ഗുവാഹാട്ടിയുടെ നഗരത്തിരക്കിന്റെയും മലിനീകരണത്തിൽനിന്ന് ഏകദേശം 50 കി.മീ. ദൂരത്തിലാണ് പോബിത്തുറ വൈൽഡ് ലൈഫ് സാങ്ച്വറി സ്ഥിതിചെയ്യുന്നത്. മയോങ് എന്നറിയപ്പെടുന്ന ഒരു കൊച്ചുഗ്രാമം കടന്നാണ് അവിടേക്ക് എത്തിച്ചേരുന്നത്. മയോങ് എന്ന വാക്കിന്റെ അർഥം തന്നെ മായാനഗരം എന്നാണ്. കൂടോത്രം പോലുള്ളവ ഈ നൂറ്റാണ്ടിലും നല്ലതോതിൽത്തന്നെ ആചരിക്കുന്നവരാണ് ഇവിടെയുള്ളവർ.

ക്യാമറ പുറത്തെടുക്കാൻ തുനിഞ്ഞപ്പോൾ എന്റെ സുഹൃത്ത് എന്നെ ചിരിച്ചുകൊണ്ട് തടഞ്ഞു. എന്നിട്ടു പറഞ്ഞു ഈ മായാനഗരത്തിൽ ചിത്രങ്ങൾ എടുക്കുന്നതുപോലും അപകടങ്ങളെ ക്ഷണിക്കുന്നതിനു തുല്യമാണെന്ന്. പെട്ടെന്നുള്ള ആ ഒരു അറിവ് ഒരുനിമിഷത്തേക്കാണെങ്കിലും മനസിൽ ഭയംവരുത്തി. ഞാൻ ക്യാമറ മടിയിൽത്തന്നെ വെച്ചു. ഒരു ഫോട്ടോ​ഗ്രാഫറുടെ അസഹിഷ്ണുത വളരെയധികം അലട്ടി. മുൻപിൽ വളരെ മനോ​ഹരമായ ഒരു പാടശേഖരം സൂര്യരശ്മികളുടെ ആദ്യകിരണങ്ങളാൽ പതിഞ്ഞ് സ്വർണക്കതിരുകൾപോലെ തിളങ്ങി. മുൻപ് എന്നെ തടഞ്ഞ സുഹൃത്ത് ഇപ്രാവശ്യം ഒന്നും മിണ്ടാതെതന്നെ വണ്ടിയിൽ ഇരുന്നു. മുൻപോട്ടു പോയപ്പോൾ ഫോറസ്റ്റ് ചെക്പോസ്റ്റിൽ തിരിച്ചറിയൽ കാർഡും രേഖകളും കാണിച്ച് യാത്രതുടർന്നു. പതിവില്ലാതെ അന്ന് നല്ല തെളിച്ചമുള്ള ദിവസമായിരുന്നു. സാധാരണ ദിവസങ്ങളിൽ നട്ടുച്ചനേരത്തും മഞ്ഞിൽ പൊതിഞ്ഞ് കിടക്കുന്നതാണിവിടം.

Pobitora 3

"അസമിന്റെ പ്രൗഢി' എന്നറിയപ്പെടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തെ (One Horned Rhino) കാണുകയും ചിത്രങ്ങൾ പകർത്തുകയുമാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. ഓരോ പ്രാവശ്യവും ഈ "ശാന്തരായ ഭീമൻമാരെ' കാണുമ്പോൾ മനസ്സിലേക്ക് ഇവിടുത്തെ ഗ്രാമനിവാസികളുടെയും വനപാലകരുടെയും ഭയപ്പെടുത്തുന്ന കഥകളാണ് ഓടിവരുന്നത്. ഗ്രാമങ്ങളിലും പാടശേഖരങ്ങളിലും മറ്റും വിളകൾ നശിപ്പിച്ചും വയോധികരെയും സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെയും മറ്റും ആക്രമിച്ചതായി ഒത്തിരി ഭയാനകമായ സംഭവങ്ങളെപ്പറ്റി അവർ പറഞ്ഞതാണ് ആ നിമിഷത്തിൽ ഞാൻ ഓർത്തത്.

മുൻപ് പലതവണ ഇവിടെ വന്നിട്ടുണ്ടെങ്കിലും ഇതുവരെ ഈ ശാന്തരായ ഭീമന്മാരെ അടുത്തറിയാനോ മനസിലാക്കാനോ എനിക്ക് ധൈര്യം തോന്നിയിട്ടില്ല. തോന്നിപ്പിച്ചിട്ടുമില്ല! കൂടെയുള്ള സുഹൃത്തിനെ് ഫോറസ്റ്റ് ഓഫീസിൽ ഇരുത്തിയിട്ട് ഞാൻ എന്റെ ക്യാമറയുമായി നടന്നു തുടങ്ങി. കുറച്ചു മുൻപോട്ടു ചെന്നപ്പോൾതന്നെ പലയിനത്തിൽപെട്ട പക്ഷികളെ കണ്ടു തുടങ്ങി. എന്നാൽ ഇന്ന് ലക്ഷ്യം ഇവയൊന്നുമല്ല. ഉത്തരകിഴക്കൻ ഇന്ത്യയിൽ അതും അസമിൽ മാത്രം കണ്ടുവരുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തെ പഠിക്കുക, ചിത്രങ്ങളെടുക്കുക. ആതാണീ യാത്രയുടെ ലക്ഷ്യം.

ഞാൻ ഓരോ ചുവടും ശ്രദ്ധയോടെ മുൻപോട്ടു വെച്ചു. കുറച്ച് മുൻപോട്ടു നടന്നപ്പോൾ ചേറും വെള്ളവും കെട്ടിനിൽക്കുന്നതായ ഭാഗം വന്നു. അതിനു പുറകിലായിട്ട് എന്നെ കാത്ത് "ശാന്തരായ ഭീമന്മാർ', ഞാൻ ആ ചേറും മുള്ളും നിറഞ്ഞ കുഴിയിലേക്ക് ഇറങ്ങി. എന്റെ സാന്നിധ്യം തിരി ച്ചറിഞ്ഞ രണ്ട് ചെറുപ്പക്കാരായ ഒറ്റക്കൊമ്പന്മാർ എന്നെ വീക്ഷിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് അതിൽ ഒരു കാണ്ടാമൃഗം മുൻപോട്ടു വന്ന് എന്നെ കൊമ്പുകുലുക്കിയും നിലത്ത് ആഞ്ഞുചവിട്ടിയും കാണിച്ചു. ഞാൻ പതിയെ നിലത്തേക്ക് കമിഴ്ന്നുകിടന്ന് മുൻപോട്ട് ഇഴഞ്ഞു നീങ്ങി. അപ്പോഴേക്കും ഞാൻ അവരുടെ വളരെ അടുത്തെത്തിയിരുന്നു. ഏകദേശം മുപ്പതു മീറ്ററിൽ താഴെയായിരുന്നു ഞാനും അവരും തമ്മിലുള്ള ദൂരം.

Pobitora 2

ഞാൻ പതിയെ എന്റെ ക്യാമറയിലെ ടെലി ലെൻസ് മാറ്റി വൈഡ് ആംഗിൾ ലെൻസ് ഇട്ടു. അപ്പോഴും എന്റെ ഓരോ ചലനങ്ങളെയും വളരെ സൂക്ഷ്മതയോടെ അവർ നോക്കിക്കണ്ടു. ഞാൻ എന്റെ ക്യാമറ പ്രവർത്തിപ്പിച്ചുകൊണ്ടിരുന്നു. അവരുടെ ഓരോ ചലനവും ഭാവങ്ങളും പകർത്തി. ഏകദേശം ഒരുമണിക്കൂർ ഞാൻ ചിത്രങ്ങൾ എടുത്തും അവരുടെ സ്വഭാവം പഠിച്ചും ഇരുന്നു. സത്യത്തിൽ ഒരു ഞെട്ടലോടെയാണ് അവിടുന്ന് തിരിച്ചിറങ്ങിയത്. ഇപ്പോൾ കണ്ട ഈ പാവം മൃഗത്തിനെപ്പറ്റിയാണോ ഗ്രാമവാസികളും വനപാലകരും മറ്റും പേടിപ്പിക്കുന്ന കഥകൾ എന്നോടു പറഞ്ഞത്. ഈ ശാന്തരായ ഭീമന്മാരെയാണോ അവരുടെ കൊമ്പുകൾക്കായി വേട്ടയാടുന്നത്?

Yathra Cover
മാതൃഭൂമി യാത്ര വാങ്ങാം

മുഗൾ സാമ്രാജ്യത്തിന്റെ കാലഘട്ടംമുതൽ തുടങ്ങിയതാണ് കൊമ്പിനായുള്ള ഈ ക്രൂരമായ വേട്ടയാടൽ വിനോദം. വളരെ വേദനിപ്പിക്കുന്നതാണ് ഈ വാർത്തകൾ. അസം സർക്കാർ ഈ വിഷയം അത്ര ഗൗരവത്തോടെ കാണാത്തതാണ് ഈ ക്രൂരമായ വേട്ടയാടലിനു പുറകിലുള്ള പ്രധാന കാരണം. കഴിഞ്ഞ റൈനോ സെൻസസിൽ അസമിൽ ഇനി ആകെ 3555 ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് എന്നറിയാൻ കഴിഞ്ഞു. സംരക്ഷണത്തിന്റെ പേരിൽ രൂപംകൊടുത്ത "റൈനോ പ്രൊട്ടെക്ഷൻ ഫോഴ്സിൽ' 1200 കമാൻഡോ ട്രെയിനിങ് ലഭിച്ച ഗാഡുകൾ ഉണ്ടായിട്ടും ഇന്നും ഓരോ രാത്രി ഇരുട്ടിവെളുക്കുമ്പോൾ അസമിന്റെ ഏതെങ്കിലും കോണിൽ ഒരു കാണ്ടാമൃഗമെങ്കിലും ദാരുണമായി വേട്ടയാടപ്പെടുന്നു.

(മാതൃഭൂമി യാത്രയിൽ 2017 ഒക്ടോബറിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Pobitora Wildlife Sanctuary, Wildlife Photography, One Horned Rhino, Mathrubhumi Yathra