പിലി എന്നാൽ പുലി എന്നാണ് കന്നഡയിൽ അർഥം... കുള എന്നാൽ കുളം... മംഗളൂരു നഗരത്തിൽനിന്ന് ഒമ്പത് കിലോമീറ്റർ മാത്രം അകലെയുള്ള പിലിക്കുള പാർക്ക് വിജ്ഞാന കൗതുക ഉല്ലാസ കാഴ്ചകളൊരുക്കി വീണ്ടും സജീവമാവുകയാണ്. കോവിഡ് വ്യാപനത്താൽ രണ്ടുവർഷക്കാലം അടച്ചിട്ട പാർക്കിലേക്ക് ഇപ്പോൾ സഞ്ചാരികളുടെ ഒഴുക്ക്‌ തുടങ്ങി.

വാമഞ്ചൂരിൽ 356 ഏക്കർ വിസ്തൃതിയിലുള്ള പിലിക്കുള പാർക്കിൽ വിനോദം, ശാസ്ത്രം, പരിസ്ഥിതി, പൈതൃകം, കായികം, ഉല്ലാസം തുടങ്ങി വിവിധ കാഴ്ചകളെ ഒരുകുടക്കീഴിൽ കൊണ്ടുവന്നിരിക്കുകയാണ് കർടക സർക്കാർ. ഒരു പകൽ കുടുംബത്തോടൊപ്പം ആസ്വദിക്കാനുള്ള എല്ലാ സൗകര്യവും ഇവിടെയുണ്ട്.

ജൈവ പാർക്ക്

മൃഗശാലയാണ് പ്രധാന ആകർഷണം. സിംഹം, പുലി, കടുവ, മാൻ തുടങ്ങി 1200 ലേറെ മൃഗങ്ങൾ ഇവിടെയുണ്ട്. രാജവെമ്പാല ഉൾപ്പെടെ വിവിധയിനം പാമ്പുകളും ഒട്ടേറെ പക്ഷികളും പിലിക്കുള ജൈവിക പാർക്കെന്ന് പേരുള്ള മൃഗശാലയിലെ വന്യ കാഴ്ചകളാണ്. പ്രത്യേക ആവാസവ്യവസ്ഥയിൽ ജീവിക്കേണ്ട ജിവികളെ അത്തരത്തിൽ പ്രത്യേകം കൂടുകളിലും സംവിധാനങ്ങളിലുമാണ് വളർത്തുന്നത്. നൂറിലേറെ ദേശാടനക്കിളികളും ഇവിടത്തെ പ്രത്യേകതയാണ്.

പൈതൃക ഗ്രാമം

പരിഷ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഗ്രാമീണ ജീവിതങ്ങളെ നിങ്ങൾക്കിവിടെ കാണാം. പരമ്പരാഗത വീടുകൾ, ഗ്രാമീണ ചന്ത, ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കൾ, കാർഷിക-ഗൃഹോപകരണങ്ങൾ എന്നിവയൊക്കെ ഈ പൈതൃകഗ്രാമത്തിലുണ്ട്. വിവിധ തരം പരമ്പരാഗത കാർഷിക വിത്തുകളെ കുറിച്ചുള്ള വിവരങ്ങളും അതിന്റെ പ്രാധാന്യവും നിങ്ങൾക്കിവിടെനിന്നറിയാം.

ഒരു കാർഷിക ഗ്രാമം എങ്ങനെ, അവരുടെ ജീവിതശൈലി എങ്ങനെ അതൊക്കെ നിങ്ങൾക്കിവിടെ നേരിട്ടറിയാം. പുതുതലമുറ കാണാത്ത ഗ്രാമീണ ജീവിതക്കാഴ്ചകൾ ഇവിടെയുണ്ട്.

Pilikula 2
വാട്ടർ തീം പാർക്ക് | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

പ്ലാനറ്റോറിയം, ബോട്ടിങ്

ഭംഗിയേറിയ തടാകവും വൃത്തിയുള്ള വെള്ളവും മറ്റൊരു സവിശേഷതയാണ്. കുടുംബമൊത്ത് ഫാമിലി ബോട്ടിൽ യാത്രചെയ്യാം. തടാകക്കരയിൽ വിശാലമായ കളിസ്ഥലവും ഉണ്ട്.

സയൻസ് പാർക്ക് ശാസ്ത്രകുതുകികൾക്ക് വ്യത്യസ്ത അനുഭവം സമ്മാനിക്കും. ഇന്ത്യയിലെ ആദ്യ ത്രീഡി പ്ലാനറ്റോറിയം, ത്രീഡി ഷോ, ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ കളികൾ, കൗതുകങ്ങൾ, അത്യാധുനിക ഉപകരണ വാനനിരീക്ഷണം, ദിനോസർ പാർക്ക്, വിവിധ വർക്കിങ് മോഡലുകൾ എന്നിവയൊക്കെ സയൻസ് സെന്ററിലുണ്ട്.

അനുഭവങ്ങളുടെ കലവറ

പാർക്കിൽ രാവിലെ 10 മണിക്ക് കയറിയാൻ വൈകീട്ട് 5.30 വരെ വ്യത്യസ്തങ്ങളായ വാട്ടർ ഗെയിമുകളുണ്ട്. കുട്ടികൾക്കും പ്രായംചെന്നവർക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള വിവിധ ജലവിനോദങ്ങളാണ് ഇവിടെയുള്ളത് .

വനാന്തരത്തിലൂടെന്നപോലെ ശുദ്ധവായു ശ്വസിച്ച് ഈ ബൊട്ടാണിക്കൽ ഗാർഡനിലൂടെ നടക്കാം. പശ്ചിമഘട്ടത്തിൽ കണ്ടുവരുന്ന അപൂർവ മരങ്ങളാണ് ഇവിടെ വളർത്തിയിരിക്കുന്ന്. വിവിധ ഔഷധസസ്യങ്ങളുമുണ്ട്. ഭംഗിയേറിയ ഓർക്കിഡുകളാൽ നിറഞ്ഞ ഓർക്കിഡ് ശാല, ട്രീ പാർക്ക്, മുള മ്യൂസിയം, അശോകവനം എന്നിവയുമുണ്ട്.

മംഗളൂരുവിലെ ഏക ഗോൾഫ് ക്ലബ്ബ് പിലിക്കുളയിലാണുള്ളത്. ഇവിടെ വിശാലമായ പുൽത്തകിടിയിൽ 18 ഹോളുകളുള്ള ഗോൾഫ് മൈതാനമുണ്ട്. എ.സി. ഗസ്റ്റ് ഹൗസ്, റസ്റ്റോറന്റ് എന്നിവയുമുണ്ട്. ഗോൾഫ് പരിശീലനവും നൽകിവരുന്നു.

മംഗളൂരു നഗരത്തിൽ പഡുബിദ്രി വാമഞ്ചൂർ റൂട്ടിൽ 20 മിനുട്ട് യാത്രചെയ്താൽ പിലിക്കുളയിൽ എത്താം. എല്ലാ 20 മിനുട്ടിലും ബസുണ്ട്. സ്വന്തമായി വാഹനത്തിൽ വരുന്നവർ ദേശീയപാത 66ൽ നന്തൂർ ജങ്‌ഷനിൽനിന്ന് പഡുബിദ്രി റൂട്ടിൽ പോകണം.

ടിക്കറ്റ് നിരക്ക്‌

മുതിർന്നവർക്ക് 200 രൂപയും 10 വയസ്സുവരെയുള്ള കുട്ടികൾക്ക് 150 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സ്റ്റിൽ ക്യാമറ കൊണ്ടുപോകാൻ 150 രൂപയും വീഡിയോ ക്യാമറക്ക് 500 രൂപയും അടക്കണം. ടിക്കറ്റ് കൗണ്ടറിൽനിന്ന് പാർക്ക് ചുറ്റിക്കാണാൻ വൈദ്യുത വണ്ടികളുണ്ട്. ഒരാൾക്ക് 30 രൂപയാണ് നിരക്ക്. രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെയാണ് പ്രവേശനം. ഭക്ഷണത്തിനായി റസ്റ്റോറന്റുകളും ഉള്ളിലുണ്ട്. പ്രത്യേകം ശ്രദ്ധിക്കുക: തിങ്കളാഴ്ച ദിവസങ്ങളിൽ പ്രവേശനം അനുവദിക്കില്ല.

Content Highlights: pilikula biological park, Pilikula Zoo timings, Pilikula Biological Park entry fee