നീലത്തടാകങ്ങളുടെ നാടായ പൊഖാറയില്‍നിന്ന് നേപ്പാളിലെ മലമ്പാതകള്‍താണ്ടി ഏഴുമണിക്കൂറിലേറെ യാത്രചെയ്ത് ഞങ്ങള്‍ ലുംബിനിയിലെത്തിയപ്പോഴേക്കും സൂര്യന്‍ അസ്തമിച്ചിരുന്നു. പുലര്‍ച്ചെ ഉണര്‍ന്നെണീറ്റ് ക്യാമറയുമായി സിദ്ധാര്‍ഥ അതിഥിമന്ദിരത്തിന്റെ നാലാംനിലയിലെ മട്ടുപ്പാവില്‍ കാത്തുനിന്നു. വിളഞ്ഞ ഗോതമ്പുപാടങ്ങള്‍ക്കുമീതേ മഞ്ഞിന്റെ കരിമ്പടം നരച്ചുതുടങ്ങി. കിഴക്ക് വെണ്മുകിലുകള്‍ക്ക് കുറേശ്ശെ തിളക്കംവന്നു. അതിഥിമന്ദിരത്തിന്റെ ഇരുഭാഗത്തും നോക്കെത്താ ദൂരം വയലുകളാണ്. മുന്നില്‍ പൂത്തുലഞ്ഞ മാവുകള്‍ കുടചൂടിയ ലുംബിനി പൈതൃകോദ്യാനം.
കാല്‍പ്പെരുമാറ്റംകേട്ട് ഞാന്‍ തിരിഞ്ഞുനോക്കി. അതിഥിമന്ദിരത്തിലെ ജീവനക്കാരന്‍ നാഗേന്ദ്ര.
''വരും, സൂര്യന്‍ ഇപ്പോള്‍ വരും'' -നാഗേന്ദ്ര ഹിന്ദിയില്‍ പറഞ്ഞു. ''ഇവിടത്തെ സൂര്യന് പൊന്നിന്റെ നിറമാണ്'' അതേ, ലുംബിനിയിലെ സൂര്യന് സുവര്‍ണപ്രഭയാണല്ലോ? ഇരുളില്‍ ആണ്ടുകിടന്ന ലോകത്തിനുമുഴുവന്‍ ആത്മജ്ഞാനത്തിന്റെ വെളിച്ചംപകര്‍ന്ന സൂര്യന്‍!
സൂര്യോദയത്തിലെ പ്രാര്‍ഥനയോടെയേ ബുദ്ധകേന്ദ്രങ്ങള്‍ ഉണരാറുള്ളൂ. തലേന്ന് പൊഖാറയിലെ അനാദു കുന്നിന്റെ നെറുകയിലെ ലോകശാന്തി സ്തൂപത്തിനുമുന്നില്‍ ഞാനതിന് സാക്ഷിയായിരുന്നു. ലോകത്തിലെ എണ്‍പത് ശാന്തിസ്തൂപങ്ങളിലൊന്നായിരുന്നു അത്. ബുദ്ധസന്ന്യാസി നിഷി കവയും ശിഷ്യരും ഒരേവരിയില്‍ കിഴക്കുനോക്കിനിന്ന് തമ്പേര്‍ മുഴക്കി സൂര്യനെ വരവേല്‍ക്കുകയായിരുന്നു. ജപ്പാനിലെ യോക്കോഹോമ സ്വദേശിയായ നിഷി കവ പ്രാര്‍ഥനയുടെ അവസാനം അനുയായികളെ സരളമായ ഇംഗ്ലീഷില്‍ ഉപദേശിക്കുന്നത് കേട്ടു:
''നോ മാറ്റര്‍ ഹൗ ഡാര്‍ക്ക് യുവര്‍ ലൈഫ് സീംസ് റൈറ്റ് നൗ, എ സണ്‍ റൈസ് ഈസ് വെയ്റ്റിങ് ഓണ്‍ യുവര്‍ പേഴ്സണല്‍ ഹൊറൈസന്‍.'' ഓരോ സൂര്യോദയവും നമ്മെ ഓര്‍മപ്പെടുത്തുന്നതെന്താണെന്നോ? ജീവിതം എത്ര ഇരുള്‍പരന്നതായി തോന്നിയാലും പ്രത്യാശ കൈവിടാതിരിക്കുക. നമ്മുടെ ജീവിതചക്രവാളത്തിലും ഒരു സൂര്യോദയം നമുക്കായി കാത്തിരിപ്പുണ്ട്.
ഏഴുവര്‍ഷം കഠിനമായ തപസ്സുചെയ്താണ് ഗൗതമബോധിസത്വന്‍ ബുദ്ധപദം കൈവരിച്ച് ലോകത്തിന്റെ സൂര്യനായിത്തീര്‍ന്നത്; ഒരു വൈശാഖപൗര്‍ണമി രാത്രിയില്‍. അതുവരെ ബോധിസത്വനായിരുന്ന ഗൗതമന്‍ അതോടെ ഗൗതമബുദ്ധനായി മാറി. ഒപ്പമുണ്ടായിരുന്ന അഞ്ച് കൂട്ടുകാര്‍ക്ക് ആദ്യത്തെ ആത്മതത്ത്വം ഉപദേശിച്ചുകൊടുത്തു. നാല് ആര്യസത്യങ്ങളും അവയിലടങ്ങിയ അഷ്ടാംഗമാര്‍ഗവും.
അതിനും മൂന്നുപതിറ്റാണ്ടുമുമ്പ് മറ്റൊരു വൈശാഖപൂര്‍ണിമനാളിലേക്കാണ് ലുംബിനി ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത്. ക്രിസ്തുവിനുമുമ്പ് 623. ഇന്നേക്ക് 2642 വര്‍ഷം മുമ്പ്. പൂര്‍ണഗര്‍ഭിണിയായ മായാവതിക്ക് ദേവഗഹയിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോകാന്‍ ആഗ്രഹമുണ്ടായി. ഭര്‍ത്താവ് ശുദ്ധോദനന്‍ ഭാര്യയുടെ സുഖയാത്രയ്ക്കായി കൊട്ടാരംമുതല്‍ ദേവഗഹപട്ടണംവരെയുള്ള വഴികള്‍ സുഗമമാക്കി. ആണും പെണ്ണുമായ അംഗരക്ഷകരുമൊത്ത് സ്വര്‍ണപ്പല്ലക്കിലായിരുന്നു യാത്ര. യാത്രയ്ക്കിടയില്‍ ലുംബിനിവനത്തിലെ ജലാശയത്തിനരികെ എത്തിയതും മായാവതി പല്ലക്കില്‍ നിന്നിറങ്ങി. ജലാശയത്തിലിറങ്ങി നീരാടി. സമീപത്തെ മായാദേവിക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചു. തൊട്ടടുത്തെ സാലവൃക്ഷത്തിന്റെ ചോട്ടിലെത്തിയതും വിവശയായി. മരത്തിന്റെ ശിഖരത്തില്‍ ചാരി, വലതുകൈ മേലേ ശിഖരത്തില്‍ മുറുകെപ്പിടിച്ച് കിഴക്കുനോക്കി നിന്നു. പരിചരിക്കാന്‍ സഹോദരി ഗോതമി അരികെത്തന്നെ ഉണ്ടായിരുന്നു. പ്രാചീന പാലിഗ്രന്ഥമായ മഹാപദാനസൂത്തത്തില്‍, മായാദേവി അതേ നില്പില്‍നിന്നാണ് ബോധിസത്വന് ജന്മംനല്‍കിയതെന്നും പ്രസവിച്ച് ഏഴാംനാള്‍ മരിച്ചുപോയതായും പറയുന്നു. മായാദേവിയുടെ വേര്‍പാടിനുശേഷം ഗൗതമബോധിസത്വനെ പരിപാലിക്കാനായി ശുദ്ധോദനന്‍ അനുജത്തി ഗോതമിയെ വിവാഹംകഴിച്ചു. അങ്ങനെ പില്‍ക്കാലത്ത് ബുദ്ധഭിക്ഷുണിയും മഹാപ്രജാപതിയുമായിത്തീര്‍ന്ന ഗോതമി ബോധിസത്വന്റെ പോറ്റമ്മയായി. 'ദേവഗഹ' പട്ടണത്തിലെ അഞ്ജനശാക്യന്റെ പുത്രിമാരായിരുന്നു മായാദേവിയും ഗോതമിയും. മഹാപദാനസൂത്തത്തില്‍ ഗൗതമബോധിസത്വന്‍ ഗര്‍ഭത്തില്‍ പ്രവേശിച്ചതുമുതല്‍ ജനിച്ച് ഏഴാംനാള്‍ അമ്മ മരിക്കുന്നതുവരെയുള്ള പ്രധാന സംഭവങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. അതില്‍ മായാദേവി നിന്നുകൊണ്ട് ജന്മംനല്‍കിയ ശിശു ഏഴുചുവട് മുന്നോട്ടുെവച്ചതായി പറയുന്നു.
കാളീഗണ്ഡകിയിലെ സാളഗ്രാമങ്ങള്‍
ലുംബിനിഗ്രാമവും കപിലവസ്തുവും തമ്മില്‍ 27 കിലോമീറ്റര്‍ ദൂരമുണ്ട്. പൊഖാറയില്‍നിന്ന് ലുംബിനിയിലേക്ക് നീണ്ട യാത്ര മലഞ്ചരിവുകള്‍ വെട്ടിയൊരുക്കിയ സിദ്ധാര്‍ഥ ഹൈവേയിലൂടെയായിരുന്നു. സമൃദ്ധവും അത്യപൂര്‍വവുമായ വഴിയോരക്കാഴ്ചകള്‍. തേയ്ക്കാത്ത ഇഷ്ടികച്ചുമരുള്ള ചെറുവീടുകള്‍ക്കുമുന്നില്‍ കുത്തിയിരുന്ന് പാത്രം കഴുകുകയോ ഭക്ഷണത്തിനുള്ള വട്ടംകൂട്ടുകയോ ചെയ്യുന്ന നേപ്പാളിപ്പെണ്ണുങ്ങള്‍ സ്ഥിരം കാഴ്ചയാവുന്നു. ചുള്ളിവിറകുകെട്ടുകള്‍ തലച്ചുമടേന്തി മലയിറങ്ങിവരുന്ന പഹാഡിപ്പെണ്ണുങ്ങള്‍, നിറപ്പകിട്ടാര്‍ന്ന വസ്ത്രങ്ങളുടുത്ത് നീണ്ട കൈയുറകള്‍ തെറുത്തുകേറ്റി ചുവപ്പും മഞ്ഞയും ശീല തലയില്‍ച്ചുറ്റി പാടങ്ങളില്‍ പണിയെടുക്കുന്ന നേപ്പാളി സുന്ദരിമാര്‍, ചുമലില്‍ തൂക്കിയിട്ട വലിയ മുളങ്കൂടകളില്‍ വിളകളും വിറകുകമ്പുകളും ശേഖരിച്ച് നടന്നുപോകുന്ന കര്‍ഷകപ്പെണ്ണുങ്ങള്‍, ഇലച്ചപ്പുകള്‍ തലയിലേറ്റി ആടുകളെ തെളിച്ചുവരുന്ന ഷെര്‍പ്പകള്‍... ആള്‍സാന്നിധ്യം താരതമ്യേന കുറഞ്ഞ ദേശപാതകളെ സജീവമാക്കിയത് ഏറെയും അധ്വാനിക്കുന്ന സ്ത്രീകളായിരുന്നു. (പുരുഷന്മാര്‍ എവിടെപ്പോയൊളിച്ചെന്ന് നമുക്ക് അതിശയംതോന്നാം. പട്ടണങ്ങളിലും തിരക്കേറിയ കവലകളിലുംമാത്രമായിരുന്നു ആണ്‍പെരുമ). നേപ്പാളില്‍ അധികാരം ചുവപ്പണിയുംമുമ്പേ അവരുടെ ഉടയാടകളില്‍ ചുവപ്പിന് പ്രാമുഖ്യമേറിയിരുന്നോ? എവിടെയും സ്ത്രീകളുടെ വേഷവിധാനങ്ങളില്‍ ചുവപ്പ് മുഖ്യഘടകമായിരുന്നു. കാളീഗണ്ഡകിനദി കടന്ന്, പാള്‍പ്പാ ജില്ലാആസ്ഥാനമായ താന്‍സെന്‍ പട്ടണത്തിലെത്തി. ഹിമാലയത്തിലെ മഹാഭാരത മലനിരകളുടെ ഭാഗമാണ് താന്‍സെന്‍. താഴെ കാളീഗണ്ഡകി നദീതടം. കാളിഗണ്ഡകി നദിയെക്കുറിച്ച് ഞാന്‍ ആദ്യമായി കേട്ടത് പൊഖാറയിലെ ഗുഹാക്ഷേത്രത്തിലേക്കുള്ള വഴിയില്‍ക്കണ്ട സാളഗ്രാമ കച്ചവടക്കാരനില്‍നിന്നാണ്. വെളുപ്പും കറുപ്പുമായി പല വലുപ്പത്തിലുള്ള സാളഗ്രാമം വില്‍പ്പനയ്ക്കായി നിരത്തിവെച്ചിരുന്നു. ശംഖ്, ചക്ര, ഗദ, പത്മ മുദ്ര പതിഞ്ഞ (പതിഞ്ഞതോ പതിപ്പിച്ചതോ?) സാളഗ്രാമങ്ങളുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. വില നാലായിരം നേപ്പാളീസ് രൂപ. (നമ്മുടെ 2500 രൂപ.) ചെറിയ സാളഗ്രാമത്തിന് നമ്മുടെ 250 രൂപ. ഹിമാലയത്തില്‍നിന്ന് ഉദ്ഭവിക്കുന്ന കാളീഗണ്ഡകി നദിയുടെ ആഴങ്ങളാണ് സാളഗ്രാമത്തിന്റെ ഏക ഉറവിടമെന്ന് അയാള്‍ പറഞ്ഞു. മഹാവിഷ്ണുവിന്റെ സാന്നിധ്യമുണ്ടെന്ന വിശ്വാസത്താല്‍ ഹിന്ദുക്കള്‍ ദിവ്യത്വം കല്പിക്കുന്ന സാളഗ്രാമം നാന്നൂറ് ദശലക്ഷം വര്‍ഷംവരെ പഴക്കമുള്ള 'അമ്മോണോയിഡ് ഫോസിലു'കളാണെന്ന് പിന്നീട് വായിച്ചറിഞ്ഞു.
പുഷ്‌കരണീതീര്‍ത്ഥത്തിന് ചുറ്റും
ലുംബിനിത്തോപ്പിനകത്തും പുറത്തും വിശാലമായ വയലുകളോ ചതുപ്പുകളോ ആണ്. ബുദ്ധന്റെ കാലഘട്ടത്തിനുശേഷം കാടുപിടിച്ച് വിസ്മൃതിയിലാണ്ടുപോയ ഇടം. മൗര്യ ചക്രവര്‍ത്തി അശോകന്‍ ബി.സി. 249-ല്‍ ഇവിടം സന്ദര്‍ശിച്ചില്ലായിരുന്നെങ്കില്‍ ലുംബിനി ചരിത്രത്തിലെ വിസ്മൃതമായ ഏടുകളിലൊന്നാവുമായിരുന്നു. കലിംഗ യുദ്ധക്കെടുതികള്‍കണ്ട് മാനസാന്തരപ്പെട്ട് ബൗദ്ധമാര്‍ഗം സ്വീകരിച്ച ദേവനാംപ്രിയന്‍ തന്റെ തീര്‍ഥാടനത്തിന്റെ ഓര്‍മയ്ക്കായി 'ശാക്യമുനി ബുദ്ധന്‍ ഇവിടെയാണ് ജനിച്ചത്' (ഹിദാ ബുധേ ജാതേ ശക്യമുനിതി) എന്ന് ബ്രാഹ്മി ലിപിയില്‍ മുദ്രണംചെയ്ത ശിലാസ്തൂപം സ്ഥാപിച്ചില്ലായിരുന്നെങ്കില്‍. നാല്പതടി ഉയരമുള്ള അവസാദശിലയില്‍തീര്‍ത്ത സ്തൂപത്തിന്റെ മുകളില്‍ മുന്നോട്ടുകുതിക്കുന്ന കുതിരയുടെ ശില്പവുമുണ്ടായിരുന്നു. ഇന്നതില്ല. ബുദ്ധന്റെ ജന്മദേശം ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായ നിര്‍മിതികള്‍ ആരംഭിച്ചതും അശോകന്റെ കാലത്താണ്. അശോകനെത്തുമ്പോള്‍ ആ സാലവൃക്ഷമുണ്ടായിരുന്നു. രാജകുമാരന്റെ ജനനസ്ഥലം രേഖപ്പെടുത്തിയ അടയാളശിലയും അദ്ദേഹം കണ്ടെത്തി. ചുടുകട്ടകള്‍ അടുക്കി മരത്തിനുചുറ്റും തറകെട്ടി. അടയാളശിലയും സ്ഥാപിച്ചു. പുനര്‍നിര്‍മിച്ച മായാദേവീക്ഷേത്രത്തിനുള്ളിലാണിത്. സാലവൃക്ഷം നൂറ്റാണ്ടുകള്‍ക്കുമുമ്പേ നശിച്ചുപോയെങ്കിലും ഗൗതമബുദ്ധന്റെ പാദമുദ്രപതിച്ചയിടം ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു. തീര്‍ഥാടകര്‍ക്ക് ഇതിനുചുറ്റും പ്രദക്ഷിണംെവക്കാം, കാണിക്കയര്‍പ്പിക്കാം. അടയാളശിലയില്‍ കാണിക്കയായി വന്നുവീഴുന്നത് വിവിധ രാജ്യങ്ങളിലെ കറന്‍സികളുടെ കൂമ്പാരം. ബോധിസത്വന്റെ ജനനം ചിത്രീകരിക്കുന്ന ചുവന്നശിലയില്‍ തീര്‍ത്ത റിലീഫ് ശില്പം പശ്ചാത്തലത്തില്‍ കാണാം. മരത്തിന്റെ ശാഖയില്‍ പിടിച്ചുനില്‍ക്കുന്ന മായാദേവി. അരികെ ഗോതമി. താഴെ പദ്മപീഠത്തില്‍ നില്‍ക്കുന്ന ശിശു. ബോധിസത്വനെ വരവേല്‍ക്കാന്‍ ദേവലോകത്തില്‍നിന്നെത്തിയ ബ്രഹ്മാവും ഇന്ദ്രനും. എ.ഡി. നാലാം നൂറ്റാണ്ടിലെ മൗര്യന്‍ ശില്പകലാ വൈദഗ്ധ്യത്തിന്റെ അനശ്വരമായ അടയാളമാണിത്.
അശോകനുശേഷം മൂന്ന് പ്രമുഖ ചീനസഞ്ചാരികള്‍ വന്നുപോയി. നാലാം നൂറ്റാണ്ടില്‍ സെങ്ട്സായി. അഞ്ചാംനൂറ്റാണ്ടില്‍ ഫാഹിയാന്‍. ഏഴാംനൂറ്റാണ്ടില്‍ ഹുയാന്‍ സാങ്. ഹുയാന്‍ സാങ്ങിന്റെ സഞ്ചാരക്കുറിപ്പുകളില്‍ അശോകസ്തൂപത്തെക്കുറിച്ചും പുഷ്‌കരണി ജലാശയത്തെക്കുറിച്ചും വിശുദ്ധവൃക്ഷത്തെക്കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്. പതിന്നാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ റിപു മല്ല എന്നൊരു രാജകുമാരന്‍ ലുംബിനി സന്ദര്‍ശിച്ചതായി രേഖയുണ്ട്. അതിനുശേഷം ലുംബിനി വിസ്മൃതിയിലായി. ലുംബിനി എന്ന പേരുപോലും മാഞ്ഞുപോയി. രൂപന്‍ ദേഹി എന്ന പകരപ്പേര് പതിഞ്ഞു (ഇപ്പോഴത് ലുംബിനി ഉള്‍പ്പെടുന്ന ജില്ലയുടെ പേരാണ്). ഹിന്ദുമതത്തിന്റെ നവോത്ഥാനവും മുസ്ലിം അധിനിവേശങ്ങളുമാവാം ലുംബിനിയെ വിസ്മൃതമാക്കിയത്. ഭൂകമ്പംപോലുള്ള പ്രകൃതിദുരന്തങ്ങളുമാകാം. ജര്‍മന്‍ പുരാവസ്തുവിദഗ്ധനായ ഡോ. എ.എ. ഫ്യൂറര്‍ 1896-ല്‍ മണ്ണില്‍ മറഞ്ഞുകിടന്ന അശോകസ്തൂപം കണ്ടെത്തിയതോടെയാണ് ലുംബിനി ചരിത്രത്തിന്റെ താളുകളില്‍നിന്ന് ഉയിര്‍ത്തെണീറ്റത്. പിന്നെയും മൂന്നുപതിറ്റാണ്ട് വേണ്ടിവന്നു വിപുലമായ പര്യവേക്ഷണത്തിലൂടെ പഴയ ജനപദത്തിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍. ക്ഷേത്രത്തിനും പുഷ്‌കരണീതീര്‍ഥത്തിനും ചുറ്റുമായി മുപ്പത്തൊന്ന് സ്തൂപങ്ങള്‍ പര്യവേക്ഷണത്തില്‍ കണ്ടെടുത്തു. എല്ലാം വ്യത്യസ്തമാതൃകകളില്‍ ചുടുകട്ടയില്‍ കമനീയമായി രൂപകല്പന ചെയ്തത്. ബി.സി. മൂന്നാംനൂറ്റാണ്ടുമുതല്‍ എ.ഡി. ഏഴാംനൂറ്റാണ്ടുവരെ പഴക്കമുള്ള സ്തൂപങ്ങളുടെയും വിഹാരങ്ങളുടെയും അവശിഷ്ടങ്ങള്‍. മൗര്യ, കുശാന, ഗുപ്ത കാലങ്ങളിലെ വാസ്തുവൈഭവത്തിന്റെ അടയാളങ്ങള്‍.
തഥാഗതരായരാജഹംസങ്ങള്‍
ലുംബിനി വൈവിധ്യമാര്‍ന്നൊരു പക്ഷി സങ്കേതമാണ്. ചെറുതും വലുതുമായ ധാരാളം ജലപ്പക്ഷികളുടെ ആവാസവ്യവസ്ഥ. പലതരം വാത്തകള്‍, താറാവുകള്‍, അരയന്നങ്ങള്‍, കൊക്കുകള്‍, മീന്‍കൊത്തികള്‍. നമ്മുടെ ഭാഷയില്‍ പകരപ്പേരില്ലാത്ത പക്ഷികളാണേറെയും. മായാദേവീക്ഷേത്രത്തിലേക്കുള്ള യാത്രയില്‍ ഇടതുഭാഗത്തെ ചതുപ്പില്‍ കാലുകള്‍ ചെളിയില്‍ പൂഴ്ത്തിനില്‍ക്കുന്ന രണ്ട് രാജഹംസങ്ങളെ കണ്ടു. ഭൂട്ടാനില്‍നിന്നുവന്ന ബുദ്ധസന്ന്യാസി വാങ്മോ ആശ്ചര്യപൂര്‍വം ഒപ്പമുണ്ടായിരുന്ന സന്ന്യാസിമാരെ വിളിച്ച് അത് കാണിക്കുന്നു. ആശ്ചര്യത്തിന്റെ കാരണം ആരാഞ്ഞപ്പോള്‍ മുറിഞ്ഞുവീണ ഇംഗ്ലീഷ് വാക്കുകളിലും അതിലേറെ ആംഗ്യഭാഷയിലും ആകാശത്തുകൂടി പറന്നുപോയ രാജഹംസത്തെ ദേവദത്തന്‍ പണ്ട് അമ്പെയ്ത് മുറിവേല്‍പ്പിച്ചതും സിദ്ധാര്‍ഥ രാജകുമാരന്‍ അതിനെ കരുണയോടെ പരിചരിച്ചതും പറഞ്ഞൊപ്പിച്ചു.
സിദ്ധാര്‍ഥ രാജകുമാരന്റെ കുട്ടിക്കാലം അമ്മയുടെ ദേശമായ ദേവഗഹയിലും കപിലവസ്തുവിലുമായിരുന്നു. കോളിയ രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന ദേവഗഹ ലുംബിനിയില്‍നിന്ന് 57 കിലോമീറ്റര്‍ വടക്കുകിഴക്കാണ്. ശിവാലിക് മലനിരകളില്‍നിന്ന് ഒഴുകിവരുന്ന രോഹിണീനദിയുടെ ഇരുകരയിലായിരുന്നു കപിലവസ്തുവും കോളിയരാജ്യവും. രോഹിണിനദിയിലെ വെള്ളത്തിനുവേണ്ടി ശാക്യന്മാരും കോളിയന്മാരും തമ്മിലുണ്ടായ കലഹം യുദ്ധത്തിലേക്ക് നയിച്ചതാണ് ഗൗതമബോധിസത്വന്‍ രാജഗൃഹം വിട്ടുപോകാന്‍ കാരണമെന്ന് പ്രശസ്ത ചരിത്രകാരന്‍ ധര്‍മാനന്ദ കൊസാംബി പറയുന്നു. രോഹിണിനദിയുടെ ഇരുതടങ്ങളിലുമായിരുന്നു ശാക്യരുടെയും കോളിയരുടെയും കൃഷിയിടങ്ങള്‍. ശാക്യന്മാരുടെയും കോളിയന്മാരുടെയും മുഖ്യ തൊഴില്‍ കൃഷിയായിരുന്നു. ശാക്യകുലത്തിന്റെ നേതാവായിരുന്ന ശുദ്ധോദനശാക്യനും കൃഷിയില്‍ ഏര്‍പ്പെട്ടിരുന്നു. രാജകീയാധികാരമുള്ള ഗ്രാമാധിപനായിരുന്നു ശുദ്ധോദനന്‍. കോസലരാജാവിന്റെ കീഴിലുള്ള നാട്ടരചന്‍. രോഹിണിനദിയിലെ വെള്ളത്തിന്റെ പേരില്‍ സ്വജനങ്ങള്‍ യുദ്ധസന്നദ്ധരായി നദിക്കിരുവശത്തും ആയുധമേന്തിനില്‍ക്കുന്ന കാഴ്ച ഗൗതമബോധിസത്വനെ അതിയായ ദുഃഖത്തിലാഴ്ത്തി. ശാക്യരെപ്പോലെത്തന്നെ അമ്മയുടെ ദേശക്കാരായ കോളിയരും സിദ്ധാര്‍ഥന് സ്വജനങ്ങളാണല്ലോ? പോരാത്തതിന് പ്രിയപത്‌നി യശോധരയുടെ കുലവും നദിക്കക്കരെയുള്ള ദേവഗഹയിലാണ്. ആയുധപ്രയോഗംകൊണ്ട് നദിയിലെ വെള്ളത്തെച്ചൊല്ലിയുള്ള കലഹത്തിന് പരിഹാരമാവില്ലെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. എന്നാല്‍, ശാക്യരുടെ ഭാഗത്തുനിന്ന് യുദ്ധം നയിക്കാതിരുന്നാല്‍ ഭീരുവെന്ന് മുദ്രകുത്തപ്പെടും. രാജധര്‍മം പരിപാലിച്ചില്ലെന്ന് ജനങ്ങള്‍ പഴിക്കും. എന്നാല്‍, ഭാര്യ യശോധരയോടും മകന്‍ രാഹുലനോടുമുണ്ടായിരുന്ന ഇഷ്ടംകാരണം നാടും വീടും ഉപേക്ഷിച്ച് പോകുന്നതും വിഷമമുളവാക്കി. ധര്‍മസങ്കടത്തിലായ ബോധിസത്വന്‍ ചിന്താധീനനായി. ഭാര്യയോടും മകനോടുമുള്ള മമതയും ലൗകികജീവിതത്തോടുള്ള ആസക്തിയുംമൂലം ജരാവ്യാധി മരണങ്ങള്‍ക്ക് അധീനനാവുകയാണ് താനെന്ന തിരിച്ചറിവിലാണ് ഒടുവില്‍ അദ്ദേഹം പരിവ്രാജകനാവാന്‍ തീരുമാനിച്ചതെന്ന് കൊസാംബി സമര്‍ഥിക്കുന്നു. ഇരുപത്തൊന്‍പതാമത്തെ വയസ്സില്‍, സാരഥിയായ ഛന്നനെ വിളിച്ചുണര്‍ത്തി കന്ഥകം എന്നുപേരുള്ള തന്റെ കുതിരപ്പുറത്താണ് നഗരവാതില്‍ കടന്നതെന്ന് നിദാനകഥയില്‍ പറയുന്നു. നഗരത്തിനുപുറത്ത് അനോമാ നദിക്കരയിലെത്തിയതും ഉടവാളെടുത്ത് മുടിമുറിച്ചു. ആഭരണങ്ങള്‍ സാരഥി ഛന്നന് നല്‍കി. കുതിരപ്പുറത്തുനിന്നിറങ്ങി എവിടേയ്‌ക്കോ നടന്നകന്നു. ബോധിസത്വനാല്‍ ഉപേക്ഷിക്കപ്പെട്ട കന്ഥകം നദീതടത്തില്‍ ജീവത്യാഗംചെയ്തതായും നിദാനകഥയില്‍ പറയുന്നു. നിദാനകഥയെ ആസ്പദമാക്കിയ ശില്പങ്ങള്‍ ലുംബിനി ഉദ്യാനത്തില്‍ കാണാം.
ലുംബിനി വികസനനിധിയുടെ മേല്‍നോട്ടത്തിലാണ് ലോകത്തിന്റെ നാനാഭാഗത്തുനിന്നായി നിത്യേന ആയിരക്കണക്കിന് തീര്‍ഥാടകരും സഞ്ചാരികളുമെത്തുന്ന ലുംബിനി പൈതൃകോദ്യാനം. 1967-ല്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലായിരുന്ന യു താണ്ടിന്റെ സന്ദര്‍ശനത്തോടെയാണ് ലുംബിനിയുടെ വികസനത്തിന്റെ തേര് ഉരുണ്ടുതുടങ്ങിയത്. ബര്‍മീസ് ബുദ്ധിസ്റ്റ് ആയിരുന്ന യു താണ്ടിന്റെ ശ്രമഫലമായി അന്താരാഷ്ട്രതലത്തില്‍ ഒരു വികസനസമിതിക്ക് രൂപംനല്‍കി. 1978-ല്‍ ജപ്പാനിലെ പ്രമുഖ വാസ്തുവിദഗ്ധന്‍ പ്രൊഫ. കെന്‍സോ ടാങ്കേ രൂപകല്പനചെയ്ത ലുംബിനി വികസന മാസ്റ്റര്‍പ്ലാന്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. രണ്ടര ചതുരശ്ര കീലോമീറ്റര്‍ വിസ്തൃതിയില്‍ മൂന്ന് മേഖലകളായാണ് സംരക്ഷിതപ്രദേശത്തിന്റെ രൂപകല്പന. തേര്‍വാദ (ഹീനയാനം), മഹായന, വജ്രയാന വിഭാഗങ്ങളില്‍പ്പെട്ട വിഹാരങ്ങളും മൊണാസ്റ്ററികളും മൂന്ന് മേഖലകളിലായി വിന്യസിച്ചിരിക്കുന്നു. 42 മൊണാസ്റ്ററികളില്‍ 32 എണ്ണം പൂര്‍ത്തിയായി. കിഴക്ക് തേര്‍വാദാ മൊണാസ്റ്റിക് മേഖലയില്‍ തായ്ലാന്‍ഡ്, ഇന്ത്യ, മ്യാന്‍മാര്‍, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ അവരവരുടെ തനത് വാസ്തുമാതൃകയില്‍ നിര്‍മിച്ച വിഹാരങ്ങളും മൊണാസ്റ്ററികളും. ബുദ്ധിസ്റ്റ് ധ്യാനമാര്‍ഗങ്ങള്‍ പരിശീലിപ്പിക്കുന്ന വിപാസന ധ്യാനകേന്ദ്രവും ഗോതമി സന്ന്യാസിനി, സമൂഹത്തിന്റെ മന്ദിരവും ഈ ഭാഗത്താണ്. കൊറിയന്‍, വിയറ്റ്നാം, ഫ്രഞ്ച്, ചൈനീസ്, ജാപ്പനീസ്, ജര്‍മന്‍ മൊണാസ്റ്ററികള്‍ പടിഞ്ഞാറന്‍ മേഖലയിലാണ്. ഓസ്ട്രിയ, മംഗോളിയ, മലേഷ്യ, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ നിര്‍മാണം നടന്നുവരുന്നു. ജപ്പാന്‍ നിര്‍മിച്ച വിശ്വശാന്തി സ്തൂപവും ജര്‍മനിയുടെ ബൃഹദ് പത്മസ്തൂപവും ശ്രദ്ധേയമാണ്. മായാദേവിക്ഷേത്രത്തിലേക്കുള്ള മുഖ്യകവാടത്തില്‍ കാണുന്ന 'അനശ്വരമായ ശാന്തിദീപം' 1986-ല്‍ യു.എന്‍. ആസ്ഥാനത്തുനിന്ന് കൊണ്ടുവന്ന് തെളിയിച്ചതാണ്. ലുംബിനി മ്യൂസിയവും അന്താരാഷ്ട്ര ഗവേഷണകേന്ദ്രവും മുപ്പതിനായിരത്തിലേറെ ദാര്‍ശനികഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥശാലയും ലുംബിനി ചത്വരവുമെല്ലാം സാംസ്‌കാരിക ഭൂമിയിലാണ്(ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തിയായ സുനൗലിയില്‍നിന്ന് ലുംബിനിയിലേക്ക് 27 കിലോമീറ്ററേയുള്ളൂ).
ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാലിന്റെ അരികിലൂടെ മടങ്ങുമ്പോള്‍ ജലപ്പക്ഷികളുടെ വലിയൊരു സഞ്ചയം നിര്‍ഭയം നീന്തിത്തുടിക്കുന്നു. അവയ്ക്ക് ആരെയും ഭയമില്ല. ബുദ്ധന്‍ പിറന്നുവീണ മണ്ണാണിത്. ബുദ്ധന്റെ വില അറിയാത്തവരായി ഇവിടെ ഒരു കൂട്ടരേയുള്ളൂ: ടിക്കറ്റ് പരിശോധനയ്ക്കുംമറ്റും നില്‍ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരായ ഗൂര്‍ഖകള്‍. തീര്‍ഥാടകരോടും സഞ്ചാരികളോടും അവരില്‍ ചിലര്‍ തട്ടിക്കയറുന്നതുകണ്ട് ഉത്തരേന്ത്യയില്‍നിന്നുവന്ന ബുദ്ധിസ്റ്റ് സംഘത്തില്‍പ്പെട്ട ഒരാള്‍ ഉപദേശിക്കുന്നത് കണ്ടു: ''ഇത് ബുദ്ധന്റെ ജന്മംകൊണ്ട് പവിത്രമായ ഇടമാണ്. ദയവായി തീര്‍ഥാടകരോട് നിങ്ങള്‍ അല്പം മര്യാദ പാലിക്കൂ...''