കാളക്കൊമ്പുകൊണ്ട് പോറലേല്‍ക്കുന്നത് അഭിമാനചിഹ്നമായാണ് ജല്ലിക്കെട്ടുനാട്ടിലുള്ളവര്‍ കരുതുന്നത്, വീരന്‍മാരില്ലാത്ത വീട് നാടിന് ശാപമെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം. ജല്ലിക്കെട്ടുകാളകള്‍ക്കൊപ്പം ജീവിതം മുഴുവന്‍ സഞ്ചരിക്കുന്നവര്‍, കാളയുടെ സൂക്ഷ്മഗണിതം മനസ്സിലാവാഹിച്ച പ്രായം ചെന്നവര്‍- രണ്ട് ജല്ലിക്കെട്ടുകാലങ്ങള്‍ക്കിടയിലാണ് അവരുടെയെല്ലാം ഒരു വര്‍ഷം കടന്നുപോകുന്നത്.

 
            ഗോവിന്ദമ്മാള്‍, ചിലമ്പ്, കനകന്‍ എല്ലാവരുടെ വീട്ടിലുമുണ്ടായിരുന്നു ശൗര്യംകൂടിയ കൂറ്റന്‍മാര്‍. വര്‍ഷം ഒന്നരലക്ഷത്തിനുമീതെ ചെലവിട്ടാണ് ഓരോ മാടിനെയും ഉടമസ്ഥന്‍  തീറ്റിപ്പോറ്റുന്നത്. ഒരുലക്ഷംമുതല്‍ നാലരലക്ഷംവരെ വിലവരുന്ന കാളക്കൂറ്റന്‍മാരെ യാത്രയില്‍ കാണാനായി.
ജനുവരിയില്‍ പൊങ്കലിനോടനുബന്ധിച്ചാണ് പ്രധാന ജല്ലിക്കെട്ടുകളെല്ലാം അരങ്ങേറുന്നത്. വീരവിളയാട്ട് മുന്‍പന്തിയില്‍നിന്ന് കാണണമെങ്കില്‍ മുന്‍കൂട്ടി പാസുകള്‍ ഉറപ്പിക്കേണ്ടതുണ്ട്. 
അളകനല്ലൂരിലെ പച്ചക്കറിച്ചന്തയാണ് മത്സരത്തിന് വേദിയാകുന്നത്. പച്ചക്കറിച്ചന്ത അവിടെ രൂപംകൊള്ളുംമുന്‍പേ മത്സരം ആ പ്രദേശത്ത്  അരങ്ങേറിയിരുന്നെന്ന് പഴമക്കാരുടെ വാക്കുകള്‍.
അഞ്ഞൂറുവര്‍ഷത്തെ പഴക്കമുണ്ട് ജല്ലിക്കെട്ടിനെന്നുപറഞ്ഞ് വിശദീകരിച്ച കാളവാസല്‍ ശെല്‍വന്‍ എട്ടുതലമുറ പിറകിലുള്ള കുടുംബചരിത്രം തെളിവിനായി എടുത്തുയര്‍ത്തി. ചില്ലിട്ട് ചുമരില്‍ തൂക്കിയ ചിത്രങ്ങളായിരുന്നു തെളിവിനാധാരം. കൂറ്റനുമുന്നില്‍ ഫോട്ടോക്കായി ഇരിക്കുമ്പോള്‍ ഇളയ തലമുറയില്‍നിന്ന് പേരക്കുട്ടിയായ യുവരാജിനെക്കൂടി ചിത്രത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ശെല്‍വന്‍ നിര്‍ബന്ധം പിടിച്ചു. 

jellikkettu

മാറാവ്യാഥിയില്‍ നാട്ടില്‍ മരണം താണ്ഡവമാടിയപ്പോള്‍ സ്വാമിയുടെ അരുളപ്പാടായി ജല്ലിക്കെട്ട് തുടങ്ങിയെന്നതാണ് ശെല്‍വന്‍ പറഞ്ഞ കഥയിലെ കനമുള്ള ഏട്. മണ്ണില്‍ മനുഷ്യച്ചോരവീഴ്ത്തി ദൈവകോപം ശമിപ്പിച്ച കഥകളാണ് ജല്ലിക്കെട്ടിന്റെ ചരിത്രമായി പാലമേട്ടിലെ കാരണവന്‍മാരും അവണിയാപുരത്തെ നാട്ടുകൂട്ടങ്ങളും പങ്കുവെച്ചത്. കാര്‍ഷികവിജയം നേടിയ നാട്ടുമക്കള്‍ കുലദൈവത്തിന്റെ പ്രീതിക്കായി നടത്തുന്ന ഉത്സവമാണ് ജല്ലിക്കെട്ടെന്ന് മുനിയാണ്ടിക്കോവിലിനുമുന്നില്‍ കണ്ട പഴനിയമ്മ ഇന്നും വിശ്വസിക്കുന്നു.
മുനിയാണ്ടിക്കോവിലുമായി ബന്ധപ്പെടുന്നതാണ് അളകനല്ലൂരിലെ ജല്ലിക്കെട്ട്. കോവിലിലെ കൂറ്റന്‍ ശില്പത്തിന്റെ ദൃഷ്ടി പതിയുന്നിടത്തുനിന്നാണ് മത്സരത്തിനായി കാളകള്‍ ഇറങ്ങുക.
രുദ്രയാഗം നടത്തി കാവല്‍ദൈവത്തെ പ്രീതിപ്പെടുത്തുന്ന ആചാരം ഇപ്പോഴും ഈ നാട്ടിലുണ്ട്. മഴ കുറയുമ്പോള്‍, മാറാവ്യാധികള്‍ കൂടുമ്പോള്‍ -നാട് കൂട്ടമായി കോവിലിലേക്ക് ഓടിക്കയറും. തലമുറകളില്‍നിന്ന് കൈമാറിക്കിട്ടിയ കഥകളാണ് വിശ്വാസത്തിന്റെ കരുത്ത്.
ജല്ലിക്കെട്ടുനാള്‍ മത്സരവേദിക്ക് രണ്ട് കിലോമീറ്റര്‍ അകലത്തില്‍ പൊലീസ് ഗതാഗതം നിരോധിക്കും. കാളകളെ കൊണ്ടുവരുന്ന വണ്ടികള്‍ക്ക് മാത്രമേ പിന്നീട് പ്രവേശനമുണ്ടാകുകയുള്ളൂ. മറ്റുജില്ലകളില്‍നിന്ന് ലോറികളിലാണ് കൂറ്റന്‍മാര്‍ എത്തുക. എഴുന്നൂറ് കാളകളെയും മുന്നൂറ് വീരന്‍മാരെയുമാണ് അളകനല്ലൂര്‍ പ്രതീക്ഷിക്കുന്നത്. 

yathra
ജല്ലിക്കെട്ടുഗ്രാമത്തിലെ കൂടുതല്‍
വിവരങ്ങളും വിശേഷങ്ങളും അറിയാന്‍
ജനുവരി ലക്കം യാത്ര കാണുക

മുന്‍കൂര്‍ രജിസ്റ്റര്‍ചെയ്ത കാളകള്‍ വരിനിന്നാണ് മത്സരത്തില്‍ പങ്കെടുക്കുക. മത്സരക്കാളയുടെ കണ്ണില്‍ മുളകെഴുതുമെന്നും മദ്യം കൊടുക്കുമെന്നും വാലില്‍ കടിച്ച് പ്രകോപിപ്പിക്കുമെന്നുമെല്ലാമുള്ള അടക്കംപറച്ചിലുകളില്‍ സത്യമില്ലെന്ന് സര്‍ക്കാര്‍ ഡിസ്‌പെന്‍സറിയിലെ ഉദ്യോഗസ്ഥന്‍ ദുരൈസ്വാമിയുടെ സാക്ഷ്യം. മൈതാനത്ത് ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് മത്സരം നടക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന കാളയുടെ പ്രായം, ആരോഗ്യനില തുടങ്ങി പന്ത്രണ്ടിലധികം കോളങ്ങള്‍ അനുകൂലമായാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകൂ.

 

jallikkettu

മൂന്നുതരം ജല്ലിക്കെട്ടുകളാണ് തമിഴകത്തെ ഗ്രാമങ്ങളില്‍ പ്രധാനമായും കാണുന്നത്, തുറന്ന മൈതാനത്തേക്ക് ഒന്നിലധികം കാളകളെ ഒരേസമയം ഇറക്കിവിടുന്ന രീതിയും കാത്തുനില്‍ക്കുന്ന വീരന്‍മാര്‍ക്കുമുന്നിലേക്ക്  ഇടുങ്ങിയ വഴിയിലൂടെ കാള പുറത്തുവരുന്നതുമാണ്  ഇന്ന് വ്യാപകമായി നടക്കുന്നത്. നീണ്ട വടത്തില്‍ കാളയെ കെട്ടിയിട്ട് ഏഴംഗസംഘം അതിനെ കീഴ്‌പ്പെടുത്തുന്ന മത്സരം ഇന്ന് എണ്ണത്തില്‍ കുറവാണെന്ന് പാലമേട്ടിലെ ജല്ലിക്കെട്ട് പ്രേമികള്‍ പറയുന്നു.

ഗ്രാമത്തിലെ വിശാലമായ മൈതാനത്തും ചന്തകളിലുമെല്ലാമാണ് ജല്ലിക്കെട്ട് നടക്കുന്നത്. മത്സരം നടക്കുന്ന സ്ഥലം ചകിരിച്ചോറും പൂഴിയും ഉപയോഗിച്ച് നിറച്ചുവെച്ചിരിക്കും. മത്സരക്കളത്തിലേക്ക് കാളക്കൂറ്റന്‍ ഇറങ്ങുന്ന ഇടുങ്ങിയ വഴിക്ക് 'വാടിവാസല്‍' എന്നാണ് പറയുക. മുന്നിലേക്കെത്തുന്നവരെ കുതറിത്തെറിപ്പിക്കാനായുള്ള കാളയുടെ വരവ് ശ്വാസമടക്കിപ്പിടിച്ചാണ് കാഴ്ചക്കാര്‍ ആദ്യം കണ്ടുനില്‍ക്കുക. മരണം മറന്ന്  കൂറ്റന് മുന്നിലേക്ക് എടുത്തുചാടുന്നവര്‍ക്ക് ആവേശംപകരുന്ന ആര്‍പ്പുവിളികള്‍ പിന്നീടുയര്‍ന്നുകേള്‍ക്കാം.

jellikkettu 2

കലിപൂണ്ട് കുതറിയോടുന്ന കാളയുടെ മുതുകില്‍ പിടിച്ച് പതിനഞ്ചുമീറ്ററോളം വീഴാതെ തൂങ്ങിപ്പോകുന്നവനാണ് കളിയിലെ വിജയി. വീഴാതെ പിടിച്ചുതൂങ്ങാന്‍  മത്സരാര്‍ഥിയും കുടഞ്ഞുവീഴ്ത്താന്‍ കാളയും ശ്രമിക്കുന്നിടത്താണ് കളി മുറുകുന്നത്.
മാടിന്റെ വിലയും വലുപ്പവും നിശ്ചയിക്കുന്നത്  അത് 'പിടിമാടാണോ', 'വീരമാടാണോ' എന്നതിലൂന്നിയാണ്. ജല്ലിക്കെട്ടില്‍ വീരന്‍മാര്‍ക്ക് തൊടാന്‍പോലും കിട്ടാത്ത മാടാണ് 'വീരമാട്', മത്സരാര്‍ഥികള്‍ പിടിച്ചുകെട്ടിയ മാട് പിടിമാടാണ്. മാടിനെ പിടിച്ചു ജയിച്ചവന്‍ ജല്ലിക്കെട്ട് വീരനായി മാറുന്നു.

 

(ജല്ലിക്കെട്ടുഗ്രാമത്തിലെ കൂടുതല്‍ വിവരങ്ങളും വിശേഷങ്ങളും അറിയാന്‍ 2018 ജനുവരി ലക്കം യാത്ര കാണുക)