കോവിഡിന് മുന്‍പുള്ള കാലം, ഒരു ഒക്ടോബര്‍ മാസാവസാനം. സമുദ്ര നിരപ്പില്‍ നിന്നും 3515 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്ര തികച്ചും വ്യത്യസ്തവും മനോഹരവുമായിരുന്നു. കുത്തനെയുള്ള മലനിരയുടെ കല്ല് പാകിയ ഇടനാഴിലൂടെ 16 കിലോമീറ്റര്‍ നീണ്ട കാല്‍നടയാത്ര. ഇടയ്ക്ക് ഭീമന്‍ പാറമടയിലൂടെ ഒഴുകിവരുന്ന അരുവിയില്‍ കൈകൂപ്പി വെള്ളം കുടിച്ചും മുഖം കഴുകിയുമുള്ള സഞ്ചാരം. ഒരു വാക്കുമാത്രം പറയട്ടേ... ഭൂമിയിലെ സ്വര്‍ഗ്ഗങ്ങള്‍ കാണാതെ പോകരുതേ; എന്റെ സ്വര്‍ഗ്ഗം ഭൂമിയാണ്. ആ സ്വര്‍ഗ്ഗത്തെ ഞാന്‍ ആസ്വദിക്കുന്നു'.... ജീവിതത്തില്‍ ഇതുവരെ അനുഭവിച്ചറിയാത്ത യാത്രാനുഭവം നിങ്ങള്‍ക്ക് മുന്‍പില്‍ പങ്കുവയ്ക്കട്ടെ.
ശ്വാസംമുട്ടിക്കുന്നതും കാഴ്ച്ച മറക്കുന്നതുമായ; പുകയും മഞ്ഞും കലര്‍ന്ന വായു മലിനമായ ഡല്‍ഹിയുടെ അന്തരീക്ഷത്തില്‍ നിന്നും ഒരുമാറ്റം ആഗ്രഹിച്ച ഘട്ടം. മുന്‍ധാരണകളോ തയ്യാറെടുപ്പുകളോ ഇല്ലാതെയുള്ള യാത്ര. ആദ്യം ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ബസ്സ് കുതിച്ചത് ദേവഭൂമിയിലേക്ക്, ഹരിദ്വാറിലേക്ക്. നമ്മുടെ നാട്ടിലെ പഴയ കെ.എസ്.ആര്‍.ടി.സി. മോഡല്‍ ബസ്സ്. ക്ഷീണിതമായ ശരീരം ഉറങ്ങണമെന്നാഗ്രഹിച്ചെങ്കിലും പഴക്കംചെന്ന വാഹനത്തിന്റെ നിയന്ത്രണമില്ലാത്ത കുലുക്കം ഉറക്കത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.
ഇടയ്ക്കെപ്പോഴോ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ ഒരു ചൂടുചായ കുടിച്ച് ഉന്മേഷം വീണ്ടെടുത്തു. പതിനഞ്ച് മിനുറ്റിന് ശേഷം വീണ്ടും യാത്രതുടര്‍ന്നു. മുന്നോട്ട് കുതിക്കുന്തോറും തണുപ്പിന്റെ ഗാഢത കൂടുന്നുണ്ടായിരുന്നു. പിന്നീടെപ്പോഴോ മയക്കത്തിലേക്കുപോയി. പെട്ടെന്നാണ് 'ഹരേ ഭായ് സാബ് ആപ്കാ ജംഗ ആഗയ' എന്ന ഹിന്ദിയിലുള്ള അലറിയുള്ള വിളിയും തോളില്‍ പതിഞ്ഞ തണുത്ത സ്പര്‍ശവും. ഉണരാതിരിക്കാനായില്ല. ഞാന്‍ തിടുക്കത്തില്‍ ബാഗുമെടുത്തു വാഹനത്തിനു പുറത്തേക്കിറങ്ങി.
വിജന വീഥിയില്‍ ഹരിദ്വാര്‍. പുലര്‍ച്ചെ ഒന്നര കഴിഞ്ഞിരുന്നു. ജാക്കറ്റിനെയും തലവഴിമൂടിയ ചെറിയ ഷോളിനെയും തുരന്നുവന്ന തണുപ്പിനെ അതിജീവിക്കാന്‍ കഴിയാതെ ശങ്കിച്ചുപോയ ആ നിമിഷം. പെട്ടെന്ന് തണുപ്പിലേക്കെത്തിപ്പെട്ട അവസ്ഥയെ അതിജീവിക്കാന്‍ ചൂടേറിയ ഉത്തരേന്ത്യന്‍ ചായ കുടിച്ചുകൊണ്ട് ആ കാലാവസ്ഥയോട് മനസുകൊണ്ടും ശരീരംകൊണ്ടും തയ്യാറെടുത്തു. ഏകദേശം ഒന്നര മൈല്‍ ദൂരം നടന്ന് എത്തിപ്പെട്ടത് വറ്റിവരണ്ട ഗംഗയുടെ തീരത്ത്. നടത്തത്തിനിടയില്‍ കൂട്ടംചേര്‍ന്നുള്ള പട്ടികളുടെ ഓരിയിടല്‍ എന്നെ ഭയപ്പെടുത്തിയിരുന്നു. ഒരു വടിയുമെടുത്ത് മുന്‍പോട്ടു നീങ്ങി. ഗംഗാനദിയുടെ മുകളിലൂടെയുള്ള പാലത്തിലൂടെ ചുറ്റിക്കണ്ട് അന്ന് രാത്രി അതിനടുത്തുള്ള ഹോട്ടല്‍മുറിയില്‍ തങ്ങി. പുലര്‍ച്ചെ എഴുന്നേറ്റ്, കുളികഴിഞ്ഞ് പ്രാതല്‍ കഴിച്ച് ഋഷികേശിലേക്ക് യാത്രയായി.
തിരക്കേറിയ ബസ്സില്‍ കുറേനേരം നിന്ന് ക്ഷീണിച്ചപ്പോള്‍ പെട്ടന്നൊരു സീറ്റുകിട്ടിയെങ്കിലും അധികനേരം ഇരിക്കും മുന്‍പേ ഋഷികേശിലെത്തിയിരുന്നു. രണ്ടുമണിക്കൂര്‍ നീണ്ട യാത്ര. അവിടം ഒന്നു ചുറ്റിക്കണ്ട് ഒരു മുസമ്പി ജ്യൂസും കുടിച്ച് വീണ്ടും യാത്രയായി. അവിടം ഉയര്‍ന്നു കിടന്ന ശിവന്റെ പ്രതിമയും കടന്ന് കേദാര്‍നാഥിലേക്ക്. കുറച്ചുനേരംകഴിഞ്ഞപ്പോള്‍ ടാറിട്ട റോഡില്‍ നിന്ന് കല്ലുകള്‍ പാകിയ പൊടിപടലംകൊണ്ട് മൂടിക്കെട്ടിയ വികൃതവഴിലേക്ക്. അസഹനീയമായി തോന്നി. അങ്ങനെ കുറച്ചുദൂരം പിന്നിട്ടപ്പോള്‍ സുന്ദരമായ കാഴ്ചയിലേക്ക് നീങ്ങി... ഏതോ പേരറിയാത്ത നദി, അതിനിരുവശവും പച്ചപ്പു നിറഞ്ഞ കാടുകള്‍. അതിനിടയില്‍ പൂക്കള്‍ വിടര്‍ന്നിരിക്കുന്നു.
അതിമനോഹരമായ കാഴ്ച. ബസ്സിന്റെ ഒരുവശം സ്വര്‍ഗഭൂമി. മറുവശം എപ്പോഴും തകര്‍ന്നുവീഴാന്‍ നില്‍ക്കുന്ന പടുകൂറ്റന്‍ മലനിര. അങ്ങിങ്ങായി തകര്‍ന്ന് തങ്ങിനില്‍ക്കുന്ന വന്‍ പാറക്കഷ്ണങ്ങള്‍. എനിക്കുനേരെ വരുമെന്ന് കരുതിയ നിമിഷങ്ങള്‍. അല്ല ഞാന്‍ ഇരിക്കുന്ന ബസ്സിനോളം വലുപ്പത്തിലായിരുന്നു ആ പാറകള്‍. എത്രപേര്‍ കടന്നു പോയി ഞാന്‍ കടന്നുപോകുന്ന പ്രതീക്ഷ എന്നിലുണ്ടായിരുന്നു.
ഉറങ്ങിക്കൊണ്ടിരുന്ന ഏതോ അപരിചിതനെ വിളിച്ചുണര്‍ത്തി ചോദിച്ചുവാങ്ങിയ ബസ്സിന്റെ അറ്റത്തുള്ള സീറ്റിലിരുന്നു. സ്വര്‍ഗഭൂമിയുടെ താഴ് വര ഭാഗത്ത്. വീതി കുറഞ്ഞതും ചെറിയ കല്ലുകള്‍ അങ്ങിങ്ങായി നിറഞ്ഞതുമായ റോഡ്. അതിനെ പൂര്‍ണമായി റോഡായി പരിഗണിക്കാനും കഴിയില്ല. ഇടനാഴിയില്‍ ഇടിഞ്ഞുവീണ മണ്ണിനെ മണ്ണുമാന്തിയന്ത്രംകൊണ്ടു നീക്കം ചെയ്യുന്നുണ്ടായിരുന്നു. കുന്നിന്‍മുകളിലേക്ക് വട്ടംകറങ്ങി ഉഴരങ്ങളിലേക്ക് യാത്ര കുതിച്ചു. കൂടുതല്‍ ഉയരത്തില്‍ എത്തിയപ്പോള്‍ താഴേക്കുള്ള ഗര്‍ത്തത്തിന്റെ ഉയരം കൂടുകയും ആസ്വാദനം കൂടുതല്‍ ഭംഗിയുള്ളതുമായി. ആ ബസ്സിനെ അതുവഴി നയിക്കുന്ന ഡ്രൈവര്‍ക്ക് എന്റെ മനസ്സില്‍നിന്നും ഒരായിരം അഭിനന്ദനങ്ങള്‍ ഒഴുകി അയാളിലെത്തിക്കാണണം. കാരണം ആ ദുര്‍ഘടംപിടിച്ച വഴിയിലൂടെ അതിവേഗതയില്‍ സൂഷ്മതയോടെ കുതിക്കുന്നുണ്ടായിരുന്നു അയാള്‍. അയാള്‍ക്കത് പുതുമയുള്ള വഴിയല്ല. അങ്ങനെ കുറെ പേരുടെ നെഞ്ചിടിപ്പിന്റെ ശബ്ദം അയാള്‍ കേട്ടില്ലെന്നു നടിച്ചുകൊണ്ടു ചീറിപ്പാഞ്ഞു. കുറെ ദൂരം പിന്നിട്ടപ്പോള്‍ വഴിയിലെവിടെയോ ഉള്ള ഒരു താഴ് വരയുടെ ഇടനാഴിയില്‍ ബസ്സ് നിര്‍ത്തി. ഇതൊരു ചെറിയൊരു ബസ്സാണ് കേട്ടോ.. ആ വഴിക്ക് യോജിച്ചത്. അവിടം കുറെ വാഹനങ്ങള്‍ നിര്‍ത്തിയത് കണ്ടു. ഭക്ഷണം കഴിക്കാനുള്ള സമയം. ഭക്ഷണം കഴിച്ച് ക്യാമറയില്‍ ഫോട്ടോകള്‍ പകര്‍ത്തുമ്പോള്‍ വണ്ടിനീങ്ങിത്തുടങ്ങിയിരുന്നു.
ഞാന്‍ അതില്‍ ഓടിക്കയറി. ബസ്സ് മുന്‍പോട്ട് കുതിക്കുന്തോറും കാഴ്ചയുടെ ഭംഗി കൂടിക്കൊണ്ടിരുന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത, കുളിര്‍മ നിറഞ്ഞ, ഇതുവരെ കണ്ടിട്ടില്ലാത്ത മനോഹാരിതയിലേക്ക് ഞാന്‍ കടന്നുപോയി. അവസാനം ചെന്നെത്തിയത് രുദ്രപ്രയാഗില്‍. നീര്‍ച്ചാലുകള്‍ ഒഴുകുന്ന പാറക്കെട്ടിനുമുകളില്‍ നിന്നും മനോഹരമായ സൂര്യാസ്തമയം എന്നെ കൂടുതല്‍ ആകര്‍ഷിച്ചു. അവിടം ഒരു ചെറിയ ടൗണ്‍ ആണ്. കുന്നിന്‍ചെരുവില്‍ കെട്ടിപ്പൊക്കിയ ഒരു ഹോട്ടലില്‍ തങ്ങി. അവിടം അങ്ങനെയാണ് വീടും കടകളും താഴ് വാരത്തിലാണ്. കുളികഴിഞ്ഞ് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ ഭക്ഷണം കഴിച്ച്, യാത്ര ചെയ്ത ക്ഷീണത്തില്‍ പെട്ടന്ന് മയങ്ങിയിരുന്നു.
പിറ്റേദിവസം പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റ് പ്രഭാതകര്‍മ്മങ്ങള്‍ പെട്ടെന്ന് തീര്‍ത്ത് തലേദിവസം പറഞ്ഞുവച്ച പത്രക്കെട്ടുകള്‍ കൊണ്ടുപോകുന്ന ഒരു ട്രാവലറില്‍ ഗൗരികുണ്ടിലേക്ക് യാത്ര തുടര്‍ന്നു. ആരെഴുപേരുണ്ടായിരുന്നു. പത്രക്കെട്ടുകള്‍ വണ്ടിക്കുമുകളിലാണ്. മണ്ണിടിച്ചിലില്‍പ്പെട്ട് റോഡുമൂടിപ്പോയ വഴിയില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കംചെയ്ത് പഴയപടി ആക്കുന്നതും കാണാന്‍ കഴിഞ്ഞു. ഈ യാത്രയില്‍ കൂടുതല്‍ കാണാന്‍ കഴിഞ്ഞ വാഹനവും മണ്ണുമാന്തിയന്ത്രമായിരുന്നു. അതുവഴി കുറെദൂരം പിന്നിട്ടപ്പോള്‍ ഒരു മലയുടെ ഇടയില്‍ മഞ്ഞുമല തലയെടുപ്പോടെ നില്‍ക്കുന്നത് കണ്ടു. ആകാംക്ഷയോടെ കുറെ ചിത്രങ്ങള്‍ പകര്‍ത്തി. വാഹനം മുന്നോട്ടുനീങ്ങുന്നതനുസരിച്ച് മഞ്ഞുമല കൂടുതല്‍ ഭംഗിയായി കാണാനായി. അവിടെ എത്തിപ്പെടാന്‍ മനസ്സ് വെമ്പി. അവസാനം വാഹനം ഗൗരികുണ്ടില്‍ എത്തിപ്പെട്ടു.
റൊട്ടിയും ഉരുളക്കിഴങ്ങ് കറിയും കഴിച്ച്, ആ ഹോട്ടലില്‍ കേദാര്‍നാഥില്‍ എത്തിപ്പെടാനുള്ള വഴിചോദിച്ചു. അയാള്‍ പറഞ്ഞു 'നാലുമാര്‍ഗങ്ങളാണുള്ളത്. കോവര്‍ കഴുതപ്പുറത്തോ ഹെലികോപ്റ്ററിലോ തോള്‍ ബല്ലത്തിലോ കാല്‍നടയായോ.'
ആരുടെയും സഹായം തേടാതെ കാല്‍നടയായ് പോകാന്‍ തീരുമാനിച്ചു. അങ്ങനെ കിളിനാദവും ടക് ടക് എന്ന കോവര്‍കഴുത നടക്കുന്ന പ്രത്യേക ശബ്ദവും പിന്നെ ഇടക്കിടെ ചൂരല്‍വടികൊണ്ട് അടിക്കുമ്പോള്‍ കരയുന്ന പ്രത്യേകമായ ശബ്ദവും കേട്ടുകൊണ്ട് പടര്‍ന്നു പന്തലിച്ച പച്ചപ്പിനിടയിലൂടെയുള്ള യാത്ര. ആകാശത്തോളം മുട്ടിനില്‍ക്കുന്ന മഞ്ഞുമലയുടെ സൗന്ദര്യം. കുന്നിന്‍മുകളിലൂടെയുള്ള നടത്തം എന്റെ മനസ്സിനെ ഒട്ടുംതളര്‍ത്തിയില്ല. ഒരുപാട് അകലം നടന്നു ശരീരം തളര്‍ന്നപ്പോള്‍ ഇടക്കിടെ ഉള്ള കടകളില്‍ നിന്നും വെള്ളം കുടിച്ചും വിശ്രമിച്ചും കയറ്റം തുടര്‍ന്നു. യാത്രയില്‍ ചിലയിടത്ത് അതിമനോഹരമായ പശ്ചാത്തലത്തില്‍ ഫോട്ടോയ്ക്ക് പോസ്ചെയ്യുന്ന യുവമിഥുനങ്ങളെയും കാണ്ടു. പ്രതീക്ഷകള്‍ നിറഞ്ഞ മനസ്സും ശരീരവുമായി ഹിമാലയത്തിലെ മഞ്ഞുമലയെയും നോക്കി അതുരുകി നിര്‍ച്ചാലുകളായി ഒഴുകുന്ന വെള്ളവും കുടിച്ചുകൊണ്ട് നടത്തം തുടര്‍ന്നു.
ഉയരങ്ങളിലേക്ക് കേറുന്തോറും എന്റെ ഫോണിലെ സിഗ്‌നല്‍ കുറയുന്നുണ്ടായിരുന്നു. കുത്തനെ നടന്ന് നടന്ന് എത്തിപ്പെട്ടതൊരു താഴ് വാരത്തില്‍. അവിടം ഒരു വിശ്രമകേന്ദ്രമായിരുന്നു. ഒരു ബോര്‍ഡില്‍ വൈഫൈ ലഭ്യമാണ് എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിവച്ചിരിക്കുന്നു. ഉടന്‍ എന്റെ മൊബൈല്‍ ഫോണ്‍ അതുമായി ബന്ധിപ്പിച്ചു. കുറച്ചു സമയത്തെ വിശ്രമത്തിനൊടുവില്‍ വീണ്ടും മുന്നോട്ട് കുതിച്ചു. ഇടയ്ക്ക് ഒഴുകിവരുന്ന നദിയുടെ രണ്ടുകരയെയും ബന്ധിപ്പിച്ച പാലത്തിലൂടെ താഴെ ഒഴുകുന്ന നദിയെ നോക്കി. പിന്നില്‍ നിന്നുമൊരു ശബ്ദം കേട്ടു. തിരിഞ്ഞുനോക്കിയപ്പോള്‍ ഒരാള്‍ പ്രായമായ ഒരാളെ തോളില്‍ ബല്ലത്തില്‍ ചുമന്ന് ഒരു ബീഡിയും വലിച്ചു ചുമച്ചുകൊണ്ടു കുതിക്കുന്നു. ജീവിക്കാനുള്ള വഴികള്‍ തേടുന്ന പലരെയും കാണാമായിരുന്നു അവിടം.
കുന്നിന്‍ ചെരുവില്‍ ഇരുമ്പുകൊണ്ട് നിര്‍മ്മിച്ച ഇരിപ്പിടങ്ങള്‍. ചിലര്‍ അവിടെ വിശ്രമിക്കുന്നു. ചിലര്‍ അതൊന്നും കാണാത്ത മട്ടില്‍ വേഗതയില്‍ നടന്നകലുന്നു. ഭീമന്‍ കുന്നില്‍ നിര്‍മിച്ച കല്ലുപാകിയ വഴിയും കൈവേലിയും മനോഹരമായിരുന്നു. ഒരു സ്ഥലത്തെ കൈവേലിയില്‍ പിടിച്ചപ്പോള്‍ അതിളകി താഴെ വീണു. ഒപ്പം ഞാനും ആ താഴ്ചയിലേക്ക് വീഴേണ്ടതായിരുന്നു, ഭാഗ്യത്തിന് രക്ഷപ്പെട്ടു. ചിലയിടങ്ങളില്‍ ചെറിയ ഹോട്ടലുകള്‍... ഭക്ഷണത്തിന് ഉയര്‍ന്ന പൈസയും. ആലുപറാത്തയും പരിപ്പ് കറിയും കഴിച്ചു വിശപ്പടക്കി. തലയിലൊരു കെട്ടും കെട്ടി പ്രത്യേകമായ ശൈലിയിലൊരാള്‍ ചായയുണ്ടാക്കുന്നതുകണ്ടു, പോകും വഴി ഒരു ചായയും വാങ്ങി മൊത്തി. ഇഞ്ചിയുടെയും ഏലക്കയുടെയും രുചി. രുചിയുടെ കേന്ദ്രമായ നമ്മടെ നാട്ടില്‍ കിട്ടാത്ത ചായ. മുകളിലേക്ക് അടുക്കുന്തോറും കാഴ്ചയുടെ ഭംഗിയും തണുപ്പും കൂടുന്നുണ്ടായിരുന്നു. ആകാശത്തോട് തൊട്ടുനില്‍ക്കുന്ന മഞ്ഞുമല. അവിടെ എത്താനുള്ള വ്യഗ്രത. ഒപ്പം ഇടയ്ക്കിടെ പറക്കുന്ന ഹെലികോപ്റ്ററുകളും. പോകുന്ന വഴികളില്‍ എളുപ്പവഴിതേടുന്നവര്‍. ചിലര്‍ മണലില്‍ തെന്നിവീഴുന്നതും കണ്ടു.
ഓരോ കിലോമീറ്റര്‍ ഇടവിട്ടും ഓരോ ബോര്‍ഡുകള്‍. അതില്‍ ശേഷിക്കുന്ന കിലോമീറ്റര്‍ സൂചികയാണ് രേഖപ്പെടുത്തിയത് ഇടയ്ക്ക് സ്ഥലനാമവും. അങ്ങനെ പതിനാറ് കിലോമീറ്റര്‍ നടന്നെത്തിപ്പെട്ടത് സമുദ്രനിരപ്പില്‍നിന്നും 3515 മീറ്റര്‍ ഉയരത്തിലാണെന്ന ഹിന്ദിയില്‍ എഴുതിയ ബോര്‍ഡിന്റെ മുന്‍പില്‍. ഇളം കാറ്റില്‍ തണുപ്പിന്റെ അതിതീവ്രത... ഇതിനുമുന്‍പ് അനുഭവിച്ചിട്ടില്ലാത്ത കുളിര്‍മയായിരുന്നു അവിടെ. ഫ്രിഡ്ജിന്റെ ഫ്രീസറില്‍ കൈയ്യിട്ട അവസ്ഥപോലെ ശരീരം തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു. ആകാശം എന്നിലേക്ക് കൂടുതല്‍ അടുത്തിരിക്കുന്നു. അപ്പോഴേക്കും സൂര്യന്‍ മറഞ്ഞിരുന്നു. ഹാലോജന്‍ വെളിച്ചം. ഏകദേശം 8 മണി ആയിക്കാണും. ചുറ്റും പാറക്കെട്ടും മഞ്ഞുമലയും. അതിനിടയില്‍ ഒരു ക്ഷേത്രം കൂരിരുട്ടില്‍ തിളങ്ങിനില്‍ക്കുന്ന കാഴ്ച. അതിമനോഹരമാരിരുന്നു ആ അസുലഭനിമിഷം. -7 ഡിഗ്രിയിയോടുത്ത തണുപ്പ്. കുറച്ചു നടന്നപ്പോള്‍ കണ്ടത് കേദാര്‍നാഥ് ക്ഷേത്രവും അതിന്റെ പശ്ചാത്തലമായി ഭീമമായ മഞ്ഞുമലയും. എന്റെ കണ്ണുകള്‍ ഇതുവരെ നേരില്‍ കാണാത്ത കാഴ്ച! അവിടം ചുറ്റിക്കണ്ട് തണുപ്പിനെ മറികടക്കാന്‍ അവിടെയുള്ള ഒരു ബേസ്‌ക്യാമ്പില്‍ റൂമെടുത്തു. ഒരു കിടക്കയുടെ വണ്ണത്തിലുള്ള രചായിയുടെ ഉള്ളില്‍ക്കയറി മയങ്ങി.
ഇടയ്‌ക്കെപ്പോഴോ വിശന്നപ്പോള്‍ താഴെ ഒഴുകുന്ന നീര്‍ച്ചാലില്‍ നിന്നു കൈക്കുമ്പിളില്‍ വെള്ളം കുടിച്ചാശ്വസിച്ചു. ശരീരത്തെ വിറകൊള്ളിക്കുന്ന തണുപ്പിന്റെയും കുടിച്ച തണുത്തവെള്ളത്തിന്റെയും ഫലമായി കുളിര്‍കോരിയ ശരീരത്തെ ചൂടാക്കാന്‍ വീണ്ടും രചായിക്കുള്ളിലേക്ക് ചുരുണ്ടു. പിറ്റേദിവസം പുലര്‍ച്ചെ കുളിക്കാന്‍ ചൂടുവെള്ളം ആവശ്യമായിരുന്നു. വെള്ളത്തിന് ഒരു ക്ഷാമവുമില്ലാത്ത ആ സ്ഥലത്ത് ഒരു ബക്കറ്റ് ചൂട് വെള്ളത്തിന് അന്‍പത് രൂപ കൊടുക്കേണ്ടിവന്നു. ഞാന്‍ നേരത്തെ പറഞ്ഞില്ലേ ജീവിക്കാന്‍ പല വഴികള്‍തേടുന്നവര്‍.
കുളികഴിഞ്ഞു, ക്ഷേത്രദര്‍ശനം നടത്തി. തിരികെ ക്ഷേത്രത്തിന് വെളിയിലിറങ്ങി. അവിടം ശരീരമാകെ ഭസ്മം തേച്ച സ്വാമിമാര്‍ ഭജിക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് ആ തണുപ്പൊന്നും പ്രശ്‌നമായി തോന്നാത്തമട്ടിലായിരുന്നു ഇരിപ്പ്. നീണ്ട നാളത്തെ പരിശ്രമമാവാം. ദര്‍ശനം കഴിഞ്ഞു തിരികെ മടങ്ങുമ്പോള്‍ കുറച്ചുപേര്‍ ചേര്‍ന്ന് തീക്കായുന്നുണ്ടായിരുന്നു. അതിനിടയില്‍ കേറി തീയുടെ മുകളില്‍ കൈവച്ചപ്പോള്‍ ഒരു കരിഞ്ഞ മണം. പിന്നീടാണ് മനസ്സിലായത് കൈയ്യിലെ രോമം ഒട്ടുമുക്കാലും കരിഞ്ഞു പോയിരുന്നെന്ന്. അതുപോലും അറിയാത്ത കൊടുംതണുപ്പ്. തണുപ്പകറ്റുകയെന്ന ലക്ഷ്യം മാത്രയിരുന്നു അപ്പോള്‍. ഇനിയവിടം സന്ദര്‍ശനം നടത്താന്‍ കഴിയുമോ എന്ന ഉല്‍ക്കണ്ഠയില്‍ അവിടം മുഴുവന്‍ ചുറ്റിക്കണ്ട്ു. ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന മഞ്ഞുമലയെ കുറേനേരം കണ്ണെടുക്കാതെ നോക്കിനിന്നു. പ്രകൃതിയോട് കടുത്ത പ്രണയം തോന്നിയ നിമിഷം. ഇനിയും മുന്നോട്ട് കുതിക്കണമെന്ന് മനസ്സുകൊണ്ടാഗ്രഹിച്ചിരുന്നു. പക്ഷെ വഴികള്‍തടസമായി. വീണ്ടും വരുമെന്ന പ്രതീക്ഷമാത്രം.
തിരികെ റൂമില്‍ കയറി ബാഗും സാധനങ്ങളും എടുത്ത് തിരിച്ചിറങ്ങാന്‍ തുടങ്ങി. ഹെലികോപ്റ്ററുകള്‍ ഹെലിപാഡില്‍ വന്നുപോകുന്നുണ്ടായിരുന്നു. തിരിച്ചിറങ്ങാന്‍ കയറിയതിന്റെ പകുതി സമയമേ വേണ്ടിവന്നുള്ളൂ. താഴ് വാര വഴി, തിരിച്ചിറങ്ങാന്‍ അധികം സമയമെടുത്തില്ല. വീണ്ടും മഴപെയ്ത അന്തരീക്ഷത്തില്‍ മൂടിക്കെട്ടിയ പുകവായുവിനെ നീക്കംചെയ്ത വസന്തത്തിന്റെ സൗരഭ്യമുള്ള പൂക്കള്‍ മൊട്ടിട്ട പുതിയ ഡല്‍ഹിയുടെ കുളിര്‍മ്മനിറഞ്ഞ അന്തരീക്ഷം എന്നെ വരവേറ്റു. അതുമൊരു പുതിയ സ്വര്‍ഗ്ഗമായനുഭവപ്പെട്ടു. ഭൂമിയിലെ സ്വര്‍ഗ്ഗങ്ങള്‍ ഇനിയും കിടക്കുന്നു എത്രയോ. ഈ കാലവും കടന്ന് പോകും, ഈ മഹമാരിയേയും അതിജീക്കുന്ന കാലം അകലെയല്ല. മനുഷ്യന്റെ സ്വാതന്ത്ര്യം തിരികെ ലഭിക്കുന്ന നിമിഷം ഭൂമിയിലെ സ്വര്‍ഗ്ഗങ്ങള്‍ കൂടുതല്‍ യശസ്സോടെ നിങ്ങളെ കാത്തിരിക്കുന്നു.
Content Highlights: Kedarnath Travel, Kedarnath Trekking, Kedarnath Temple, Incredible India