ലോതലിലേക്ക് അഹമ്മദാബാദിൽ നിന്നും നൂറു കിലോ മീറ്ററിൽ താഴെ മാത്രമേ ദൂരമുള്ളു. പക്ഷെ എങ്ങനെ അവിടെയെത്തുമെന്ന് തദ്ദേശീയർക്കു തന്നെ സംശയമാണ്. "ലോതലിൽ പ്രത്യേകിച്ചു കാണാനൊന്നുമില്ല. വിദേശീയരോ വല്ല ചരിത്ര ഗവേഷകരോ മാത്രമേ പോകാറുള്ളൂ എന്നൊക്കെ യാണ് ഒന്നു രണ്ടു ട്രാവൽ ഏജൻസികളിൽ അന്വേഷിച്ചപ്പോൾ കിട്ടിയ വിവരം, 1980കളിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ലോതൽ ഓഫീസിൽ ജോലി ചെയ്തിട്ടുള്ള വേണുസാറായിരുന്നു നാട്ടിൽ നിന്നും പുറപ്പെടുന്നതിനു മുമ്പ് കൂടുതൽ വിവരങ്ങൾ തന്നത്. 

അന്നൊക്കെ മീറ്റർഗേജ് റെയിൽപ്പാത വഴി പത്തു കിലോമീറ്റർ അകലെയുള്ള ബുർക്കിയിലിറങ്ങണം. സ്റ്റേഷനിൽ നിന്നും വിളിച്ചു പറഞ്ഞാൽ കാളവണ്ടി വരും. അതിലാണ് പിന്നീടുള്ള യാത്ര. ശരിക്കും കുഗ്രാമം. ഒരു ദിവസത്തെ മുഴുവൻ വാടകയും കൊടുക്കാം എന്നി വാഗ്ദാനത്തിനു മുകളിൽ ലോതലിലേക്കു കൂടെ വന്ന് ടാക്സി ഡ്രൈവർ പ്രകാശിന് വഴി നല്ല നിശ്ചയമുണ്ടായിരുന്നു. പകുതി ദൂരം പിന്നിട്ടപ്പോൾ തന്നെ ജനസാന്ദ്രത കുറഞ്ഞു തുടങ്ങി. നാൽപ്പതു കൊല്ലത്തിനു ശേഷവും കാര്യമായ വ്യത്യാസമൊന്നുമില്ല. ഏതാനും ബൈക്കുകളും ട്രക്കുകളും കാൽനടത്തക്കാരുമൊഴിച്ചാൽ വഴി വിജനം. ലോതലിലേക്കു സ്വാഗതമോതുന്ന, പ്രാചീനമായ തോണിയുടെ ചിത്രം ആലേഖനം ചെയ്ത ബോർഡ് സൂചിപ്പിച്ച വഴിയിലൂടെ കുറച്ചുദൂരം സഞ്ചരിച്ചപ്പോൾ വിശാലമായ ഒരു കെട്ടിടം പ്രത്യക്ഷപ്പെട്ടു. ലോതൽ മ്യൂസിയം. ലോതൽ എന്നാൽ ലോധ -സ്ഥൽ. മരിച്ചവരുടെ കുന്ന് എന്നാണ് നാട്ടുഭാഷയിൽ അർത്ഥം. മോഹൻജോ ദാരോ എന്ന് സിന്ധ് ഭാഷയിൽ പറയുന്നതിന്റെ അർത്ഥവും ഇതുതന്നെ. എന്തായാലും ഹാരപ്പൻ കാലഘട്ടത്തിൽ ഇത് മരിച്ചവരുടെ ഇടമായിരുന്നില്ല.

Lothal 2
ലോതലിൽ കണ്ടെത്തിയ കളിമൺ കളിപ്പാട്ടം

തിരക്കേറിയ ഒരു തുറമുഖ പട്ടണം, അക്രോപോളിസും നഗരാധികാരികൾ വസിച്ചിരുന്ന മേൽനഗരവും പാണ്ടികശാലകളും. കുന്നിനു പിന്നിലേക്കിറങ്ങി സാധാരണക്കാരുടെ ഭവനങ്ങൾ. നഗരത്തിനു പുറത്ത് കുറച്ച കലത്തിൽ പൊതുശ്മശാനം. മോഹൻജോ ദാരോയേയും ഹാരപ്പയേയും ഒത്തുവച്ചു നോക്കുമ്പോൾ ലോതൽ ഒരു കൊച്ചു പട്ടണമായിരുന്നു. പക്ഷെ സിന്ധു നദീതട സംസ്കാരത്തിന്റെ ആദ്യപാദം മുതൽക്കേ, അതായത് ഏകദേശം അയ്യായിരം കൊല്ലം മുൻപു തന്നെ ഇവിടെ സമ്പന്നമായ ഒരു ജനപദം നിവസിച്ചിരുന്നു. ഏററവും കൂടുതൽ ഹാരപ്പൻ സീലുകൾ കണ്ടെടുക്കപ്പെട്ട സ്ഥലം എന്ന ഖ്യാതിയും ലോതലിനുണ്ട്. പക്ഷേ ഹാരപ്പൻ ലിപി വിജയകരമായി വ്യാഖ്യാനിച്ചെടുക്കാൻ ഇതുവരെ ഗവേഷകൻമാർക്കു കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇന്നും ലോതലിന്റെ കഥകൾക്കു മേൽ മൗനം മുദ്ര ചാർത്തപ്പെട്ടിരിക്കുന്നു. ഇന്ത്യ- പാകിസ്ഥാൻ വിഭ ജനത്തോടെ മോഹൻജോ ദാരോയും ഹാരപ്പയും ഇന്ത്യക്കു നഷ്ടപ്പെട്ടു. പുരാവസ്ത ഗവേഷകർക്കൊപ്പം ചരിത്രസ്നേഹിയായ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനും വളരെ വിഷമമുണ്ടാക്കിയ സംഭവം. എത്രയും വേഗത്തിൽ സൈന്ധവ നാഗരികത നിലനിന്നിരുന്ന ഇന്ത്യയിലെ ഭാഗങ്ങൾ പര്യവേക്ഷണം ചെയ്യണമെന്ന് ആവശ്യം ശക്തമായി. സിംഹമുഖം പോലെ കാണുന്ന ഗുജറാത്തിന്റെ കടലോര പ്രദേശങ്ങളിലും തുടർന്നു കിടക്കുന്ന പാക്കിസ്താനിലെയും അഫ്ഗാനിസ്ഥാനിലേയും പ്രവിശ്യകളിലുമായിട്ടായിരുന്നല്ലോ ഈ നഗരങ്ങൾ നിലനിന്നിരുന്നത്. ഗുജറാത്തിലേയും രാജസ്ഥാനിലേയും ഏതു ഭാഗങ്ങളിലായിരിക്കും ഇവ കണ്ടെത്തുക എന്ന കാര്യത്തിൽ ഗവേഷകർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.

Lothal 3
ഹാരപ്പൻ കാലത്തെ ലോതൽ; രേഖാചിത്രം

ഗുജറാത്തിലെ രംഗപൂരാണ് ഉൽഖനനങ്ങൾക്കുവേണ്ടി ആദ്യം തിരഞ്ഞടുക്കപ്പെട്ട സ്ഥലം. അന്ന് മുപ്പതുകളിലായിരുന്ന ശ്രീ എസ്സ്. ആർ റാവുവിനായിരുന്നു ആ നിയോഗം. രംഗപൂരിൽ നിന്നും കാര്യമായി ഒന്നും കണ്ടെടുക്കാനായില്ല. സബർമതിയുടെ കരയിലുള്ള ലോതൽ ഉൾപ്പെടുന്ന സരഗ് വാലാ ഗാമഭാഗത്തായിരിക്കണം പ്രാചീന സിന്ധുനദീതട സംസ്കാരം നിലനിന്നിരുന്നത് എന്ന വാദം ശക്തമായി ഉന്നയിച്ചവരിൽ ഒരാൾ എസ്. ആർ.റാവുവായിരുന്നു. കറുപ്പും ചുമപ്പും നിറങ്ങളിലുള്ള മൺപാത്രങ്ങളാണ് സിന്ധുനദീതട ജനതയുടെ തനതായ പ്രത്യേകതയായി കണക്കാ ക്കപ്പെട്ടിരുന്നത്. ചിത്രപ്പണികളുള്ള ഒരു പൊട്ടിയ പാത്രക്കഷണവും കീശയിലിട്ട് റാവു ഗ്രാമങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്കു സഞ്ചരിച്ചു. ഇടക്കിടെ പഞ്ചറാകുന്ന പഴയ ജീപ്പും ബാബുരാജ് കദം എന്ന ഡ്രൈവറും ഗ്രാമീണരുടെ പരിഹാസവും മാത്രം അകമ്പടിയായ ഒറ്റയാൻ യജ്ഞം. മാസങ്ങൾക്കു ശേഷം ദാണ്ഡകയിലേക്കുള്ള ജീപ്പുസവാരിക്കിടയിൽ വഴി മുറിച്ചുകടന്നു പോയിരുന്ന ഒരു വിവാഹയാത്രയ്ക്കു വേണ്ടി വണ്ടി നിറുത്തിയിട്ട സമയത്താണ് കാളവണ്ടിയുമായി പോകുന്ന മഹീപത് സിംഗ് എന്ന കർഷകനെ അദ്ദേഹം പരിചയപ്പെടുന്നത്. എല്ലാവരോടും എന്ന പോലെ റാവു മൺപാത്രക്കഷണം അദ്ദേഹത്തേയും കാണിച്ചു.

Lothal 4

ഇത്തരം ഉടഞ്ഞ കളിമൺ പാത്രങ്ങൾ അടുത്തുള്ള കുന്നിലും താഴെ വയലുകളിലുമെല്ലാം ധാരാളമുണ്ടല്ലോ എന്ന മഹീപതിന്റെ മറുപടിയിൽ റാവുവിന്റെ പിൽക്കാല ജീവിതം നിർണ്ണയിക്കപ്പെട്ടു. മഴക്കാലത്തിന്റെ അവസാനം. കുന്നിനു ചുറ്റുമുള്ള വയലുകളിലെല്ലാം മുട്ടിനു മുകളിൽ വെള്ളം, പക്ഷെ അതൊന്നും ഒരു കിലോമീറ്റർ വെള്ളം താണ്ടി കുന്നിന്റെ മേലെയെത്തുന്നതിന് റാവുവിന് തടസ്സമായില്ല. മഴകൊണ്ട് കുതിർന്ന മണ്ണിൽ കുറച്ചിളക്കിയപ്പോൾ തന്നെ പാത്രക്കഷണങ്ങളും മുത്തുകളും കല്ലും കൊണ്ടുള്ള ഒരു ആയുധച്ചീളും കിട്ടി. കുന്നിൻമുകളിൽ ഗ്രാമവാസികൾ കൃഷി ചെയ്തിരുന്നതുകൊണ്ടും മഴക്കാലത്തെ മണ്ണൊലിപ്പുകൊണ്ടും രണ്ടടി കുഴിച്ചപ്പോൾ തന്നെ മുകളിലെ നഗരഭാഗത്തെ കിണറിന്റെ അവശിഷ്ടങ്ങൾ കണ്ടു. ചരിത്രം ഗവേഷകനെ തേടിയെത്തിയ നിമിഷം.

ലോതലിലെ തുടർന്നുള്ള പര്യവേക്ഷണങ്ങൾ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. വാഹനവതി (ശികോദരി) മാതയായി ഗ്രാമീണർ ആരാധിച്ചിരുന്ന ഒരു ശിലാഖണ്ഡം കുന്നിൻ മുകളിലുണ്ടായിരുന്നു. (നാവികൻമാരുടെ രക്ഷാദേവതയാണ് ശികോദരി. അയ്യായിരം കൊല്ലം മുമ്പ് സിന്ധുജനത ആരാധിച്ചി രുന്ന ദേവതകളിലൊരാൾ. അന്നത്തെ തുറമുഖത്തിന്നഭിമുഖമായിട്ടായിരുന്നു പഴയ പ്രതിഷ്ഠ എന്നത് അമ്പലത്തിന്റെ പ്രാചീനതയ്ക്ക് തെളിവായി ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്). ഉത്ഖനനത്തിനു വേണ്ടി അവിടം പൊളിച്ചു മാറ്റേണ്ടി വന്നു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ പര്യവേഷണത്തിനായി കുഴിച്ച ട്രഞ്ചിലെ മുളയേണി ഒടിഞ്ഞ് ഒരു തൊഴിലാളി മരിച്ചു. ദേവീകോപമാണ് കാരണം എന്നു ഭയന്ന് ഗ്രാമീണർ ഉത്ഖനനവുമായി സഹകരിക്കാൻ വിസമ്മതിച്ചു. പുതിയ അമ്പലം പണിത് പുനഃപ്രതിഷ്ഠ നടത്തിയ ശേഷം മാത്രമാണ് പണി പുനരാരംഭിക്കാനായത്. ഇന്നു നാം കാണുന്ന പാണ്ടികശാലയുടെ ഭാഗങ്ങൾ പഴയ അമ്പലത്തിനു താഴെയായി കണ്ട ത്തിയതാണ്. ലോകത്തിലെ കണ്ടെത്തപ്പെട്ടിട്ടുള്ള ഏറ്റവും പഴയ തുറമുഖം ലോതലിലെ യാണ് എന്ന് ASI അവകാശപ്പെടുന്നു. കച്ച് മരുഭൂമി പണ്ട് അറബിക്കടലിന്റെ ഭാഗമായിരുന്നപ്പോൾ ലോതലിലെ നഗരവും മറ്റു ഹാരപ്പൻ നഗരങ്ങളും തമ്മിൽ വാണിജ്യ ബന്ധങ്ങൾ ഉണ്ടായിരുന്നു. ലോതൽ സമുദ്രതീരപട്ടണമല്ല എന്നുള്ള വാദത്തിനെ ഖണ്ഡിക്കുന്ന തരത്തിൽ ഇവിടെ നിന്നും സമുദ്രജീവികളുടെ ഫോസിലുകൾ കണ്ടുകിട്ടിയിട്ടുണ്ട്. 1850 വരെ ബോട്ടുകൾ, കുന്നിനടുത്ത് അടുപ്പിക്കാമായിരുന്നു.

Lothal 5
തുറമുഖത്തിനടുത്തുള്ള പഴയ കിണർ

1942 വരെ ബറോക്കിൽ നിന്നുമുള്ള മരത്തടികൾ വെള്ളത്തിലൂടെ ഒഴുക്കി ക്കൊണ്ടുപോയിരുന്നു എന്ന് പഴമക്കാർ പറയുന്നു. മുത്തുകളും രത്നങ്ങളും പതിച്ച ആഭരണങ്ങൾ ഉണ്ടാക്കുന്നതിൽ ലോതൽ ജനത വിദഗ്ദ്ധരായിരുന്നു. നാലായിരം കൊല്ലം മുമ്പ് അവർ ആഭരണനിർമ്മാണത്തിനുപയോഗിച്ചിരുന്ന സൂക്ഷ്മമായ പണിയായുധങ്ങളും ഖനനത്തിൽ കിട്ടിയ മുത്തുകളും ASI മ്യൂസിയത്തിൽ പ്രദർശി പ്പിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ നിന്നും ലഭിച്ച അഞ്ചിഴയുള്ള സ്വർണ്ണമണിമാലയുടെ മുത്തുകൾക്ക് കാൽ മില്ലിമീറ്ററിൽ താഴെയാണ് വലിപ്പം! ശംഖു കൊണ്ടും വർണ്ണക്കല്ലുകൾ കൊണ്ടുമുള്ള ആഭരണങ്ങളും മ്യൂസിയത്തിൽ കാണാം. അഗ്നിയെ ആരാധിക്കുന്നതിന്നുപയോഗിച്ചിരുന്നു എന്നു കരുതുന്ന പൂജാ വസ്തുക്കളും ചുമപ്പിൽ മനോഹരമായ കറുത്ത ചിത്രപ്പണി ചെയ്ത കളിമൺ പാത്രങ്ങളും അവരുടെ കലാപരമായ കഴിവുകളെ എടുത്തുകാണിക്കുന്നു.

ത്രാസിൽ ഉപയോഗിക്കുന്ന കൃത്യമായ തൂക്കക്കട്ടികളും മണ്ണിൽ മെനഞ്ഞ ചെറു മൃഗരൂപങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കടുവ, പന്നി, കാണ്ടാമൃഗം, മുട്ടനാട്, താറാവ് ഇവ കൂടാതെ ഒറ്റക്കൊമ്പുള്ള മിത്തിക് ജീവിയായ യൂണികോണും ഈ കളിപ്പാട്ടങ്ങളിലുണ്ട്. അന്നത്തെ കുട്ടികൾ ഉപ യോഗിച്ചിരുന്ന പന്തുകളും പമ്പരങ്ങളും ചതുരംഗപ്പലകകളും ഇന്നും വലിയ കേടുപാടുകളില്ലാതെ കണ്ണ ടിക്കൂടുകളിൽ വസിക്കുന്നു. കളിപ്പാട്ടങ്ങളുടെ കൂട്ടത്തിൽ കണ്ടെത്തിയ കളിമണ്ണിന്റെ വഞ്ചികൾ മരം കൊണ്ടു നിർമ്മിക്കപ്പെട്ട അന്നത്തെ യാനങ്ങളുടെ നിർമ്മാണ മികവിലേക്കു വെളിച്ചം വീശുന്നു.

Lothal 5
മരത്തിൽ തീർത്ത വളകൾ

ഒരു ചെറിയ കുന്ന്, പട്ടണം, പാണ്ടികശാല എന്നിവ ഉൾപ്പെടുന്നതാണ് ഇന്നു കാണുന്ന ലോതൽ. മൈക്ക കലർന്ന ചുമന്ന മൺപാത്രങ്ങൾ ഇവിടെ നിന്നും ധാരാളമായി കണ്ടെടുത്തിട്ടുണ്ട്. മോഹൻ ജോദാരോ, ഹാരപ്പ സംസ്കാരങ്ങൾ ക്ഷയിച്ച ശേഷവും ലോതൽ നിലനിന്നിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. വരൾച്ചയും വെള്ളപ്പൊക്കവും തുടർച്ചയായി ആക്രമിച്ച് ആദ്യ ഹാരപ്പൻ സംസ്കാരം നാശോൻമുഖമായി. അതിനു മുകളിൽ ഒരു സംസ്കാരം കൂടി കെട്ടിപ്പടുക്കപ്പെട്ടു. പഴയ പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ട് ഇത്തവണ പണിതുയർത്തിയ നഗരം നിർമ്മാണ കലയിൽ ഹാരപ്പൻ സംസ്കാരം എത്രത്തോളം പുരോഗമിച്ചിരുന്നു എന്നതിനു തെളിവാണ്. വെയിലിൽ ഉണക്കി ദൃഢമാക്കിയ ഇഷ്ടികകൾ കൊണ്ട് ഭൂനിരപ്പിൽ നിന്നും രണ്ടു മീറ്ററോളം പൊക്കത്തിലാണ് വീടുകളുടെ അടിത്തറ നിർമിച്ചിരിക്കുന്നത്. ഇഷ്ടികയും ചെളിയും ചേർത്തുനിർമ്മിച്ച മുപ്പതോളം വീടുകളുടെ സമുച്ചയങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം. കോട്ടയ്ക്കകത്ത് ഭരണാധികാരികളും അതിനു താഴെയുള്ള പട്ടണത്തിൽ ജനങ്ങളും നടുവിൽ കടകളും.

കോട്ടക്കകത്തെ വീടുകളിൽ മലിനജല നിർഗമനത്തിനുള്ള ഡ്രയിനേജ് സംവിധാനവുമുണ്ടായിരുന്നു. ചുട്ടെടുത്ത ഇഷ്ടിക കൊണ്ടുള്ള വീടുകളും സ്വകാര്യ കുളിമുറികളും ഒരു കിണറും ഉണ്ടായിരുന്നു. പൊതുജനങ്ങൾക്കായി താഴെ മറ്റൊരു കിണറും. തുറമുഖവും പാണ്ടികശാലയും കോട്ടക്ക ടുത്തായിരുന്നതുകൊണ്ട് ഭരണാധിപൻമാർക്ക് തുറമുഖത്തു നടക്കുന്ന വ്യാപാരങ്ങളുടെ മേൽനോട്ടം സ്വസ്ഥാനത്തിരുന്നു കൊണ്ടു തന്നെ നിർവഹിക്കാമായിരുന്നു. മ്യൂസിയത്തിലുള്ള ദന്ത നിർമ്മിതമായ സ്കെയിലിൽ ഒന്നേമുക്കാൽ മില്ലിമീറ്റർ വരെയുള്ള അളവുകൾ ആലേഖനം ചെയ്തിട്ടുണ്ട്! സിന്ധുനദീതട സംസ്കാരത്തിലെ ഏറ്റവും ചെറിയ അളവു കണക്ക്.

Lothal 6
പൊട്ടിയ മൺപാത്രം

മുത്തുകൾ നിർമ്മിച്ചിരുന്ന ഫാക്ടറിക്ക് പത്ത് മുറികളും ഒരു വിശാലമായ അങ്കണവുമുണ്ട്. പഴയ കോട്ടയുടെ അവശിഷ്ടങ്ങൾക്കു മേലെ പിന്നീടു വന്ന തലമുറ സാധാരണ ഗൃഹങ്ങൾ പണിതു. ലോതലിന്റെ പ്രതാപം അസ്തമിക്കുകയായിരുന്നു. ആദ്യ നാഗരികതയുടെ നിർമ്മാണ വൈദഗ്ധ്യം ഇല്ലാതിരുന്ന ഇവർ തട്ടിക്കൂട്ടിയ നിർമ്മിതികളെല്ലാം പെട്ടെന്നു നശിച്ചുപോയി. വ്യാപാരം ക്ഷയിച്ചു. ജനങ്ങൾ ദരിദ്രരായി. പിന്നീടുവന്ന വെള്ളപ്പൊക്കം ലോതലിനെ തികച്ചും ആവാസയോഗ്യമല്ലാതാക്കുകയും ജനങ്ങൾ ഉൾപ്രദേശങ്ങളിലേക്കു പലായനം ചെയ്യുകയും ചെയ്തു. നഗരനിർമ്മാണത്തിലും കലയിലും വാസ്തുവിദ്യയിലും വെന്നിക്കൊടി പാറിച്ച ഒരു സംസ്കൃത ജനപദത്തിന്റെ അവസാനം!

മ്യൂസിയത്തോടനുബന്ധിച്ചുള്ള ചെറിയ തീയേറ്ററിലെ ഡോക്യുമെന്ററി കണ്ട ശേഷം പുറത്തേക്കിറങ്ങി. പഴയ പട്ടണത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു. തുറമുഖം അപ്രത്യക്ഷമായെങ്കിലും പ്രാചീനകാലത്തെ അഴിമുഖമായിരുന്ന ജലാശയം നീലജലം നിറഞ്ഞ് പരന്നു കിടക്കുന്നു. അതിനടുത്തായി മേൽ നഗരത്തിന്റെ കിണർ. മുകളിൽ പാണ്ടികശാലകൾ കൃത്യമായ അളവു കണക്കുകളിൽ. തലേന്ന് അഹമ്മദാബാദിൽ ജനം നിറഞ്ഞൊഴുകുന്ന മനേക് ചൗക്കിലൂടെ പിച്ചളപ്പാത്രങ്ങൾ വിൽക്കുന്ന കട അന്വേഷിച്ചു നടന്നതോർമ്മ വന്നു. അറുപത്തിമൂന്നു കടമുറികൾ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്ന ഇവിടേയും പായ്ക്കപ്പലുകളിൽ വന്നിറങ്ങിയ വിദേശികളായ നാവികരും നഗരവാസികളും ശാലകളിലൂടെ വണിക്കുകളുടെ കരകൗശലങ്ങൾക്കു വിലപേശി നടന്നിരിക്കണം.

Lothal 8
യൂണികോണിന്റെ ചിത്രമുള്ള സീൽ

അപൂർവ്വം ഒന്നോ രണ്ടാ സന്ദർശകരും, ഉച്ചവെയിലിൽ നിന്നും രക്ഷനേടാനായി മരത്തണലുകളിൽ അഭയം പ്രാപിച്ച് സെക്യൂരിറ്റി ജീവനക്കാരും മാത്രമേ ഈ നഗരാവശിഷ്ടങ്ങളിൽ ഇന്ന് ജനസാന്നിദ്ധ്യമായിട്ടുള്ളു. പഴയ മലിനജല നിർഗമന കനാലുകളും രണ്ടു വലിയ കിണറുകളും ചുട്ടെടുത്ത് ഇഷ്ടികകൾ കൊണ്ട് കൃത്യമായ അനുപാതത്തിൽ പണിത അടിത്തറകളും വായ് വട്ടം കുറഞ്ഞ ഒരു കൂറ്റൻ അടുക്കളച്ചുളയും ഇന്നും കാലത്തെ അതിജീവിച്ച് കോട്ടമില്ലാതെ നിൽക്കുന്നു. അയ്യായിരം കൊല്ലങ്ങൾക്കു മുൻപ് ഇവിടം സംസ്കൃതമായ ഒരു ജനതയുടെ ആവാസഭൂമിയായിരുന്നു. 

ആര്യൻമാരുടെ അധിനിവേശത്തിനും വളരെ മുൻപ് ലക്ഷണമൊത്ത ഒരു നഗരം കെട്ടിപ്പടുത്ത് അവിടെ അധിവസിച്ചവർ, ഗോതമ്പും ബാർലിയും പയറു വർഗ്ഗങ്ങളും കൃഷി ചെയ്തിരുന്നവർ, വേട്ടയിറച്ചിയും കടൽമീനുകളും ഭക്ഷിച്ചിരുന്നവർ. ഇലകളുടേയും വേരുകളുടേയും നീരിൽ മുക്കി ചുമപ്പും മഞ്ഞയും നീലയും നിറങ്ങളുള്ള പരുത്തി വസ്ത്രങ്ങൾ ധരിച്ചിരുന്നവർ, കല്ലും കനകവും മുത്തും ആഭരണമായി അണിഞ്ഞിരുന്നവർ. അവരുടെ ആഘോഷങ്ങൾ, ദേവതമാർ, അനുഷ്ഠാനങ്ങൾ, നൃത്തഗാനങ്ങൾ തിരസ്കരണിയുടെ അപ്പുറത്തു നിന്നെന്ന പോലെ മാഞ്ഞും മറഞ്ഞും കാണുന്ന അജ്ഞാത ലോകം, ലോതലിലെ ശ്മശാനഭൂമി കാണണം എന്നുണ്ടായിരുന്നു. മ്യൂസിയത്തിൽ ഇരട്ട സംസ്കരണം (Twin Burial) ഉണ്ടായിരുന്നതിനു തെളിവായി കണ്ടെത്തിയ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ളതു കണ്ടിരുന്നു. പക്ഷേ അങ്ങോട്ടുള്ള പ്രവേശനം നിഷേധിച്ചി രിക്കുകയാണ് എന്ന് കാവൽക്കാരൻ ക്ഷമാപണം നടത്തി.

Lothal 9
മൺകുടം, ചിത്രപ്പണികളുള്ള മൺകുടം

വിലപിടിപ്പുള്ള എന്തെങ്കിലും കിട്ടുമെന്നു കരുതി ആളുകൾ കുഴിമാടങ്ങൾ നശിപ്പിക്കാൻ തുടങ്ങിയതാണ് കാരണം പറഞ്ഞത്. ശവം ദഹി പ്പിക്കുന്നതായിരുന്നിരിക്കണം ഹാരപ്പൻ ജനതയുടെ സാധാരണ രീതി എന്ന് കരുതപ്പെടുന്നു. അതുപോലെ കരകൗശല നിർമ്മാണത്തിനുതകുന്ന ചെറിയ ഉപകരണങ്ങളല്ലാതെ ആയുധങ്ങൾ കാര്യമായി കണ്ടെടുക്കാനാവാത്തതു കാരണം സമാധാനപ്രിയരായ ഒരു ജനതയായിരുന്നു ഇവർ എന്നും കണക്കാക്കപ്പെടുന്നു. വെയിലും മഴയുമേറ്റ് കറുപ്പുനിറം ബാധിച്ചു തുടങ്ങിയ ഇഷ്ടികത്തറകൾക്കിടയിലൂടെ തിരിച്ചു നടക്കുമ്പോൾ എൻ വി കൃഷ്ണവാരിയരുടെ വരികൾ മനസ്സിലേക്കൊഴുകി വന്നു

“നന്നങ്ങാടികൾ: ഇക്കല്ലറകളിൽ,
നൂറ്റാണ്ടുകളുടെയലകളിൽ, മൗന
പ്പന്നഗമെയ്ച്ചുരുളാർന്നു പുരാതന 
പുരുഷർ പരാപരനിദ്രയിൽ വാഴ്വൂ...........
അരയാൽവിത്തിലൊരരയാൽ പോലീ
നന്നങ്ങാടിയിലൊരു വിശ്വം ഞാ-
നവലോകിപ്പു സനാതന ചടുല
പ്രാണസ്പന്ദനവിതത വിലാസം: ''

പ്രാചീനമൗനം സാന്ദ്രമായിക്കിടക്കുന്ന ഈ നഗരാവശിഷ്ടങ്ങളുടെ പ്രാണസ്പന്ദനം വെളിപ്പെടുന്നതിന് ഇനിയും എത്ര കാലം നാം കാത്തിരിക്കേണ്ടി വരും?

YATHRA TRAVEL INFO

About 80km southwest of Ahmedabad, the city that stood at this archaeological site 4500 years ago was one of the most important of the Indus Valley civilization, which extended into what is now Pakistan. Excavations have revealed the world's oldest known artificial dock, which was connected to an old course of the Sabarmati River. It is said that Lothal is a combination of two words; Loth and thal, which in Gujarati means 'the mound of the dead.' An Archaeological Museum (10am–5pm, Friday closed) near the site houses a number of artefacts like jewellery, pottery, seals.

Yathra Subscription
യാത്ര വാങ്ങാം

Getting there

By Air: Ahmedabad (80kms). By Train: Five daily trains run from Ahmedabad's Gandhigram station to Lothal-Bhurkhi station, 6km from the site. From the station you can hop on one of the buses to the site. By Road: Lothal is 80 kms from Ahmedabad.

Sites around

  1. Nalsarovar Bird Sanctuary
  2. Thol Lake Sanctuary
  3. Sabarmati Ashram

Stay

Toran Gandhi Ashram (Opp, Gandhi Ashram,Ahmedabad-380027.  Phone : +91 79-27559342, +91 79-27559342Email: hoteltorangagh@gujarattourism.com.)

(മാതൃഭൂമി യാത്ര 2021 നവംബറിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: lothal, mount of the dead, asia's atlantis, heritage travel, mathrubhumi yathra

ലോതലിലെ കുളിമുറിയും ഡ്രൈനേജ് സംവിധാനവും