'' നിങ്ങള്‍ ഈ ഭൂമിയെ സ്‌നേഹിക്കുന്നത് സത്യമാണെങ്കില്‍ ആദ്യം മരങ്ങളെ സ്‌നേഹിക്കുക. കാരണം മണ്‍തരികളുടെ സംരക്ഷകരാണവര്‍''.

കൊടൈക്കനാലില്‍ നിന്ന് മന്നവനൂരേക്ക് ബസ് കയറുമ്പോള്‍ സമയം രാവിലെ ഏഴുമണി കഴിഞ്ഞിരുന്നു. പഴനിയില്‍ തൈപ്പൂയത്തിന് പോയി മടങ്ങുന്നവരായിരുന്നു വാഹനത്തില്‍ അധികവും. 32 കിലോമീറ്ററുണ്ട് മന്നവനൂരേക്ക്. ശാന്തമായ ഒരു ഇക്കോ ടൂറിസം പോയിന്റ് എന്ന ധാരണ മാത്രമേ യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ഉണ്ടായിരുന്നത്.

മന്നവനൂരേക്കുള്ള യാത്രാമധ്യേ, കൃത്യമായി പറഞ്ഞാല്‍ കൊടൈക്കനാലില്‍ നിന്ന് 18 കിലോമീറ്ററിനപ്പുറം പൂമ്പാറൈ എന്നൊരു ഗ്രാമമുണ്ട്. പ്രധാനലക്ഷ്യം മന്നവനൂര്‍ ആയതിനാല്‍ തിരികെ വരും വഴി പൂമ്പാറൈ ഇറങ്ങാമെന്ന് പദ്ധതിയിട്ടു. കൊടൈക്കനാല്‍ വിട്ടാല്‍ പൈന്‍മരങ്ങള്‍ക്കിടയിലൂടെ നിര്‍മിച്ച വീതികുറഞ്ഞ റോഡിലൂടെയാണ് യാത്ര. വഴിയിലെല്ലാം നിരവധി ഹെയര്‍പിന്‍ വളവുകള്‍. റോഡാകട്ടെ അത്ര നല്ലതുമല്ല. പൂമ്പാറൈ പിന്നിട്ടാല്‍ പിന്നങ്ങോട്ട് അല്‍പദൂരം വിജനമായ വഴിയാണ്. എന്തെങ്കിലും കാരണവശാല്‍ വാഹനം കേടാവുകയോ ഇന്ധനം തീരുകയോ ചെയ്താല്‍ പെട്ടത് തന്നെ.

Mannavanoor 1

ഒമ്പത് മണിയോടുകൂടി മന്നവനൂരെത്തി. മന്നവനൂര്‍ തടാകം കാണാന്‍ പോവുകയാണെന്ന് പറഞ്ഞാല്‍ ഇക്കോ ടൂറിസം പോയിന്റിന് സമീപം ബസ് നിര്‍ത്തിത്തരും. രാവിലെ ഒമ്പതര മുതലാണ് പോയിന്റിനകത്തേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. ഗേറ്റിനടുത്തുള്ള കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുത്ത് നേരെ കാണുന്ന വഴിയിലൂടെ മുകളിലേക്ക് യാത്ര തുടങ്ങാം.

Mannavanoor 2

കൗണ്ടറിനോടു ചേര്‍ന്നുതന്നെ ഒരു കൊച്ചു കെട്ടിടം കാണാം. ഒറ്റനോട്ടത്തില്‍ വലിയ പ്രത്യേകതയൊന്നും തോന്നില്ല. പച്ച പെയിന്റടിച്ച സാധാരണ കെട്ടിടം. പക്ഷേ ആ ചുവരില്‍ എഴുതിയിരിക്കുന്ന വാചകം വായിച്ചാല്‍ ആരും ഒന്നമ്പരക്കും. കെട്ടിടം നിര്‍മിച്ചിരിക്കുന്നത് പ്ലാസ്റ്റിക് കൊണ്ടാണെന്നാണ് ആ വാചകത്തിന്റെ അര്‍ത്ഥം. സിമന്റിന്റേയും ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കിന്റെയും മിശ്രിതമാണ് കെട്ടിടം. ഒരേയൊരു ജനലില്‍ പ്ലാസ്റ്റിക് കുപ്പികള്‍ സിമന്റ് ചേര്‍ത്ത് ഒട്ടിച്ചിരിക്കുകയാണ്.

Plastic house

മഞ്ഞനിറമുള്ള പുല്‍നാമ്പുകളാണ് ചുറ്റും. വഴി അവസാനിക്കുന്നത് തടാകക്കരയിലാണ്. ശാന്തമായ അന്തരീക്ഷം. തണുത്ത കാറ്റ് ഉടലാകെ പടര്‍ന്നുകയറും. കണ്ണുകള്‍ പൂട്ടിയിരുന്നാല്‍ പേരറിയാപ്പക്ഷികളുടെ പല ആവൃത്തിയിലുള്ള ശബ്ദം കേള്‍ക്കാം. ഇക്കോ ടൂറിസം എന്ന പേരിനെ അന്വര്‍ത്ഥമാക്കുംവിധം മലഞ്ചെരുവിലെല്ലാം ഇരിപ്പിടങ്ങളായി തടിയില്‍ പെയിന്റടിച്ച് സ്ഥാപിച്ചിരിക്കുകയാണ്. ഇവിടെയിരുന്ന് സ്വര്‍ണവര്‍ണമാര്‍ന്ന കുന്നുകളുടെ സൗന്ദര്യം ആസ്വദിക്കാം. കന്നുകാലിക്കൂട്ടങ്ങള്‍ മേയുന്നത് കാണാം. മൊബൈല്‍ ഫോണിന് റേഞ്ചുണ്ടാവരുതേ എന്ന് പ്രാര്‍ത്ഥിച്ചു പോകും. ഒന്ന് ചുമച്ചുപോലും ആ നിശ്ശബ്ദതയ്ക്ക് ഭംഗം വരുത്താന്‍ ആഗ്രഹിക്കാത്ത നിമിഷങ്ങള്‍...

Mannavanoor 3

പൂവ് തോല്‍ക്കും പൂമ്പാറൈ

മന്നവനൂരില്‍ നിന്ന് കൊടൈക്കനാല്‍ റൂട്ടില്‍ 14 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൂമ്പാറൈ എന്ന ഹില്‍സ്റ്റേഷനിലെത്തും. വിശാലമായ ദൂരക്കാഴ്ച കാണേണ്ടത് തന്നെ. തട്ടുതട്ടായി കിടക്കുന്ന നിലം. ഓരോ നിലത്തിനും ഓരോ നിറം. എല്ലാം കൃഷിയിടങ്ങളാണ്. കൃഷിയിടങ്ങളോട് ചേര്‍ന്ന് കുതിരകളെ കെട്ടിയിട്ടിരിക്കുന്നത് കാണാം. കൃഷി നിലങ്ങള്‍ക്കപ്പുറം വീടുകളും കടകളുമൊക്കെയാണ്. ദൂരെ നിന്ന് നോക്കിയാല്‍ പലനിറത്തിലുള്ള പെട്ടികള്‍ അടുക്കിവെച്ചതായേ തോന്നൂ. ക്യാരറ്റും പഠാണി കടലയുമാണ് പ്രധാനവിളകള്‍. വെളുത്തുള്ളിയുടെ വിളവെടുപ്പ് കഴിഞ്ഞതേയുള്ളൂ.

Poomparai

വളഞ്ഞുപുളഞ്ഞുപോകുന്ന മണ്ണുനിറഞ്ഞ റോഡിലൂടെ താഴേക്കിറങ്ങിച്ചെന്നാല്‍ ആദ്യം കണ്ണില്‍പ്പെടുക ഒരു ക്ഷേത്രമാണ്. അന്വേഷിച്ചപ്പോള്‍ സുബ്രഹ്മണ്യ ക്ഷേത്രമാണെന്ന് മനസിലായി. പഴനിയിലെ അതേ രീതികള്‍ തന്നെയാണേ്രത ഇവിടേയും. ക്ഷേത്രത്തിന് പുറത്ത് ഒരു രഥവും കാണാം. ഗ്രാമഭംഗി ആവോളം ആസ്വദിച്ച ശേഷം മടങ്ങാം. കൊടൈക്കനാല്‍ എന്ന വിനോദസഞ്ചാരികളുടെ ആധിക്യം അനുഭവപ്പെടുന്ന ഒരിടം അടുത്തുതന്നെയുള്ളപ്പോളാണ് നിശ്ശബ്ദമായി മന്നവനൂരും പൂമ്പാറൈയും സഞ്ചാരികളെ ആകര്‍ഷിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

Poomparai 1

ഇക്കോ ടൂറിസം പോയിന്റിലുള്ളത്

  • ഇക്കോ ഹട്ടുകള്‍
  • നഴ്‌സറി
  • ട്രെക്കിങ് പാത്ത് & ക്യാമ്പിങ് സൈറ്റ്
  • തടാകത്തിലൂടെ ബോട്ട് യാത്ര
  • വാച്ച് ടവര്‍
  • വുഡന്‍ ബ്രിഡ്ജ്
  • ബ്രൂക്ക് വാക്കിങ് ഏരിയ
  • മന്നവനൂര്‍ നദി

 

ശ്രദ്ധിക്കേണ്ടത്

 

കുഗ്രാമങ്ങളായതിനാല്‍ വാഹനസൗകര്യം വളരെ കുറവാണ്. മന്നവനൂര്‍ക്ക് നേരിട്ട് പോകാനാണെങ്കില്‍ കവുഞ്ചി, എളാവരൈ ഭാഗത്തേക്കുള്ള ബസിലാണ് കയറേണ്ടത്. രാവിലെ ഏഴുമണിക്കാണ് മന്നവനൂര്‍ക്കുള്ള ആദ്യ ബസ്. വൈകിട്ട് മൂന്നേ നാല്‍പ്പത്തിയഞ്ചിനാണ് മന്നവനൂര്‍ നിന്നും കൊടൈക്കനാലിലേക്കുള്ള നേരിട്ടുള്ള അവസാന ബസ്. അതായത് മന്നവനൂര്‍ യാത്രയ്ക്ക് സമയം വളരെ വിലപ്പെട്ടതാണെന്ന് അര്‍ത്ഥം. സമയം വൈകുകയാണെങ്കില്‍ വനംവകുപ്പിന്റെ താമസസൗകര്യമുണ്ട്. 1800 രൂപയ്ക്ക് പാമിലി കോട്ടേജ് കിട്ടും. ആളൊന്നിന് 350 രൂപ കൊടുത്താല്‍ ടെന്റും ലഭിക്കും. രാത്രി എട്ടുമണിക്കാണ് പൂമ്പാറൈയില്‍ നിന്ന് കൊടൈക്കനാലിലേക്കുള്ള അവസാന ബസ്.

 

Content Highlights: Mannavanoor Eco Tourism Point, Poomparai Virgin Village, Kodaikkanal Tourism