ട്ടി കാണാനായി നീലഗിരിമലയിലേക്ക് വരുന്നവര്‍ക്ക് ബൊട്ടാണിക്കല്‍ ഗാര്‍ഡനും തടാകവും ദൊഡ്ഡപ്പേട്ടയും ലാംസ് റോക്കും കോടനാട് വ്യൂപോയിന്റുമൊക്കെയാണ് വലിയ ആകര്‍ഷണങ്ങള്‍. സന്ദര്‍ശകരായി അന്യനാടുകളില്‍നിന്ന് വരുന്നവര്‍ നിത്യവും കണ്ടുമടങ്ങുന്നതും ഇവയൊക്കെത്തന്നെ. എന്നാല്‍, നീലഗിരി എന്ന ഈ കുന്നിന്‍മുകളില്‍ പലരും അറിയാത്തതും എന്നാല്‍, എടുത്തുപറയേണ്ടതുമായ ഒന്നുണ്ട്-പെത്തക്കല്‍ ബംഗ്ലാവ്. ഈ പുതിയ സ്ഥലം ഏതാണെന്ന് പലരും ചോദിച്ചേക്കാം. ഇത് പുതിയതൊന്നുമല്ല; വളരെ പഴയതാണുതാനും! രൂപത്തെ കാണാതെ നിഴലിനുപിന്നാലെയാണ് നമ്മളിന്ന് സഞ്ചരിക്കുന്നത്. ബോട്ടും ബോട്ട്ഹൗസും ബൊട്ടാണിക്കല്‍ ഗാര്‍ഡനുമെല്ലാം കൊണ്ട് മനോഹരമായ ഊട്ടി എന്ന സുഖവാസകേന്ദ്രവും സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഈ സ്വപ്നഭൂമിയും ആസ്വദിക്കാന്‍ ഒറ്റയായും പറ്റമായും നാടിന്റെ നാനാഭാഗത്തുനിന്നും സന്ദര്‍ശകര്‍ എത്തുന്നുണ്ടെങ്കിലും ഊട്ടി എന്ന ഈ പറുദീസ കണ്ടുപിടിച്ച് ലോകശ്രദ്ധയില്‍ കൊണ്ടുവന്ന വ്യക്തിയെ ആരും ഓര്‍ക്കാറില്ല.

Sullivan
ജോൺ സള്ളിവൻ

ജോണ്‍ സള്ളിവന്‍ എന്ന വ്യക്തിയെ അധികമാര്‍ക്കും പരിചയമുണ്ടാവില്ല. നീലഗിരിക്കാരോട് സള്ളിവനെക്കുറിച്ച് ചോദിച്ചാല്‍ ആ പേരില്‍ ഊട്ടിയിലെവിടെയോ ഒരു ഹോട്ടലുണ്ടെന്നും അല്ലെങ്കില്‍ കോയമ്പത്തൂരിലെ ഒരു തെരുവിന് അങ്ങനെ ഒരു പേരുള്ളതായി കേട്ടിട്ടുണ്ടെന്നുമായിരിക്കും ഉത്തരം! അതൊക്കെ ശരിതന്നെ. പക്ഷേ, അങ്ങനെ പേരുവരാനുണ്ടായ കാരണമെന്തായിരിക്കും? മലകളുടെ റാണിയെന്ന് വിശേഷിപ്പിക്കുന്ന നീലഗിരിമലകളുടെ മുകളില്‍ കൊടുംകാടായിരുന്ന പ്രദേശം ഒരു സ്വപ്നനഗരമാക്കി ലോകടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനമുണ്ടാക്കിക്കൊടുത്ത വ്യക്തിയാണ് സള്ളിവന്‍! ചെമ്മീനും അതിലെ ചെമ്പന്‍ കുഞ്ഞിനെയും പളനിയെയും കറുത്തമ്മയെയുമൊക്കെ മിക്കവര്‍ക്കും അറിയാമെങ്കിലും ഈ കഥാപാത്രങ്ങള്‍ക്ക് ജീവന്‍കൊടുത്ത തകഴി എന്ന കഥാകാരനെ അധികം പേര്‍ക്കുമറിയില്ല എന്നുപറയുന്നതുപോലെയാണ് ഇതും. കോടമഞ്ഞും കൊടും തണുപ്പും നിബിഡവനങ്ങളും മാത്രമായിരുന്ന ഈ മലമ്പ്രദേശം മനോഹരമായ ഊട്ടി എന്ന സുഖവാസകേന്ദ്രമാക്കിയതിന്റെ എല്ലാ ക്രെഡിറ്റും ജോണ്‍ സള്ളിവന്‍ എന്ന വ്യക്തിക്ക് അര്‍ഹതപ്പെട്ടതാണ്. 1700 വരെ മഞ്ഞും കുളിരും കൊടുംകാടുമായിരുന്ന പ്രദേശമായിരുന്നു നീലഗിരിമലകള്‍. മലേറിയയും കൊടുംതണുപ്പും കാരണം ജനവാസയോഗ്യമല്ലാതിരുന്ന ഒരിടം. 'ഒത്തക്കല്‍ മന്ത്' എന്ന കാട്ടുപ്രദേശം ഇംഗ്‌ളീഷുകാര്‍ 'ഊട്ടാക്കുമണ്ടും' പിന്നെ അത് ചുരുക്കി ഊട്ടിയുമായ കഥ പൂര്‍ണമായും മനസ്സിലാവണമെങ്കില്‍ ജോണ്‍ സള്ളിവന്റെ കഥകൂടി അറിയണം.

കാട്ടുവഴികളിലൂടെ നീലപ്പൂക്കളുടെ താഴ്വരയിലേക്ക്...

നീലഗിരി ഇന്ന് തമിഴ്നാട്ടിലെ ഒരു ചെറിയ ജില്ലയാണ്. കൊടുംകാടായിരുന്ന നീലഗിരിമലകളില്‍ മൂവായിരം വര്‍ഷംമുമ്പുമുതല്‍ ജനവാസമുണ്ടായിരുന്നതായി പുരാവസ്തുക്കളുടെ അവശിഷ്ടങ്ങളില്‍ തെളിവുകളുള്ളതായി പറയപ്പെടുന്നു. തുടക്കത്തില്‍ ഇവിടം ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പിന്നീട് വിജയനഗര സാമ്രാജ്യക്കാരും മൈസൂരുവിലെ വോഡയാര്‍ രാജവംശവും ടിപ്പു സുല്‍ത്താനും മാറിമാറി യുദ്ധങ്ങള്‍ നടത്തി പലതവണ ഈ പ്രദേശത്തിന്റെ ഉടമസ്ഥാവകാശം കൈവശപ്പെടുത്തിയിരുന്നതായി ചരിത്രരേഖകളില്‍ കാണാം. എന്നാല്‍, ഏറ്റവുമൊടുവില്‍ 1779-ല്‍ നാലാം മൈസൂര്‍ യുദ്ധത്തില്‍ ടിപ്പുവിനെ പരാജയപ്പെടുത്തി ബ്രിട്ടീഷുകാര്‍ ഈ പ്രദേശം പിടിച്ചെടുത്ത് മദ്രാസ് പ്രസിഡന്‍സിയില്‍ ചേര്‍ക്കുകയായിരുന്നു. നീലഗിരി എന്ന് ഈ സ്ഥലത്തിന് പേരുവരാന്‍ ശാസ്ത്രീയമായ കാരണങ്ങളൊന്നുമില്ല. എന്നാല്‍, രണ്ടുകാര്യമാണ് പൊതുവായി പറഞ്ഞുകേള്‍ക്കുന്നത്: ഒന്ന്, നിബിഡവനങ്ങളും അതിന്റെ പുകനിറമുള്ള മൂടലും (ഹെയ്സിനെസ്) കാരണം മൊത്തത്തില്‍ നീലനിറമുള്ള മലകളായി തോന്നിക്കുന്നു. മറ്റൊന്ന്, ജെയ് ക്രാന്റാ എന്ന മരം ഈ മലകളില്‍ ധാരാളമുണ്ടായിരുന്നു. ഇലയില്ലാതെ പൂത്തുലയുന്ന ഈ മരത്തിന്റെ പൂവിന് ഇളം നീലനിറമാണ്. ആഴ്ചകളോളം ഇങ്ങനെ പൂത്തുലഞ്ഞു നില്‍ക്കുന്ന മരത്തിന്റെ ചുവട്ടിലും പരിസരത്തുമായി അന്നന്ന് വാടിവീഴുന്ന പൂക്കള്‍ നീലപരവതാനി വിരിച്ച പ്രതീതി തോന്നിപ്പിക്കും. അങ്ങനെ ഈ മലകള്‍ മുഴുവനും നീലനിറമുള്ളതായി കാണപ്പെട്ടിരുന്നു. അതാണ് നീലഗിരി എന്നുവിളിക്കാന്‍ കാരണമത്രെ!

Ootty 2
സള്ളിവൻ സ്മാരകം - പെത്തക്കൽ ബംഗ്ലാവ് എന്നായിരുന്നു ഇതറിയപ്പെട്ടിരുന്നത്

1788 ജൂണ്‍ 15-ന് ലണ്ടനില്‍ ജനിച്ച ജോണ്‍ സള്ളിവന്‍ തന്റെ പതിനഞ്ചാം വയസ്സില്‍ സിവില്‍ സര്‍വീസില്‍ പ്രവേശിക്കുകയും 1814-ല്‍ ചെങ്കല്‍പ്പെട്ട് കളക്ടറാവുകയും ചെയ്തു. തുടര്‍ന്ന് 1815 മുതല്‍ 1830 വരെയുള്ള കാലഘട്ടത്തില്‍ നീലഗിരി ഉള്‍പ്പെടുന്ന കോയമ്പത്തൂര്‍ ജില്ലയുടെ കളക്ടറായി. നീലഗിരിയെക്കുറിച്ച് അറിയാനും പഠിക്കാനും അദ്ദേഹം പലരെയും നിയോഗിച്ചെങ്കിലും പലകാരണങ്ങളാല്‍ അവരെല്ലാം പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ ദീര്‍ഘവീക്ഷണവും ചുറുചുറുക്കുമുള്ള കോയമ്പത്തൂര്‍ കളക്ടറായിരുന്ന സള്ളിവന്‍ അന്നത്തെ ബ്രിട്ടീഷ് പട്ടാളക്കാരുമൊത്ത് കുതിരപ്പുറത്ത് യാത്രചെയ്തു. 'തെങ്ങുമറാട്ട' എന്ന ഗ്രാമപ്രദേശത്തുകൂടി കാട്ടിനുള്ളിലെ കിഴുക്കാംതൂക്കായ മലകയറി കോത്തഗിരിക്കടുത്തുള്ള ദിമഹട്ടി എന്ന സ്ഥലത്ത് എത്തുകയായിരുന്നു (ഇന്നത്തെ കോത്തഗിരി ടൗണില്‍നിന്ന് ഏകദേശം രണ്ടുകിലോമീറ്റര്‍ അകലെ കണ്ണേരിമുക്കിലാണിത്). അസംസ്‌കൃതവസ്തുക്കളുടെ അഭാവവും പ്രതികൂല കാലാവസ്ഥയുമായിരുന്നെങ്കിലും അവിടെ തമ്പടിച്ച അദ്ദേഹം 20 ദിവസംകൊണ്ട് തന്റെ ജോലിക്കാരെയും തദ്ദേശീയരായ ആളുകളെയുംകൊണ്ട് ഒരു വീട് പണിതു. അതാണ് പെത്തക്കല്‍ ബംഗ്‌ളാവ് എന്നറിയപ്പെടുന്ന കെട്ടിടം. ഇതായിരുന്നു നീലഗിരിയിലെ ആദ്യത്തെ യൂറോപ്യന്‍ കുടിയേറ്റമെന്ന് പറയാം. 1823 മാര്‍ച്ചുവരെ ഇവിടെ താമസിച്ചുകൊണ്ടാണ് ഈ മലമുകളിലെ പലയിടങ്ങളും അദ്ദേഹം ചുറ്റിക്കണ്ടത് .

നീലഗിരിയിലെ ആദ്യ സന്ദര്‍ശനത്തിനുശേഷം അന്നത്തെ മദ്രാസ് ഗവര്‍ണറായിരുന്ന സര്‍ തോമസ് മണ്‍റോക്കിന് സള്ളിവന്‍ ഇങ്ങനെ എഴുതി: 'എന്റെ പ്രിയപ്പെട്ട കേണല്‍, കഴിഞ്ഞയാഴ്ചയില്‍ ഞാന്‍ മലയിടുക്കുകളിലായിരുന്നു. ഏറ്റവും മികച്ച രാജ്യം ഇതാണ്. യൂറോപ്പിലെ മറ്റേതൊരു ഭാഗത്തെക്കാളും സുന്ദരമായ സ്വിറ്റ്സര്‍ലന്‍ഡ് പോലെയാണ് ഇവിടമെന്ന് ഞാന്‍ കരുതുന്നു! മനോഹരമായ മലനിരകള്‍, താഴ്വാരങ്ങള്‍, മരങ്ങള്‍, ജലം, സ്വദേശികളായ ആദിവാസികള്‍ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട് . താഴ്വരകളുടെ ചരിവുകള്‍ ഇടതൂര്‍ന്ന ഉഷ്ണമേഖലാവനങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. നീലഗിരി പീഠഭൂമി യഥാര്‍ഥത്തില്‍ അനന്തമായ പുല്‍മേടുകളും ചോലവനങ്ങളുംകൊണ്ട് അനുഗൃഹീതമാണ്.'

ഗോത്രവര്‍ഗക്കാരായ ബഡഗര്‍, തോഡര്‍, കോത്തകള്‍, പണിയര്‍, കുറുമ്പര്‍ തുടങ്ങിയ അഞ്ചുവിഭാഗങ്ങള്‍മാത്രമാണ് അന്ന് ഈ മലമുകളില്‍ അങ്ങിങ്ങായി ഉണ്ടായിരുന്നത്. ഇവരുമായി സൗഹൃദത്തിലായ സള്ളിവന്‍ പല പുതിയ കൃഷിരീതികളും അവരെ പഠിപ്പിച്ചു. ഈര്‍പ്പമുള്ളതും ഉറപ്പില്ലാത്തതുമായിരുന്ന ഇവിടത്തെ മണ്ണില്‍നിന്ന് വെള്ളം വലിച്ചെടുക്കാന്‍ വേണ്ടിയാണ് യൂക്കാലിമരങ്ങള്‍ ഇവിടെ നട്ടുപിടിപ്പിച്ചത്. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ബഡഗ സമുദായക്കാരെ ഇംഗ്‌ളീഷ് പച്ചക്കറികളായ കാരറ്റ്, കാബേജ്, ബീറ്റ്റൂട്ട്, ടര്‍ണിപ്, കോളിഫ്‌ലവര്‍ എന്നിവ കൂടാതെ ദീര്‍ഘകാല വിളയായ തേയിലയും പരിചയപ്പെടുത്തി. ഇംഗ്ലണ്ടിലെപ്പോലെ ഇവയെല്ലാം വളരാന്‍ ഏറെ അനുയോജ്യമായിരുന്നു ഇവിടത്തെ കാലാവസ്ഥ.

Ootty 3
ബംഗ്ലാവിൽ സള്ളിവൻ ഉപയോഗിച്ചിരുന്ന മുറി

കൊടുംകാടിനുള്ളില്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് പണിത ഈ മന്ദിരം പലതവണ പുതുക്കിപ്പണിത് ഇന്നും സള്ളിവന്റെ സ്മരണയ്ക്കായി സൂക്ഷിച്ചിരിക്കുന്നു. അന്ന് അദ്ദേഹത്തോടൊപ്പം കൂടിയിരുന്ന ബഡഗ സമുദായക്കാരുടെ പിന്‍തലമുറക്കാര്‍ ഈ ഭവനത്തെ ഭദ്രമായി സൂക്ഷിച്ചുവന്നു. കാലപ്പഴക്കത്തില്‍ ജീര്‍ണിച്ചുപോയ കെട്ടിടഭാഗങ്ങള്‍ സര്‍ക്കാര്‍ പഴയനിലയില്‍ത്തന്നെ പുതുക്കിപ്പണിത് സംരക്ഷിച്ചുപോരുന്നു. നീലഗിരി ഡോക്യുമെന്റേഷന്‍ സെന്ററിന്റെ കീഴിലായിരുന്ന ഇത് 2002-ല്‍ ഇവിടത്തെ കളക്ടറായിരുന്ന സുപ്രിയാ സാഹു പുതുക്കിപ്പണിത് സള്ളിവന്റെ സ്മാരകമായി പ്രഖ്യാപിച്ചു.

2015-ല്‍ ഇത് തമിഴ്നാട് സര്‍ക്കാര്‍ ഏറ്റെടുത്ത് സള്ളിവന്റെ പേരില്‍ മ്യൂസിയമാക്കി. ഇതിന്റെ അറ്റകുറ്റപ്പണികള്‍ നോക്കേണ്ടത് ടൗണ്‍ പഞ്ചായത്താണ്. കളക്ടര്‍, ആര്‍.ഡി.ഒ., തഹസില്‍ദാര്‍ എന്നിവരടങ്ങുന്ന ഒരു ട്രസ്റ്റ് ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്. കളക്ടര്‍ ചെയര്‍മാനായ ഈ ട്രസ്റ്റിനാണ് ഇപ്പോഴത്തെ ഇതിന്റെ ഭരണച്ചുമതല. സള്ളിവന്‍ ഉപയോഗിച്ചിരുന്ന കസേരകള്‍, കട്ടില്‍ തുടങ്ങിയ പലതും അതിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്നു. നീലഗിരിയുടെ ചരിത്രങ്ങളിലേക്ക് വെളിച്ചം വീശുന്ന പല രേഖകളും പുസ്തകങ്ങളും ചിത്രങ്ങളും ഇതിനുള്ളിലെ ചെറിയ ലൈബ്രറിയിലുണ്ട്. നീലഗിരിയുടെയും ഗോത്രസംസ്‌കാരങ്ങളുടെയും വിവരങ്ങള്‍ നല്‍കുന്ന ഗ്രന്ഥങ്ങള്‍ ഇവിടെയുണ്ട്. മലയാളഭാഷയ്ക്ക് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് നല്‍കിയതിനെക്കാള്‍ ഒരുപക്ഷേ മഹത്തരമായ ഒരു ബഡഗഭാഷാ നിഘണ്ടു അവിടെ കാണാന്‍കഴിഞ്ഞു. മഹത്തരമെന്ന് പറയാന്‍ കാരണം ബഡുക ഭാഷയ്ക്ക് ലിപിയില്ല. ബഡഗ സമുദായം സംസാരിച്ചുപോരുന്ന ശബ്ദങ്ങളുടെയും പദങ്ങളുടെയും അര്‍ഥം ഇംഗ്‌ളീഷിലാക്കിയാണ് ഈ ബൃഹദ്ഗ്രന്ഥം അച്ചടിച്ചിരിക്കുന്നത്. ലിപിയില്ലാത്ത ഭാഷയ്ക്ക് ഒരു നിഘണ്ടു എന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നും. 15 വര്‍ഷംമുമ്പ് ഞാന്‍ അവിടെ പോകുകയും അവയുടെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതില്‍ ചിലതെല്ലാം നീലഗിരി ഡോക്യുമെന്റേഷന്‍ സെന്ററിലേക്ക് മാറ്റിയതായി ഇപ്പോള്‍ ഇന്‍സ്ട്രക്ടറായി അവിടെയുള്ള ഗായത്രി പറയുകയുണ്ടായി. നീലഗിരിയിലെ ആദ്യ ജ്ഞാനസ്നാനം

Rukmini Ammal
സള്ളിവന്റെ കൂടെയുണ്ടായിരുന്ന ബഡഗരുടെ ഗോത്രത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന 94 വയസ്സുള്ള രുക്‌മിണി അമ്മാൾ

സള്ളിവന്റെ ചരിത്രം ഊട്ടിയുടെയുംകൂടി ചരിത്രമാണല്ലോ. അപ്പോള്‍ അതേപ്പറ്റിയും അല്പം സൂചിപ്പിക്കാതെ തരമില്ല. 1821 ഫെബ്രുവരിയിലാണ് സള്ളിവന്‍ ആദ്യമായി ഊട്ടി സന്ദര്‍ശിക്കുന്നത്. അവിടെ സ്റ്റോണ്‍ഹൗസ് കുന്നില്‍ തോഡ സമുദായക്കാര്‍ ഉപേക്ഷിച്ച ഒരു സൈറ്റ് ഏക്കറിന് ഒരുരൂപനിരക്കില്‍ അദ്ദേഹം വാങ്ങുകയുണ്ടായി. 1822-ല്‍ തന്റെ മകനെ ജ്ഞാനസ്‌നാനം ചെയ്യിക്കുന്നതിനാവശ്യമായ സൗകര്യങ്ങളെല്ലാമുള്ള ഒരുവീട് അവിടെ പണി തുടങ്ങുകയും 1823 മേയില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. നീലഗിരിയില്‍ രേഖപ്പെടുത്തിയ ആദ്യത്തെ ജ്ഞാനസ്‌നാനമായിരുന്നു അത്. അന്ന് ആ വീടിനടുത്ത് ഒരു ഓക്കുമരം നട്ടിരുന്നു. അത് ഇന്നും അവിടെയുണ്ട് എന്നത് രസകരമായ കാര്യമാണ്. ആ കെട്ടിടം പിന്നീട് വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു. 1870-ല്‍ മദ്രാസ് പ്രസിഡന്‍സിയിലെ സമ്മര്‍ സെക്രട്ടേറിയറ്റാക്കി. അത് 1930 വരെ തുടര്‍ന്നു. ഊട്ടി ഗവ. ആര്‍ട്ട് കോളേജിന്റെ പ്രധാന കെട്ടിടമായി അത് ഇന്നും പ്രവര്‍ത്തിച്ചുവരുന്നു.

നല്ല ഉയരമുള്ള ഈ കുന്നിന്‍മുകളില്‍ വീഴുന്ന വെള്ളം മുഴുവന്‍ വേഗം ഒലിച്ചുപോകുന്നതിനാല്‍ കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി വെള്ളം ശേഖരിക്കാന്‍ ഒരു ബണ്ട് നിര്‍മിച്ചു. തടയണപോലെയുണ്ടാക്കിയ ആ ജലാശയം തടാകമായി അറിയപ്പെട്ടു. ഇന്നത്തെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായ ഊട്ടി തടാകമുണ്ടായത് അങ്ങനെയാണ്. സഞ്ചാരികള്‍ക്ക് ബോട്ടിങ്ങിനായി പലതരം ബോട്ടുകളും ഒരു വശത്തായി ബോട്ട്ഹൗസും ഇപ്പോള്‍ തീര്‍ത്തിട്ടുണ്ട്. പച്ചക്കറികളുംമറ്റും കൃഷിചെയ്യാനായി ഉണ്ടാക്കിയ സ്ഥലമാണ് ഇന്നത്തെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. അന്ന് പച്ചക്കറികള്‍ വളര്‍ത്തുന്ന ഒരു ചെറിയ പറമ്പായിരുന്നു അവിടം. മേല്‍ഭാഗത്ത് ചോലകളും കുറ്റിച്ചെടികളും വളര്‍ന്ന് വന്യമായിരുന്നു. താഴെയുള്ള ഭാഗം കുറുകെ ആഴത്തിലുള്ള മലയിടുക്കുകളും ചതുപ്പുനിലങ്ങളുമായിരുന്നു. താഴത്തെ ഭാഗം വെട്ടിത്തെളിച്ച് ചരിവുള്ളതും കുന്നിന്‍ തടവുമായ സ്ഥലങ്ങള്‍ നിരപ്പുള്ള പുല്‍ത്തകിടിയാക്കി മാറ്റി അവിടെ ചെറിയ കുളങ്ങളും തടാകങ്ങളും നിര്‍മിച്ചു. അല്പം ഉയരത്തില്‍ അഷ്ടകോണാകൃതിയിലുള്ള തറയോടുകൂടിയ ഒരു ഇറ്റാലിയന്‍ പൂന്തോട്ടവും നിര്‍മിച്ചു. മുകളിലെ ചോലകള്‍ വെടിപ്പാക്കി സാവധാനത്തില്‍ ഒരു നല്ല സ്വാഭാവികപൂന്തോട്ടമായി അതിനെ മാറ്റിയെടുക്കുകയായിരുന്നു. സള്ളിവന്‍ കൃഷിയാവശ്യങ്ങള്‍ക്കും മറ്റുമായി രൂപപ്പെടുത്തിയ തടാകത്തോടൊപ്പം ഈ ഉദ്യാനങ്ങളുമാണ് ഊട്ടിയുടെ ഇന്നത്തെ വലിയ ആകര്‍ഷണങ്ങള്‍. സള്ളിവന്റെ ഭാര്യ ഹെന്‍ട്രിറ്റയും മൂത്തമകള്‍ ഹാരിറ്റും ഊട്ടിയില്‍വെച്ച് മരിച്ചു. ഗവര്‍ണേഴ്സ് കൗണ്‍സിലിലും മെമ്പറായിരുന്ന അദ്ദേഹം 53-ാം വയസ്സിലാണ് മരിച്ചത്.

Content Highlights: Ootty, Relation Between Sullivan and Ootty, Sullivan Memorial Ootty