പില്‍നിന്ന ഞാനൊന്നു ഞെട്ടി. എന്റെയൊപ്പം നിന്ന കൂട്ടുകാരെ കണാനില്ല. രണ്ടും ഭക്തിയുടെ പാരമ്യത്തിലാണ്. എന്റെ കാര്യം ഓര്‍ക്കാതെ അവര്‍ അമ്പലത്തിനുള്ളില്‍ കയറിക്കഴിഞ്ഞിരുന്നു. ഞാനും അകത്തേയ്ക്കു പാഞ്ഞു. കൂട്ടംതെറ്റിയിട്ടു പിന്നെ പറഞ്ഞിട്ടു കാര്യമില്ല. ഫോണ്‍ കയ്യിലില്ലതാനും. പ്രധാനക്ഷേത്രങ്ങളിലൊന്നും മൊബൈല്‍ ഫോണ്‍ അനുവദനീയമല്ല. അകത്തെ അതിമനോഹരങ്ങളായ ഇടനാഴികളുടെയും മേല്‍ക്കൂരകളുടെയും മച്ചിന്റെയും ചിത്രങ്ങള്‍ മനസ്സുകൊണ്ട് ഒപ്പുകയല്ലാതെ ക്യാമറകൊണ്ട് ഒപ്പാന്‍ പാടില്ല. 

വടക്കേ ഇന്ത്യക്കാരും സ്വദേശികളും അടങ്ങിയ ഭക്തരുടെ തിക്കിതിരക്കാണ്.  തീര്‍ത്ഥം സ്വീകരിക്കുന്നതിനു മുമ്പ് ഫീസടയ്ക്കണം, വെറും  25 രൂപ. ഇത്തിരി മുമ്പ് ഒരാള്‍ക്ക് 150 രൂപയ്ക്ക് ക്യൂ നില്‍ക്കാതെ തീര്‍ഥം വീഴ്ത്തുന്നതിനുള്ള  കുറുക്കുവഴിയുമായി നിരവധി ' സഹായി 'കളെത്തിയിരുന്നു. വേണ്ടെന്നു പറഞ്ഞപ്പോള്‍ എങ്കില്‍ 100രൂപ മതിയെന്നായി. മിടുക്കികളായ എന്റെ  കൂട്ടുകാര്‍ ആ പ്രലോഭനത്തില്‍ വീണില്ല. ഞാനോടിച്ചെന്നപ്പോഴേക്കും കൗണ്ടറില്‍ 25 രൂപ വീതം  അടച്ച് രണ്ടുപേരും ഉള്ളിലേക്കു നടന്നു തുടങ്ങിയിരുന്നു. ഓരോ തീര്‍ത്ഥക്കിണറില്‍നിന്നും ജലം കോരിയെടുത്ത്  വീഴ്ത്താന്‍ ആളുകള്‍ നില്‍പ്പുണ്ട്. ഈറന്‍ധാരികള്‍ തീര്‍ത്ഥജലം ശിരസ്സിലും ശരീരത്തും  ഏറ്റുവാങ്ങി അടുത്തതിലേക്ക് നീങ്ങുന്നതിനനൊപ്പം തെല്ലു മാറി ഞാനും എല്ലാം കണ്ടുനടന്നു. 22 തീര്‍ത്ഥക്കിണറുകളും പൂര്‍ത്തിയാക്കി ആകെ നനഞ്ഞുകുളിച്ച അവര്‍ ഈറന്‍ വസ്ത്രം മാറി. പിന്നെ നീണ്ടുനീണ്ടുപോയ വരികളുടെ അറ്റത്ത് തൊഴാനായി ഇടംപിടിച്ചു.

ഏറ്റവും വലിയ ഇടനാഴി

ഇടനാഴിയുടെ പേരില്‍ പ്രസിദ്ധമാണീ ക്ഷേത്രം. കൊത്തുപണികളുടെ അത്ഭുതക്കാഴ്ചകള്‍. മച്ചിലെ കരിങ്കല്‍ പാളികളിലെ കൊത്തുപണികളും കൂറ്റന്‍ കല്‍ത്തൂണുകളിലെ ചിത്രങ്ങളും നോക്കിനില്‍ക്കെ ഞാനോര്‍ത്തുപോയി, എത്രായിരം പണിക്കാര്‍ എത്ര വര്‍ഷം കൊണ്ടാവും ഇവ കൊത്തിയെടുത്തത്. അവരെ ഇന്ന് ആരെങ്കിലും ഓര്‍മിക്കുന്നുണ്ടോ.. തൊഴുതുവന്നവര്‍ മറ്റൊരു നീണ്ട ക്യൂവില്‍ ഇടംപിടിക്കുന്ന കാഴ്ച. അറിയാവുന്ന ചെന്തമിഴ്  പേശിയപ്പോള്‍ പിടികിട്ടി, അന്നദാനത്തിനുള്ള കാത്തുനില്‍പ്പാണ്. കൂട്ടുകാരികള്‍ തിരിച്ചെത്തിയതും ഞങ്ങള്‍ പുറത്തേക്കുള്ള കവാടം തേടി ഓടി. വിശന്നിട്ടു വയര്‍ കത്തുന്ന മണം. രാവിലെ ഒരു ചായയും പിന്നെപ്പോഴോ ഒരു പേരയ്ക്കയും കഴിച്ചതാണ്. മണി ഉച്ച കഴിഞ്ഞ് രണ്ടു മണിയായി.

ക്ഷേത്രത്തിന്റെ അല്‍പ്പം അകലെയുള്ള ഒരു ഹോട്ടലിലേക്ക് ഞങ്ങള്‍ വച്ചുപിടിച്ചു. സാദാ ശാപ്പാടായിട്ടും വിശപ്പതിനു രുചി കൂട്ടി. വെറും ചീരക്കുളമ്പും കാബേജ് തോരനും മോരും പപ്പടവും.. ഇനി ഒരുപാടു ദൂരം പോകാനുള്ളതാണ്. എന്റെ സ്വപ്നഭൂമിയായ ധനുഷ്‌ക്കോടിക്കാണ് ഇനി പോകാനുള്ളത്. ഞങ്ങള്‍ തൊട്ടപ്പുറത്തുള്ള കടയില്‍ കയറി ധനുഷ്‌ക്കോടി ബസ്സിന്റെ സമയം, നമ്പര്‍ എന്നിവ  തിരക്കി. ഇപ്പോള്‍ വരുമെന്നായിരുന്നു മറുപടി. അരമണിക്കൂര്‍ കാത്തുനിന്നു, വരുന്ന ബസ്സൊന്നും ആ റൂട്ടല്ല !. ഒടുവില്‍ മുമ്പില്‍ കണ്ട പോലിസ് സ്റ്റേഷനിലേക്കു കയറിച്ചെന്നു, കാര്യം പറഞ്ഞു. യാതൊരു അനുകൂല പ്രതികരണവുമില്ല. ഓട്ടോക്കാരോടു ചോദിക്കാനായിരുന്നു വാതില്‍ക്കല്‍ നിന്ന പാറാവുകാരന്‍ പയ്യന്‍ പോലിസിന്റെ മറുപടി. എനിക്കു കേരളാപോലിസിനെ ഓര്‍ത്തപ്പോള്‍ അഭിമാനം തോന്നി. ഇങ്ങനൊരു ചോദ്യവുമായി ആരെങ്കിലും ചെന്നാല്‍ മാന്യമായ മറുപടി അവരില്‍നിന്നും ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്. വീണ്ടും തീച്ചൂടിനെ വകവയ്ക്കാതെ റോഡിലേക്കിറങ്ങിനിന്നു. ഓട്ടോക്കാരും വാന്‍കാരും ഞങ്ങളെ വട്ടമിട്ടു കറങ്ങിക്കൊണ്ടേയിരുന്നു.

ഇങ്ങനെ നിന്നാല്‍  ധനുഷ്‌ക്കോടി ക്യാന്‍സല്‍ ചെയ്യേണ്ടി വരും, ഓട്ടോ പിടിക്കാമെന്നായി കൂട്ടുകാര്‍. അപ്പോഴുണ്ട് ഒരു വാന്‍ഡ്രൈവര്‍ ഇങ്ങോട്ടു വരുന്നു. 16 പേരെ കിട്ടിയാലേ അയാള്‍ക്ക് മുതലാകൂ. ഞങ്ങള്‍ മൂന്നുപേര്‍ക്കുപുറമേ മൂന്ന് ഹിന്ദിക്കാര്‍ പയ്യന്‍മാരെക്കൂടി ഡ്രൈവര്‍ ഒപ്പിച്ചു. ആറുപേരെക്കയറ്റി അയാള്‍ വണ്ടി വിട്ടു. സന്തോഷത്തോടെ ഞങ്ങള്‍ സൈഡ് പിടിച്ചിരുന്നു. 200 മീറ്റര്‍ പോയി ആളുണ്ടോ എന്നു വിളിച്ചു ചോദിച്ചിട്ട് അയാള്‍ മടങ്ങി പഴയ സ്ഥലത്തുതന്നെ കറങ്ങിവന്നു !. ആളെകിട്ടാതെ വണ്ടി പോവില്ലത്രേ. പിന്നെന്തിനാ വണ്ടിയില്‍ കയറ്റി മോഹിപ്പിച്ചതെന്ന് ചോദിക്കാനുള്ള തമിഴ് വാക്കുകള്‍ തപ്പി ഞങ്ങളവിടെ ഇളിഭ്യരായി നിന്നു.അടുത്തതൊരു ഓട്ടോക്കാരന്റെ ഊഴമായിരുന്നു. മൂന്നു പേര്‍ക്ക് 800 രൂപ. ഞങ്ങള്‍ ഹിന്ദിക്കാരെ കൂട്ടുപിടിച്ചു. അവര്‍ മൂന്നുപേര്‍, പിന്നൊരു തമിഴന്‍, പിന്നെ ഞങ്ങള്‍ മൂന്നുപേര്‍. മൊത്തം ഏഴുപേരായി. മുഖത്തോടു മുഖം നോക്കിയിരിക്കുന്ന വിധത്തില്‍ സീറ്റിട്ടിരുന്നു. തമിഴന്‍ മുമ്പില്‍ കയറി. ഇതിനകം ഞാന്‍ ഒപ്പം കറിയ ഹിന്ദിക്കാരുടെ ഫോട്ടോ എടുത്തിരുന്നു, പോണ പോക്കില്‍ അവന്‍മാര്‍ തട്ടിപ്പോ തരികിടയോ കാണിച്ചാല്‍ വാട്സ്ആപ് മെസേജ് വിടാനെങ്കിലും തെളിവിന് ചിത്രം കരുതാം എന്നു വിചാരിച്ചാണ്. ഓട്ടോ കുതിച്ചു.

ദി ഗോസ്റ്റ് സിറ്റി

ഒരു പ്രേതനഗരത്തിലേക്കുള്ള യാത്രയാണിത്. 1964-ല്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ കടലെടുത്ത റെയില്‍പ്പാതയും ശേഷിപ്പുകളും കാണാനാണ് സന്ദര്‍ശകരുടെ വരവ്. കരയില്‍നിന്നും ദ്വീപിലേക്കുള്ള റെയില്‍പ്പാതയാണ് കടലെടുത്തത്. ഹിന്ദുവിശ്വാസവുമായി ഏറെ ബന്ധപ്പെട്ടുള്ള സ്ഥലങ്ങളാണിവിടം. ശ്രീരാമനും ലക്ഷമണനും വാനരസേനയും ചേര്‍ന്ന് സീതയെ രാവണനില്‍നിന്ന് രക്ഷിച്ചുകൊണ്ടുവരാനുള്ള  കടല്‍പാതയുണ്ടാക്കിയെന്നാണ് ഐതിഹ്യം. വിഭീഷണനും ഇവരെ സഹായിച്ചെന്നാണ് കഥ. വിജയശ്രീലാളിതനായി മടങ്ങിയെത്തിയ ശേഷം വിഭീഷണ രാജാവായി വാഴിച്ചു. വിഭീഷണന്‍  രാമനോട് പാലം നശിപ്പിക്കാന്‍ അനുവാദം ചോദിച്ചു. രാമന്‍ തന്റെ വില്ലിന്റെ അഗ്രം കൊണ്ട് -ധനുസ്സുകൊണ്ട് പാലം തകര്‍ത്തു. അതിനാലാണ് ധനുഷ്‌കോടി എന്നു പേരു വീണതത്രേ. 'ഫ്ളോട്ടിംഗ് സ്റ്റോണ്‍ ' കൊണ്ടാണ് പാലം ഉണ്ടാക്കിയതെന്നു പറയപ്പെടുന്നു. എന്തായാലും പാമ്പനില്‍നിന്ന് മന്നാര്‍ ദ്വീപിലെ തലൈമന്നാറിലേക്ക് 28 കി.മീറ്റര്‍ ബ്രിഡ്ജ് ഉണ്ടായിരുന്നതായി ജിയോളജിക്കല്‍ തെളിവുണ്ടത്രേ.

Dhanushkodi 1ഗൈഡുകള്‍ പറയുന്നത് ആ ശപിക്കപ്പെട്ട ദിവസം പാസഞ്ചര്‍ ട്രെയിനിലുണ്ടായിരുന്ന 115 യാത്രക്കാരെയും കടലെടുത്തെന്നാണ്. മൂന്നു ദിവസം കഴിഞ്ഞാണ്രേത പുറംലോകം വിവരം അറിഞ്ഞത്. രാമേശ്വരം ടൗണില്‍നിന്ന് ധനുഷ്‌ക്കോടിയിലേക്ക് 25 കി.മീ ദൂരം.ഇവിടെനിന്ന് കണ്ണൊന്ന് 'സൂം 'ചെയ്താല്‍ ശ്രീലങ്ക അങ്ങകലെയായി പൊട്ടുപോലെ കാണാം!. ധനുഷ്‌ക്കോടിയിലേക്ക് പോകുംവഴി ഒരു ക്ഷേത്രമുണ്ട്, കോതണ്ഡരാമര്‍ ക്ഷേത്രം. വിഭീഷണനെ രാജാവായി അഭിഷേകം ചെയ്തത് ഇവിടെവച്ചാണെന്ന് പറയപ്പെടുന്നു.

ഓട്ടോയാണെങ്കിലും ലംബോര്‍ഗിനിയാണെന്ന മട്ടിലാണ് ചെക്കന്‍ വണ്ടി പറപ്പിക്കുന്നത്. ശക്തമായ കാറ്റില്‍ മുഖത്തേക്കു മണല്‍ പാറിയെത്തുന്ന യാത്രയായിരുന്നു പണ്ട്. 1500 രൂപ വരെ ഈടാക്കുന്ന യാത്ര. ഇപ്പോള്‍ ഒന്നാന്തരം ഹൈവേയായി. സ്വന്തമായി വാഹനമുള്ളവര്‍ക്ക് അര്‍മാദിക്കാവുന്ന കിടിലന്‍ യാത്രാനുഭവം നല്‍കും ഈ റൂട്ടിലെ സഞ്ചാരം. ഇരുവശവും നീലക്കടല്‍. ഒരു ഭാഗത്ത് ഇന്ത്യന്‍ മഹാസമുദ്രം, മറുവശത്ത് ബംഗാള്‍ ഉള്‍ക്കടല്‍. സഞ്ചാരികളൊഴിച്ചാല്‍ വിജനമായ പാത. ഗിയറുകള്‍ മാറേണ്ടതില്ലാത്ത, കിലോമീറ്ററുകളോളം മുന്നോട്ടു കാണാവുന്ന നേര്‍രേഖ.

പെട്ടെന്ന് ഒരു ഗ്രാമത്തിന്റെ സാമിപ്യം അനുഭവപ്പെട്ടു. അങ്ങിങ്ങ് ഓലമേല്‍ക്കൂരകള്‍. മുക്കുവഗ്രാമത്തിന്റെ ഛായയായിരുന്നു അതിന്. ഉച്ച വെയിലില്‍ പഞ്ചാരമണലില്‍ ഉണങ്ങാനിട്ടിരിക്കുന്ന മത്സ്യം. ആ ഗ്രാമത്തെയും പിന്നിട്ട് ഓട്ടോറിക്ഷ കുതിച്ചുപാഞ്ഞു. എത്തിച്ചേര്‍ന്നത് സാക്ഷാല്‍ ധനുഷ്‌ക്കോടിയില്‍! കടലെടുത്ത ഗ്രാമത്തിന്റെ നിലവിളിയാണോ അതോ തിരയുടെ ഹുങ്കാരശബ്ദമാണോ കാതില്‍വന്നടിക്കുന്നത്? ഒരിക്കല്‍ ഇതൊരു സുന്ദര ഗ്രാമമായിരുന്നു. ഇന്നാവട്ടെ അറിയപ്പെടുന്നത് പ്രേത നഗരമെന്നും. പഴയ ഗ്രാമത്തിന്റെ അസ്ഥികൂടം മാത്രമാണിന്നു കാണാനാവുന്നത്.

ഓട്ടോ നിര്‍ത്തിയതും ഞങ്ങള്‍ പലവഴിക്കു ചിതറി. ഇതിനിടെ നിരത്തിനരികിലെ ഓലക്കെട്ടിടത്തില്‍ മീന്‍പൊരിച്ചുകൊണ്ടിരുന്ന സ്ത്രീ എന്നെ ചോറുണ്ണാന്‍ ക്ഷണിച്ചു. ഞാന്‍ നോക്കുമ്പോള്‍ മസാല പുരട്ടിയ ഫ്രഷ് മീന്‍ എണ്ണയില്‍കിടന്നു പിടയ്ക്കുന്ന കാഴ്ച. മസാലപുരട്ടി വറുക്കാന്‍ പാകത്തിനു വച്ചിരിക്കുന്ന ഒരു തളികമീന്‍ സമീപത്ത്. 'വാ അമ്മാ..' അവരെന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. അന്തരീക്ഷത്തില്‍ പരക്കുന്ന, മൊരിയുന്ന മീനിന്റെ സുഗന്ധം. വായില്‍ കപ്പലോടിക്കാം. ഞാനെന്റെ കൂട്ടുകാരെ പാളിനോക്കി. പച്ചക്കറികള്‍ മാത്രം അകത്താക്കുന്ന ആ പാവം അന്തര്‍ജനങ്ങള്‍ പ്രേതനഗരത്തിലേക്ക് തിടുക്കത്തില്‍ നടക്കുകയാണ്. തമിഴത്തിയെ വീണ്ടുമൊന്നുകൂടി നോക്കാതെ ഉമിനീരിറക്കി ഞാനും പിന്നാലെ വച്ചുപിടിച്ചു.

ഹിന്ദിക്കാര്‍ ഒരുമിച്ച് കടല്‍ത്തീരത്തേക്ക് നടന്നകന്നു,ഞങ്ങള്‍ മൂന്നാളും  കടല്‍ മിച്ചംവച്ച ഗ്രാമക്കാഴ്ചയിലേക്കും നീങ്ങി. 1964-ലെ റെയില്‍വേ സ്റ്റേഷന്റെ  വാട്ടര്‍ ടാങ്ക്, പള്ളി, എന്നിവയുടെ  തിരുശേഷിപ്പുകള്‍ .. എത്രയോ പേര്‍ വന്നുപ്രാര്‍ഥിച്ചിരുന്ന പള്ളി തകര്‍ന്ന് അസ്ഥി മാത്രമായി ശേഷിച്ചിരിക്കുന്നു. റെയില്‍വേ ലൈനിന്റെയും ശേഷിപ്പുകള്‍ .. റെയില്‍വേസ്റ്റേഷന്റെ തകര്‍ന്ന കെട്ടിടങ്ങളും അപ്പാടെ  ഇന്നും നിലനില്‍ക്കുന്നു. ഒരു ചെറു ക്ഷേത്രം സമീപത്തുണ്ട്. അതിനോടുചേര്‍ന്ന ചെറുടാങ്കില്‍  കമ്പിവലയ്ക്കടിയിലായി വെള്ളത്തില്‍ ഉയര്‍ന്നു കിടക്കുന്ന ചെറുകല്ല്. ചുണ്ണാമ്പുകല്ലാണെന്നു തോന്നും. വാനരസൈന്യം ചിറകെട്ടാന്‍ ഉപയോഗിച്ച കല്ലാണെന്നാണ് സമീപത്തുള്ളവര്‍ പറഞ്ഞത്. പിന്നെ പള്ളിയുടെ ഉള്‍ഭാഗമൊന്നു ചുറ്റിയ ശേഷം ഞങ്ങള്‍ മടങ്ങി. അസ്ഥികൂടം പോലെ പള്ളിയുടെ ഭിത്തിയുടെ കല്ലുകള്‍ ഉയര്‍ന്നു നില്‍ക്കുന്നു. ഈ പള്ളിയ്ക്കു മീതെ കൂടിയാവണം മരണത്തിരകള്‍ നൃത്തം ചെയ്തത്. പുരോഹിതനും വിശ്വാസികളും നാട്ടുകാരും ഒരുപക്ഷേ ഇത്തിരി ബലവത്തായി പണിത  പള്ളിയില്‍ ആ ദിവസം അഭയം തേടിയിട്ടുണ്ടാവണം.അവരെ എല്ലാവരെയും....

മനസ്സ് പ്രക്ഷുബ്ദമാകുന്നത് അറിയുന്നുണ്ട്. ആത്മാക്കള്‍ക്കു മിണ്ടാനായിരുന്നെങ്കില്‍ അവര്‍ ആ ദിവസത്തെ സുനാമിയുടെ താണ്ഡവത്തെപ്പറ്റി പറഞ്ഞുതന്നേനേ, ഒരു ഗ്രാമത്തെ തച്ചുടച്ച് ശൂന്യമാക്കിയ കൊടുംകാറ്റിന്റെ താണ്ഡവനൃത്തത്തില്‍ ഈ ഗ്രാമം മുഴുവന്‍ ശൂന്യമായി. വെയിലിന്റെ ശക്തി കുറയുന്നു. ഓട്ടോയില്‍ ഹിന്ദിക്കാര്‍ ഞങ്ങളെ കാത്തിരിക്കുകയാണ്. സഞ്ചാരികളിലേറെപ്പേരും വടക്കേ ഇന്ത്യക്കാരാണ്. 18 കി.മി.അകലെയുള്ള രാമേശ്വരം ആണ് അടുത്ത ടൗണ്‍. താമസിക്കാന്‍ ധനുഷ്‌ക്കോടിയില്‍ സൗകര്യങ്ങളൊന്നും തന്നെയില്ല. രാമേശ്വരത്ത് നല്ല ഹോട്ടലുകളുണ്ട്. ക്ഷേത്രം ട്രസ്റ്റ് വക റൂമുകളും കുറഞ്ഞ ചിലവില്‍ കിട്ടാനുണ്ട്. ധനുഷ്‌ക്കോടിയില്‍നിന്ന് മടങ്ങുംവഴി  ഇരച്ചില്‍മുനൈ-യില്‍ ഇത്തിരിനേരം. തിരക്കേറിത്തുടങ്ങിയിരിക്കുന്നു. സാഗര സംഗമം കണ്ടുനില്‍ക്കാനൊന്നും നേരമുണ്ടായില്ല. 50 രൂപ കൊടുത്ത് ഇന്‍സ്റ്റന്റ് ഫോട്ടോയുമെടുത്ത് മടങ്ങി. കോതണ്ഡരാമര്‍ ക്ഷേത്രം, വിഭീഷണന്റെ പട്ടാഭിഷേകം ലക്ഷ്മണന്‍ നടത്തിയ സ്ഥലം തുടങ്ങി  ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട ഒട്ടേറെ സ്ഥലങ്ങള്‍ മടക്കയാത്രയില്‍ സന്ദര്‍ശിച്ചു.

Dhanushkodi 2

പിന്നെ തിരക്കിട്ടൊരു ഒട്ടമായിരുന്നു. വീണ്ടും ബസ്സ് പിടിച്ച് മണ്ഡപത്തിലെത്തി ട്രെയിന്‍ കിട്ടിയാലെ മധുരയില്‍നിന്ന് നാട്ടിലേക്കുള്ള കണക്ഷന്‍ ട്രെയിന്‍ കിട്ടൂ. ഹിന്ദിക്കാരോട് യാത്ര പറയുംമുമ്പ് എല്ലാവരും ഒത്ത് നല്ല മസാല ടീ കുടിച്ചു പിരിഞ്ഞു. പാവം ! ഇവന്‍മാരെയാണ് തട്ടിപ്പുകാരാണെങ്കിലോ എന്നോര്‍ത്ത് തെറ്റിധരിച്ച് ഫോട്ടോയൊക്കെ രഹസ്യമായി എടുത്തുവച്ചത്. മധുരയിലെത്തിയതോടെ ഞങ്ങള്‍ മൂന്നാളും കൂട്ടം പിരിഞ്ഞു. സരള ഇവിടെനിന്ന് നേരെ ബാംഗ്ളൂര്‍ ട്രെയിനിലിലാണ് മടക്കയാത്ര.ഞാനും മീരയും തിരുവനന്തപുരം വരെ ഒരുമിച്ചുണ്ട്. പിന്നെ ഞാന്‍ തനിയെ കോട്ടയത്തേക്ക്.

രാത്രി തിരുവനന്തപുരത്തേക്കുള്ള ട്രെയിനില്‍ കറിയതും ബര്‍ത്തില്‍ നീണ്ടുനിവര്‍ന്നു കിടന്നു. കിടന്നതേ അറിഞ്ഞുള്ളൂ,ഗാഢനിദ്രയിലായി.പകല്‍  അമ്മാതിരി അലച്ചിലായിരുന്നല്ലോ..എങ്കിലെന്താ കാണേണ്ട സ്ഥലമെല്ലാം കണ്ട്, മനസ്സറിഞ്ഞ് സന്തോഷിച്ച് രണ്ടുനാള്‍. അടുത്ത  യാത്രയ്ക്കായി തല്‍ക്കാലം ഞങ്ങള്‍ വിടചൊല്ലി ..

Content Highlights: Rameswaram Travel, Dhanushkodi Travel, Women Travel