മീത്തയുടെ ആംഗ്യചലനങ്ങൾക്കുമുൻപിൽ ഞങ്ങൾ പകച്ചുനിന്നു. ശബ്ദമില്ലാതെ ആവേശപൂർവം ചലിക്കുന്ന അവളുടെ ചുണ്ടുകളിൽനിന്നും വിരലുകളിൽ നിന്നും വാക്കുകൾ കണ്ടെടുക്കാനാകാതെ ഞങ്ങൾ മിഴികൾ വെട്ടിച്ചു. ഫാഗ്ഡി മേളയുടെ ഭാഗമായി കഴിഞ്ഞദിവസം രാത്രിയിൽ മലാനാഗ്രാമത്തിൽ നടന്ന മുഖംമൂടിനൃത്തത്തിലേക്ക് സംഭാഷണമെത്തിയപ്പോഴാണ് അതുവരെ നിശ്ശബ്ദയായിരുന്ന മീത്ത പൊടുന്നനെ സ്വന്തം ചലനങ്ങളിലേക്ക് വാക്കുകളെ തെളിച്ചത്. എന്നുമൊരു നിഗൂഢത ആ പുരാതന​ഗ്രാമത്തെ ചൂഴ്ന്നുനിൽക്കുന്നുവെന്ന പറച്ചിൽ കാലങ്ങളായി ആവർത്തിക്കപ്പെടുന്നുണ്ട്. 

Parvathi River
പാർവതി നദി

ഫാഗ്ഡി മേളയുടെ ദിവസങ്ങളിലൊന്നിലാണ് ഹിമാചൽ പ്രദേശിലെ മലാനാഗ്രാമത്തിലെത്തിച്ചേർന്നത്. സുഹൃത്തുക്കളായ പ്രതീഷും ഗുരുദേവും കൂടെയുണ്ട്. ഡൽഹിയിൽനിന്ന് ബസിലാണ് യാത്രതിരിച്ചത്. കൗമാരക്കാരായ ഒരാൺകുട്ടിയും പെൺകുട്ടിയും യാത്രയുടെ ആവേശത്തിൽ തൊട്ടുമുൻപിലെ സീറ്റിലിരുന്ന് രാത്രി മുഴുവനും പരസ്പരം മന്ത്രിക്കുന്നതും മന്ദഹസിക്കുന്നതും പാതിയുറക്കത്തിലും കാണാമായിരുന്നു. ബുന്ദറിൽ ഇറങ്ങി. അവിടെനിന്ന് ഹിമാചൽ ട്രാൻസ്പോർട്ടിന്റെ ചെറുബസിൽ യാത്രചെയ്ത് ജാരിയിലേക്ക്, ബസ് കസോളുവരെയുണ്ട്. യുവമിഥുനങ്ങൾ കസോളിലേക്കാണ്. ജാരിയിൽനിന്നുള്ള പ്രഭാത ഭക്ഷണം ആലു പറാത്തയിലൊതുക്കി. ഇനി നിഗൂഢതകളുടെ മലാനയിലേക്ക്. ആ പൗരാണിക ഗ്രാമത്തിൽനിന്ന് ചന്ദേർഖനി പാസിലേക്ക് ട്രെക്കിങ്ങും നടത്താം. ചന്ദറിന്റെ ടാക്സി മലാനയിലേക്കുള്ള ചെങ്കുത്തായ മല കയറാൻ തുടങ്ങി. ജാരിയിൽനിന്ന് ഒരു മണിക്കൂറോളം ജീപ്പ്റോഡിലൂടെ സഞ്ചരിക്കണം. ചന്ദറിനോട് മലാനാ ഗ്രാമത്തെക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ മുറുമുറുത്തു. “ആ ഗതികെട്ടവൻമാർ ഒരിക്കലും ഗ്രാമത്തിന് പുറത്ത് വരാറില്ല. മറ്റ് ഗ്രാമത്തിലുള്ളവരുമായി സമ്പർക്കവുമില്ല. പിന്നെ ഒരു രഹസ്യം ചുരുളഴിക്കുന്നതുപോലെ ചന്ദർ ശബ്ദം താഴ്ത്തി തുടർന്നു. “ദുർമന്ത്രവാദികളുടെ ഗ്രാമമാണത്. യാതൊരു മനുഷ്യപ്പറ്റുമില്ലാത്തവർ. കഞ്ചാവ് മേടിക്കാൻ മാത്രമാണ് ആളുകൾ അങ്ങോട്ട് പോകുന്നത്. 

Malana Hairpin Road
മലാന ഗ്രാമത്തിന്റെ ചുവട്ടിലേയ്ക്കെത്തുന്ന ചുരം റോഡ്

കീഴ്ക്കാംതൂക്കായ മലകൾ കടന്നപ്പോൾ പ്രകൃതിയുടെ ഭാവം മാറിയിരിക്കുന്നു. ചുറ്റും മഞ്ഞ് വീണുകിടക്കുന്ന മലഞ്ചെരിവുകൾ, മലാനാ ഗ്രാമത്തിന്റെ നേരേ എതിർവശത്തെ മലയിൽ ജീപ്പ്റോഡ് അവസാനിച്ചു. പർവതത്തുഞ്ചത്ത് പൈൻ കാടുകൾക്കിടയിൽ, വെളുത്ത മഞ്ഞിൽ പുതച്ച് വിദൂരത്തായി മലാനാഗ്രാമം കാണാം. ചന്ദർ തിരികെപ്പോകാൻ തിരക്കുകൂട്ടി.

സ്വയം വരിച്ച ഏകാന്തതയും പർവതങ്ങൾ സമ്മാനിച്ച ദുർഘടപ്രകൃതിയും മലാനയെ ഒരു കാലം മുഴുവൻ സാധാരണ ലോകത്തുനിന്ന് ഒളിച്ചുവെച്ചിരുന്നു. മലാന ഇപ്പോൾ ഒരു പുതുമയല്ല. അവരുടെ സമ്മതത്തോടെയല്ലെങ്കിലും ലോകത്തിനുമുൻപിൽ അവർ കൂടുതലായി വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. ഗ്രാമത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ പക്ഷേ, അങ്ങനെയൊക്കെത്തന്നെ അവശേഷിക്കുന്നുണ്ട്. മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ പോരാളികളുടെ പിൻതലമുറക്കാരാണ് തങ്ങളെന്നും ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യം നിലനിന്നിരുന്ന ഗ്രാമം തങ്ങളുടെതെന്നും വിശ്വസിക്കുന്ന മലാനാ ഗ്രാമത്തെക്കുറിച്ച് ഏറെ എഴുതപ്പെട്ടിരിക്കുന്നു. ലിപിയില്ലാത്ത കനാഷി ഭാഷ മാത്രം സംസാരിക്കുന്നവർ. കുളു ജില്ലയിലെ മറ്റ് ഗ്രാമങ്ങളിലെ ഭാഷ കുളൂഹിയാണ്.

രണ്ടു പതിറ്റാണ്ടുകൾക്കു മുൻപുവരെ ദുർഘടമായ മലഞ്ചെരിവുകളും താഴ്വരകളും നിറഞ്ഞ, ദിവസങ്ങൾ കൊണ്ട് മാത്രം നടന്ന് എത്തിച്ചേരാൻ സാധിച്ചിരുന്ന ഒറ്റപ്പെട്ട ഗ്രാമമായിരുന്നു മലാന. കാലാകാലങ്ങളോളം രാജ്യത്തിന്റെ സംവിധാനങ്ങളോട് മലാനാ പുറംതിരിഞ്ഞുനിന്നു. പക്ഷേ, പുരോഗതിയുടെ പേരിൽ ഭരണകൂടവും പുറംലോകവും കൂട്ടമായി ഇവിടേക്കെത്തി. ഈ പൗരാണികലോകത്തിന്റെ സ്വാസ്ഥ്യം തകർന്നു. ദുഷ്കര മായ പ്രകൃതിയെ മറികടന്ന് ഗ്രാമത്തിലെത്തിച്ചേർന്ന വിദേശികളാരോ മലാനയിൽ വിളയുന്ന കഞ്ചാവിന് ഗുണം കൂടുതലാണെന്ന് കണ്ടെത്തി. ഗ്രാമീണരെ വെറുംകൈയാൽ ചരസുണ്ടാക്കാൻ പഠിപ്പിച്ചു. മലാനാ ക്രീം; അത് മലാനയുടെ പ്രശസ്തി ലോകമെങ്ങുമെത്തിക്കുകയും ഗ്രാമത്തിലേക്കുള്ള നുഴഞ്ഞുകയറ്റം വർധിപ്പിക്കുകയും ചെയ്തു. ജീപ്പ്റോഡ് അവസാനിക്കുന്നയിടത്തുനിന്ന് താഴ്വരയിലെ നദി കടന്ന് ഏതാനും ദൂരം ചെങ്കുത്തായ ഒറ്റയടിപ്പാതയിലൂടെ കയറണം. ഒരല്പം നീങ്ങുമ്പോൾതന്നെ കിതയ്ക്കുന്നു. വിറകിൻ കൂടകളുമായി നിഷ്പ്രയാസം ഗ്രാമത്തിലേക്ക് നടക്കുന്ന മലാനാസ്ത്രീകൾ ഞങ്ങളെ ലജ്ജിപ്പിക്കുന്നു. ഗ്രാമത്തിലേക്കുള്ള സന്ദർശകരായി ഏതാനും മലയാളികളെയും കണ്ടു.

Malana Lady

മാർച്ച് മാസമായിരുന്നു. ശിശിരത്തിന്റെ അവസാന ആശ്ലേഷംപോലെ വെളുത്ത മഞ്ഞ് ഗ്രാമത്തിൽ ഉറഞ്ഞു കിടപ്പുണ്ടായിരുന്നു. ഫെബ്രുവരിയിൽ നടക്കേണ്ടിയിരുന്നതാണ് ഫാഗ്ഡി മേള. കുറേ വർഷങ്ങൾകൂടി ഇക്കുറി ശീതകാലത്തിന്റെ അവസാനപാദത്തിലും കഠിനമായ മഞ്ഞുവീഴ്ചയായിരുന്നതു കൊണ്ട് ഗ്രാമദേവതയായ ജംലു ഏതാനും ആഴ്ചകളിലേക്ക് മേള മാറ്റിവയ്ക്കാൻ കല്പിച്ചു. ഗ്രാമത്തിലെ എന്ത് കാര്യത്തിലും തീർപ്പുകല്പിക്കുന്നത് ജംലുവാണ്. ജംലു തുണച്ചതുകൊണ്ട് മേളയിൽ ഞങ്ങൾക്കും പങ്കെടുക്കാൻപറ്റി. ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ ഡോലിൽനിന്നുള്ള ഭേരീനാദം മുഴങ്ങുന്നു. ഗ്രാമത്തിന്റെ താഴെ ഭാഗത്ത് ജംലുവിന്റെ സദസ്സ് സമ്മേളിച്ചിരിക്കുകയാണ്. ഫാഗ്ഡി മേളയുടെ ചടങ്ങുകളുടെ ഭാഗമാണ് ഇത്. ജംലുവിന്റെ പുരോഹിതൻ ദൈവഹിതം വെളിപ്പെടുത്തും.

Jamlu
ജംലു ദൈവത്തിന്റെ സദസ്സ്

ചടങ്ങുകൾ കണ്ടിരിക്കെ ഇസ്രയേലിൽനിന്നുള്ള ബെൻജമിനെ പരിചയപ്പെട്ടു. ഗ്രാമീണരുടെയടുത്ത് സംസാരിച്ച് പെടാപ്പാടുപെടുകയായിരുന്നു കക്ഷി. കനാഷി മാത്രമറിയാവുന്ന മലാനാവാസികളുടെയടുത്ത് ബെൻജമിന്റെ ഭാഷ തീരെയേറ്റില്ല. ഗ്രാമത്തിന് പുറത്തുനിന്നുള്ളവർക്ക് ഇവിടെ താമസിക്കാൻ ജംലു അനുവാദം കൊടുത്തിരുന്നില്ല. പക്ഷേ, അടുത്തകാലത്ത് ഗ്രാമത്തിന് തൊട്ടുവെളിയിൽ ചെറിയ ഗസ്റ്റ്ഹൗസുകൾ ഉള്ളതായി കേട്ടു. അന്വേഷണങ്ങൾക്കൊടുവിൽ ഗ്രാമത്തിലെ ടിക്കായെന്ന മധ്യവയസ്കൻ ഒരു ​ഗസ്റ്റ് ഹൗസ് കണ്ടെത്താൻ സഹായിച്ചു. മലാനാ ഗ്രാമത്തിന്റെ പർവതമുകളിലെ അവസാന വീടും കഴിഞ്ഞ് ഗ്രാമത്തിന്റെ അതിർത്തിയിൽ, ചന്ദേർഖനി പാസിലേക്കും വനത്തിലേക്കുമുള്ള പാതയോരത്തായിരുന്നു അത്.

ഏച്ചുകെട്ടിയ എടുപ്പിനെ ഗസ്റ്റ്ഹൗസ് എന്നൊന്നും പറഞ്ഞുകൂടാ. കട്ടിലും കരിമ്പടവും മാത്രമുള്ളൊരു കുടുസുമുറി. പക്ഷേ, മുറിയിൽനിന്ന് പുറത്തിറങ്ങി നോക്കിയാൽ മാന്ത്രികലോകത്തെത്തിയ പ്രതീതിയാണ്. ഒരു വടവൃക്ഷത്തിലെ കിളിക്കൂടുപോലെ അത് പർവതത്തുഞ്ചത്ത് തൂക്കപ്പെട്ടിരിക്കുന്നു. ചുറ്റോടു ചുറ്റും മഞ്ഞിന്റെ വെള്ളി കെട്ടിയ പർവതശിരസ്സുകൾ. കറുത്ത പൈൻമരക്കാടിന്റെ സമൃദ്ധി, ചന്ദേർഖനി പാസിലേക്കുള്ള ട്രെക്കിങ് സാധ്യമാകുമോ എന്ന് മലാനയെത്തിയപ്പോഴേ സംശയിച്ചിരുന്നു. ടിക്കാ അതുറപ്പിച്ചു. മഞ്ഞുരുകുന്നതുവരെ അവിടേക്കുള്ള യാത്ര അസാധ്യമാണ്. ഞങ്ങളുടെ മൂന്നുനേരത്തെ ഭക്ഷണത്തിന്റെ ഉത്തരവാദിത്വം ടിക്കാ ഏറ്റെടുത്തു.

മഞ്ഞിൽ തെന്നിയുള്ള യാത്ര പ്രയാസപ്പെടുത്തിയെങ്കിലും ഫാഗ്ഡി ആഘോഷങ്ങൾ കാണാൻ ഗ്രാമത്തിലെ ജംലുവിന്റെ മന്ദിരത്തിലേക്ക് തിരിച്ചിറങ്ങി. കുനകൂടിക്കിടന്നിരുന്ന മഞ്ഞിൽ തുടർച്ചയായി ഞങ്ങളോരോരും തെന്നിവീഴുന്നത് കണ്ട് വീടുകളുടെ മട്ടുപ്പാവിൽ നിന്ന് കുട്ടികൾ ആർത്തുചിരിച്ചു. ജംലുവിന്റെ മന്ദിരത്തിൽ തൊട്ടുകഴിഞ്ഞാൽ രണ്ടായിരത്തിയഞ്ഞൂറുരൂപ പിഴ ഈടാക്കുന്നതാണെന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും വ്യക്തമായ നിർദേശമെഴുതി പതിപ്പിച്ചിട്ടുണ്ട്.

Jamlu Temple
കാത്കുനി ശൈലിയിലുള്ള ജംലു ദൈവത്തിന്റെ മന്ദിരം

ആദിമുതലേ മലാനയിൽ ജനാധിപത്യം നിലനിന്നിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. പതിനൊന്നുപേരുള്ള ഗ്രാമസഭയിലെ എട്ടുപേർ അഥവാ ജസ്റ്റാസ് തിരഞ്ഞടുക്കപ്പെടുന്നവരാണ്. അവർ ഗ്രാമത്തിലെ കാര്യങ്ങൾ നടത്തുന്നു. ബാക്കി മൂന്നുപേർ പാരമ്പര്യമായി വന്നുചേരുന്നവരാണ്. പൂർണമായും തടിയിലൊരുക്കുന്ന ഹിമാചലിന്റെ തനതായ, കാത്കുനി ശൈലിയിലുള്ള വീടുകളായിരുന്നു ഒരു പതിറ്റാണ്ടു മുൻപുവരെ മലാനയിലുണ്ടായിരുന്നത്. 2008-ൽ ഉണ്ടായ ഒരു വലിയ തീപ്പിടിത്തത്തിൽ പകുതിയോളം നശിച്ചു. കാലങ്ങളോളം ഗ്രാമത്തിന് പുറത്തായിരുന്ന കുമ്മായവും കല്ലും സിമന്റും പുതിയ നിർമിതിയിൽ അകത്തുകയറി. പുഷ്പകിരീടം ചൂടി നിറയെ ആഭരണങ്ങളും കടുംനിറങ്ങളിലുള്ള കുപ്പായങ്ങളുമണിഞ്ഞ് മലാനാ പെൺകുട്ടികൾ തുള്ളിച്ചാടി താഴേക്ക് പോകുന്നത് കണ്ടപ്പോൾ ഒരു പടമെടുത്തോട്ടെ എന്ന് ആംഗ്യം കാണിച്ചു. അവർ ഗ്രാമീണമായ ലജ്ജയോടെ പുഞ്ചിരിച്ച് നിന്നു, മലാനയുടെ രാജകുമാരിമാർ. മഞ്ഞുകൂനകൂടിയ ജംലുവിന്റെ മന്ദിരത്തിന്റെ മുറ്റത്ത് പുഷ്പകിരീടങ്ങളും ചൂടി അണിഞ്ഞൊരുങ്ങി സ്ത്രീകൾ ഏതൊക്കെയോ ഇടവഴികളിൽനിന്ന് എത്തിക്കൊണ്ടിരുന്നു.

fagdi dancers
ഫാഗ്ഡി നൃത്തത്തിന് പോകുന്നവർ

പൊടുന്നനെ ഒരു മുന്നറിയിപ്പുമില്ലാതെ ഏതാനും സ്ത്രീകൾ ഇമ്പത്തിൽ ഉറക്കെപ്പാടി മുറ്റത്തിന് ചുറ്റും നൃത്തം ചെയ്തുകൊണ്ട്. നീങ്ങാൻ തുടങ്ങി. കൈകോർത്തുപിടിച്ച് ചുവടുകൾ വെച്ച് മുറ്റത്തിന്റെ അതിർത്തിയോളം തിങ്ങി. മലാനയിലെ മലകളിൽനിന്ന് മറ്റൊലി കേൾക്കുംവിധം ജംലുവിന്റെ മുറ്റം ശബ്ദമുഖരിതമായി. സന്ധ്യയാകുന്നു. നേർമയുള്ള ആകാശം പശ്ചാത്തലത്തിൽ, മഞ്ഞിന്റെ വെണ്മയിൽ കുളിച്ചുനിൽക്കുന്ന മലാനയിൽ വെള്ള കാൻവാസിലെ നിറവിന്യാസംപോലെ അപ്സര നൃത്തം മായാലോകം സൃഷ്ടിച്ചു.

fagdi dance
ഫാഗ്ഡി നൃത്തം

ഗ്രാമത്തിൽ വൈദ്യുതി എത്തിയിട്ടുണ്ടെങ്കിലും ഒന്ന് മുഖം കാണിച്ച് മടങ്ങിയാൽ പിന്നെ അടുത്ത ദിവസം പ്രതീക്ഷിച്ചാൽ മതിയെന്ന് ടിക്കാ പറഞ്ഞിരുന്നു. നേരം കനത്തു. ഗ്രാമത്തിലെങ്ങും ഇരുട്ട് വീണു. സന്ദർശകരൊക്കെയും എപ്പോഴോ മടങ്ങിപ്പോയിരിക്കുന്നു. ഇരുട്ടുവീണപ്പോൾ മലാനയുടെ രൂപവും ഭാവവും പെട്ടെന്ന് മാറി. പരിചിതമല്ലാത്തൊരു രൗദ ഭാവം ഗ്രാമത്തെ ആവേശിച്ചതുപോലെ. ജംലുവിന്റെ മന്ദിരച്ചുമരിൽ പതിപ്പിച്ചുവെച്ച പലവിധ മൃഗങ്ങളുടെ നീണ്ട കൊമ്പുകളോടുകൂടിയ തലകൾ ശീതക്കാറ്റിൽ ജീവൻ വെച്ചതുപോലെ ആടുന്നു. കൊമ്പുകളിൽനിന്ന് തൂങ്ങിയാടുന്ന ചരടിൽ കോർത്ത നൂറുകണക്കിന് വർണവളകൾ കൂട്ടിമുട്ടി ചിലങ്കയുടെ സ്വരം പുറപ്പെടുവിക്കുന്നു. ഗ്രാമത്തെക്കുറിച്ചുള്ള ചന്ദറിന്റെ ദുർമന്ത്രവാദകഥകൾ പെട്ടെന്നോർമയിൽ വന്നു. നിഴലുകൾവരെ ഭീതി ജനിപ്പിച്ചപ്പോൾ മുറിയിലേക്കുള്ള മടക്കയാത്രയ്ക്ക് വേഗമേറി.

animal skulls
ജംലുവിന്റെ മന്ദിരത്തിന് മുന്നിലെ മൃഗങ്ങളുടെ തലയോട്ടികൾ

മലാനയുടെ രാവിന് പർവതമുകളിൽനിന്ന് സാക്ഷിയാവുകയാണ്. മലമുകളിലെ ഒറ്റയാൻമന്ദിരത്തിൽനിന്ന് താഴേക്ക് നോക്കുമ്പോൾ ഗ്രാമത്തിൽ വിറകിന്റെ നെരിപ്പോടുകൾ എരിയുന്നു. മലാനയുടെ പർവതമുനമ്പിൽ നക്ഷത്രങ്ങൾ ഇത്രയടുത്ത് മിന്നിക്കളിക്കുകയാണ്. പിന്നെ മഞ്ഞ് പെയ്തു. അപ്പോഴും നൃത്തമാടിയ നക്ഷത്രങ്ങൾ തലയ്ക്ക് മുകളിൽ കൂടുകൂട്ടിയിരിക്കുകയാണെന്ന് തോന്നിയപ്പോൾ സുഖകരമായ ഉറക്കത്തിലേക്ക് വഴുതി വീണു.

Malana Snow
മഞ്ഞുപുതച്ച മലാന

അസാമാന്യ കാഴ്ചകളിലേക്കാണ് പിറ്റേന്ന് ഉണർന്നെഴുന്നേറ്റത്. രാത്രിയിൽ പെയ്ത മഞ്ഞ് ചുറ്റുപാടം ഒന്നുകൂടി ശുഭ്രമാക്കിയിരിക്കുന്നു. കീഴ്ക്കാംതൂക്കായ മഞ്ഞുമൂടിയ മലഞ്ചെരിവിലുടെ മലയുടെ ഒത്ത മുകൾപ്പരപ്പിലേക്ക് എങ്ങനെയോ വലിഞ്ഞുകയറി. മലാനയ്ക്കു ചുറ്റുമുള്ള ലോകം ആകാശക്കാഴ്ചയായി മുൻപിൽ. ചന്ദർഖനി പാസിലേക്ക് ഈ മുകൾപ്പരപ്പ് കടന്നുവേണം പോകാൻ. മലാനയോടും ജംലുവിനോടും വിടപറഞ്ഞ് കുന്നിറങ്ങി.

മലാനയുടെ ചെങ്കുത്തായ മലയിറങ്ങി താഴ്വരയിലെ പുഴകടന്ന് മൺറോഡിലേക്ക് എത്താനുള്ള കുന്ന് കയറുമ്പോഴാണ് മീത്തയെ കണ്ടുമുട്ടുന്നത്. നരച്ച ചാരനിറമുള്ള മേൽക്കൂരമേൽ വെളുത്ത മഞ്ഞ് ഉറകെട്ടിയ വസതിയായിരുന്നു അവരുടെത്. മീത്തയും അവളുടെ സുഹൃത്ത് വിശാലും. തലേന്ന് രാവിലെ ഇതുവഴി പോകുമ്പോൾ ഈ വിശ്രമവസതി ശ്രദ്ധയിൽപ്പെട്ടില്ലെന്നതിൽ വലിയ കൗതുകം തോന്നി. ഞങ്ങളുടെ തൊട്ടുമുൻപേ നടന്നു നീങ്ങിയിരുന്ന യാത്രികൻ പൊടുന്നനെ ഇടവഴിയിൽ നിന്ന് വസതിയുടെ മുറ്റത്തേക്കിറങ്ങിയത് ശ്രദ്ധിച്ചതാണ് അത് കണ്ടെത്താൻ നിമിത്തമായത്. മുറ്റത്തെ മേശയുടെ മുൻപിൽ പോയി അയാളിരുന്നു. ഞങ്ങളും കസേരകളിൽ ഇരിപ്പുറപ്പിച്ചു.

Apple flowers
ആപ്പിൾ പൂക്കൾ

ഒരു ഫ്ളാസ്ക് നിറയെ ചായയുമായി വന്ന്, മേശയുടെ സമീപത്തേക്ക് കസേരകളടുപ്പിച്ചിരുന്ന് വിശാൽ പരിചയപ്പെടുത്തി. വെള്ള കുർത്ത ധരിച്ചിരുന്ന മീത്ത സംഭാഷണത്തിൽ പങ്കുചേരാതെ ഏറെ നേരം കാതോർപ്പിച്ചിരിക്കുക മാത്രമായിരുന്നു. മീത്തയുടെ ഗസ്റ്റ്ഹൗസിലേക്ക് ഞങ്ങളെ അവിചാരിതമായി എത്തിച്ച ചെറുപ്പക്കാരനും ചർച്ചയിൽ ചേർന്നു. തെലുങ്കനാണ്. കഴിഞ്ഞ വരവിൽ ഇവരുടെ ഗസ്റ്റ്ഹൗസിൽ താമസിച്ചിട്ടുള്ളതുകൊണ്ട് പരിചയം പുതുക്കാൻ കയറിയതാണ്. സംസാരം ഫാഗ്ഡി മേളയെക്കുറിച്ചായപ്പോൾ പൊടുന്നനെ മീത്ത ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് ആംഗ്യ ഭാഷയിൽ ആവേശത്തോടെ സംസാരിക്കാൻ തുടങ്ങി.

Parvathi River Bridge
പാർവതി നദിയ്ക്ക് കുറുകെയുള്ള പാലം

മീത്തയ്ക്ക് സംസാരിക്കാനാകില്ലെന്നുള്ള പെട്ടെന്നുള്ള കണ്ടെത്തലാണ് കൂടുതൽ ഞെട്ടിച്ചത്. വിശാൽ ആംഗ്യഭാഷയ്ക്ക് പരിഭാഷ നൽകിയത് ആശ്വാസമായി. മീത്തയുടെ ആംഗ്യത്തിലുള്ള ചലനങ്ങളെല്ലാം തെല്ലും സംശയം കൂടാതെ വാക്കുകളിലേക്ക് പകരുന്ന വിശാലിന്റെ ചടുലതയിൽ അദ്ഭുതപ്പെട്ടു. ഈ പർവതഭൂവിൽ ഒരു വാക്ക് ഉരിയാടാനാകാതെ അതികഠിനമായ ഋതുക്കളിലൂടെ കടന്നുപോകുന്നത് എത്രമാത്രം നിർഭാഗ്യക രമാണ്. സഹതപിക്കുന്ന ചിന്തകളെ ഞങ്ങളുടെ മുഖങ്ങളിൽനിന്ന് അപ്പാടെ അടർത്തിയെടുത്തുകൊണ്ട് മീത്ത സ്വന്തം ചുണ്ടുകൾക്കു നേരെ വിരൽ ചൂണ്ടി. പിന്നെ വിരൽ ഞൊട്ടി ശബ്ദമിട്ടു. ഇത്തവണ വിശാൽ അവളുടെ ആംഗ്യങ്ങളെ പരിഭാഷപ്പെടുത്തിയപ്പോൾ ഞങ്ങൾ ഞെട്ടി. മീത്തയുടെ സംസാരശേഷിക്ക് കുറവൊന്നുമില്ല. അവൾ മൂന്നുമാസത്തേക്ക് മൗനവ്രതത്തിലാണെന്നു മാത്രം.

ഗുജറാത്തികളായ മീത്തയും വിശാലും മലാനയുടെ താഴ്വരയിലെത്തിയിട്ട് മൂന്നുവർഷത്തോളമായി. താഴ്വരയിലെ ഈ ഗസ്റ്റ്ഹൗസ് ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുകയാണ്. ചുറ്റും അസ്വസ്ഥതകളും ബഹളങ്ങളും ഏറിവരുമ്പോൾ മൗനവ്രതത്തിലേക്ക് കൂടുമാറുന്നത് മനസ്സിനെ വല്ലാതെ ഏകാഗ്രമാക്കും. മീത്ത ജീവിതത്തിന്റെ തത്ത്വശാസ്ത്രചിന്തകളിലേക്ക് സാവധാനം കയറാൻ തുടങ്ങി. സംഭാഷണം മുറുകിയപ്പോൾ മീത്ത സിഗരറ്റ് ഒരെണ്ണം കൈയിലെടുത്ത് പുകയിലപ്പൊടി സിഗരറ്റ് പേപ്പറിൽനിന്ന് മേശയിലേക്ക് വീഴ്ത്തി. ശ്രദ്ധാപൂർവം അവ ക്രീമിൽ മിക്സ് ചെയ് തുകൊണ്ടിരുന്നു. ഞങ്ങളുടെ മുൻപിലിരുന്ന ഒഴിഞ്ഞ ചായക്കപ്പുകളിൽ വിശാൽ ഫ്ളാസ്കിൽനിന്ന് ചായ നിറച്ചു. ഇനി എത്രകാലം ഇവിടെ യുണ്ടാകുമെന്ന ചോദ്യത്തിന് മറുപടിയായി താഴ്വരയിലെ നദിയിലേക്ക് വിരൽ ചൂണ്ടി മീത്ത പറഞ്ഞു. “ജീവിതം ഈ പുഴപോലെ ശാന്തമായി ഒഴുകുകയാണ്. അത് എവിടെവരെ ചെന്നെത്തുമെന്ന് അറിയില്ല. അറിയുകയും വേണ്ട. ഇപ്പോൾ ഞാൻ ഒഴുകട്ടെ.” രൂക്ഷഗന്ധത്തിന്റെ പുകവലയങ്ങൾ ഭേദിച്ച് സ്ഥടികംപോലെ ഒഴുകുന്ന പുഴയെ വിദൂരത്താക്കി ഞങ്ങൾ കുന്ന് കയറാൻ തുടങ്ങി.

TRAVEL INFO

Malana is an ancient Indian village in the state of Himachal Pradesh. At 8,700 feet, Malana is located on a narrow plateau, high on one side of a wild and remote glen that abuts the river Parvati in the Kullu valley of Himachal Pradesh.

Mathrubhumi Yathra
യാത്ര വാങ്ങാം

GETTING THERE

By Air: Nearest airstrip is at Bhuntar.

By Rail: Nearest Railway station is at Chandigarh which is 275 km away. Though there is a narrow gauge rail head from Chandigarh to Shimla, if you have short of time, you may not get it right.

By Road: If you board the Delhi Manali Bus, get down at Bhuntar which is 22 km away from Manali, Then get the bus to Jari. From there, one can hire a taxi. After a 15 km steep climb, the motor road will end. You need to trek 6 km to reach Malana village.

SITES AROUND

  1. Parvati Valley
  2. Kazol
  3. Manikaran

STAY 

Parvati view homestay, Jari. Ph: 09990992220, Ayola Malana Resort, Shiva cafe.Ph:9764954569

(മാതൃഭൂമി യാത്ര 2021 ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: malana, ancient Indian village in Himachal Pradesh, Parvati Valley, mathrubhumi yathra