ഡാക്ക് സഞ്ചാരികളുടെ പറുദീസയാണ്. പക്ഷെ, സഞ്ചാരികളറിയാത്ത, ഭയപ്പെടുത്തുന്ന തണുപ്പുള്ള, മഞ്ഞു കാലത്ത് പച്ചക്കറികള്‍ കാണാന്‍ കിട്ടാത്ത, കുറെ സാധാരണ മനുഷ്യര്‍ ജീവിക്കുന്ന, ഭരണാധികാരികളുടെ പരിഗണന വേണ്ടത്ര ലഭിക്കാത്ത ഒരു ലഡാക്കുണ്ട്  ഉണ്ട്. ആ ലഡാഖിന്റെ ഭാഗമാണ് ഞങ്ങളിപ്പോള്‍.

ഇലക്ഷന്റെ പിറ്റേന്നാണ് ഡല്‍ഹിയിലേക്ക് ഫ്‌ലൈറ്റ് ബുക്ക് ചെയ്തിരുന്നത്. രണ്ടു ദിവസം സുഹൃത്തായ യാഷികക്കൊപ്പം താമസിച്ച് ഒന്‍പതാം തീയതി ലഡാക്കിലേക്കുള്ള ടിക്കറ്റും മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി എയര്‍ലൈന്‍ കമ്പനി വിമാനം റദ്ദാക്കിയതുമൂലം യാത്ര നീട്ടി. അങ്ങനെ നേരത്തെ തന്നെ ഡല്‍ഹിക്കു പോരേണ്ടി വന്നു. സുഹൃത്തിന്റെ വീട്ടില്‍ തങ്ങി നാലാം ദിവസം രാവിലെ ലേയിലേക്ക് പുറപ്പെട്ടു. ഭര്‍ത്താവ് സുധീഷ് മാര്‍ച്ച് ഏഴാം തീയതി കേരളത്തില്‍ നിന്ന് ഡ്രൈവ് ചെയ്ത് പന്ത്രണ്ടാം തീയതി ശ്രീനഗറില്‍ എത്തിയിരുന്നു.  റോഡ് തുറന്നു എന്ന വാര്‍ത്ത കേട്ടപ്പോഴാണ് സുധീഷ് പുറപ്പെട്ടതെങ്കിലും ശ്രീനഗര്‍ എത്തിയപ്പോഴേക്കും ലഡാക്കിലേക്കുള്ള വഴി അടഞ്ഞിരുന്നു. വഴി ഇതുവരെ തുറക്കാത്തതിനാല്‍ ഒരു മാസം കഴിഞ്ഞു പുറപ്പെട്ട ഞാന്‍ ലഡാക്കിലെത്തിയിട്ടും സുധീഷ് ഇപ്പോഴും ശ്രീനഗറില്‍ തന്നെ.

Ladakh 3

തണുപ്പുണ്ടാകുമെന്ന് അറിയുന്നതുകൊണ്ട് ജാക്കറ്റ് ഒക്കെ കൈയ്യിലെടുത്തിരുന്നു. ഒരു മണിക്കൂര്‍ കൊണ്ട് ഫ്‌ലൈറ്റില്‍ ഡല്‍ഹിയില്‍ നിന്ന് ലഡാക്കിലെത്താം. ആദ്യ പത്തുമിനിറ്റ് കഴിഞ്ഞാല്‍ വെള്ളപുതച്ച മലനിരകള്‍ തെളിയും. ഒരു വീഡിയോ ഗെയിമിലൂടെ സഞ്ചരിക്കും പോലെ തോന്നിപ്പിക്കുന്ന അനുഭവം. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിന്റെ സഹോദരി അഞ്ജനയ്ക്ക് ഇതൊക്കെ പുതിയ അനുഭവമായിരുന്നു. പത്താം ക്ലാസിലാണ് അഞ്ജന പഠിക്കുന്നത്. കോവിഡ് വ്യാപനം മൂലം ക്ലാസ് ഓണ്‍ലൈനില്‍ ആക്കിയത് മൂലം കിട്ടിയ അവസരം അവള്‍ പാഴാക്കിയില്ല. കാഴ്ചയൊക്കെ കണ്ട് ഒരു മണിക്കൂറിനുള്ളില്‍ പത്തുമണിയോടുകൂടി ഞങ്ങള്‍ ലഡാക്കിലെത്തി.  

ഫ്‌ലൈറ്റില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ തന്നെ തണുപ്പ് അരിച്ചു കയറി. ചെവിയടഞ്ഞു. ബാഗില്‍ ചുരുട്ടി വച്ചിരുന്ന ജാക്കറ്റ് എടുത്തിട്ടപ്പോഴാണ് ശ്വാസം പോലും നേരെ എടുക്കാറായത്. ഫ്‌ലൈറ്റില്‍ ഒപ്പമുണ്ടായിരുന്ന എല്ലാവരുടെയും അവസ്ഥ സമാനമായിരുന്നു. ഞങ്ങള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നില്ല. എയര്‍പോര്‍ട്ടില്‍ ടെസ്റ്റ് റിസള്‍ട്ട്് ഇല്ലാത്തവരെ കടത്തിവിടുമായിരുന്നില്ല. ഇല്ലാത്തവര്‍ക്ക് സൗജന്യമായി എയര്‍പോര്‍ട്ടില്‍ തന്നെ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനം ഉണ്ടായിരുന്നു. വിവരങ്ങള്‍ എഴുതിക്കൊടുത്ത് ഞങ്ങള്‍ ടെസ്റ്റിനായി പോയി. അരമണിക്കൂറില്‍ നെഗറ്റീവ് റിസള്‍ട്ടും വാങ്ങി പുറത്തിറങ്ങി. 

Ladakh 2

സുധീഷിന്റെ സുഹൃത്ത് പുറത്തു കാത്തുനിന്നിരുന്നു. സുധീഷ് വരും വരെ ലഡാക്കിന്റെ അടുത്തുള്ള ചോക്ലംസാര്‍ എന്ന സ്ഥലത്ത് സുഹൃത്തിന്റെ കുടുംബത്തിനൊപ്പം താമസിക്കാനാണു തീരുമാനിച്ചിരുന്നത്. ചെന്ന് പുതപ്പിനുള്ളിലേക്കാണ് നേരെ കയറിയത്. മൂന്നു പുതപ്പും അതിനുമുകളിലൊരു ബെഡും കൂടി വലിച്ചിട്ട് പുതച്ചിട്ടും തണുപ്പ് മാറിയില്ല. ഒടുവില്‍ രണ്ടിടത്ത് കിടന്നിരുന്ന ഞാനും അഞ്ജനയും ഒരു പുതപ്പിനുള്ളിലായി. എപ്പോഴോ മയങ്ങിപ്പോയി. പിന്നീട് എണീക്കുന്നത് വൈകിട്ടാണ്. തലവേദനകാരണം തല  പൊക്കാന്‍ പോലും വയ്യ. ചെറുതായി മൂക്കിലൂടെ രക്തം വരാന്‍ തുടങ്ങി. മൂക്കില്‍ രക്തം വന്നു കട്ടപിടിക്കുമ്പോള്‍ ശ്വാസം തടയും. അത് ശക്തിയായി തുമ്മി പുറത്തേക്കു കളഞ്ഞാലേ നേരെ ശ്വാസം കിട്ടു. അഞ്ജനയ്ക്ക് ആദ്യം കുഴപ്പമൊന്നുമുണ്ടായില്ല. നല്ലവണ്ണം വെള്ളം കുടിച്ചും വിശ്രമിച്ചും പതുക്കെ അവസ്ഥ ഭേദപ്പെട്ടു. പക്ഷെ, അഞ്ജനയ്ക്ക് പ്രശ്‌നങ്ങള്‍ ആരംഭിച്ചു. കാലില്‍ നീരുവച്ചു. രാത്രിയില്‍ ഛര്‍ദ്ദിയും. സുധീഷിന്റെ സുഹൃത്ത് കല്യാണ്‍ മൗണ്ടനീയറിങ് വിദഗ്ധനാണ്. അദ്ദേഹം പറഞ്ഞത് അനുസരിച്ച് ധാരാളം വെള്ളം കുടിച്ചും ഭക്ഷണം ലഘുവായി കഴിച്ചും പതിയെ അനിയത്തിയുടെ പ്രശ്‌നങ്ങളുമൊതുങ്ങി. 

മൂന്നു ദിവസം ലഡാക്കി ഫുഡ് കഴിച്ച് മടുത്തു. നാലാം ദിനം ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങി. ബസ് ഇല്ല. കാര്‍ ഇല്ല. നടന്നുപോകാന്‍ പറ്റിയ ദൂരവുമല്ല. ഒരു ടു വീലര്‍ ഉണ്ടവിടെ. അതിലാണ് പുറത്തിറങ്ങിയത്.  രണ്ടു ലെയര്‍ ഡ്രെസും ജാക്കറ്റും ഇട്ടിട്ടും വണ്ടിയോടിക്കുമ്പോള്‍ തണുപ്പ് അരിച്ചുകയറി. 

ladakh 1

അങ്ങനെ ഒരുപരുവത്തില്‍ മെയിന്‍ മാര്‍ക്കറ്റിലെത്തിയപ്പോള്‍ ഒരിടത്തും പച്ചക്കറികളില്ല. പഴങ്ങളില്ല. ആകെയുള്ളത് കരിഞ്ഞു പുകഞ്ഞ ഉരുളക്കിഴങ്ങും തക്കാളിയും ഇഞ്ചിയും മുളകും സവോളയും മാത്രം. മുളകിന് കിലോയ്ക്ക് 250 രൂപ.. സവോള കിലോ 180 രൂപ.. തക്കാളിക്ക് 150 രൂപ.. ഇഞ്ചിക്ക് 300.. കുറച്ചു പയര്‍ വര്‍ഗ്ഗങ്ങളും വളരെ കുറച്ച് തക്കാളി, മുളക് ഇഞ്ചിയൊക്കെ വാങ്ങി പാല് വാങ്ങാനായി ചോദിച്ചപ്പോള്‍ കടക്കാരന്‍ ചേട്ടന്‍ ചിരിയോ ചിരി.. ലഡാക്കില്‍ ഇപ്പോള്‍ പാക്കറ്റ് പാല്‍ കിട്ടാനേയില്ലത്രേ.. ഇനി റോഡ് തുറക്കും വരെ ഇത് തന്നെയാണാവസ്ഥ.. ലഡാക്കില്‍ ഇതിനു മുന്‍പ് ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് താമസിച്ചിട്ടുള്ളത്. അതുകൊണ്ടു ഈ ബുദ്ധിമുട്ടൊന്നും അറിഞ്ഞിരുന്നില്ല. പയറുവര്‍ഗങ്ങളില്‍ കറിക്കടലയും ചെറുപയറും രാജ്മാ ദാലും മാത്രമേ കിട്ടാനൊള്ളു. ബാക്കിയെന്തും കിട്ടാന്‍ റോഡ് തുറക്കണം. നല്ല ബിസ്‌കറ്റോ, സ്‌നാക്‌സോ ഒന്നും കിട്ടാനില്ല. എന്തായാലും കിട്ടിയതും വാങ്ങി കുറച്ചു മുട്ടയും വാങ്ങി വീട്ടിലെത്തി. മുട്ട പുഴുങ്ങണമെങ്കില്‍ പ്രെഷര്‍ കുക്കറില്‍ വയ്ക്കണം. എന്നാലും ഉള്ളു വേകാന്‍ പ്രയാസമാണ്. അതുകൊണ്ടു ഓംലറ്റ് മാത്രം ശരണം. ബസ്മതി റൈസ് വേകാന്‍ പോലും കുക്കറില്‍ നാലു വിസില്‍ വേണം. പയറു വര്‍ഗ്ഗങ്ങള്‍ രണ്ടു ദിവസം കുതിര്‍ത്താന്‍ ഇട്ടാലെ നന്നായി വെന്തുകിട്ടുകയുള്ളൂ.

പൈപ്പിലൂടെ ലഡാക്കില്‍ മഞ്ഞുകാലത്ത് വെള്ളം കിട്ടില്ല. വെള്ളം കട്ടയാവുന്നതു തന്നെ കാരണം. വെള്ളം പുറത്തുനിന്ന് ചുമന്നു കൊണ്ടുവരണം. അതുകൊണ്ടു തന്നെ ഹീറ്ററൊക്കെ ബുദ്ധിമുട്ടാണ്. ആകെയുള്ളയാശ്വാസം ഹീറ്റിംഗ് കോയില്‍ ആണ്. ഇവിടുത്തെ കാലാവസ്ഥ വളരെ അപ്രതീക്ഷിതമായി മാറിമറിയും. ചിലപ്പോള്‍ മൂടിക്കെട്ടി നില്‍ക്കും. മഞ്ഞുപെയ്യും. കല്ലുമഴപോലെ മഞ്ഞുകട്ടകള്‍ വീഴും. ചിലപ്പോള്‍ ഒരു നിമിഷം കൊണ്ടിതൊക്കെ മാറി വെയില്‍ തെളിയും. അടുത്ത പ്രശ്‌നമാണ് നെറ്റ്‌വര്‍ക്ക്. നാട്ടിലെയപേക്ഷിച്ച് ഇവിടുത്തെ നെറ്റ്‌വര്‍ക്ക് പരിതാപകരമാണ്.  ഒരു വിഡിയോയൊക്കെ ലോഡ് ആകാന്‍ ചിലപ്പോള്‍ മണിക്കൂറുകളെടുക്കും. ആമസോണും നെറ്റ്ഫ്‌ലിക്‌സുമൊക്കെ കാണാന്‍ പറ്റിയാല്‍ ഭാഗ്യം.  

ladakh

പക്ഷെ, ഇതെല്ലാം ഇന്നാട്ടുകാര്‍ക്ക് ശീലമാണ്. അവര്‍ക്കിതൊന്നും ബുദ്ധിമുട്ടേയല്ല. സത്യത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മഞ്ഞുകാലത്തെ ലഡാക്ക് ഒരു ദുര്‍ഗുണപരിഹാര പാഠശാലയാണ്. വന്നിട്ടിപ്പോള്‍ രണ്ടാഴ്ചയാകുന്നു. തണുപ്പ് കുറഞ്ഞതാണോ, ശീലമായതാണോ എന്നറിയില്ല.. ഈ തണൂപ്പിപ്പോള്‍ വലിയ പ്രശ്‌നക്കാരനാകുന്നില്ല. നെറ്റ്​വര്‍ക്കിനോടും പൊരുത്തപ്പെട്ടു.

പക്ഷെ, സുധീഷിപ്പോഴും ശ്രീനഗറിലാണ്. ഇന്ന് വരാനാകും നാളെ വരാനാകും എന്നാശ്വസിച്ച് നാട്ടില്‍ നിന്ന് കടയിലേക്ക് കൊണ്ടുവന്ന പുട്ടുപൊടിയും കടലയുമൊക്കെ സ്വയം വേവിച്ച് തിന്ന് ജീവിക്കുന്നു.  ആര്‍മിയില്‍ ജോലി ചെയ്യുന്ന കുറെ മലയാളികളും ഞങ്ങളും ഇന്ന് വരും നാളെ വരുമെന്നും പ്രതീക്ഷിച്ചിവിടെ ലഡാക്കിലും.

Content Highlights: Life in Ladakh tourism in Ladakh diffrent face of Ladakh