മരത്തില്‍ കിടക്കുന്ന പുലി - അതായിരുന്നു ആ കബനി യാത്രയുടെ ഉദ്ദേശം. കബനിയില്‍ നാല് സഫാരിയിലും മരത്തില്‍ പുലിയെ കാണാന്‍ പറ്റാതെ വിഷമിച്ച് ജംഗിള്‍ ലോഡ്ജസ് റിസോര്‍ട്ടിലെ ടെന്റില്‍ ഇരിക്കുമ്പോഴാണ് സുഹൃത്തും സന്തതസഹചാരിയും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ സന്ദീപിന്റെ ചോദ്യം - നമുക്ക് ജയ്പുര്‍ പോയാലോ???
ഉള്ളില്‍ പല ചോദ്യങ്ങളുമുയര്‍ന്നു. ജയ്പുരില്‍ എന്ത് വന്യജീവികള്‍ ആണ് ഉള്ളത്. രാജസ്ഥാന്റെ തലസ്ഥാനമല്ലേ ഈ പറയുന്ന ജയ്പൂര്‍? ഇന്ത്യയില്‍ ഏറ്റവും വലിയ മരുഭൂമി ഉള്ളത് രാജസ്ഥാനില്‍ ആണെന്ന് ചെറിയ ക്ലാസ്സുകളില്‍ പഠിക്കുന്ന സമയം തൊട്ടേയുള്ള അറിവാണ്. പോരാത്തതിന് പിങ്ക് സിറ്റി എന്നൊരു അപരനാമവും. അവിടെയുള്ള ചരിത്രപ്രാധാന്യമുള്ള കോട്ടകള്‍ കാണാന്‍ ഉള്ള പദ്ധതിയാണോ? അല്ലാതെ അവിടെ എന്ത് വൈല്‍ഡ് ലൈഫ്? അങ്ങനെ പല ചോദ്യങ്ങളും മനസിലേക്ക് കടന്നുവന്നു. വന്യജീവി ഫോട്ടോഗ്രാഫിയില്‍ മാത്രം താല്‍പര്യവുമായി നടക്കുന്ന എനിക്ക് ആ ചോദ്യം അന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം.
കബനി യാത്ര കഴിഞ്ഞു വീട്ടില്‍ വന്നതിനു ശേഷം ഇനി എവിടേക്ക് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ജയ്പുര്‍ മനസ്സിലേക്ക് വന്നത്. സന്ദീപ് അന്ന് പോകാമെന്നു പറഞ്ഞിരുന്നെങ്കിലും അത് അത്ര കാര്യമായി എടുത്തിരുന്നില്ല. ഗൂഗിള്‍ പരതിനോകിയപ്പോളാണ് ജയ്പുര്‍ എന്ന ചരിത്രനഗരത്തില്‍ തന്നെ ഝലാന എന്നൊരു സംരക്ഷണ മേഖലയുണ്ടെന്നും ധാരാളം പുലികളുടെയും മറ്റു വിവിധതരം പക്ഷിമൃഗാദികളുടെയും ആവാസവ്യവസ്ഥയാണതെന്നും മനസിലാക്കാന്‍ കഴിഞ്ഞത്. ഇതിനോടകം തന്നെ ഝലാനയില്‍നിന്നുള്ള പല പടങ്ങളും സോഷ്യല്‍ മീഡിയയില്‍ കാണാന്‍ ഇടയായി. അതുകൂടി ആയപ്പോള്‍ ഇനിയുള്ള യാത്ര ജയ്പുരിലേക്കു തന്നെ എന്ന് മനസ്സിലുറപ്പിച്ചു. അങ്ങനെ 2018 ഓഗസ്റ്റ് 20-ആം തിയതിയോടുകൂടി യാത്ര തിരികെയാനുള്ള പദ്ധതിയും തയ്യാറാക്കി. ഝലാനയില്‍നിന്നും കിട്ടാന്‍ പോകുന്ന ചിത്രങ്ങള്‍ മനസ്സില്‍ കണ്ടുകൊണ്ട് ദിവസങ്ങള്‍ തള്ളിനീക്കുന്നതിനിടെയാണ് ഓഗസ്റ്റ് 15-ആം തിയതിയോടുകൂടി നമ്മുടെ നാടിനെ വെള്ളത്തിലാഴ്ത്തിക്കൊണ്ടു മഹാപ്രളയം ഉണ്ടായത്. അന്ന് തന്നെ കൂടെ വരാമെന്നേറ്റ സുഹൃത്തിന്റെ വീട്ടില്‍ വെള്ളം കയറിത്തുടങ്ങി എന്ന വിളി വന്നു. രണ്ടു ദിവസത്തിനുള്ളില്‍ കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെള്ളം കയറുകയും വിമാനത്താവളം അനിശ്ചിതകാലത്തേക്ക് പൂട്ടുകയും ചെയ്തതോടു കൂടി ജയ്പുര്‍ യാത്രയുടെ കാര്യം തീരുമാനമായി.
ജയ്പുരില്‍ സഫാരി ബുക്ക് ചെയ്തിരുന്ന സുമിത്ത് എന്ന ജിപ്‌സി ഉടമയെ വിളിച്ചു ഞങ്ങളുടെ അവസ്ഥ പറഞ്ഞപ്പോള്‍ അദ്ദേഹം ബുക്കിംഗ് അഡ്വാന്‍സ് അടുത്ത യാത്രയില്‍ അഡ്ജസ്റ്റ് ചെയ്യാം എന്ന ഉറപ്പും തന്നു. അതുപോലെ തന്നെ ഫ്‌ളൈറ്റ് റദ്ദാക്കിയതിന്റെ മുഴുവന്‍ തുകയും തിരികെ കിട്ടി. ദൈവാധീനം കൊണ്ട് പണം ഒന്നും നഷ്ടപ്പെട്ടില്ലല്ലോ എന്ന ആശ്വാസത്തോടെ ജയ്പുര്‍ യാത്ര പിന്നത്തേക്കു മാറ്റിവെച്ചു.
പ്രളയം മാറി സാധാരണ ജീവിതത്തിലേക്ക് കേരളം മടങ്ങി തുടങ്ങിയപ്പോള്‍ ജയ്പുര്‍ മോഹം വീണ്ടും മനസിലേക്കു കടന്നു വന്നു. വീണ്ടും സന്ദീപിനെ വിളിച്ചു ജയ്പുര്‍ യാത്രയുടെ ആസൂത്രണം തുടങ്ങി. സെപ്റ്റംബര്‍ മാസം അവസാനത്തോടെ യാത്ര തിരിക്കാം എന്നും തീരുമാനിച്ചു. അങ്ങനെ പോകേണ്ട ദിവസം വന്നെത്തി. രാത്രിയിലാണ് നെടുമ്പാശ്ശേരിയില്‍ നിന്നും ബാംഗ്ലൂര്‍ വഴി ജയ്പുരിലേക്കുള്ള ഫ്‌ളൈറ്റ്. രാത്രി ഒരു മണിയോടെ ജയ്പുര്‍ നഗരത്തില്‍ ഫ്‌ളൈറ്റ് ഇറങ്ങി. മൂന്ന് മണിയോടുകൂടിയാണ് സാന്ദീപിന്റെ ഫ്‌ളൈറ്റ് എത്തിയത്. രാത്രി ഞങ്ങള്‍ ജയ്പുര്‍ വിമാനത്താവളത്തിലെ നീളന്‍ കസേരയില്‍ കിടന്നു ഉറങ്ങി. പുലര്‍ച്ചെ ഫോണിന്റെ റിങ് കേട്ടാണ് ഉറക്കം ഉണര്‍ന്നത്. സമയം 5:30 ആയിരിക്കുന്നു. ജിപ്‌സി ഉടമ സുമിത്ത് പറഞ്ഞയച്ച ഡ്രൈവര്‍ ജങ്ങളെ വിളിക്കാന്‍ എത്തിയതാണ്. സഫാരിക്ക് പോകുന്ന തുറന്ന ജിപ്‌സിയില്‍ തന്നെയാണ് മൂപ്പര്‍ എയര്‍പോര്‍ട്ട് ആഗമന ടെര്‍മിനലില്‍ എത്തിയിരിക്കുന്നതുകൊണ്ടു തന്നെ അവിടെ നിന്ന എല്ലാവരും കൗതുകത്തോടെ ഞങ്ങളെ തന്നെ നോക്കാന്‍ തുടങ്ങി.
വളരെയധികം ആവേശത്തോടുകൂടെയാണ് ഞങ്ങള്‍ ജയ്പുര്‍ നഗരത്തിലൂടെ യാത്ര തുടങ്ങിയത്. കിളികളുടെ കളകളനാദങ്ങളോടെയാണ് ജയ്പുര്‍ ഞങ്ങളെ വരവേറ്റത്. ദീപാലംകൃതമായ പൗരാണികത തുളുമ്പുന്ന കൊട്ടാരസദൃശ്യമായ കെട്ടിടങ്ങള്‍ അവിടവിടെയായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കയുന്നു. എയര്‍പോര്‍ട്ടിന് അധികം ദൂരയല്ലാത്ത ജവാഹര്‍ സര്‍ക്കിള്‍ ഗാര്‍ഡന്‍ പരിസരത്തു ധാരാളം ആളുകള്‍ പ്രഭാത വ്യായാമങ്ങളില്‍ മുഴുകിയിരിക്കുകയാണ്. അധികം വൈകാതെ തന്നെ ഞങ്ങള്‍ ഝലാനയില്‍ എത്തി. ജയ്പ്പുരിന്റെ നാഗരികത ഒട്ടും വിട്ടുമാറാത്ത ഒരു പ്രദേശത്ത് ഇത്രയും വലിയ ഒരു വനം സംരക്ഷിക്കപ്പെടുന്നു എന്നുള്ളത് തന്നെ വളരെ അധികം ആശ്ചര്യമുളവാകുന്ന ഒരു കാഴ്ചയാണ്. ലോകം മുഴുവന്‍ മനുഷ്യര്‍ കാടുകള്‍ കൈയ്യേറി നഗരവത്കരണത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ നഗരഹൃദയത്തില്‍ തന്നെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പച്ചപ്പിനു വഴിമാറുന്ന ഒരപൂര്‍വ കാഴ്ച.
നേരം നന്നേ വെളുക്കുന്നതുനു മുന്‍പ് ഞങ്ങള്‍ ഝലാനയില്‍ എത്തിയതുകൊണ്ടുതന്നെ ഞങ്ങള്‍ ആയിരുന്നു സഫാരിക്ക് ആദ്യം എത്തിയത്. സഫാരി തുടങ്ങാന്‍ ഇനിയും സമയം ഉള്ളതുകൊണ്ട് നമുക്കു ഝലാനയുടെ സംരക്ഷിത മേഖലക്കകത്തുള്ള അമ്പലത്തില്‍ പോയി വന്നാലോ എന്ന ജിപ്‌സി ഡ്രൈവര്‍ കുല്‍ദീപിന്റെ ചോദ്യത്തിന് ഞങ്ങള്‍ തലയാട്ടി. നിബിഡവനത്തിനു നടുക്കു വലിയ മതില്‍ കെട്ടിത്തിരിച്ചിരിക്കുന്ന ഒരമ്പലം. തലേദിവസത്തെ ഉറക്കക്ഷീണം കാരണം ഞങ്ങള്‍ രണ്ടുപേരും ജിപ്‌സിയില്‍ തന്നെ ഇരുന്നു. പക്ഷികളുടെയും ചീവിടുകളുടെയും കളകളനാദങ്ങളും കരച്ചിലുകളും കേട്ട് ഞങ്ങള്‍ ഉറക്കത്തിലേയ്ക്കു വഴുതിവീഴുന്നതിനിടയിലാണ് കുല്‍ദീപിന്റെ വിളി വന്നത്. അമ്പലത്തിനകത്തു പുലി ഉണ്ടെന്നും പെട്ടന്ന് ക്യാമറയും എടുത്തുകൊണ്ടു ചെല്ലാനുമാണ് കുല്‍ദീപ് വിളിച്ചു പറയുന്നത്. ഇങ്ങനെ ഒരു സാഹചര്യം ഒരിക്കലും പ്രതീക്ഷിക്കാത്തതുകൊണ്ടു തന്നെ ക്യാമറയും ലെന്‍സും ലഗ്ഗേജ് ബാഗില്‍ നിന്നും പുറത്തുപോലും എടുത്തിട്ടുണ്ടായിരുന്നില്ല. പുലി അമ്പലത്തിനു പുറത്തു വരുന്നതും വലിയ മതില്‍ക്കെട്ട് ചാടികടക്കുന്നതും വെറും കാഴ്ചക്കാരായി കണ്ടുനില്‍ക്കാനേ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ. കുല്‍ദീപിനൊപ്പം അമ്പലത്തിലെ പൂജാരിയും ഞങ്ങളുടെ അടുത്തേയ്ക്കു തെല്ലു വെപ്രാളത്തോടെ ഓടി വന്നു. ഉണ്ടായ സംഭവം പറഞ്ഞു കേട്ടപ്പോള്‍ ഉള്ളില്‍ ഒരു ചിരിയാണ് വന്നത്. കുല്‍ദീപും പൂജാരിയും കൂടി അമ്പലത്തിനകത്തു കയറി ലൈറ്റ് ഓണാക്കിയപ്പോഴാണ് തൊട്ടടുത്ത് വിശ്രമത്തിലായിരുന്ന പുലിയെ കണ്ടത്. ഒട്ടും പ്രതീക്ഷിക്കാത്ത അതിഥിയെ അമ്പലത്തിനകത്തു കണ്ട പൂജാരി ചെറു നിലവിളിയും പാസ്സാക്കിയിരുന്നു. ഇത് കേട്ട് പേടിച്ച പുലി മതില്‍ക്കെട്ട് ചാടി കാട്ടിലേയ്ക്കു പോവുകയാണുണ്ടായത്. എന്തായാലും തുടക്കം കൊള്ളാം; ഫോട്ടോ കിട്ടിയില്ലെങ്കിലും നല്ല പ്രതീക്ഷയ്ക്കു വകുപ്പുണ്ടെന്നു മനസ്സില്‍ ഉറപ്പിച്ചു ഞങ്ങള്‍ തിരിച്ചു സഫാരി ഗെയ്റ്റില്‍ തിരിച്ചെത്തി.
സഫാരി തുടങ്ങി ഉടന്‍ കുല്‍ദീപ് ഞങ്ങളെയും കൂട്ടി പുലിയെ കണ്ട അമ്പലത്തിന്റെ പരിസരത്തേക്ക് തന്നെയാണ് പോയത്. മയിലുകളുടെയും കുരങ്ങുകളുടെയും അലാറംകോളിനായി ശ്രദ്ധിച്ചിരിക്കുമ്പോള്‍ എപ്പോഴോ ഞങ്ങള്‍ വീണ്ടും ഉറകത്തിലേക്ക് വഴുതി വീണിരുന്നു. ആ മയക്കത്തില്‍നിന്നും എണീറ്റത് ഉദ്ദേശം ഒന്നരമണിക്കൂര്‍ കഴിഞ്ഞു മറ്റൊരു സോണില്‍ ആയിരുന്നു. യാത്ര തുടരുന്നതിനിടയില്‍ പൊടുന്നനെ കുല്‍ദീപിന്റെ ഫോണില്‍ ഒരു വിളി വന്നു. അമ്പലത്തിനടുത്തു പുലിയെ കണ്ടെന്നും പെട്ടന്ന് അങ്ങോട്ട് ചെല്ലാനുമാണ് മറ്റൊരനു ജിപ്‌സി ഡ്രൈവര്‍ വിളിച്ചറിയിച്ചത്. പെട്ടന്ന് തന്നെ ഞങ്ങള്‍ അങ്ങോട്ട് എത്തിയെങ്കിലും പുലിക്ക് പകരം പുലിയെ കാത്തുകിടക്കുന്ന നാല് ജിപ്‌സികളാണ് ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്. ഞങ്ങളും അവരിലൊരാളായി കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് പുലി അങ്ങു ദൂരെ മലമുകളിലൂടെ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടത്. ഫോട്ടോ എടുക്കുവാന്‍ ഒരു സാഹചര്യം പോലും തരാതെ അല്‍പ്പസമയത്തിനുള്ളില്‍ അത് കാടിനുള്ളിലേക്ക് നടന്നു മറഞ്ഞു. പുലി ഫോട്ടോയ്ക്കു നിന്നുതന്നില്ലെങ്കിലും പകരം അനേകം മയിലുകളും മാനുകളും മറ്റു പലവിധ പക്ഷികളും മാറി മാറി വന്നു പടമെടുക്കാന്‍ പോസ് ചെയ്തു തന്നു. ആ സഫാരിയുടെ അവസാനം ഇനിയും അഞ്ചു സഫാരികൂടിയുണ്ടല്ലോ; എന്തായാലും നമുക്കു പുലിയുടെ പടം കിട്ടും എന്നായി കുല്‍ദീപ്.
ഉച്ചകഴിഞ്ഞു നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പുലിയെ എന്തായാലും കാണാന്‍ കഴിയും എന്ന ആത്മവിശ്വാസത്തോടെ ഞങ്ങള്‍ സഫാരി തുടങ്ങി. എങ്ങിനെയെങ്കിലും ഞങ്ങള്‍ക്കു പുലിയെ കാണിച്ചുതരണം എന്ന വാശിയിലാണ് കുല്‍ദീപും. ഏകദേശം ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ആകാശം പതിയെ കാര്‍മേഘങ്ങള്‍ വന്നു മൂടുന്നത് അല്പം നിസ്സംഗതയോടെ ഞങ്ങള്‍ കണ്ടുനിന്നു. പതിയെ ചാറിതുടങ്ങിയ മഴ അധികം താമസിക്കാതെ ശക്തിയാര്‍ജ്ജിച്ചു. മഴനനയാതെ ഒന്ന് കയറിനില്‍ക്കാന്‍ പോലും ഇടമില്ലാത്ത ആ കാട്ടില്‍ തുറന്ന ജിപ്‌സിയില്‍ കഷ്ടിച്ച് കാമറ മാത്രം നനയാതെ പിടിച്ചുകൊണ്ട്; ഗത്യന്തരമില്ലാതെ പുലിയെ കാണാനുള്ള യാത്ര ഞങ്ങള്‍ തുടര്‍ന്നു. സഫാരി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കേ കുറച്ചകലെയായി കുരങ്ങന്മാര്‍ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കുന്നത് കേട്ടു. സമയം കളയാതെ ഞങ്ങള്‍ ആ ദിശയിലേക്ക് വച്ചുപിടിച്ച് അവിടെ കാത്തിരിപ്പ് തുടങ്ങി. അലാറം ആയിരുന്നു ഞങ്ങള്‍ കേട്ടത്.
പുലികളേയും കടുവകളെയും കാണുമ്പോള്‍ കുരങ്ങുകളും, മാനുകളും, കാട്ടുപോത്തുകളും, മയിലുകളും മറ്റും അലാം കോള്‍ പുറപ്പെടുവിപ്പിക്കാറുണ്ട്. സാധാരണ ഈ മൃഗങ്ങള്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളില്‍നിന്നും വ്യത്യസ്തം ആയിരിക്കും അലാം കോളുകള്‍. വേട്ടമൃഗങ്ങളുടെ സാന്നിധ്യം മറ്റു മൃഗങ്ങളെ അറിയിക്കാനാണ് ഇവ ഇങ്ങനെ അലാറം കാള്‍ പുറപ്പെടുവിക്കുന്നത്. വൃക്ഷനിബിഡമായ ഇന്ത്യന്‍ കാടുകളില്‍ പലപ്പോഴും പുലികളുടെയും കടുവകളുടെയും സാന്നിധ്യവും കൃത്യമായ സ്ഥാനവും മനസിലാകുന്നത് ഇത്തരം അലാറം കോളുകളില്‍ നിന്നുമാണ്. കുരങ്ങുകള്‍ എല്ലാം മരത്തിനുമുകളില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. അവിടെ ഇരുന്നാണ് നിലത്തേക്കുനോക്കി നോക്കി ഇവന്മാരുടെ ബഹളം. ഞങ്ങള്‍ക്കു കാണാന്‍കഴിയാത്ത വിധം ഒരു ചെറിയ മണ്‍തിട്ടയുടെ പുറകിലാണ് പുലി; കുരങ്ങുകള്‍ അതിനെ അവിടന്ന് ഓടിക്കാനുള്ള പങ്കപ്പാടിലാണ്. അവറ്റകളുടെ പരാക്രമവും ഒപ്പം സൂര്യന്‍ ചക്രവാളത്തില്‍നിന്നും മറയുന്ന കാഴ്ചയും കണ്ടിരിക്കാനേ ഞങ്ങള്‍ക്കു കഴിഞ്ഞുള്ളൂ. ഇനിയും പുറത്തിറങ്ങിയില്ലെങ്കില്‍ പിഴ വരുമെന്ന് ഡ്രൈവര്‍ ഓര്‍മിപ്പിച്ചതോടുകൂടി നിരാശയോടെ ഞങ്ങള്‍ സഫാരി അവസാനിപ്പിച്ചു പുറത്തിറങ്ങി. നേരത്തെ തുടങ്ങിയ മഴ ഒരു കുറവുമില്ലാതെ അപ്പോഴും പെയ്തുകൊണ്ടിരുന്നു.
മഴ പെയ്താല്‍ മനുഷ്യന്മാരെക്കാളും മടിയന്മാരാണ് പുലികളെന്നും എവിടെയെങ്കിലും പതുങ്ങികൂടാനാണ് ഇവര്‍ പൊതുവെ ഇഷ്ടപ്പെടുന്നതെന്നും പല ഗൈഡുമാരും ഞങ്ങളോട് പറഞ്ഞു. വിശക്കുമ്പോള്‍ വലിയ ഇര തേടാതെ മയിലുകളെയും കിളികളെയും മറ്റും അകത്താക്കി ഇവര്‍ മടിപിടിച്ചിരിക്കും. അതുകൊണ്ട് തന്നെ മഴയുണ്ടെങ്കില്‍ പുലിയെ കാണാനുള്ള സാധ്യത വളരെ കുറവാണെന്ന് അവിടെ പരിചയപ്പെട്ട പല ഗൈഡുമാരും ഞങ്ങളോട് പറഞ്ഞു. ഹോട്ടലില്‍ തിരിച്ചെത്തി വാര്‍ത്ത കണ്ടപ്പോഴാണ് വടക്കേ ഇന്ത്യയില്‍ മുഴുവന്‍ മഴായാണെന്നും മണാലി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വെള്ളപ്പൊക്കമാണെന്നും അറിയാന്‍ കഴിഞ്ഞത്. പുലിയെക്കാണാനുള്ള ഞങ്ങളുടെ ആഗ്രഹങ്ങളെല്ലാം തല്ലിക്കെടുത്തിക്കൊണ്ട് ആ വാര്‍ത്ത പുറകെ എത്തി - ഇനിയുള്ള ദിവസങ്ങളിലും നല്ല രീതിയിലുള്ള മഴ ഉണ്ടാകും. നാളെയെങ്കിലും സഫാരിയുടെ സമയത്തു മഴ ഉണ്ടാവാതിരിക്കണേ എന്ന പ്രാര്‍ത്ഥനയോടെ ആ രാത്രി തള്ളിനീക്കി.
മഴയില്ലാത്ത ഒരു ദിവസം സ്വപ്നംകണ്ടുണര്‍ന്ന ഞ്ഞങ്ങള്‍ക്കു നിരാശയായിരുന്നു ഫലം. രാത്രി മുഴുവന്‍ തോരാതെ പെയ്ത മഴ അതിരാവിലെയും പെയ്തുകൊണ്ടിരിക്കുന്നു. അധികം താമസിക്കാതെ തന്നെ സഫാരി വണ്ടിയുമായി കുല്‍ദീപ് എത്തി. തലേദിവസത്തെ മഴയില്‍ തുറന്ന ജിപ്‌സിയുടെ സീറ്റ് മുഴുവന്‍ നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. എങ്ങാനും ബിരിയാണി കിട്ടിയാലോ എന്നാലോചിച്ചു ഞങ്ങള്‍ സഫാരി തുടങ്ങി. അന്ന് മഴ തോര്‍ന്നതേ ഇല്ല - രണ്ടു സഫാരിയും മഴയില്‍ മുങ്ങി. കാമറ കവറില്‍ നിന്നും പുറത്തിറക്കേണ്ടി പോലും വന്നില്ല എന്ന് വേണം പറയാന്‍. ഞങ്ങളുടെ നിരാശ കണ്ടു ഡ്രൈവര്‍ കുല്‍ദീപും വല്ലാതായി; ഇനിയും ഞങ്ങളെ പറഞ്ഞാശ്വസിപ്പിക്കാന്‍ പറ്റാത്തതുകൊണ്ട് അയാളും ധര്‍മ്മസങ്കടത്തിലായി എന്ന് തന്നെ പറയാം.
തീരെ പ്രതീക്ഷയില്ലാതെയാണ് അടുത്ത ദിവസം തുടങ്ങിയത്. മഴ ചാറിക്കൊണ്ടിരിക്കുന്നു. അന്ന് ഞങ്ങളെ സഫാരിക്ക് കൊണ്ടുപോകാന്‍ വന്നത് മറ്റൊരു ഡ്രൈവര്‍ ആയിരുന്നു. മറ്റൊരു ഫുള്‍ ഡേ സഫാരിക്ക് പോകേണ്ടതിനാലാണ് കുല്‍ദീപ് പുതിയ ഡ്രൈവറെ ഏര്‍പ്പാടാകിയത്. സഫാരി തുടങ്ങി അല്‍പ്പസമയത്തിനുള്ളില്‍ എന്റെ ഫോണിലേയ്ക്കു കുല്‍ദീപിന്റെ കാള്‍ എത്തി. ആദ്യ ദിവസം പോയ അമ്പലത്തിലേക്കുള്ള വഴിയില്‍ എത്താനായിരുന്നു സന്ദേശം. കുല്‍ദീപ് അവിടെ പുലിയെ കണ്ടതുകൊണ്ടാണ് ഞങ്ങളോട് അവിടേക്കു ചെല്ലാന്‍ പറഞ്ഞിരിക്കുന്നത്. അമ്പലത്തിനടുത്തേക്കെത്തിയപ്പോള്‍ കുല്‍ദീപ് വണ്ടി പ്രധാനവഴിയില്‍ തന്നെ നിര്‍ത്തി അതില്‍ ഇരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. കുല്‍ദീപ് ആംഗ്യഭാഷയില്‍ വണ്ടിയുടെ വേഗതകുറച്ചു റോഡില്‍ തന്നെ നിര്‍ത്താന്‍ ആവശ്യപ്പെടുകയും ഇടതുവശത്തേക്കു കൈ നീട്ടി അവിടെ പുലി ഉണ്ടെന്നും ആംഗ്യഭാഷയില്‍തന്നെ കാണിച്ചു. വണ്ടി നിര്‍ത്തിയതിനു ശേഷം ചുറ്റും നോക്കിയെങ്കിലും ഞങ്ങള്‍ക്കു പുലിയെ കാണാന്‍ സാധിച്ചില്ല. നേരം വെളുത്തു വരുന്നതേയുള്ളു; അതിനൊപ്പം നിര്‍ത്താത്ത ചാറ്റല്‍ മഴയും കാര്‍മേഘങ്ങള്‍ കൂടിയായപ്പോള്‍ വെളിച്ചം നന്നേ കുറവായിരുന്നു അപ്പോള്‍. വീണ്ടും ഒരിക്കല്‍ കൂടി ശ്രദ്ധിച്ചപ്പോളാണ് ഞങ്ങള്‍ ശരിക്കും ഞെട്ടിയത്; ഞങ്ങളുടെ തൊട്ടു മുമ്പില്‍ വെറും അഞ്ചു മീറ്റര്‍ അകലത്തിനുള്ളില്‍ പുലി ഞങ്ങളേയും നോക്കിയിരിക്കുന്നു. പുലിയെക്കണ്ട സന്തോഷത്തിനൊപ്പം തെല്ലു പരിഭ്രാന്തിയും മനസ്സില്‍ ഉടലെടുത്തു. ജീവിതത്തില്‍ ആദ്യമായാണ് പുലിയെ ഇത്രയടുത്തു കാണുന്നത്. കുറച്ചു നിമിഷങ്ങള്‍ക്കു ശേഷം ആണ് സ്ഥലകാലബോധം തിരിച്ചു കിട്ടിയെതെന്നുതന്നെ പറയാം. ഉടനെ കാമറ എടുത്തു പുലിയുടെ പടങ്ങള്‍ എടുക്കാന്‍ തുടങ്ങി. പുലി നന്നായി പോസ് ചെയ്തു തന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് മറ്റു സഫാരി വണ്ടികളും അമ്പലത്തിലേക്കുള്ള യാത്രക്കാരും അവിടേയ്ക്കു വന്നത്. അധികം വൈകാതെ തന്നെ പുലി പതിയെ കാടിന്റെ അകത്തേയ്ക്കു പിന്‍വാങ്ങി. രണ്ടു ദിവസം മുഴുവന്‍ മനസില്‍ കൊണ്ടുനടന്ന പിരിമുറുക്കം ആണ് ജൂലിയറ്റ് എന്ന് വിളിപ്പേരുള്ള ആ പെണ്‍പുലി തന്ന ദര്‍ശനത്തിലൂടെ അകന്നത്.
വൈകുന്നേരത്തെ സഫാരിയിലും മറ്റൊരു പുലിയെയും കാണുവാനും പടങ്ങള്‍ എടുക്കുവാനും സാധിച്ചു. ഈ കാഴ്ചകളെല്ലാം കാണുന്നതിനിടയിലും മഴ തോരാതെ പെയ്യുന്നുണ്ടായിരുന്നു. ആ കാട്ടിലെ മഴ നനഞ്ഞുള്ള നിമിഷങ്ങള്‍ ഞങ്ങള്‍ ആസ്വദിക്കാന്‍ തുടങ്ങിയത് ജൂലിയറ്റ് എന്ന പുലിയുടെ നല്ലൊരു ദര്‍ശനത്തിനു ശേഷം ആയിരുന്നു. ശക്തമായ മഴ നനഞ്ഞുള്ള ആ കാനനയാത്ര അക്ഷരാര്‍ത്ഥത്തില്‍ വലിയ ഒരു അനുഭവമാണ് സമ്മാനിച്ചത്.
പുലികള്‍ക്കു പുറമെ വംശനാശഭീഷണിയുള്ള വരയന്‍ ഹൈന, പുള്ളി മാന്‍, ബ്ലൂ ബുള്‍, കുറുക്കന്‍, ഒട്ടനവധി പക്ഷികള്‍ എന്നിവയുടെ ഒരു വലിയ ആവാസവ്യവസ്ഥയാണ് ജലാന. 2012-2013 കാലഘട്ടത്തില്‍ നടത്തിയ കണക്കെടുപ്പ് പ്രകാരം പുലികളുടെ എണ്ണം വെറും എട്ടായിരുന്നെങ്കില്‍ ഇന്നത് 30- ല്‍ എത്തി നില്‍ക്കുന്നു. പണ്ട് ഝലാനയില്‍ കടുവകള്‍ ഉണ്ടായിരുന്നെന്നും രാജാക്കന്മാരുടെ നായാട്ടു കേന്ദ്രമായിരുന്നു ഇവിടം എന്നും അറിയാന്‍ കഴിഞ്ഞു. 18-ആം നൂറ്റാണ്ടില്‍ ജയ്പുര്‍ രാജകുടുംബം പണികഴിപ്പിച്ച ഹണ്ടിങ് ലോഡ്ജ് ഇപ്പോഴും ഈ കാലഘട്ടത്തിന്റെ ഒരു ഓര്‍മപ്പെടുത്തല്‍ പോലെ നിലകൊള്ളുന്നു. അങ്ങു മലമുകളില്‍ നിലകൊള്ളുന്ന ലോഡ്ജില്‍ ഇപ്പോളും പ്രവേശനം സാധ്യമാണ്.
നമ്മുടെ കൊച്ചു കേരളം ഉള്‍പ്പടെ എല്ലാ നാടുകള്‍ക്കും ഒരു ഉത്തമ മാതൃക കൂടിയാണ് ഝലാന. കുടുംബസമേതം വളരെ എളുപ്പത്തില്‍ സന്ദര്‍ശിക്കാവുന്ന ഒരു ചെറുകാടാണിത്. ജയ്പുര്‍ സിറ്റിയുടെ ഡൗണ്‍ടൗണ്‍ എന്നൊക്കെ വേണമെങ്കിലും ഈ കാടിനെ വിശേഷിപ്പിക്കാം. ഝലാനയിലെ സഫാരി രാവിലെയും വൈകുന്നേരവും ആണെന്നതുകൊണ്ട്, സഫാരി കഴിഞ്ഞുള്ള സമയം ജയ്പുര്‍ നഗരം കാണാന്‍ വിനയോഗിക്കാം. ജയ്പുര്‍ നഗരത്തില്‍ത്തന്നെയുള്ള സിറ്റി പാലസ്, ഹവാ മഹല്‍, ജന്തര്‍ മന്തര്‍ മുതലായ ചരിത്രപ്രാധാനമുള്ള നിര്‍മിതികള്‍ ഒഴിവാക്കാനാകാത്ത കാഴ്ചതന്നെയാണ്. ആധുനിക സാങ്കേതികവിദ്യകളോട് കിടപിടിക്കുന്നതോ, അതിനേക്കാള്‍ ഉയര്‍ന്ന നിലവാരമുള്ളതോ ആയ നിര്‍മിതികളാണ് ഇവയെല്ലാം തന്നെ. ജയ്പുരിനെ യുനെസ്‌കോ ഹെറിറ്റേജ് സൈറ്റ് ആയി പ്രഖ്യാപിച്ചത് മാത്രം മതി ഈ നഗരത്തിന്റെ ചരിത്രപരമായ പ്രാധാന്യം നമുക്കു മനസ്സിലാവാന്‍. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ മുതല്‍ ബജറ്റ് താമസ സൗകര്യങ്ങള്‍ വരെ ജയ്പുരില്‍ സുലഭമാണ്.
Content Highlights: Jhalana, Jaipur Travel, Jhalana Safari, Wildlife Photography