രാജസ്ഥാനിലേക്ക് വണ്ടി കയറുമ്പോൾ കൂടുതൽ സ്ഥലങ്ങളെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. എല്ലാ സഞ്ചാരികളേയും പോലെ ഓരോട്ടപ്രദക്ഷിണം തന്നെ നടത്താം എന്നുകരുതി. ഗ്രാമങ്ങൾ കാണാൻ താൽപര്യമുണ്ടെങ്കിലും കാര്യമായ പ്ലാനിങ്ങൊന്നുമില്ലാത്തതിനാൽ ആ ആഗ്രഹം ആഗ്രഹമായിത്തന്നെ അവശേഷിക്കുമെന്നാണ് കരുതിയത്. ആ നിരാശയിലാണ് യാത്ര തുടങ്ങിയതും.
സാധാരണ ടൂറിസ്റ്റുകളേപ്പോലെ പോലെ ആദ്യം ഉദയ്പുർ, പിന്നെ ജയ്പുർ, ജോധ്പുർ, ജയ്സാൽമീർ, അങ്ങനെ പ്രധാന സ്ഥലങ്ങൾ ആദ്യം കാണാൻ തീരുമാനിച്ചു. ഇതിനിടയിൽ വല്ല ഉൾനാടൻ സ്ഥലങ്ങളും തരപ്പെട്ടാൽ ഒരു കൈനോക്കാമെന്നും കരുതി. ഉദയ്പുരും, ജയ്പുരും വിചാരിച്ചതുപോലെ കടന്നു പോയി കോട്ട കൊത്തളങ്ങളും മഹലുകളുമെല്ലാം കണ്ടു തൃപ്തിയടഞ്ഞു. സിറ്റിപാലസും തടാകങ്ങളും ജന്തർ മന്തറും ഹവാമഹലും എല്ലാം കഴിഞ്ഞ് ചെറിയ തളർച്ചയോടെ ജയ്പുരിലെ മുഷിഞ്ഞ തെരുവുകളിലൂടെ നടന്നു. ആ തിരക്കും ബഹളവും ഒരു തരത്തിൽ ആശ്വാസമായിരുന്നു എന്നുവേണം പറയാൻ. ആകെ കൗതുകം ഉണർത്തിയ ഒരേയൊരു കാര്യം പലയിടങ്ങളിലും വഴിയരികിലിരുന്നു ആളുകൾ വായിച്ചിരുന്ന ഒരു സംഗീതോപകരണമാണ്. നമ്മുടെ വയലിനിന്റെ ഒരു പരമ്പരാഗത രൂപത്തിലുള്ള ഒന്ന്. രാവൺഹൻത എന്നാണ് അതിന്റെ പേര്, (രാവൺമേധ എന്നും പറയാറുണ്ട്). ആശാൻ കടലുകടന്നു വന്നതാണിവിടെ. ശ്രീലങ്കയിലെ പരമ്പരാഗത വാദ്യോപകരണമാണത്രേ. ലങ്കയിൽ രാവണനെ പ്രകീർത്തിച്ചു പാടിയിരുന്നതാണ്. ഇന്ത്യയിലെത്തിയപ്പോൾ രാവണനുപകരം രാമനായി നായകൻ. രാജസ്ഥാനിൽ തന്നെ വിവിധ പ്രദേശങ്ങളിലെ കലാകാരൻമാർ ഇതുപയോഗിക്കുന്നുണ്ട്. സഞ്ചാരികളെ ആകർഷിക്കാൻ സിനിമാഗാനങ്ങളാണ് ഇപ്പോൾ കൂടുതൽ പാടുന്നത്.
ഏതായാലും പിങ്ക് സിറ്റിയോട് യാത്ര പറഞ്ഞു നേരെ ജോധ്പുരിലേക്ക് വച്ചുപിടിച്ചു. ജോധ്പുർ റെയിൽവേ സ്റ്റേഷനിലിരിക്കുമ്പോഴാ ആലോചിച്ചേ. എന്തിനാ ഇങ്ങനെ ധൃതി കൂട്ടുന്നത്. ചുമ്മാ കറങ്ങി തിരിഞ്ഞ് പതുക്കെ പോയാൽ മതിയല്ലോ. ജോധ്പുരിൽ നിന്ന് പോകാവുന്ന ചെറുഗ്രാമങ്ങൾ തപ്പി നോക്കി. കേട്ടു പരിചയമുള്ള ഒരു സ്ഥലം പർലു എന്ന ഗ്രാമമാണ്. സഹയാത്രിക ശ്രുതിയുടെ അടുത്ത സുഹൃത്ത് ഉർവശിയുടെ വീട് അവിടെയാണ്. യൂണിവേഴ്സിറ്റിയിൽ ഗവേഷകയാണ് ഉർവശി. അവധി സമയമായതിനാൽ അവരവിടെ കാണാനും സാധ്യതയുണ്ട്. അപ്പോ തന്നെ ഉർവശിയെ വിളിച്ചു. ഭാഗ്യം അവരവിടെ തന്നെയുണ്ട്. ചെന്നാൽ വീട്ടിൽ നിൽക്കാം അവരുടെ നാടും അടുത്തുള്ള രണ്ടു ഗ്രാമങ്ങളും കാണാം. കൂടുതലൊന്നും ആലോചിച്ചില്ല രണ്ടു ടിക്കറ്റുമെടുത്ത് ജോധ്പുരിൽ നിന്നും ബാർമറിലേക്കുള്ള പാസഞ്ചർ ട്രെയിനിൽ കയറി. രാജസ്ഥാനിലെത്തിയാൽ എവിടെപ്പോകാനും ഏറെ സൗകര്യം ജോധ്പുരിലാണ്. അതിർത്തി ഗ്രാമങ്ങളിലേക്കു പോകുന്ന നിരവധി പാസഞ്ചറുകളും അജ്മീറും പുഷ്കറും അടക്കം പ്രധാന സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള കണക്ഷൻ ട്രെയിനുകളും ജോധ്പുരിൽ നിന്ന് ലഭിക്കും. ഡെൽഹിയിൽ നിന്ന് ജോധ്പുരിലേക്ക് ട്രയിൻ സൗകര്യമുണ്ട്.
പാസഞ്ചർ യാത്ര അത്ര മോശമായിരുന്നില്ല. ഇരുവശത്തും മനോഹരമായ പ്രകൃതിഭംഗി. ഗുജറാത്തിൽ കണ്ടതു പോലെ തന്നെ പച്ചപ്പ് കുറവാണെങ്കിലും മരങ്ങളും കുറ്റിച്ചെടികളും ക്യാൻവാസിൽ വരച്ചു വച്ചതുപോലെ നിൽക്കുന്നു. പകൃതി ഭംഗിയും പച്ചനിറവുമായി ഇളം മഞ്ഞ നിറത്തിൽ പരന്നു കിടക്കുന്ന ഭൂമിയിൽ സൂര്യപ്രകാശം കൂടി എത്തിയതോടെ വെട്ടിത്തിളങ്ങി. ഇടയ്ക്കിടക്ക് നല്ല പച്ചനിറത്തിൽ കടുകു പാടങ്ങളും കാണാം. മറ്റൊരു കാഴ്ച ജോധ്പുരിൽ നിന്ന് പുറപ്പെട്ട് മൂന്നാമത്തെ സ്റ്റേഷനിൽ എത്തുമ്പോൾ പാളത്തിനപ്പുറം കാണുന്ന ഉപ്പു പാടമാണ്. പിങ്ക് നിറത്തിൽ പരന്നു കിടക്കുന്ന ഉപ്പു പാടങ്ങൾ. ഇന്തുപ്പാണ്. അവിടെ കാലാനമക് എന്നറിയപ്പെടുമത്രേ.
ഇതെല്ലാം ചിത്രങ്ങളെടുത്ത് ആഘോഷിച്ചുകൊണ്ടിരുന്ന ഞങ്ങളോട് ട്രയിനിലുണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ പറഞ്ഞു, പുറമെ ഇങ്ങനെയാണ്. അതിനു പിറകിലായി ആളുകൾ താമസിക്കുന്ന സ്ഥലങ്ങളുണ്ട്. അപ്പോഴാണ് യഥാർത്ഥ സ്ഥിതി മനസിലാകൂ. സംശയത്തോടെ നോക്കിയ ഞങ്ങളോട് അയാൾ ചിരിച്ചുകൊണ്ടു പറഞ്ഞു. ഇവിടെ ഗ്രാമങ്ങൾ ടൂറിസ്റ്റുകളെ ആകർഷിക്കുന്നത് ദാരിദ്ര്യം കൊണ്ടാണ്. അതും കാണേണ്ട കാഴ്ചയാണ്. അതുകൂടി കേട്ടതോടെ ഞങ്ങളുടെ മുഖത്തെ ചിരി മാഞ്ഞു. അദ്ദേഹം തൊട്ടടുത്ത സ്റ്റേഷനിൽ ഇറങ്ങി ഞങ്ങൾ ആലോചനയിൽ തന്നെയായിരുന്നു.
രാത്രി പന്ത്രണ്ടു മണിയോടെയാണ് പർലുവിലെത്തിയത്. ഉർവശിയും അനിയത്തി ചോട്ടുവും അച്ഛനും കൂടിയാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. അവിടുന്നു 5 മിനിറ്റ് ദൂരത്തിലാണ് അവരുടെ വീട്. രാത്രി ഏറെ വൈകിയതുകൊണ്ട് വേഗം ഭക്ഷണം കഴിച്ച് കിടക്കാൻ തീരുമാനിച്ചു. ക്ഷീണം നല്ലപോലെയുണ്ട്, ക്ഷീണം മാറാൻ ഉർവശി ഒരു മരുന്നും തന്നു. രാജസ്ഥാനിലെ പരമ്പരാഗത വാറ്റായ കേസർ കസ്തൂർ. നല്ല സ്വർണ നിറത്തിൽ സുഗന്ധം പരത്തുന്ന സാധനം അതും പിടിപ്പിച്ച് ഒരു പുഞ്ചിരിയോടെ വീണതേ ഓർമ്മയുള്ളു. പിറ്റേന്ന് ചോട്ടു വിളിക്കുമ്പോഴാ കണ്ണു തുറക്കുന്നത്. സിനിമകളിൽ കാണുന്നപോലെ മുകളിൽ നാലു തലകൾ. അവിടുത്തെ കുട്ടികളാണ്. ഞങ്ങളെ കാണാൻ വന്നതാ. ചിരിച്ചുകൊണ്ട് എഴുനേറ്റ് അവരെ ലാളിക്കാൻ ശ്രമിക്കുന്നതിനിടെ കൂട്ടത്തിലെ വയസുകാരന്റെ ചോദ്യം നിങ്ങളുടെ ജാതി എന്താ ? അത്ര ചെറുതല്ലാതെ ഞെട്ടിയ ഞങ്ങളെ ഉർവശിയുടെ അനിയത്തി ചോട്ടു വന്നു വിളിക്കുകയായിരുന്നു.
നമുക്ക് അധികം സമയമില്ല വേഗം ഇറങ്ങിയാൽ ഇന്നു തന്നെ എല്ലായിടത്തും പോകാം. പിന്നെന്താ രണ്ടാളും ഉടൻ തന്നെ റെഡിയായി. രാവിലെ നാസ്താ ആയി കഴിച്ചത് പോഹ ആയിരുന്നു. അല്ലെങ്കിലും ഗ്രാമത്തിന്റെ തനത് ഭക്ഷണം നമ്മെ അത്രയ്ക്കൊന്നും രസിപ്പിക്കുന്നതായിരിക്കില്ല എന്ന സത്യം ഇതിനോടകം ഞങ്ങൾ മനസിലാക്കിയിരുന്നു. നഗരപരിസരങ്ങളിൽ ആലൂപറാത്തയും നാനും ദാലും എല്ലാം കഴിച്ച് ആസ്വദിച്ചെങ്കിലും ഗ്രാമങ്ങളിൽ അതൊന്നും പതിവില്ല. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തന്നെ അപൂർവമാണ്. പച്ചക്കറികളും ഇലകളുമെല്ലാം ചെറിയ ചന്തകളിൽ കൊണ്ടുവന്ന് വിൽക്കും. ഗോതമ്പു പോലെയുള്ള ധാന്യമാണ് ബാജിറ. അത് പൊടിച്ചുണ്ടാക്കുന്ന റോട്ടിയും ഉണക്കി സൂക്ഷിച്ച പച്ചക്കറികൾ കൊണ്ടുള്ള കറിയും സാംഗ്രേകി സബ്ജി എന്നാണ് അവിടങ്ങളിൽ പറയുക. ഒരു കൗതുകത്തിനപ്പുറം പ്രത്യേകിച്ചൊരു വികാരവും ആ ഭക്ഷണത്തോട് രണ്ടുപേർക്കും തോന്നിയില്ല എന്നതാണ് സത്യം.
ഇനി നാടുകാണലിലേക്ക് നാടിനേക്കാളേറെ കഥപറയാനുള്ളത് അവിടുത്തെ സ്ത്രീകൾക്കാണ്. ശരിക്കും പർലു എന്ന ഗ്രാമം മറ്റൊരു ലോകം തന്നെയാണെന്ന് ഉർവശി മുന്നറിയിപ്പ് തന്നിരുന്നു. എന്നാൽ സ്ത്രീകൾക്കായി മാത്രം നിരവധി നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള ലോകം. അവരെ മനുഷ്യരായി പരിഗണിക്കാത്ത ഒരു ലോകം. അല്ലെങ്കിൽ ലോകത്തെവിടെയാണ് മാംസാഹാരം വച്ചാൽ പുരുഷന് മാത്രം കഴിക്കാം സ്ത്രീക്ക് കഴിക്കാനാകില്ലെന്ന വിചിത്ര നിയമം നിലനിൽക്കുന്നത്. പുറത്തിറങ്ങുമ്പോഴും പുരുഷൻമാരുടെ മുന്നിലും മാത്രമല്ല വീട്ടിലും തങ്ങളേക്കാൾ മുതിർന്ന സ്ത്രീകളുടെ മുന്നിലും സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ആഘോഷങ്ങളിലും മുഖം മറയ്ക്കണം. മാത്രവുമല്ല മറ്റുള്ളവരുടെ മുന്നിൽ വച്ച് അവർക്ക് ഇരിക്കാനും സംസാരിക്കാനും അനുവാദമില്ല.
തനിക്കും അനിയത്തിമാർക്കും വിദ്യാഭ്യാസം നൽകാൻ വേണ്ടിയാണ് അമ്മ അച്ഛനോട് അകന്ന് ഈ വീടുവിട്ട് പോയതെന്നാണ് ഉർവശി പറഞ്ഞത്. അവർ അവധിക്കാലത്ത് ഏതാനും ദിവസം അച്ഛനെ കാണാനായി മാത്രമേ ഗ്രാമത്തിലേക്ക് വരാറുള്ളു. പഠിച്ചതും വളർന്നതുമെല്ലാം അമ്മയുടെ വീട്ടിലാണത്രേ. ഒരു പക്ഷെ ആ നാട്ടിൽ സ്വന്തമായി തീരുമാനമെടുത്ത ഒരേ ഒരു സ്ത്രീ തന്റെ അമ്മയായിരിക്കുമെന്ന് അവൾ പറഞ്ഞു.
പുറത്തേക്കിറങ്ങി നടന്നു മണ്ണു നിറഞ്ഞ വഴികളാണ്. ഇരുവശങ്ങളിലും കോൺക്രീറ്റ് ചെയ്ത ചെറിയ വീടുകൾ. ഒന്നോ രണ്ടോ വീടുകൾക്ക് നല്ല വലിപ്പമുണ്ട്. ഇവിടെ വീടുകളിൽ മുറികളേക്കാൾ കൂടുതൽ നടുത്തളങ്ങളായിരിക്കും. അവരുടെ ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും ഇണങ്ങുന്നത് അതാണ്. റോഡിനിരുവശങ്ങളിലും ഉള്ള കുറച്ചു വീടുകളിലേ ഈ പകിട്ടുള്ളു. അവരാകട്ടെ ഉയർന്ന ജാതിയിലുള്ളവരും. അവിടെ താണജാതിയിലുള്ളവരെ മനുഷ്യരായിപ്പോലും പരിഗണിച്ചിട്ടില്ല എന്നതാണ് സ്ഥിതി. അവരുടെ നിഴൽപോലും അയിത്തമെന്ന് കരുതുന്ന ഉന്നതകുലജാതർ. ഉർവശിയുടെ ചില ബന്ധുവീടുകളിൽ ചെന്നതോടെ അത് മനസിലായി. അകത്തു കയറുന്നതിന് മുൻപേ അവർ ജാതി ചോദിച്ചു. ആ ചോദ്യം ആദ്യം വന്നത് പത്തു വയസുപോലും തികയാത്ത കുട്ടികളിൽ നിന്നായിരുന്നുവെന്ന വേദനിപ്പിക്കുന്ന സത്യം നേരത്തേ പറഞ്ഞല്ലോ?
പിന്നീടങ്ങോട്ടാണ് യഥാർത്ഥ വികസനത്തിന്റെ അടയാളങ്ങൾ. നാട്ടിലെ ഭൂരിഭാഗം പേരുടേയും വീടുകൾ പുല്ലുമേഞ്ഞ ഒറ്റമുറികളാണ്. കച്ചാഘർ. കണ്ടാൽ ഒരാൾ കിടക്കുമോയെന്ന് സംശയിക്കും. പക്ഷേ ഒരു കുടുംബം അവിടെ കഴിയും എന്നതാണ് യാഥാർത്ഥ്യം. കുടവും തലയിലേറ്റി കിലോമീറ്ററുകളോളം വെള്ളത്തിനായി നടക്കുന്ന സ്ത്രീകളും കുട്ടികളും. പരമ്പരാഗത രജസ്ഥാനി വസ്ത്രമണിഞ്ഞ് തോളറ്റം വളകളുമായി മുഖം മറച്ച് നടക്കുന്ന സ്ത്രീകളെ പെട്ടെന്ന് ശ്രദ്ധിക്കും. ചൂടാ എന്നാണ് ഈ വളകളുടെ പേര്. ഒരിക്കലണിഞ്ഞാൽ പിന്നെ ഉറങ്ങാൻ പോലും അത് ഊരിവയ്ക്കാനാകില്ലെന്ന് അവർ പറഞ്ഞു. എന്ത് അസ്വസ്ഥത തോന്നിയാലും കാര്യമില്ല അതവരുടെ ആചാരത്തിന്റെ ഭാഗമാണത്രേ. ഉയർന്ന ജാതിയിലെ സ്ത്രീകൾക്ക് ഇക്കാര്യത്തിൽ ചെറിയ ഇളവുകളൊക്കെയുണ്ട്. ചൂടയുടെ പിന്നിലെ ത്യാഗങ്ങൾ അറിഞ്ഞതോടെ ഞാൻ രാജസ്ഥാനി പാരമ്പര്യത്തിന്റെ പടമെടുപ്പ് തൽക്കാലം നിർത്തി വച്ചു.
ലാലന എന്ന ഗ്രാമത്തിലേക്കായിരുന്നു പിന്നീട് യാത്ര. പോകുന്നവഴിയേ നോക്കെത്താ ദൂരത്തോളം മണൽ നിറഞ്ഞ ഒരു മൈതാനം. എന്റെ നോട്ടം കണ്ടു ചോട്ടു പറഞ്ഞു ഇതിവിടുത്തെ ഏറ്റവും വലിയ നദിയായിരുന്നു. ലൂണി നദി. വറ്റിവരണ്ട് ഇപ്പോ ഇങ്ങനെയായി. അവിടുന്നങ്ങോട്ടും പുല്ലുമേഞ്ഞ കുറേ വീടുകൾ. വിറകു ശേഖരിക്കാനും വെള്ളത്തിനുമായി പായുന്ന സ്ത്രീകൾ. തലപ്പാവും ധരിച്ച് കൊച്ചുവർത്തമാനം പറഞ്ഞിരിക്കുന്ന പുരുഷ പ്രജകൾ. കുറച്ചു നേരം നിന്നതോടെ ചില സ്ത്രീകളും കുട്ടികളുമൊക്കെ ഞങ്ങളോട് ചിരിക്കാനും വർത്തമാനം പറയാനും തുടങ്ങി. കാര്യമായൊന്നും പറയാൻ മെനക്കെട്ടില്ല. അല്ലെങ്കിലും മറ്റുള്ളവർ പറയുന്നതുകേട്ട് മാത്രം ശീലിച്ചവരാണല്ലോ? കൂടുതലായി അവർക്കൊന്നും പറയാനും അറിയാനുമില്ലത്രേ.
നമ്മുടെ ഗ്രാമവികസന പദ്ധതികളുടെ ഒരു കണികപോലും അവരിലേക്കെത്തിയതായി തോന്നിയില്ല. വീട്, ആവശ്യമായ ഭക്ഷണം, കുടിവെള്ളം, ചികിത്സ, വിദ്യാഭ്യാസം ഇതെല്ലാം തങ്ങൾക്കു കൂടി അവകാശപ്പെട്ടതാണെന്ന തിരിച്ചറിവുപോലും അവരിൽ കാണാൻ കഴിഞ്ഞില്ല. കാലത്തിനും പിറകേ സഞ്ചരിക്കേണ്ട ജീവിതങ്ങളാണ് തങ്ങളെന്ന് അവർ അവരെത്തന്നെ ബോധ്യപ്പെടുത്തിയിരിക്കുകയാണെന്നു തോന്നും. വോട്ടുപോലും കൂട്ടത്തിൽ മുതിർന്നയാളുടെ നിർദേശപ്രകാരം നടത്തുന്ന ഒരു യാന്ത്രിക പ്രവർത്തനമാണിവർക്ക്.
ഇടയ്ക്ക് ഞങ്ങളുടെ കയ്യിലെ ക്യാമറ കണ്ട് രണ്ടു ചെറുപ്പക്കാർ വന്നു ചോദിച്ചു നിങ്ങൾ ഞങ്ങളുടെ ദാരിദ്ര്യം പകർത്താൻ വന്നതാണോ? അല്ല സ്ഥലം കാണാൻ വന്നതാണെന്ന് പറഞ്ഞതോടെ അവരൊന്നയഞ്ഞു. അപ്പോഴവർ പറഞ്ഞു ഇവിടെ ഒരു പ്രശ്നവുമില്ല. പിന്നെ ഇതൊക്കെ ഞങ്ങളുടെ ജീവിത രീതിയും ആചാരവുമാണ്. ഞങ്ങൾ ഒന്നു ചിരിച്ചു. എന്തും പൊതിഞ്ഞെടുക്കാവുന്ന പേപ്പറാണല്ലോ ആചാരം. ഏതായാലും തർക്കിക്കാൻ നിന്നില്ല. കുറച്ചു ദൂരം നടന്നു അതിനിടയിൽ ശ്രുതി പറഞ്ഞു ഞാൻ ആലോചിക്കുവായിരുന്നു, എന്ത് ? അല്ലാ ഈ മനുഷ്യരൊക്കെ എന്താവും സ്വപ്നം കാണുന്നത് ? വെറുതെയെങ്കിലും ഒരുത്തരം പറയാൻ എനിക്ക് ഇന്നും കഴിയില്ല. പിന്നെയും ഏറെ ദൂരം നടന്ന് ഒരു ചെറിയ ഗോതമ്പുപാടത്തിനരുകിലെത്തി. അതിനടുത്ത് ഉർവശിയുടെ അച്ഛന് ഒരു ഫാം ഉണ്ട്. ഫാമിൽ നിറയെ ആട്ടിൻകുട്ടികൾ. ഒന്നു ചുറ്റിനടന്നു കണ്ടു. പിന്നെ തിരിച്ചുവീട്ടിലേക്ക്.
പിറ്റേന്ന് ഒരു ഒരു പരമ്പരാഗത രാജസ്ഥാനി കല്യാണം കൂടി. രാവും പകലും നീണ്ട ആഘോഷങ്ങൾ. സംസ്ഥാനത്ത് ലഭ്യമാകുന്ന എല്ലാ വിഭവങ്ങളും അന്ന് അവിടെനിന്ന് കിട്ടിയെന്ന് പറയാം. ആണുങ്ങൾക്കായി അലങ്കരിച്ച സദസിൽ പരസ്യ മദ്യപാനം. സ്ത്രീകളുടെ മാത്രം ആഘോഷം നടക്കുന്നിടത്താകട്ടെ മുഖം മൂടിക്കെട്ടിയ കുറേ ജീവികൾ ഇരുന്നു പാടുന്നു. ശബ്ദം പുറത്തുവരാതെ ചിരിക്കുന്നു. കൂട്ടത്തിൽ രണ്ടുപേർ നൃത്തം ചെയ്യുന്നു. അധികനേരം നിന്നില്ല. പെട്ടെന്ന് അവിടെ നിന്നിറങ്ങി. എന്തോ ഒരു വല്ലായ്ക പോലെ. എന്റെ മുഖം കണ്ട ഉർവശി പറഞ്ഞു ഇവിടെ മിക്ക ഗ്രാമങ്ങളും ഇങ്ങനെയാണ് രണ്ടു നീതി. രണ്ടു നിയമം. അവരെല്ലാം അതിനോടു പൊരുത്തപ്പെട്ടുകഴിഞ്ഞു. ഇനിയവർ പെൺമക്കളെ അതിനായി പരിശീലിപ്പിക്കും. അതങ്ങനെയാ...
ഞങ്ങൾ ഒന്നു ചിരിക്കാൻ ശ്രമിച്ചു, പിന്നെ നടപ്പിനു വേഗം കൂട്ടി. നാളെ പോകുന്നതുകൊണ്ട് ഞങ്ങളെ യാത്രയാക്കാൻ ഒരുകൂട്ടം തെരുവുനായ്ക്കളും പിറകെ കൂടി. അത്ര ചെറുതല്ലാത്ത ഓട്ടമത്സരം നടത്തി അല്ലറ ചില്ലറ പരിക്കുകളോടെയാണ് പിന്നെ വീട്ടിലെത്തിയത്. വേഗം കിടന്നുറങ്ങി. അതിരാവിലെയാണ് ട്രെയിൻ. റെയിൽ വേസ്റ്റേഷനിലെത്തിച്ച് ഉർവശിയുടെ അച്ഛൻ കുറച്ചു കാശും കയ്യിൽ തന്നു. തിരിച്ചു കൊടുക്കാനാകില്ല അതവരുടെ ആചാരമാണത്രേ. ആദ്യത്തെ ദിവസം അവരുടെ ബന്ധുവീട്ടിൽ ചെന്നപ്പോഴും ഞങ്ങൾക്ക് കാശു കിട്ടിയിരുന്നു. കൊള്ളാം എതായാലും ഈ ആചാരം ഞങ്ങൾക്ക് നന്നേ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തോട് യാത്ര പറഞ്ഞ് നടന്നു. അടുത്ത യാത്രയ്ക്കുള്ള സ്ഥലം ആലോചിച്ചു കൊണ്ട് ഞങ്ങൾ ടിക്കറ്റ് കൗണ്ടറിലേക്ക് നടന്നു.
Content Highlights: Rajasthan Travel, Parlu Travel, Indian Village Travel, Women Travel