ഹാനഗരത്തിന്റെ തിരക്കുകൾ പിന്നിട്ടിട്ട് മണിക്കൂറുകളായി. ദൈവങ്ങളുടെ താഴ്വരയിലേക്കെത്താൻ ഇനി അധികം സമയമില്ല. ചെങ്കുത്തായ വളവുകൾ പിന്നിട്ട് മലയിലെ ഏതോ ഹോട്ടലിൽ ബസ്സ് പതിയെ നിന്നു. മൂടൽ മഞ്ഞ് കാരണം ഒന്നും കാണാൻ വയ്യാത്ത അവസ്ഥയാണ്. തണുപ്പ് അസഹ്യമായിരിക്കുകയാണ്. സമോവറിൽ നിന്നും പുറത്തു വരുമ്പോഴേക്കും ചായ തണുത്തുറയുന്ന അവസ്ഥ. മരവിച്ച കൈകൾക്കുള്ളിലേക്ക് ചായക്കപ്പ് പതിയെ വച്ചു. നിമിഷങ്ങൾക്കുള്ളിൽ തന്നെ മാണ്ടിയിൽ നിന്നും ബസ് പുറപ്പെടാനുള്ള ഹോണടികേട്ടു. മലഞ്ചെരുവിൽ ആ ശബ്ദം ഏറെ നേരം പ്രതിധ്വനിക്കുന്നത് പോലെ തോന്നി. ഇന്നലെ രാത്രി ഡൽഹിയിൽനിന്നും പുറപ്പെട്ടതാണ്. കുടിച്ചുകൊണ്ടിരുന്ന ചായ മതിയാക്കി ഞങ്ങൾ ബസ് ലക്ഷ്യമാക്കി നടന്നു. 

മലക്ക് താഴേക്ക് നോക്കിയാൽ മൂടൽ മഞ്ഞിന് ഇടയിലൂടെ നിശബ്ദമായി ഒഴുകുന്ന ബിയാസ് നദി കാണാൻ ആകുന്നുണ്ട്. ബസ്സ് നദിയുടെ കരപിടിച്ച് യാത്ര തുടർന്നു. നേരം വെളുത്തു വരുന്നേയുള്ളൂ. റോഡിന്റെ ഒരു വശത്ത് ഭീതി ജനിപ്പിക്കുന്ന കൊക്കയാണ്. അതിന് താഴെ പച്ചനിറത്തിൽ ബിയാസ്. മറുവശം കുത്തനെയുള്ള കുന്നുകൾ. കുന്നിൽ കെട്ടിയ അരഞ്ഞാണം പോലെ വീതികുറഞ്ഞ  റോഡ് നദിയെ പിന്തുടർന്ന് പോയിക്കൊണ്ടേ ഇരിക്കുന്നു. വലിയ മരങ്ങൾ ഒന്നുംതന്നെയില്ലാത്ത കുന്നുകൾ ഏതു നിമിഷവും റോഡിലേക്ക് അടർന്ന്‌ വീഴാൻ പാകത്തിൽ അടുക്കിവെച്ച പാറക്കഷണങ്ങൾ പോലെ തോന്നിച്ചു. 

മുന്നോട്ട് പോകുന്തോറും പ്രകൃതി അതിന്റെ മനോഹാരിത കാട്ടി കൊതിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മലകൾക്കപ്പുറത്ത് ഉദിച്ചു വരുന്ന സൂര്യൻ മൂടല്‍മഞ്ഞിന്റെ പുതപ്പുമാറ്റി കുന്നുകളിൽ പതിഞ്ഞ സ്വർണനിറം തൂവി. കുന്നിറങ്ങി ബസ് പതിയെ സമതലങ്ങളിലേക്ക് പ്രവേശിച്ചു. മുന്നിൽ ചെറിയ ആപ്പിൾ തോട്ടങ്ങളും സാൽമരങ്ങളും കണ്ടുതുടങ്ങി. ദൂരെ സൂര്യപ്രഭയിൽ മഞ്ഞു പുതച്ചു കിടക്കുന്ന മലകളും കാണാൻ സാധിക്കുന്നുണ്ട്. 

ബസ്സ് പതിയെ ദൈവങ്ങളുടെ താഴ്‌വരയായ കുളുവിലേക്ക് പ്രവേശിച്ചു. കുന്നുകളാൽ ചുറ്റപ്പെട്ട മനോഹരമായ പട്ടണം. കുന്നിൻ ചെരുവുകളിൽ പൈൻമരങ്ങൾ നിബിഢമായി വളർന്നുനിൽക്കുന്നു. കുന്നിൽ മുകളിൽ ഒറ്റപ്പെട്ടും താഴ്‌വരയിൽ സമൃദ്ധമായും വീടുകൾ. ഇവിടുത്തെ ആളുകളുടെ പ്രധാന വരുമാനമാർഗം ടൂറിസവും ആപ്പിള്‍, പ്ലം, കിവി, പീർ പോലുള്ള കൃഷികളും ആണ്.

Bus Stand

കുളുവിൽ നിന്നും പതിയെ വീണ്ടും മല മുകളിലേക്ക് കയറിപ്പോകുന്ന വഴി. ബിയാസിന്റെ കരയ്ക്ക് സമാന്തരമായി വീണ്ടും യാത്ര തുടർന്നു. വിളവെടുപ്പ് കഴിഞ്ഞ് ശിശിരത്തിൽ ഇല പൊഴിഞ്ഞ ആപ്പിൾ തോട്ടങ്ങൾ മഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്നത് പോലെ തോന്നി. മണാലി യാത്രയിലുടനീളം ബിയാസ് ഒരു വഴികാട്ടി ആണ്. സാഹസിക സഞ്ചാരികൾക്ക് റിവർ റാഫ്റ്റിങ് നടത്താനുള്ള  സൗകര്യം ചെയ്തു നൽകുന്ന കടകൾ നദിയോട് ചേർന്ന് നിരനിരയായി നിൽക്കുന്നുണ്ട്. കുളുവിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ ദൂരമുണ്ട് മണാലിയിലേക്ക്. 

രാവിലെ ഒമ്പതരയോടുകൂടി ഞങ്ങൾ മണാലി ബസ് സ്റ്റാൻഡിൽ എത്തി. ടൗണിന്റെ തിരക്കിൽനിന്ന് മാറി അങ്ങിങ്ങ് മഞ്ഞുമൂടപ്പെട്ട ഒരു വലിയ കുന്നിൻ ചെരുവിലായാണ് പ്രൈവറ്റ് ബസ് സ്റ്റാൻഡ്.  ബസ്സിന്റെ എൻജിൻ ഓഫ് ആകുന്നതിന് മുൻപുതന്നെ ടാക്സി ഡ്രൈവർമാരും ഹോട്ടൽ ഏജന്റുമാരും ടൂർ ഗൈഡുകളും മറ്റുമായുള്ള ഒരു സംഘം ആളുകൾ ബസ്സിനുള്ളിലേക്ക് പാഞ്ഞു കയറി. അവർ ആളുകളെ പിടിക്കാനുള്ള ശ്രമത്തിലാണ്. മുൻപൊരിക്കൽ മണാലി വന്നതിന്റെ പരിചയത്തിൽ ഞങ്ങൾ ഇപ്രാവശ്യം അവരുടെ വലയിൽ വീണില്ല. ബസ്സിലെ ഹീറ്ററിന്റെ ചൂടിൽ നിന്നും ഞങ്ങൾ മണാലിയുടെ തണുപ്പിലേക്ക് ഇറങ്ങി. അപ്പോഴേക്കും സൂര്യൻ മഞ്ഞിന്റെ മറ നീക്കി പുറത്തുവന്നിട്ടുണ്ടായിരുന്നു.  

രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്നും സഞ്ചാരികളെയും കൊണ്ടുവന്ന കുറെയേറെ ബസ്സുകൾ സ്റ്റാൻഡിന്റെ പരിസരങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്നു. ഇവിടെനിന്ന് 400 മീറ്റർ ദൂരത്തിലാണ് മാൾ റോഡ്. തണുപ്പിന്റെ ആലസ്യവും യാത്രാ ക്ഷീണവും മാറ്റാൻ ഒരു ചെറിയ നടത്തം നല്ലതാണെന്ന് തോന്നി.  സ്റ്റാൻഡിലേക്ക് തിരിയുന്ന റോഡ് മുറിച്ചു കടന്ന് കുന്നുകയറി പോകുന്ന ചെറിയ പാതയിലൂടെ ഞങ്ങൾ മാൾ റോഡിലേക്ക് നടന്നു. കുത്തനെ കയറിപ്പോകുന്ന റോഡിന്റെ വശങ്ങളിലായി തലേ ദിവസം രാത്രി പെയ്ത മഞ്ഞിന്റെ തൂവെള്ള കണങ്ങൾ അങ്ങിങ്ങായി തൂവിക്കിടക്കുന്നു. തണുപ്പ് പതിയെ സിരകളിൽ തൊട്ടു തുടങ്ങി. ഹെയർപിൻ വളവുകളും ചെങ്കുത്തായ കയറ്റങ്ങളും ഇന്നലെ രാത്രിയിലെ ബസ് യാത്ര കഠിനമാക്കിയിരുന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ വലതുവശത്തായി ദേവദാരു മരങ്ങൾ നിറഞ്ഞ വൻവിഹാർ ഗാർഡൻന്റെ ഗേറ്റ് കണ്ടു. റോഡിന് മുന്നിൽ  തെല്ലകലെയായി ആൾത്തിരക്കുള്ള മാൾ റോഡ് കാണാം. ഹോട്ടലുകളാൽ സമ്പന്നമാണ് ഇവിടം. എവിടെ നോക്കിയാലും കുന്നിൻ ചെരുവിലേക്ക് തുറന്ന് നിൽക്കുന്ന ബാൽക്കണികളുള്ള ഹോട്ടലുകൾ.

Manali 2

മാൾ റോഡിൽ രണ്ട് സൈഡിലുമായി ആളുകൾക്കിരിക്കാൻ മരത്തിൽ തീർത്ത മനോഹരമായ ചെറിയ ഇരിപ്പിടങ്ങൾ ഉണ്ട്.  അതിൽ വെയിൽ കാഞ്ഞിരിക്കുന്നവരുടെ ചെറുകൂട്ടങ്ങൾ കാണാം. ഞങ്ങളും മാൾ റോഡിന്റെ സൈഡിലുള്ള ചായക്കടയിൽ നിന്നും വാങ്ങിയ  ചായയും കൊണ്ട് ഇളം വെയിലിന്റെ ചെറുചൂടും ആസ്വദിച്ച്‌ കുറച്ചുനേരം ഇരുന്നു. ഹോട്ടലുകളും തുണിത്തരങ്ങൾ വിൽക്കുന്ന കടകളും ഗിഫ്റ്റ്‌ ഷോപ്പുകളും ടോയ് ഷോപ്പുകളും ഐസ്ക്രീം കടകളും മറ്റുമായി മാൾ റോഡ് എപ്പോഴും കച്ചവടത്തിരക്കിലാണ്. മാൾ റോഡിനോട് ചേർന്ന ഒരു ഹോട്ടലിൽ തന്നെ മുറിയെടുത്തു. രാവിലത്തെ ഭക്ഷണം കഴിച്ച് യാത്രാക്ഷീണവും തീർത്ത് മാൾ റോഡിലേക്ക് നീങ്ങി. 

Hidambi Temple
ഹിഡിംബ ദേവി ക്ഷേത്രം

ഞങ്ങളുടെ ആദ്യ ലക്ഷ്യം ഹിഡിംബ ദേവി ക്ഷേത്രം ആണ്. മാൾ റോഡിൽ നിന്നും വീണ്ടും മുകളിലേക്ക് പോകുന്ന റോഡിൽ രണ്ട് കിലോമീറ്ററോളം പോയാലാണ് ദേവാരി വന വിഹാർ എന്നറിയപ്പെടുന്ന, ദേവദാരു മരങ്ങളാൽ ചുറ്റപ്പെട്ട ഈ ഗുഹാ ക്ഷേത്രത്തിൽ എത്താനാവുക. മഹാഭാരതത്തിലെ ഭീമന്റെ ഭാര്യ ഹിഡിംബിദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. 1553 കളിൽ നിർമിക്കപ്പെട്ടിട്ടുള്ളതാണ് ഈ ക്ഷേത്രം എന്നാണ് കണക്കാക്കപ്പെടുന്നത്. മാൾ റോഡിൽനിന്ന് മുകളിലേക്ക് കയറിപ്പോകുന്തോറും മഞ്ഞിന്റെ കനം കൂടിക്കൊണ്ടിരിക്കുന്നുണ്ട്. ഹിഡിംബ ക്ഷേത്രത്തിന്റെ പരിസരങ്ങളിലായി ചെറു കച്ചവടക്കാർ ധാരാളമായി ഉണ്ട്. കനലിൽ വേവിച്ച ചോളം വിൽക്കുന്നവർക്കും ചായക്കച്ചവടക്കാർക്കും പൊടിപൊടിച്ച കച്ചവടമാണ്. എല്ലിൽ കുത്തുന്ന തണുപ്പിൽ അവയൊക്കെ ചെറിയൊരു ആശ്വാസം നൽകുന്നുണ്ട്. ഫോട്ടോ എടുക്കുവാൻ വേണ്ടി  ഹിമാചലിന്റെ തനതായ ഗോത്ര രീതിയിലുള്ള വസ്ത്രങ്ങളും, കുഞ്ഞു ആട്ടിൻകുട്ടികളും മുയലുകളും മറ്റും വാടകക്ക് കൊടുക്കുന്ന ഗ്രാമീണർ പല ഭാഗങ്ങളിലായി നിലയുറപ്പിച്ചിട്ടുണ്ട്. ഹിഡിംബ ക്ഷേത്രവും പരിസരവും മഞ്ഞു പുതച്ച് കിടക്കുകയാണ്. ദേവതയുടെ പ്രതിരൂപമായി ആരാധിച്ചിരുന്ന ഒരു വലിയ പാറക്കല്ലിൽ തീർത്തതാണ് ഈ ക്ഷേത്രം. അവിടം ചുറ്റിക്കണ്ടതിന് ശേഷം ഞങ്ങൾ ഓൾഡ് മണാലി ലക്ഷ്യമാക്കി നടന്നു.

ഓൾഡ് മണാലിയിലാണ് മനു ക്ഷേത്രം. മഹാ പ്രളയത്തിൽ നിന്ന് മനുഷ്യരാശിയെ രക്ഷിച്ച ശേഷം ഭൂമി ഭരിക്കുന്ന ആദ്യത്തെ രാജാവാണ് മനു എന്നാണ് ഐതിഹ്യം. മനു മുനി ധ്യാനത്തിനായി തിരഞ്ഞെടുത്ത സ്ഥലമാണ് മണാലി.  "മനുവിന്റെ വാസ സ്ഥലം" എന്നതിൽ നിന്നാണ് മണാലി എന്നപേര് രൂപം കൊള്ളുന്നത്.  കുളു താഴ്വരയുടെ വടക്കേ അറ്റത്തായാണ് മണാലി സ്ഥിതി ചെയ്യുന്നത്. പുരാതന കാലത്ത് ലഡാക്കിലേക്കുള്ള കച്ചവട സഞ്ചാരത്തിൽ ഇവിടം പ്രധാന പങ്കുവഹിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകാലത്താണ് മണാലിയിൽ വൻതോതിൽ ആപ്പിൾ കൃഷി ആരംഭിക്കുന്നത്. അക്കാലത്തും, പിന്നീടും ആപ്പിൾ കൃഷി ഇവിടുത്തെ കർഷകരുടെ ഒരു പ്രധാന കൃഷിയായി മാറി.

Manali 3

ബിയാസിന്റെ പോഷക നദിയായ മനസ്ലൂ നദിക്ക് കുറുകെയുള്ള ഇരുമ്പു പാലം മുതലാണ് ഓൾഡ് മണാലി ടൗൺ തുടങ്ങുന്നത്. പഴമയുടെ പെരുമ വിളിച്ചോതുന്ന കെട്ടിടങ്ങളാണ് എങ്ങും. ആപ്പിളിൽ നിന്നുൽപ്പാദിപ്പിക്കുന്ന വൈൻ, വിനാഗിരി മുതലായവ വിൽക്കുന്ന കടകൾ ധാരാളമായി കാണാം. മണാലി ടൗണിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഓൾഡ് മണാലി. മണാലിയിൽ കൂടുതൽ ഹോട്ടലുകളും റെസ്റ്റോറന്റുകളുമാണെങ്കിൽ ഇവിടെ കൂടുതൽ ടാറ്റൂ ഷോപ്പുകളും കരകൗശല സാധനങ്ങൾ വിൽക്കുന്ന കടകളും ഷാളുകൾ വിൽക്കുന്ന കടകളും കഫേകളും ജിപ്സി വസ്ത്രങ്ങൾ വിൽക്കുന്ന കടകളും മറ്റുമാണ്. തീരെ വീതികുറഞ്ഞ കുത്തനെയുള്ള കോൺക്രീറ്റ് റോഡിന്റെ വശങ്ങളിലായി മഞ്ഞിന്റെ കൂംബാരങ്ങൾ കാണാം. സമയം അഞ്ചുമണിയോടടുക്കുന്നെയുള്ളൂ. എന്നാലും പതിയെ ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. ഇരുട്ടിനോടൊപ്പം  തണുപ്പിന്റെ തീവ്രതയും കൂടി വരുന്നുണ്ട്. ഞങ്ങൾ ഒരു കഫേയിൽ കയറി ചായക്ക് ഓർഡർ കൊടുത്തു. ഒരു വീടാണ് കടയാക്കി മാറ്റിയത്. അച്ഛനും മകളും ചേർന്ന് നടത്തുന്ന കഫേ. ഉടമസ്ഥനായ രാജൻ നൽവായുമായി അല്പസമയം സംസാരിച്ചു. നോബൽ പുരസ്കാരം നേടിയ പ്രശസ്ത സംഗീതജ്ഞനും എഴുത്തുകാരനുമായ  ബോബ് ഡിലനോടുള്ള കടുത്ത ആരാധന കൊണ്ടാണ് അദ്ദേഹം തന്റെ കഫേക്ക് 'ഡിലൻസ് റോസ്‌റ്റഡ്‌ & ടോസ്‌റ്റഡ്‌ കോഫി ഹൗസ്' എന്ന പേരിട്ടിരിക്കുന്നത്. കടയുടെ ചുമരുകൾ പൂർണമായും ബോബ് ഡിലന്റെ ഉദ്ധരണികൾ കൊണ്ടും അദ്ദേഹത്തിന്റെ പാട്ടുകളുടെ വരികൾ കൊണ്ടും നിറഞ്ഞിരിക്കുന്നു. പ്രശസ്തരായ ഒട്ടേറെ പേർ വന്നുപോകാറുള്ള കടയാണിതെന്ന് രാജൻ പറഞ്ഞു. ഞങ്ങൾ മലയാളികൾ ആണെന്നറിഞ്ഞപ്പോൾ അദ്ദേഹം തന്റെ മൊബൈൽ ഫോണിൽ നിന്നും നടൻ പൃഥ്വിരാജുമായുള്ള ഒരു ഫോട്ടോ എടുത്തു കാണിച്ചു. സംസാരത്തിനിടക്ക് ഓർഡർ ചെയ്ത ചായ വന്നു. ഞാൻ കുടിച്ചതിൽ വച്ച് ഏറ്റവും നല്ല ചായകളിലൊന്നായിരുന്നു അത്. ഗ്ലാസിലെ ചായയോടൊപ്പം ഉള്ളിലെ തണുപ്പും കുറഞ്ഞു വരുന്നു. 

അവിടെ നിന്നും വീണ്ടും കുന്നുകയറി മനു ക്ഷേത്രം ലക്ഷ്യമാക്കി നടന്നു. വഴിയോരത്ത് ഒന്നുരണ്ട് ഗ്രാമീണ സ്ത്രീകൾ ചെറിയ ആപ്പിളുകൾ വിൽക്കാനിരിക്കുന്നുണ്ട്. വഴിയുടെ ഇടതുവശത്തായി ഒരു കവാടം കടന്നു പോകുന്ന കോണിപ്പടികൾ കയറിയാൽ ക്ഷേത്ര മുറ്റമെത്തി. പർവ്വതനിരകളാൽ ചുറ്റപ്പെട്ടതാണ് ക്ഷേത്രം. ഒരു വശത്ത് പൂർണമായും മഞ്ഞാൽ മൂടപ്പെട്ടതും മറ്റു വശങ്ങളിൽ ഭാഗികമായും തീരെ മഞ്ഞില്ലാത്തതുമായ മലകൾ. ക്ഷേത്രമുറ്റത്തുനിന്ന് നോക്കിയാൽ മഞ്ഞിൽ ചുവപ്പിന്റെ ചെറിയ രാജികൾ പരത്തി അസ്തമിക്കുന്ന സൂര്യനെ പർവതങ്ങൾക്കപ്പുറത്ത് കാണാം. ക്ഷേത്രം ചുറ്റിക്കണ്ട് ഞങ്ങൾ പെട്ടന്നു തന്നെ മാൾ റോഡിലേക്ക് തിരിച്ചു നടന്നു. ഇരുട്ട് കനക്കും മുന്നേ ഞങ്ങൾക്ക് മാൾ റോഡിൽ എത്തണമായിരുന്നു.

Manali 4

രാത്രിയിൽ മാൾ റോഡിന്റെ ഭംഗി ഒന്നു വേറെ തന്നെയാണ്. എങ്ങും പ്രകാശ പൂരിതമാണ്. കടകൾക്കുമുന്നിൽ ജനത്തിരക്ക് കൂടിക്കൊണ്ടിരുന്നു. കനത്തുവരുന്ന തണുപ്പിലും ആളുകൾ ഐസ്ക്രീം നുണഞ്ഞുകൊണ്ട് പോകുന്നത് കണ്ടപ്പോൾ കൗതുകം തോന്നി. ഞങ്ങളും അതൊന്ന് പരീക്ഷിക്കുവാൻ തീരുമാനിച്ചു. ആറുതരത്തിലുള്ള വ്യത്യസ്ത രുചികൾ ചേർത്ത ഐസ്ക്രീം, കപ്പ് ഒന്നിന് 40 രൂപ. മാൾ റോഡിലെ ചില്ലറ ഷോപ്പിങ്ങും ചുറ്റിക്കറക്കവും അവസാനിപ്പിച്ച് ഞങ്ങൾ റൂമിലേക്ക് തിരിച്ചുപോയി. നാളെ രാവിലെ തന്നെ സൊളാങ് വാലിയിലേക്ക് തിരിക്കണം. 

തണുത്തുറഞ്ഞ രാത്രിക്ക് ശേഷം 

മണാലിയിൽനിന്നും റോഹ്‌തങ് പാസ്സിലേക്ക് നീളുന്ന വഴിയിൽ 14 കിലോമീറ്റർ മാറി വടക്ക് പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഒരു താഴ്‌വരയാണ് സോളാങ് വാലി. ഈ സമയത്ത് കനത്ത മഞ്ഞാൽ മൂടപ്പെടുന്നതുകൊണ്ട് റോഹ്‌തങ് പാസ് വഴിയുള്ള ഗതാഗതം പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. മുകളിൽ ഹിമാലയം മുതൽ പെയ്തിറങ്ങുന്ന മഞ്ഞ് ശൈത്യകാലത്തിന്റെ പകുതിയോടെ ഇവിടെ മണാലി താഴ്വര വരെ എത്തുന്നു. ഹോട്ടലിൽ നിന്നും രാവിലെ നേരത്തെ ഇറങ്ങണമെന്ന് കരുതിയതാണ്. പക്ഷേ തണുപ്പിന്റെ ആധിക്യം കാരണം അതിന് സാധിച്ചില്ല. 10 മണി കഴിഞ്ഞാണ് ഞങ്ങൾ പുറപ്പെട്ടത്. മണാലി ടൗണിൽ നിന്നും പതിയെ ഞങ്ങൾ ബിയാസിനു കുറുകെയുള്ള ഇരുമ്പു പാലം മുറിച്ചു കടന്ന് യാത്ര തുടങ്ങി. ഇവിടെയുള്ള റോഡുകളുടെയും  പാലങ്ങളുടെയുമെല്ലാം നിർമാണ ചുമതല ബോർഡർ റോഡ് ഓർഗനൈസേഷന്റെ (BRO) പരിധിയിലാണ്. 2020 ഒക്ടോബറിൽ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച അടൽ ടണൽ ഈ റോഡിലൂടെ 28 കിലോമീറ്റർ സഞ്ചരിച്ചാൽ എത്താനാകും.  സമുദ്ര നിരപ്പിൽ നിന്നും പതിനായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അടൽ ടണൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹൈവേ ടണൽ ആണ്. ഇന്ത്യയുടെ അഭിമാനമായ ഈ തുരങ്കത്തിന്റെ നിർമാണ ചുമതല വഹിച്ചതിൽ ഒരാൾ മലയാളിയായ BRO ചീഫ് എഞ്ചിനിയർ KP പുരുഷോത്തമൻ ആയിരുന്നു എന്നത് നമ്മൾ മലയാളികൾക്ക് അഭിമാനം പകരുന്ന കാര്യമാണ്. 

മണാലിയുടെ തിരക്കിൽ നിന്നും ഞങ്ങളുടെ വണ്ടി പതിയെ പുറത്തു കടന്നു. ഇപ്പോഴും ബിയാസിനോട് ചേർന്നാണ് ഞങ്ങളുടെ യാത്ര. യാത്രാ മധ്യേ മഞ്ഞിൽ ധരിക്കാനുള്ള പ്രത്യേകതരം ജാക്കറ്റുകളും കയ്യുറയും വാടകക്കെടുത്തു.  സോളാങ് വാലിയോടടുക്കാറായപ്പോൾ വീതികുറഞ്ഞ റോഡിൽ വാഹനങ്ങൾ ബ്ലോക്കിൽ പെട്ടു കിടക്കുന്നു. താഴ്‌വാരത്തോട് ചേർന്നുകിടക്കുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾ അധികമായി പാർക്ക് ചെയ്തുകിടക്കുന്നതുകൊണ്ടാണ് ഈ ബ്ലോക്ക്. സോളാങ് വാലിയോടടുക്കുംതോറും മഞ്ഞിന്റെ കനവും കൂടിക്കൂടി വരുന്നുണ്ട്. ഇപ്പോൾ ചുറ്റിനും മഞ്ഞിന്റെ വെണ്മ മാത്രമേ കാണാനുള്ളൂ. ചൂടു ചോളവും ചായയും ന്യൂഡിൽസ്, എണ്ണക്കടികൾ പോലുള്ളവ വിൽക്കുന്ന കടകളും റോഡിന്റെ ഇരുവശത്തുമായി ധാരാളമായി കാണാം. മണാലിയിൽ എത്തുന്ന മിക്കവാറും എല്ലാ സഞ്ചാരികളും സന്ദർശിക്കാറുള്ള സ്ഥലമാണ് ഇവിടം. പർവ്വതങ്ങൾക്കിടയിൽ സൂര്യരശ്‌മി അധികമേൽക്കാതെ കിടക്കുന്ന ഈ താഴ്വാരം വർഷത്തിൽ 5 - 6 മാസത്തോളം മഞ്ഞിനാൽ മൂടപ്പെട്ട് കിടക്കാറുണ്ട്. 

Manali5

മെല്ലെ മെല്ലെ വണ്ടി സോളാങ് വാലിയുടെ താഴെ എത്തിയപ്പോൾ ഞങ്ങൾ ഇറങ്ങി നടക്കാമെന്നുവച്ചു. ഇരുവശത്തുമുള്ള മഞ്ഞിന്റെ കൂമ്പാരത്തെ മുറിച്ച് കടന്നുപോകുന്ന റോഡ് തൂവെള്ള കടലാസിലിട്ട കറുത്ത വരകൾ പോലെ തോന്നിച്ചു. കടകളിൽ കൈകൾ കൂട്ടിത്തിരുമ്മി ചൂടുചായക്കായി കാത്തുനിൽക്കുന്ന ആളുകൾ. കുറച്ചുദൂരം നടന്നപ്പോൾ ദൂരെ മലകൾക്കുമുകളിൽ പാരാഗ്ലൈഡിങ് നടത്തുന്നവരെ കണ്ടുതുടങ്ങി. സോളാങ് താഴ്വരക്ക് തൊട്ടുതാഴെ സ്കീയിങ് നടത്താനുള്ള സൗകര്യം ഉണ്ട്. സഞ്ചാരികളുടെ ചെറുകൂട്ടങ്ങൾ മഞ്ഞിന്റെ കട്ടകൾ പരസ്പരം വാരിയെറിഞ്ഞും വീണുരുണ്ടും തെന്നിത്തെന്നിയും മഞ്ഞിൽ കളിക്കുന്നത് കാണാം. ഇവിടെ എത്തുന്നവർ തങ്ങളുടെ എല്ലാ തിരക്കുകളും മറന്ന് കുറച്ചു നേരത്തേക്ക് സ്വയം കുട്ടികളായി മാറുന്നു. ചിലർ കാഴ്ചകൾ ക്യാമറകളിൽ പകർത്തുന്നു. സോളാങ് മുതൽ രണ്ടുകിലോമീറ്റർ മുകളിലുള്ള അഞ്ജനി മഹാദേവ് ക്ഷേത്രം വരെ നീളുന്ന യാത്രക്ക് വേണ്ടി ക്വാഡ് ബൈക്കിന്റെയും കുതിര സവാരിയുടെയും ആളുകൾ സഞ്ചാരികളെ ക്യാൻവാസ് ചെയ്യുന്നുണ്ട്. അവിടവും പിന്നിട്ട് ഞങ്ങൾ മുകളിലേക്ക് നടന്നു. മഞ്ഞിൽ, തണുപ്പിന്റെ താഴ്വരയെ ചൂടുപിടിപ്പിച്ച് സഞ്ചാരികളുടെ വലിയ കൂട്ടം വിവിധ വിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. സോളാങ് വാലിക്ക് ചുറ്റിനുമായി മഞ്ഞിൽ കുളിച്ചു കിടക്കുന്ന പർവ്വതങ്ങളുടെ മടക്കുകളാണ്. താഴ്വാരത്തുനിന്നും കുത്തനെ കയറിപ്പോകുന്ന റോപ്പ് വേ കുന്നിന്റെ ശൃംഗത്തിൽ ചെന്നെത്തുന്നു. താഴെയുള്ളതിനേക്കാൾ കനത്തിൽ മഞ്ഞ് മൂടപ്പെട്ട് കിടക്കുകയാണ് അവിടം. അതിനും മുകളിലെ കുന്നിന്റെ ഉയരത്തിൽ നിന്നുമാണ് പാരാഗ്ലൈഡിങ് നടത്തുന്നത്. പരിശീലനം ലഭിച്ച റൈഡറോടൊപ്പം ഒരാൾക്ക് മാത്രമാണ് സഞ്ചരിക്കാനാവുക. ആകാശത്ത് ട്രാൻസ് ഹിമാലയത്തിന്റെ മുഴുവൻ ദൃശ്യ ചാരുതയും കണ്ട് കുറച്ചുസമയം ചുറ്റിപ്പറക്കാൻ  ആളൊന്നിന് 3500 രൂപയാണ് ചാർജ്. പാരാഗ്ലൈഡിങ് കഴിഞ്ഞ് ലാൻഡ് ചെയ്യുന്നത് താഴ്വാരത്താണ്. വിമാനം ഇറങ്ങുന്നതിന് സമാനമായാണ് ലാൻഡിംഗ്. പിന്നിലിരുന്ന് പാരച്ച്യൂട്ട് നിയന്ത്രിക്കുന്ന ആൾ നിലത്തെത്താറാവുമ്പോൾ കാലുകൾ പ്രത്യേക രീതിയിൽ നിലത്തുകൂടെ ഉരച്ച് വേഗത കുറക്കുന്നു. കുറച്ചുദൂരം ഐസിലൂടെ തെന്നിനീങ്ങിയ ശേഷം നിശ്ചലമാകുന്നു. 

സ്കീയിങ് നടത്തുന്നതിൽ മിക്കവരും ബാലൻസ് തെറ്റി കാൽവഴുതി വീഴുന്നുണ്ട്.  ആളുകൾ കുറച്ചുദൂരം സ്‌ക്കീ ചെയ്ത് മലർന്നോ കമിഴ്ന്നോ മഞ്ഞിൽ വീണ് പരസ്പരം നോക്കി ആർത്തുചിരിക്കുന്നു. താഴ്വാരത്തിന്റെ ഒരറ്റത്തായി മഞ്ഞിൽ ഇഗ്ലൂ ഉണ്ടാക്കിവച്ചിരിക്കുന്നു. അവിടെ നിന്ന് സഞ്ചാരികൾക്ക് വേണമെങ്കിൽ ഫോട്ടോ എടുക്കാം, 30 രൂപയാണ് ചാർജ്. ഞങ്ങൾ പതിയെ അവിടമൊക്കെ ചുറ്റിക്കണ്ടു.

Manali 6

സോളങ്ങിനോട് ചേർന്ന് പിന്നിലായി കിടക്കുന്ന മറ്റൊരു മലയിലാണ് അഞ്ജനി മഹാദേവ് ക്ഷേത്രം. ഞങ്ങൾ അങ്ങോട്ട് പോകുവാൻ തീരുമാനിച്ചു. ദുർഘടം പിടിച്ച മലമ്പാതയിലൂടെ വേണം പോകാൻ. കുത്തനെയുള്ള മല നടന്ന് കയറുന്നത് പണിപ്പെട്ട കാര്യമാണ്. കുതിരയും ക്വാഡ് ബൈക്കും അങ്ങോട്ട് സർവീസ് നടത്തുന്നുണ്ട്. ഞങ്ങൾ കുതിരയിൽ പോകാമെന്ന് വച്ചു. അധികം ഉയരമില്ലാത്ത കുറിയ കുതിരകളാണ് ഇവിടെയുള്ളതെല്ലാം. ഉരുളൻ കല്ലുകൾ നിറഞ്ഞ ചെങ്കുത്തായ വഴികളിലൂടെ അവ അനായാസം കയറിപ്പോകുന്നുണ്ട്.  ജമ്മു-കാശ്മീരിലെ അമർനാഥിലെ ഗുഹാക്ഷേത്രത്തിന് സമാനമായി പ്രകൃത്യാലുള്ള ശിവലിംഗമാണ് ഈ ക്ഷേത്രത്തിലെ പ്രത്യേകത. മലയുടെ മുകളിൽ നിന്നും വീഴുന്ന ചെറിയ വെള്ളച്ചാട്ടം ശിശിരത്തിൽ തണുത്തുറഞ്ഞ് ശിവലിംഗത്തിന്റെ രൂപത്തിൽ കാണപ്പെടുന്നു. വേനൽക്കാലത്ത് ഈ മഞ്ഞുരുകി ലിംഗം അപ്രത്യക്ഷമാകാറുമുണ്ട്. ഹിന്ദു വിശ്വാസ പ്രമാണങ്ങളനുസരിച്ച് ശിവലിംഗം നിർമിക്കപ്പെടുന്ന ഇവിടം ഹനുമാന്റെ മാതാവായ അഞ്ജന തപസ്സുചെയ്തിരുന്ന സ്ഥലമാണ്. അതുകൊണ്ടാണ് 30-40 അടി വരെ ഉയരം വരുന്ന ഈ ശിവലിംഗത്തെ അഞ്ജനി മഹാദേവ് എന്നു വിളിക്കുന്നത്. 

ഞങ്ങളെയുംകൊണ്ട് കുതിരകൾ പതിയെ കുന്നുകയറിപ്പോകുകയാണ്. പഞ്ഞിക്കെട്ടുകൾ പോലെ ചുറ്റിനും മഞ്ഞിന്റെ കൂടാരം. പേരറിയാത്ത ഏതൊക്കെയോ മരങ്ങൾ ഇലപൊഴിച്ച്  അങ്ങിങ്ങായി നിൽക്കുന്നു. പെരുമഴയത്ത് കുടയില്ലാതെ നനയുന്ന കുട്ടികളെപ്പോലെ ആ മരങ്ങൾ മഞ്ഞിൽ ഒറ്റയിട്ട് നിൽക്കുന്നു. ഞങ്ങൾക്ക് സമാന്തരമായി കുന്നിറങ്ങിവരുന്ന ഒരു ചെറു ചോല താഴെ ബിയാസിൽ ചെന്നുചേരാനായി ഒഴുകിപ്പോകുന്നു. മഞ്ഞിൽ കുതിരപ്പുറത്തുള്ള ഈ യാത്ര അവിസ്മരണീയമാണ്. കുന്നിനെ ചുറ്റിയും കുത്തനെ കയറിയും ഞങ്ങൾ പതിയെ മുകളിലെത്തി. താഴത്തേതിൽ നിന്നും വ്യത്യസ്തമായി ഇവിടെ വീഴുന്ന മഞ്ഞ് കട്ടിയില്ലാത്ത തരിതരികൾ ആണ്. ഞങ്ങൾ കുതിരയിൽ നിന്നിറങ്ങി പാറക്കെട്ടുകൾക്കിടയിൽ വീണുകിടക്കുന്ന മഞ്ഞിലേക്ക് നടന്നു. പെട്ടന്ന് എന്റെ കാൽ ഒരു വലിയ കുഴിയിലേക്ക് താഴ്ന്നുപോയി. കട്ടിയില്ലാത്ത മഞ്ഞ് രണ്ട് പാറകൾക്കിടയിൽ നിന്നിരുന്ന ഏതോ ചെടിയുടെ മുകളിൽ വീണ് പരന്നുകിടക്കുകയായിരുന്നു. അപകടം പതിഞ്ഞിരിക്കുകയാണവിടം. ഭാഗ്യംകൊണ്ട് വീഴാതെ രക്ഷപ്പെട്ടു. ഞങ്ങൾ അവിടെനിന്ന് തിരിച്ച് ക്ഷേത്രത്തിനടുത്തേക്ക് നടന്നു. മുകളിലേക്ക് കാൽനടയായി കുറച്ചധികം പോയാലാണ് അവിടെ എത്താനാവുക. ഇവിടെ സഞ്ചരിക്കാനായി പ്രത്യേകതരം മോട്ടോർ ഘടിപ്പിച്ച സ്നോ ബൈക്കുകൾ കിട്ടും. ഒഴുകിവരുന്ന അരുവിയെ മുറിച്ചുകടക്കാനായി ചെറിയ ഒരു മരപ്പാലം നിർമിച്ചിരിക്കുന്നു. അത് മുറിച്ചുകടന്നാൽ ചായയും മറ്റും വിൽക്കുന്ന ചെറിയ കടകൾ ധാരാളമായി കാണാം. ഇവിടെ സാധനങ്ങൾക്ക് താഴത്തേതിന്റെ മൂന്നിരട്ടിയാണ് വില. ഓരോ കടയ്ക്ക് സമീപത്തും ആളുകൾക്ക് ചൂടുകൊള്ളാനായി പ്രത്യേക പാത്രങ്ങളിൽ തീ കൂട്ടിവച്ചിട്ടുണ്ട്. ആരെയും കൊതിപ്പിക്കുന്ന അന്തരീക്ഷം. സാഹസിക വിനോദ പരിപാടികൾ ഇവിടെയും നടക്കുന്നുണ്ട്. ഞങ്ങൾ നിൽക്കുന്ന മലയിൽ നിന്നും തൊട്ടപ്പുറത്തെ മലയിലേക്ക് വലിച്ചുകെട്ടിയ ഇരുമ്പുകമ്പിയിലൂടെ വാലി ക്രോസിങ് നടത്താം. മാലയിൽ മുത്ത് കോർക്കുന്നപോലെ സുരക്ഷാ ബെൽറ്റുകൾ ധരിപ്പിച്ച് ആളുകളെ ഒന്നൊന്നായി ഈ കമ്പിയിലൂടെ കടത്തിവിടുന്നു.

Manali 7

ബങ്കി ജമ്പിനോട് സമാനമായി വലിയ കവണ പോലുള്ള ഇരുമ്പ് ദണ്ഡിന്റെ അറ്റങ്ങളിൽ കെട്ടിയ റബർ കയറിന്റെ നടുവിൽ ആളെ കെട്ടി ആകാശത്തേക്ക് വലിച്ചുവിടുന്നു. കുത്തനെ ഉയർന്നുപൊങ്ങി താഴേക്ക്, വീണ്ടും മുകളിലേക്കും താഴേക്കുമായി ആടിയാടി പതിയെ നിശ്ചലമാകുന്നു. 

നടത്തത്തിനിടയിൽ കാല് മഞ്ഞിൽ പുതഞ്ഞുപോകുന്നുണ്ട്. നടന്നുനടന്ന് പതിയെ ഞങ്ങൾ ഏറ്റവും മുകളിലെത്തി. ഉയർന്നുനിൽക്കുന്ന മലകൾക്കിടയിൽപ്പെട്ട ഇവിടെ സൂര്യപ്രകാശം ഏൽക്കാറില്ലെന്ന് തോന്നുന്നു. പർവ്വതത്തിന്റെ പുറകിലെവിടെയോ ഉള്ള സൂര്യന്റെ രശ്മികൾ ദൂരെയുള്ള മലമുകളിൽ പ്രതിഫലിക്കുന്നത് കാണാം. ചുറ്റിനും മഹാ സാഗരം പോലെ മഞ്ഞുപെയ്തുകിടക്കുന്നു. സ്വർഗ്ഗതുല്യമായ കാഴ്ചകളിലേക്ക് അലിഞ്ഞ് പോകുന്നത് പോലെയാണ്  അനുഭവപ്പെട്ടത്. തിറിച്ചിറങ്ങാൻ ആകാത്ത വിധം മനസ്സും ശരീരവും ആ മഞ്ഞിൽ പുതഞ്ഞു പോയിരുന്നു. മഹാ മുനികൾ തപസ്സിനായി തിരഞ്ഞെടുത്തിരുന്നത് ഇതുപോലുള്ള സ്ഥലങ്ങളാണെന്നാണ് കേട്ടിട്ടുള്ളത്. മനസ്സും ശരീരവും ഏകാഗ്രമായി പ്രകൃതിയിൽ ലയിച്ചു ചേരുന്ന അവസ്ഥ. ആ അനുഭൂതിയുടെ ആഴങ്ങൾ എത്രമാത്രം ആണെന്ന് അനുഭവിക്കാൻ ഒരിക്കൽ എങ്കിലും ഇവിടം സന്ദർശിക്കണം. ജീവിത യാത്രയുടെ പൂർണ്ണതയുടെ സഞ്ജീവനി അത്രമേൽ ഈ മഞ്ഞിൽ ഉറഞ്ഞ് കിടക്കുന്നുണ്ട്. 

Content Highlights: Kullu Manali Travel, Hadimba Devi Temple, Solang Valley