തിഹാസമായ മഹാഭാരതകാലത്തോളം പഴക്കം, ഇന്ത്യയിലെ ഏറ്റവും പുരാതനമായ കോട്ടകളിൽ ഒന്ന്... ഒളിഞ്ഞുകിടക്കുന്ന അമൂല്യ നിധിശേഖരങ്ങൾക്ക് മുകളിൽ, ഏറ്റുവാങ്ങേണ്ടിവന്ന മുറിവുകളിലും വൻനഷ്ടങ്ങളിലും പ്രൗഢി ചോർന്നുപോകാതെ തലയുയർത്തി നിൽക്കുകയാണ് കാംഗ്ര ഫോർട്ട്. പ്രകൃതിയും മനുഷ്യരും ഒരുപോലെ പിടിച്ചുകുലുക്കിയിട്ടും സഹസ്രാബ്ദങ്ങൾക്കിപ്പുറ വും കുന്നിൻമുകളിൽ നിറഞ്ഞ് നിവർന്നുകിടക്കുന്ന കോട്ട. കാവൽക്കാരില്ലാതെ തുറന്നുകിടക്കുന്ന കവാടങ്ങൾ, സിംഹാസനമില്ലാത്ത സഭാഗൃഹം, ആളൊഴിഞ്ഞ അന്തപ്പുരങ്ങൾ, വളഞ്ഞും തിരിഞ്ഞും മുകളിലേക്ക് നയിക്കുന്ന കൽപ്പടിക്കെട്ടുകൾ. കോട്ടയ്ക്കുള്ളിൽ ആരോ കൊളുത്തിയ തിരിവെളിച്ചത്തിൽ തൊഴുതു പ്രാർഥിക്കാനാരുമില്ലാതെ വിജനമായ ക്ഷേത്രത്തിൽ അംബികാ ദേവി. തൊട്ടപ്പുറത്ത് സാംസ്കാരിക കൈമാറ്റങ്ങൾക്കിടയിലെന്നോ കൂട്ടിനെത്തിയ ജൈനദേവൻ. നൂറ്റാണ്ടുകളുടെ ചരിത്രം ചേർത്തുവെച്ചാണ് കാംഗ്ര കോട്ടയിലെ ഓരോ മണൽത്തരിയും സന്ദർശകരെ കാത്തിരിക്കുന്നത്.

ഹിമാചലിലെ കാംഗ്രയിൽ, മാഞ്ചി - ബൻഗംഗാ നദികൾക്കരുകിലായി ഈ കൂറ്റൻ കോട്ട പണിതത് മഹാഭാരതത്തിൽ പരാമർശിക്കപ്പെടുന്ന കടോച്ച് രാജവംശമാണെന്ന് കരുതപ്പെടുന്നു. കടോച്ച് രാജാവായ സുശർമ ചന്ദ്ര നിലയുറപ്പിച്ചത് ദുര്യോധനനൊപ്പമായിരുന്നു. കൗരവരുടെ പരാജയത്തിനുശേഷം സൈനികരുമായി തിരിച്ചുവരുന്ന വഴി ഇതുവഴിയെത്തിയ സുശർമ ചന്ദ്ര ത്രിഗർത്തയുടെ അധികാരം പിടിച്ചെടുത്ത് കാംഗ്രയിൽ കോട്ട സ്ഥാപിക്കുകയായിരുന്നെന്നാണ് വിശ്വാസം. എന്തായാലും ശത്രുസൈന്യത്തെ കോട്ടയുടെ പരിസരത്തേക്ക് അടുപ്പിക്കാ ത്തവിധത്തിൽ സുശക്തമായ സംവിധാനങ്ങളാണ് കാംഗ്ര കോട്ടയിലുള്ളത്. 463 ഏക്കറിലാണ് കാംഗ്ര കോട്ട വ്യാപിച്ചുകിടക്കുന്നതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണക്കുകൾ പറയുന്നു.

Kangra Fort 2
കോട്ടയ്ക്കകത്തെ ദൃശ്യം 

കുട്ടിക്കാലം മുതൽ മോഹിപ്പിക്കുന്ന ഹിമാചൽ പ്രദേശ് കാണാനാണ് ധർമശാലയിലെത്തിയത്. അവിടെനിന്ന് വെറും 20 കിലോമീറ്റർ ദൂരത്തായി ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ കോട്ടകളിലൊന്നുണ്ടെന്ന് പറഞ്ഞത് ആതിഥേയനും മിലിട്ടറി ഓഫീസറുമായ ബിനുവാണ്. ധർമശാലയിൽനിന്ന് മലയിറങ്ങി വരണം കാംഗ്രയിലേക്ക്. കാംഗ്ര പട്ടണത്തിൽനിന്ന് നാലുകിലോ മീറ്റർ സഞ്ചരിച്ചാൽ കാണാം കുന്നിൻമുകളിലെ ആ ചരിത്ര വിസ്മയം. കോട്ടയ്ക്കുള്ളിലേ ക്കുള്ള നടപ്പാതയിലേക്ക് കട ക്കുന്നതിനുമുൻപ് ചെറിയൊരു മ്യൂസിയമുണ്ട്. രാജാ സൻസാർ ചന്ദ് മ്യൂസിയം. കോട്ടയുടെ ചരിത്രവും വിശേഷങ്ങളുമെല്ലാം അവിടെ എഴുതിവെച്ചിരിക്കുന്നു. കടോച്ച് രാജവംശത്തിന്റെ ചരിത്രവും അക്കൂട്ടത്തിലുണ്ട്. രാജഭരണകാലത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കളും ആഭരണങ്ങളുമെല്ലാം മ്യൂസിയത്തിൽ പ്രദർശന ത്തിനുണ്ട്.

വലിയ കോട്ടവാതിൽ കഴിഞ്ഞാൽ ഒട്ടേറെ ചെറിയ കവാടങ്ങൾ കടന്നുവേണം കോട്ടയ്ക്കുള്ളിലേക്ക് കടക്കാൻ. കോട്ട പിടിച്ചെടുത്ത ഭരണാധികാരികൾക്ക് അനുസൃതമായി ഓരോ ഗേറ്റിനും ഓരോ പേരുണ്ട്. രജിത് സിങ് ഗേറ്റാണ് ആദ്യം. ഈ കവാടത്തിലൂടെ കടക്കുമ്പോൾ ആദ്യം കാലെടുത്തുവെക്കുന്നതാണ് ഉചിതമത്രെ. സംശയം തോന്നിയാൽ, കോട്ടവാതിൽ കടന്നെത്തുന്ന സന്ദർശകന്റെ തലയിൽ ശരവർഷം നടത്താൻ മുകളിൽ സൈനികർ കാവലുണ്ടായിരുന്നിവിടെ. ആജ്ഞയുമായി രാജാവും കൂർത്തുമൂർത്ത അമ്പുകളുമായി പാഞ്ഞെത്തുന്ന ഭടൻമാരുമില്ലല്ലോ എന്ന ആശ്വാസത്താൽ ധൈര്യപൂർവം തല തന്നെ ഉള്ളിലേക്കിട്ട് കവാടം കടന്നു. ജഹാംഗീർ, അരി , ദർസിനി തുടങ്ങി ഓരോ കവാടത്തിലും പേരുകൾ കണ്ടു. ഏഴ് കവാടങ്ങളും ഇരുപത്തിമൂന്ന് കൊത്തളങ്ങളും ഇവിടുണ്ടെന്ന് സഞ്ചാരികളിലൊരാൾ പറഞ്ഞു.

Kangra Fort 3
കോട്ടയ്ക്കകത്തെ ലക്ഷ്മിനാരായൺ ക്ഷേത്രം

ദർശിനി കവാടം കഴിഞ്ഞാൽ കോട്ടയുടെ അകത്തളത്തിലെത്താം. ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾ ഇവിടെയുണ്ട്. അംബാ മന്ദിറും ആദിനാഥ് ജൈനമന്ദിരവും അവിടെ കണ്ടു. 1905-ലെ ശക്തമായ ഭൂകമ്പമാണ് കാം​ഗ്ര കോട്ടയ്ക്ക് നാശമുണ്ടാ ക്കിയത്.

അതിനും നൂറ്റാണ്ടുകൾക്ക് മുൻപുതന്നെ ധനമോഹികളായ ഭരണാധികാരികൾ സായുധസൈന്യവുമായി കോട്ടയെ വളഞ്ഞുതുടങ്ങിയിരുന്നു. കാല ങ്ങളായി നാട്ടുരാജാക്കൻമാരും ഭക്തരും സമർപ്പിച്ച സ്വർണം, വെള്ളി, വിലയേറിയ കല്ലുകൾ, മുത്തുകൾ എന്നിവ അളവില്ലാതെ കോട്ടയിലുണ്ടെന്നാണ് വിശ്വാസം. അമൂല്യമായ ആ നിക്ഷേപത്തിന്റെ പേരിൽ അമ്പതിലേറെ തവണയാണ് കാംഗ്ര കോട്ട ആക്രമിക്കപ്പെട്ടത്. എ.ഡി 470-ൽ കശ്മീർ രാജാവായ ഷേർഷാ, 1009-ൽ മുഹമ്മദ് ഗസ്തി , 1337-ൽ മുഹമ്മദ് ബിൻ തുഗ്ലക്, 1351-ൽ ഫിറോസ് ഷാ തുഗ്ലക്ക്, 1540-ൽ ഷേർഷാ... തുടർന്ന് രജപുത്രരും സിഖുകാരും ബ്രിട്ടീഷുകാരുമെല്ലാം ഇവിടെ അധികാരം സ്ഥാപിക്കാനെത്തി. കോട്ടയ്ക്കുള്ളിലായി 21 നിധി കിണറുകളുണ്ടെന്ന് പറയപ്പെടുന്നു, ഇതിൽ എട്ട് കിണറുകൾ മുഹമ്മദ് ഗസ്നി കൊള്ളയടിച്ചത്രേ. പിന്നീട് ബ്രിട്ടീഷുകാർ കോട്ട പിടിച്ചെടുത്ത് അഞ്ച് കിണറുകളിലെ നിധി ശേഖരിച്ചെന്നും ഇനിയും നിധിശേഖരം അടങ്ങിയ എട്ട് കിണറുകൾ കൂടി ഇവിടെ മറഞ്ഞുകിടക്കുന്നുണ്ടെന്നും ഗൈഡ് വിശദീകരിക്കുമ്പോൾ വിസ്മയത്തോടെ കണ്ണുകൾ ചുറ്റിലും പരതി, എവിടെയായിരിക്കും നിഗൂഢമായ ആ നിധിസഞ്ചയം...

കരിങ്കല്ലുകൾ വിരിച്ച വിശാലമായ കോട്ടവാതിലുകൾ, ഇരുവശവും വലിയ കരിങ്കൽക്കെട്ടുകൾ. അധികം സഞ്ചാരികളില്ല, ദലൈലാമയുടെ ആസ്ഥാനമായ ധരംശാല സമീപത്തായതിനാലാകാം ചെറുപ്പക്കാരായ ടിബറ്റൻ ബുദ്ധമതാനുയായികളെ അവിടവിടെ കണ്ടു. വിശാലമായ കോട്ടവാതിലുകൾ പിന്നിട്ട് മുകളിലേക്കുള്ള പടിക്കെട്ടുകൾ കയറി വിശാലമായ ഒരങ്കണത്തിലെത്തി. ഒറ്റനോട്ടത്തിൽ തന്നെ സഭാമണ്ഡപമെന്ന് തോന്നും. ചുറ്റും വരാന്തകളും കിളിവാതിലുകളുമുണ്ട്. വശങ്ങളിൽ ഭടൻമാർക്ക് കാവൽ നിൽക്കാനുള്ള സൗകര്യത്തെ ഓർമപ്പെടുത്തുന്ന ചെറിയ തിട്ടകൾ. പിന്നെയും മുകളിലേക്ക് നയിക്കുന്ന കൽപ്പടവുകൾ, സുഖദമായ കുളിർകാറ്റേറ്റ് കൽബെഞ്ചുകളിൽ നിശ്ശബ്ദരായി കുറച്ചുപേർ. ഉണങ്ങിയ ശിഖരങ്ങളുമായി ഒറ്റപ്പെട്ടുപോയ പേരറിയാത്ത ഒരു മരവും കണ്ടു, അസ്തമിച്ചുപോയ പ്രതാപകാലത്തിന്റെ തിരുശേഷിപ്പുപോലെ. ധ്യാനാത്മകമായ ആ നിശ്ശബ്ദതയിലും പക്ഷേ, മനസ്സിൽ യുദ്ധകാഹളം നിറഞ്ഞതുപോലെ. ശിരസ്സറ്റുവീഴുന്ന രാജാക്കൻമാരും ഭടൻമാരും ആക്രമിക്കപ്പെടുന്ന അന്തഃപ്പുര വനിതകളും ദാസികളും. അധികാരത്തിന്റെ എത്രയെത്ര പടപ്പുറപ്പാടുകളാണ് ഇത്തരം സ്മാരകങ്ങൾക്ക് പറയാനുണ്ടാകുക.

Kangra Fort 4
കോട്ടയുടെ അതിർത്തിമതിലുകൾ

മുകളിൽനിന്നുള്ള കാംഗ്രയു ടെ ദൃശ്യം മനോഹരമായിരുന്നു. ചേതോഹരങ്ങളായ താഴ്വരകൾ, നദികൾ, വളഞ്ഞും പുളഞ്ഞും പോകുന്ന റോഡുകൾ, അകലെ മഞ്ഞുമൂടിയ മലകളുടെ നീണ്ടനിര, വെള്ളിച്ചാലുകളായി ഒഴുകിയിറങ്ങുന്ന അരുവികൾ. ചിന്തകളിൽ നിന്നിറങ്ങിവന്ന മനസ്സ് നിശ്ചലമായപോലെ.

ആ അന്തരീക്ഷത്തിൽനിന്ന് അത്ര പെട്ടെന്നൊന്നും ഇറങ്ങിപ്പോരാൻ തോന്നില്ല. ആറ് മണിയാകാറാകുന്നു, എങ്കിലും നാട്ടിലെ നാലുമണിയുടെ പ്രതീ തി. നേരത്തേ ഉദിച്ച് വൈകി അസ്തമിക്കുകയാണ് മേയ്- ജൂൺ മാസങ്ങളിൽ സൂര്യനിവിടെ. സൂര്യൻ അസ്തമിക്കാൻ തുടങ്ങിയപ്പോൾ തിരിച്ചിറങ്ങാൻ തുടങ്ങി. വിജനമാണ് കോട്ടയുടെ പരിസരം. ത്രികാലജ്ഞാനമുണ്ടായിരുന്നെങ്കിൽ കണ്ണടച്ച് നൂറ്റാണ്ടുകൾ പിന്നിലേക്ക് പോകാമായിരുന്നു. കാലാളും കലാകാരൻമാരും രാജസദസ്സും അന്തഃപുരങ്ങളുമൊക്കെയായി ഉത്സവപ്രതീതിയിൽ ഒരു കോട്ടകൊത്തളം. ഓർക്കുമ്പോൾ വല്ലാത്ത പരവേശം... എത്രപെട്ടെന്നാണ് കാലം ഓരോന്നും തൂത്തുതുടച്ചെടുക്കുന്നത്... എഴു ത്തച്ഛന്റെ വരികൾ ഓർമ വന്നു,

ദേഹം നിമിത്തമഹംബുദ്ധി കൈക്കൊണ്ടു
മോഹം കലർന്നു ജന്തുക്കൾ നിരൂപിക്കും!

Kangra Fort

The Kangra Fort is located 20 kilometers from the town of Dharamsala on the outskirts of the town of Kangra, India. The Kangra Fort was built by the royal Rajput family of Kangra State (the Katoch dynasty), which traces its origins to the ancient Trigarta Kingdom, mentioned in the Mahabharata epic. It is the largest fort in the Himalayas and probably the oldest dated fort in India. The best time to visit Kangra Fort is from September to June.

Getting There 

By Air: Gaggal airport is the nearest airport from Kangra Fort, located at a distance of only 14 km from Kangra valley. This airport is connected to Delhi through frequent flights By Rail: The nearest railway station is at Kangra, 20 KMs from Dharamshala connected to Pathankot through narrow gauge line. The nearest broad gauge railway station is Pathankot which is about 95 Km from Dharamshala. By Road: Distance between New Delhi to Kangra is 471km. You can take overnight Volvo buses or can hire a taxi direct to the destination. Bus Stand Pathankot: 01862-226966

Sights Around : Bajreshwari Devi Temple MadTrek Adventures, Jawalamukhi Devi Templ, Gyuto Monastery
Stay : Hotel Abhi Residency. Phone No: ✆094180 73488
Hotel Downtown, Phone No: 0189 226 0384
Hotel Maurya, ✆ 094181 01788
Contact: H.P. Tourism Development Corporation Ltd. ✆ 0177- 2658302 , 2800073
Useful link: www.hpkangra.nic.in

(മാതൃഭൂമി യാത്ര 2021 സെപ്റ്റംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: kangra fort, heritage travel, mathrubhumi yathra