വില്‍സണ്‍ മുന്നില്‍ നടന്നു. കൂട്ട് വാറംഗലില്‍ നിന്നും വന്ന യുവമിഥുനങ്ങള്‍. വിജയും ഞങ്ങളും തൊട്ടു പിന്നില്‍. 

മരത്തലപ്പുകളില്‍ കുരങ്ങന്‍മാര്‍ ബഹളം നിര്‍ത്തി എഴുന്നള്ളത്ത് നോക്കി ആദരവോടെ ഒതുങ്ങി നിന്നു. പൊന്തക്കാട്ടില്‍ നിന്നും പ്രേമിക്കുകയായിരുന്ന ഇണമയിലുകള്‍ ഇറങ്ങി ഓടി. വിജയും വില്‍സണും മുതുമലയിലെ ആനകളാണ്. കാട്ടിലൂടെയുള്ള ആന സഫാരിക്കായി സഞ്ചാരികളെ കൊണ്ടു പോകുന്ന കൊമ്പന്‍മാര്‍.

Mudumalai 2
Photo: Mathrubhumi Library

ഒരാനപ്പുറത്തു നാലുപേര്‍ക്കു കയറാം. വിരിയിട്ട് അതിനുമേല്‍ കിടക്കവിരിച്ച് അതിനുമേലെ തട്ടുണ്ടാക്കി, പിടിക്കാന്‍ ചുറ്റും കമ്പികെട്ടിയാണ് ആനപ്പുറത്ത് ഇരിപ്പിടം ഒരുക്കുന്നത്. വഴിക്കൊരിടത്ത് ആന മുന്നോട്ടു നീങ്ങാതെ കാട്ടുതാരയില്‍ ഇടം തിരിഞ്ഞു നിന്നു. ''ടോയ്‌ലറ്റ് സര്‍', പാപ്പാനായ ചെറുപ്പക്കാരന്‍ വിശദീകരിച്ചു.

വീണ്ടും തിരപ്പുറത്തിരിക്കും പോലെ പൊങ്ങിത്താണ് മുന്നോട്ട്. കാട്ടിലൊരിടത്ത് പാപ്പാന്‍ ആനയെ തിരിച്ചു നിര്‍ത്തി, ദൂരേക്കു കൈചൂണ്ടി. കുഞ്ഞുകുട്ടികളടക്കം പത്തോളം ആനകളുള്ള ഒരു കുടുംബം മരച്ചില്ലകള്‍ ഒടിച്ചു കളിക്കുന്നു. വിലക്കുകളില്ലാതെ വിഹരിക്കുന്ന ആനകളെ വിജയും വില്‍സണും നോക്കി നിന്നു.

Mudumalai 3
Photo: Madhuraj/ Mathrubhumi Library

മുതുമലയുടെ കവാടവും, റേഞ്ച് ഓഫീസ് റിസപ്ഷന്‍ സെന്ററുമായ തെപ്പക്കാട്ട് ആന സഫാരിക്കു പുറമെ കാട്ടിലെ നിശ്ചിത റൂട്ടിലൂടെയുള്ള വാന്‍ സഫാരിയുമുണ്ട്. കാടിനെ അറിയാന്‍ കൂടുതല്‍ നല്ലത് ആനപ്പുറം തന്നെ. ഒരു മണിക്കൂറിലധികം ആനയെ സവാരിക്കായി ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമമുണ്ട്. 

Yathra Cover September 2020
യാത്ര വാങ്ങാം

കാടിന്റെ ആഴത്തിലേക്കൊന്നും ആനസഫാരിയില്ല. മുക്കാല്‍ മണിക്കൂര്‍ ചുറ്റല്‍. പക്ഷേ അത് അത്രയും രസകരമാണ്. ആനകളെ പരിപാലിക്കുന്ന എലിഫെന്റ് ക്യാമ്പാണ് തെപ്പെക്കാട്ടിലെ മറ്റൊരു കാഴ്ച്ച.

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Mudumalai, Elephant Safari in Mudumalai, Mudumalai Forest, Tamil Nadu Tourism, Mathrubhumi Yathra