Go to the truth beyond the mind. Love is the bridge

- Stephene Levin, Poet

ഴിഞ്ഞ മഴക്കാലത്ത് ഗോവയിൽ നിന്ന് രത്നഗിരിയിലേയ്ക്ക് ട്രെയിൻ കയറുമ്പോൾ ആ സ്ഥലത്തെ കുറിച്ച് എനിക്ക് കൂടുതലൊന്നും അറി യില്ലായിരുന്നു. കൊങ്കൺ പാതയിലെ ഒരു പ്രധാന സ്റ്റേഷൻ എന്നും ധാരാളം കാഴ്ചകളുള്ള ഒരു സ്ഥലമെന്നും മാത്രം. രത്നഗിരിയിൽ വണ്ടി ഇറങ്ങുമ്പോൾ സമയം രാത്രി പത്തര കഴിഞ്ഞു. ഗോവയിലെ സുഹൃത്ത് റെയിൽവേ എഞ്ചിൻ ഡ്രൈവർ രജീഷ് പറഞ്ഞതനുസരിച്ച് RPF ലെ പൊലീസ് ഓഫീസർ ബിജു ഞങ്ങളെ കാത്ത് സ്റ്റേഷനിൽനിൽ ഉണ്ടായിരുന്നു. ഒത്ത ശരീരവും ഉയരവുമുള്ള കണ്ണൂർക്കാരൻ.

രത്നഗിരിയിൽ നിന്ന് നാലുകിലോ മീറ്റർ ദൂരെയുള്ള സാൽവി സ്റ്റോപ്പിലെ ഹോട്ടൽ സഫാരി ഏഷ്യയിൽ മുറിയെടുക്കുമ്പോൾ സമയം പതിനൊന്ന്. രണ്ട് പതിറ്റാണ്ടായി രത്നഗിരിയിലുള്ള ജീവൻ നായർ മുറിയിലെത്തി. വടകര സ്വദേശിയായ ജീവൻ കുറച്ച് രാഷ്ട്രീയ സാമൂഹ്യപ്രവർത്തനങ്ങളൊക്കെയായി കഴിയുകയാണിവിടെ. രത്നഗിരിയിലെ ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കാനുള്ള റൂട്ട് മാപ്പ് ഉടൻ തയ്യാറായി.

രാവിലെ ഏഴു മണിയ്ക്ക് ജീവൻ പറഞ്ഞ പ്രകാരം മഹാരാഷ്ട്രക്കാരൻ സൂര്യ കാന്ത് സിൽവി ഒമ്നി വണ്ടിയുമായെത്തി. ടിവ പാലസ്, ടിവ പോയിന്റ്, ശിവാജി ഫോർട്ട്, രത്നഗിരി ഫോർട്ട്, ബാലഗംഗാധര തിലകന്റെ ജൻമസ്ഥലം, ഗണപതി പൂലെ ബീച്ച് എന്നിവ സന്ദർശിച്ച് കൊങ്കൺപാതയിലെ അത്ഭുതമായ പൻവാൽ റെയിൽവേ പാലത്തിനു മുന്നിലെത്തുമ്പോൾ നേരം സന്ധ്യയോടടുത്തു.

Panval viaduct 2
പൻവാൽ വയഡക്റ്റ്: ഒരു പുലർകാല ദൃശ്യം

പൻവാൽ പാലം (Panval Viaduct)

ഈ പാലത്തെക്കുറിച്ച് പറയാൻ ഏറെയുണ്ട്. പൻവാൽ പുഴയുടെ കുറുകെ 424 മീറ്റർ നീളത്തിലും 64 മീറ്റർ ഉയരത്തിലുമുള്ള പാലം ഇന്ന് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള റെയിൽപ്പാലമാണ്. ഏഷ്യയിലെ മൂന്നാമത്തേതും. 38 സെ.മീ കനമുള്ള, ഉള്ളു പൊള്ളയായ 11 തൂണുകളിൽ നിവർന്നു നിൽക്കുന്നു, ഈ വിസ്മയം. മലയാളിയായ ഇ. ശ്രീധരന്റെ ഭാവന. ലാർസൺ ആന്റ് ടൂബ്രോ കമ്പനിയുടെ മലേഷ്യൻ ടെക്നോളജിയിലുള്ള നിർമ്മിതി. 1995ൽ അമേരിക്കൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മോസ്റ്റ് ഔട്ട്സ്റ്റാന്റിങ് കോൺക്രീറ്റ് സ്ട്രക്ചർ' അവാർഡും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിഡ്ജ് എഞ്ചിനിയേഴ്സ്' ഈ നിർമിതിക്കായിരുന്നു. യമുനാ പാലത്തിന് ഉപയോഗിച്ച് അതേ ടെക്നോളജി. സ്വാതന്ത്ര്യ ലബ്ധിയുടെ 50-ാം വർഷം പിന്നിട്ട ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനത്തിൽ, 1998 ജനുവരി 26ന്, കൊങ്കൺ റെയിൽവേ രാജ്യത്തിന് സമർപ്പിച്ച ഉപഹാരം.

പാലത്തിലേക്കുള്ള വഴി

ബിജുവിനോടൊപ്പം വൈകുന്നേരം രത്നഗിരി സ്റ്റേഷനു മുന്നിൽ നിന്ന് ഞങ്ങൾ യാത്ര തിരിച്ചു. രത്നഗിരി എത്തുന്നതിന് 11കി.മീ. മുൻപാണ് പൻവാൽ വയാഡക്ട്. സ്റ്റേഷനു മുന്നിലുള്ള മുംബൈ -ഗോവ ദേശീയ പാതയ്ക്കടുത്ത് ആർ.ടി.ഒ ഓഫീസിനു മുന്നിലെ കട്ട് റോഡ് വഴി സാഗർ റോഡിൽ (മെയിൻ റോഡ്) പ്രവേശിച്ചാൽ ബനവാസി, ഡെൻസിപ്പൂർ ഗ്രാമങ്ങൾക്കടുത്തുള്ള പാലത്തിനടുത്ത് എത്താം. വൃക്ഷ നിബിഡമായ വനമേഖല, ദുർഘടമായ പാത. മഴ ജലപാതങ്ങൾ, അതിൽ കുളിക്കുന്നവർ, വാഹനം കഴുകുന്നവർ. ഒരു വളവു തിരിഞ്ഞപ്പോൾ റോഡു മുറിച്ച് പറഞ്ഞു പോകുന്ന ഒരു ഹനുമാൻ ലങ്കൂർ. മരത്തിന്റെ ഉച്ചയിലിരുന്നു കലപില കൂട്ടുന്ന അവന്റെ കൂട്ടുകാർ. പൻവാൽ വയാഡക്ടിനു താഴെ ജീപ്പ് നിർത്തി. അരികിലുള്ള ഊടുവഴിയിലൂടെ മുകളിലേയ്ക്ക് കയറിയാൽ പാലത്തിനു മുകളിലെത്താം. റെയിൽവേയിലായതിനാൽ ബിജുവിന് വണ്ടി സമയമെല്ലാം കൃത്യമായറിയാം. 

രണ്ടു മലകൾക്ക് കുറുകെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. തുരങ്കം താണ്ടി വരുന്ന തീവണ്ടികൾ പാലത്തിലൂടെ പോകുന്ന കാഴ്ച വല്ലാത്തൊരനുഭവമാണ്. മുംബൈ ഭാഗത്തേയ്ക്കുള്ള തുരങ്കത്തിനെ ബൻവാഡി ടണൽ (110m) എന്നു വിളിക്കുന്നു. ഗോവ ഭാഗത്തേയ് ക്കുള്ളതിനെ ടിക് ടണൽ (4017m) എന്നും.

Panval Viaduct 3
പൻവാൽ പാലത്തിനുമുകളിലെ മഴ

പാലത്തിന് മുകളിലെ സന്ധ്യ

പാലത്തിനു മുകളിൽ നിൽക്കുമ്പോൾ താഴെ നദിയും മരങ്ങളുമെല്ലാം കാർഡ്ബോർഡിൽ പണിത ലാന്റ്സ്കേപ്പ് മോഡൽ പോലെ തോന്നി. ശബ്ദമില്ലാതെ ഒഴുകുന്ന നദിയും ധ്യാനനിരതരായി നിൽക്കുന്ന മരങ്ങളും സന്ധ്യയുടെ അഗാധ മൗനവും ചേർന്ന് പൻവേൽ പാലം കാലത്തിലുറഞ്ഞ ഒരു ശിൽപ്പം പോലെ.

രത്നഗിരി സ്റ്റേഷനു മുന്നിൽ പാലത്തിലേക്ക് വരാൻ ജീപ്പ് കാത്തുനിൽക്കുമ്പോൾ ബിജു തൊട്ടരികിലെ ശക്തി സ്മാരകത്തിലേ എന്റെ ശ്രദ്ധക്ഷണിച്ചത് ഞാൻ ഓർത്തു. കൊങ്കൺ പാത നിർമ്മാണത്തിനിടെ ജീവൻ വെടിയേണ്ടി വന്നവർക്കുള്ള സ്മാരകമാണത്. 1991നും 97നും ഇടയിൽ മരണപ്പെട്ട 76 പേരുടെ നാമം അതിൽ ആലേഖനം ചെയ്തിരിക്കുന്നു. ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, മലയാളം ഭാഷകളിലായാണിത്. മരിച്ചവരിൽ ഒമ്പതു മലയാളികളുടെ പേരും ഉണ്ടായിരുന്നു പാലത്തിന് മുകളിൽ നിൽക്കുമ്പോൾ, ഭാഷകൾക്കതീതമായി മനുഷ്യഹൃദയങ്ങളിലേയ്ക്ക് പാലം പണിയാൻ ജീവൻ വെടിഞ്ഞവരെ വീണ്ടും ഓർത്തു. തുരങ്കം മുറിച്ച് കടന്നുവരുന്ന തീവണ്ടികളുടെ ഹുങ്കാരമൊഴിഞ്ഞു. പാതയെ വീണ്ടും ചൂഴ്ന്ന് നിശബ്ദത. കാറ്റിന്റെ നേരിയ തിരയിളക്കം. പുഴക്കരയിലെ വനനിബിഡതയിൽ നിന്ന് ഒരു ഹനുമാൻ ലങ്കൂറും അതിന്റെ കുഞ്ഞും ഞങ്ങളെ നോക്കി.

Panval Viaduct 4
മഴയിൽ പാലത്തിലൂടെ ജോലിയിക്കുപോകുന്ന തോട്ടംതൊഴിലാളികൾ. ഒരു പ്രഭാത ദൃശ്യം

പ്രഭാതം; പാലത്തിന് മുകളിലെ മഴ 

Yathra Cover
മാതൃഭൂമി യാത്ര പുതിയ ലക്കം വാങ്ങാം

പിറ്റേന്ന് പുലർച്ചെ പൻവാൽ ഞങ്ങൾക്ക് നൽകിയത് മറ്റൊരു കാഴ്ച. നേർത്ത ഇരുട്ടിൽ രണ്ട് മലകൾക്കിടയിലെ പച്ചവിരിപ്പിനും മേലെ പുലർകാലത്തിന്റെ കുളിര് കൂസാതെ നിശ്ചയ ദാർഢ്യത്തോടെ ഉയർന്നുനിൽക്കുകയാണത്. മണ്ണിലുറപ്പിച്ച് അതിന്റെ നഗ്നപാദങ്ങളെ നാണിപ്പിച്ച് ഒരു ചേലപോലെ ഒഴുകുന്ന കോടമഞ്ഞ് മലമുകളിൽ സൂര്യൻ മെല്ലെ മുഖം കാട്ടിത്തുടങ്ങി. അതിന്റെ ചുവന്ന വെളിച്ചത്തിൽ മഞ്ഞിന്റെ മുഖം തുടുത്തു. അവ കാടിനേയും പുഴയേയും തഴുകി ഒഴുകി. മരങ്ങളുടെ ഇലപ്പടർപ്പിൽ പക്ഷികൾ ഉണർന്നു. ഒട്ടും മുന്നറിയിപ്പില്ലാതെ തുരങ്കത്തിലൂടെ ഒരു തീവണ്ടി കടന്നുവന്നു. പാലത്തിനെ വിറപ്പിച്ച് അത് കടന്നുപോയി. അതുപോലെയാണ് മഴയും വന്നത്. നോക്കി നിൽക്കെ മേഘങ്ങൾ ആകാശത്തെ മൂടി. കുടയെടുക്കും മുമ്പെ ഹുങ്കാരത്തോടെ പെയ്ത മഴ ഞങ്ങളെ നയിച്ചു. അപ്പോൾ അതുവഴി പോയ തോട്ടം തൊഴിലാളികളുടെ ചുണ്ടിൽ ഒരു ചിരി പടർന്നു. ഈ പുഴയും മഴയും വെയിലും, ദൂരത്തിന്റേയും നേരത്തിന്റേയും കണക്കുതെറ്റിക്കുന്ന പാലവും അവർ എത്ര കണ്ടിരിക്കുന്നു. 

പുഴയും മരങ്ങളും കണ്ട്, വെയിൽ കൊണ്ട്, മഴ നനഞ്ഞ്, മഞ്ഞിനോടൊപ്പം മനസ്സലിഞ്ഞ്, ഉള്ളം നിറഞ്ഞ ആ പ്രഭാതവും പ്രദോഷവും ഇതാ, ചിത്രങ്ങളിലൂടെ...

(മാതൃഭൂമി യാത്ര 2014 ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Panval Viaduct, Sunset in Panval, History of Panval Viaduct, Panval River in Ratnagiri