ശാന്തവും സ്വച്ഛവുമായ ഭൂമിയിലെ ഒരിടംതേടിയാണ് നിങ്ങള്‍ യാത്രപോവാനാഗ്രഹിക്കുന്നതെങ്കില്‍ കൗസാനിയിലേക്ക് പോയ്‌ക്കോളൂ. നിങ്ങളാഗ്രഹിക്കുന്നതിനെക്കാള്‍ ശാന്തതയും കുളിര്‍മയും വാരിക്കോരി നല്‍കി ഹൃദയംകവര്‍ന്നാവും അവള്‍ നിങ്ങളെ മടക്കിയയ്ക്കുക. അതുകൊണ്ടാവണം രാഷ്ട്രപിതാവ് മഹാത്മാഗാന്ധി സ്വസ്ഥമായിരുന്ന് പുസ്തകമെഴുതാന്‍ ഈ കൊച്ചുഗ്രാമത്തെ തിരഞ്ഞെത്തിയത്.

അടിമുതല്‍ മുടിവരെ സുന്ദരിയാണ് കൗസാനി. ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ജില്ലയില്‍ സമുദ്രനിരപ്പില്‍നിന്ന് 6200 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഗ്രാമം. സാംബശിവന്റെ കഥാപ്രസംഗത്തിലെ വിവരണംപോലെ പച്ചപ്പട്ടുടയാട ചുറ്റിയ ഒരു മനോഹരി... സുമുഖി... സുന്ദരി. അറന്നൂറോളം കുടുംബങ്ങളും മൂവായിരത്തോളം ആളുകളുമാണ് കണക്കുകള്‍പ്രകാരം കൗസാനിയിലെ ജനസംഖ്യ.

അക്കമിട്ട് നിരത്തി എണ്ണിയെണ്ണിപ്പറയാന്‍ വിസ്മയങ്ങളൊന്നും കൗസാനി ഒരുക്കിവെച്ചിട്ടില്ല. ചരിത്രസ്മാരകങ്ങളോ വിസ്മയങ്ങളോ അമ്യൂസ്മെന്റ് പാര്‍ക്കുകളോ കണ്ണഞ്ചിപ്പിക്കുന്ന ഗോപുരങ്ങളോ ഒന്നും കൗസാനിയിലില്ല. പക്ഷേ, പ്രകൃതിയുടെ സൗന്ദര്യമെന്തെന്ന് മലഞ്ചെരുവില്‍നിന്ന് യാത്ര തുടങ്ങുമ്പോഴേ നിങ്ങള്‍ക്ക് ബോധ്യമാവും. മഞ്ഞപുതച്ച കടുകുപാടങ്ങള്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന സുന്ദരദൃശ്യങ്ങള്‍ കണ്ട് മനംകുളിര്‍ത്താണ് നിങ്ങള്‍ കൗസാനിയിലേക്കുള്ള വഴികള്‍ പിന്നിടുന്നത്. ഉയരം കൂടുംതോറും മഞ്ഞപ്പാടങ്ങള്‍ കനത്ത പച്ചപ്പുകളിലേക്ക് കാഴ്ചകളെ നയിക്കും. പൂത്തുലഞ്ഞുനില്‍ക്കുന്ന ഗോതമ്പുപാടങ്ങളും അകലെ മലഞ്ചെരുവിലെ ഇരുണ്ട നീല മലനിരകളും ദൂരക്കാഴ്ചയില്‍ വിസ്മയവസന്തം വിരിയിക്കും. 

Kausani Uttarakhand

കയറ്റമേറുന്തോറും പൈന്‍മരങ്ങള്‍ മഞ്ഞ് വാരിയുടുത്ത് നില്‍ക്കുന്നത് ഹൃദയംകവരും. ഒപ്പം നിങ്ങളെയും കുളിര്‍പ്പിച്ച് മഞ്ഞുപുതപ്പിനെ തലോടിനീങ്ങും. യാത്രക്കിടയില്‍ അപ്രതീക്ഷിതമായി ഒരു സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ സിനിമകളിലെന്നപോലെ പശുക്കളെയും മേച്ചുനടക്കുന്ന വൃദ്ധനോ തറയില്‍ കുനിഞ്ഞിരുന്ന് ചാണകവരളിയുരുട്ടുന്ന നിറമുള്ള വസ്ത്രമണിഞ്ഞ സ്ത്രീയോ കൊയ്ത ഗോതമ്പുകറ്റകള്‍ തലയിലേറ്റി നടന്നുവരുന്ന സുന്ദരിമാരോ ഒക്കെ നിങ്ങളുടെ കാഴ്ചകളിലേക്ക് കടന്നുവരും. സത്യത്തില്‍ ഇത്തരം ചന്തവും ചലനവുമുള്ള സുന്ദര ഗ്രാമീണദൃശ്യങ്ങളാണ് കൗസാനിയുടെ ശക്തി. ഇത്തരം കാഴ്ചകള്‍ക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. ഇന്ന് കാണുന്നതാവില്ല നാളെ. അതിനാല്‍തന്നെ ഓരോദിവസവും ഓരോ കാഴ്ചകളും ദൃശ്യങ്ങളുമാണ് കൗസാനി കാഴ്ചക്കാര്‍ക്കായി ഒരുക്കിവെക്കുന്നത്. 

Kausani Uttarakhand

കൗസാനിയുടെ മറ്റൊരു പ്രത്യേകത ഹിമാലയത്തിന്റെ 300 കിലോമീറ്റര്‍ നീളംവരുന്ന പനോരമിക് കാഴ്ചയാണ്. വെള്ളച്ചേലചുറ്റി നീണ്ടുകിടക്കുന്ന ദൃശ്യം. ഇതുപക്ഷേ, ഒരു സുന്ദരി തന്റെ ശരീരദൃശ്യം ചേലകൊണ്ട് മറച്ചുപിടിക്കുന്നതുപോലെ മഞ്ഞുകൊണ്ട് മറച്ചുപിടിച്ച് കൊതിപ്പിച്ചുകളയും കൗസാനി. മഞ്ഞുമൂടിയ കാലാവസ്ഥയില്‍ രണ്ടോ മൂന്നോ ദിവസം അവിടെ തങ്ങിയാലും ഈ കാഴ്ച കാണണമെന്നില്ല. ചിലപ്പോഴൊക്കെ ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും രണ്ടറ്റത്തും ചെഞ്ചായം പൂശി കൗസാനി നില്‍ക്കും. പുലരിയില്‍ മഞ്ഞുപുതച്ച് ചിലപ്പോള്‍ സൂര്യപ്രകാശത്തിന്റെ ഓറഞ്ചില്‍ തിളങ്ങി കനത്തവെയിലില്‍ പച്ചപ്പണിഞ്ഞ് വിസ്മയിപ്പിക്കും.

Kausani Uttarakhand

ഗാന്ധിജിയുടെ ശിഷ്യ സരളാബെന്‍ സ്ഥാപിച്ച അനാസക്തി ആശ്രമമാണ് അടുത്ത പ്രത്യേകത. 1929-ല്‍ രണ്ടാഴ്ചക്കാലം ചെലവഴിക്കാന്‍ ഇവിടെ എത്തിയ ഗാന്ധിജി, അനാസക്തി യോഗയെക്കുറിച്ച് പുസ്തകം എഴുതുകയും ചെയ്തത് ഈ സുന്ദരഭൂമിയില്‍വെച്ചായിരുന്നുവെന്ന് രേഖകള്‍ പറയുന്നു. ഗാന്ധിജി കൗസാനിയെ വിശേഷിപ്പിച്ചത് 'ഇന്ത്യയുടെ സ്വിറ്റ്സര്‍ലന്‍ഡ്' എന്നാണ്. അദ്ദേഹത്തിന്റെ വിശേഷണംപോലെത്തന്നെ ആഡംബരമില്ലാത്ത മരപ്പലകയടിച്ച വീടുകളും ലാളിത്യമുള്ള ജനങ്ങളും ബഹളമില്ലാത്ത ജീവിതരീതിയും കണ്ടാല്‍ നിങ്ങളുമത് ശരിവെക്കും. അപ്പോള്‍ പോയ്‌ക്കോളൂ കൗസാനിയിലേക്ക് അഥവാ ഇന്ത്യയുടെ സ്വിറ്റ്സര്‍ലന്‍ഡിലേക്ക്.

TRAVEL INFO

Kausani

Kausani is a small Hill town in the Bageshwar District of Uttarkhand. The views from the Town is so beautiful, that once Mahatama Gandhi called the place 'Switzerland of India' during his brief stay at the Town. The temperature is pleasant in the summer months and extremely cold in the winter seasons. One can do trekking in the various surroundings around Kausani. The panoramic view of the Nanda Devi Biosphere from a distance of 300 kms away is simply breathtaking. An Indian Military Base is also situated in the uptown Kausani and the area is restricted to outsiders.

Best Season: March-June
Sights Around: Gandhi Ashram: This is the place where Mahatma Gandhi stayed briefly and written the 'Anashakti Yog'. The Ashram is situated on the upper part of the Town. Baijnath Temple- situated around 20 kms north from Kausani Town and is a series of small / big temples dedicated to Lord Shiva œNanda Devi Range œ Rudradhari œ Girihas Tea factory

How to Reach: By Road: Kausani is well connected to Delhi. There are regular buses available from Delhi to Kausani (410 kms). By Train: Kathgodam station is the nearest station to Kausani (134 kms) Kathgodam station is connected to major cities of India. It takes around 5 hours by car from Kathgodam to Kausani. Raniket Express from Old Delhi station reaches Kathgodam at 6.30 a.m and you can reach Kausani by 12.00. By Air: Indira Gandhi International Airport, New Delhi (433 kms)

Stay: Hotel Utharakhand, View Point  090129 24222 œ Hotel Sagar,S. N. Pant Marg  099972 55933 œHotel Sumit, District Bageshwar 094129 62186