രു കപ്പൽ മുങ്ങിപ്പോയതുകൊണ്ടുമാത്രമാണ് കരിങ്കൽ ശിൽപ്പങ്ങൾ ബാക്കിയായതെന്നു കേട്ടപ്പോൾ, കല്യാണമണ്ഡപത്തിൽ ചാഞ്ഞും ചെരിഞ്ഞും സെൽഫിയെടുക്കുന്ന എൻജിനിയറിങ്ങ് വിദ്യാർഥികൾ കൗതുകം കൊണ്ട് പുരികം വളച്ചു. പിന്നെ കഥയുടെ ചുറ്റും കൂടി. ഓരോ കല്ലിലും ഒരായിരം കവിതയുടെ മിന്നലൊളിയുള്ള കല്യാണമണ്ഡപത്തിനുള്ളിൽ അവർ വട്ടമിട്ടിരുന്നു. വെന്തുരുകുന്ന വെല്ലൂർ പട്ടണം മറ്റേതോ ദേശത്താണെന്നു തോന്നി, നഗരമധ്യത്തിലെ കോട്ടയ്ക്കുള്ളിൽ കൃഷ്ണശിലയുടെ തണുപ്പ് തൊട്ട് ജലകണ്ഠേശ്വരന്റെ സന്നിധിയിലെ കല്യാണമണ്ഡപത്തിലിരിക്കുമ്പോൾ.

കോട്ടക്കുള്ളിലെ ജലകണ്ഠേശ്വരക്ഷേത്രത്തെ തേടി ബ്രിട്ടനിൽ നിന്ന് പണ്ടൊരു കപ്പൽ പുറപ്പെട്ടതാണ്. ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും മനോഹരമെന്നു കരുതുന്ന കല്യാണമണ്ഡപം അതേ പടി പൊളിച്ചുമാറ്റി ബ്രൈറ്റൺ മ്യൂസിയത്തിലേക്ക് കൊണ്ടുപോവാനായിരുന്നു അത്. ഈസ്റ്റ് ഇന്ത്യാ കമ്പനി നാടു ഭരിക്കുന്ന കാലമാണത്. തൂണിനും ശിൽപ്പങ്ങൾക്കുമെല്ലാം നമ്പർ ചാർത്തി കടലാസുപണികളെല്ലാം മുഴുമിപ്പിച്ച ശേഷം ലണ്ടനിൽ നിന്ന് കപ്പൽ പുറപ്പെട്ടു. വെല്ലൂരിന്റെ ഭാഗ്യം, വരും വഴി ആ കപ്പൽ മുങ്ങിപ്പോയി. പകരം മറ്റൊരു കപ്പൽ പുറപ്പെടുന്നതിനെക്കുറിച്ച് ആലോചന നടന്നെങ്കിലും രാഷ്ട്രീയസാഹചര്യങ്ങളിലുണ്ടായ ചില മാറ്റങ്ങൾ ആ നീക്കത്തിന്റെ വേഗം കുറച്ചു. പിന്നീട് പല കാരണങ്ങൾ കൊണ്ട് അവർക്ക് പദ്ധതി ഉപേക്ഷിക്കേണ്ടിയും വന്നു. മധുരയിലും മറ്റുമുള്ള മണ്ഡപങ്ങളേക്കാൾ ചെറുതാണെങ്കിലും കൊത്തുപണികൾ കൊണ്ട് അവയേക്കാളൊക്കെ ചന്തം ജലകണ്ഠേശ്വരന്റെ കല്യാണമണ്ഡപത്തിനാണെന്നാണ് ഭക്തരുടെയും മറ്റും വാദം.

Jalakanteswarar 2
വെല്ലൂർ കോട്ട. കോട്ടയ്ക്കകത്തെ ക്ഷേത്ര​ഗോപുരവും കാണാം

46 തൂണുകളുള്ള മൂന്നു ഭാഗങ്ങളാണ് മണ്ഡപത്തിനുള്ളത്. തുറന്നു കിടക്കുന്ന പ്രവേശന കവാടം കഴിഞ്ഞാൽ മൂന്നുഭാഗത്തും ചുമരുകളുള്ള രണ്ടു തട്ടുകൾ. കല്യാണ ഉൽസവം നടക്കുന്ന വേദിയായതിനാലാണ് മണ്ഡപം കല്യാണമണ്ഡപമായത്. ഇന്ത്യൻ ആർക്കിടെക്ചർ ആന്റ് ആർട്ട് എന്ന വിഖ്യാത ഗ്രന്ഥമെഴുതിയ ബ്രിട്ടീഷ് ആർക്കിയോളജിസ്റ്റും ചരിത്രകാരനുമായ പേഴ്സി ബ്രൗൺ ഒരു മ്യൂസിയമെന്നാണ് ഈ മണ്ഡപത്തെ വിശേഷിപ്പിച്ചത്. കവിതയുടെ കാൽത്തളകൾ കെട്ടിയ കരിങ്കൽ തൂണുകൾ വെറുതെയല്ല ബ്രിട്ടീഷുകാരെ മോഹിപ്പിച്ചത്. കടലുകൾ താണ്ടി ആ കരിങ്കൽ കൊട്ടാരം കട്ടുകൊണ്ടുപോവാൻ കപ്പലുമായിറങ്ങിയതും അതുകൊണ്ടു തന്നെ. കവിതയ്ക്കെന്ന പോലെ കാലത്തിനും ദുരൂഹമായ ചുഴികളുണ്ട്. അതിൽ പെട്ടാവണം ആ കപ്പലിന് തീരമെത്താനാവാതെ പോയതും. 

Jalakanteswarar 3സംഘകാലം മുതൽക്കുതന്നെ പുകൾപെറ്റതാണ് മൂന്നു ചുറ്റും മലകൾ കോട്ട കെട്ടിയ പാലാറിന്റെ തീരത്തെ പട്ടണം. വെടിയൊച്ചകൾകൊണ്ട് മുഖരിതമായാവണം മലകളുടെ മടിയിൽ വെല്ലൂർ കിടന്നത്. പടയൊരുക്കങ്ങളും പടയ ട്ടങ്ങളും കണ്ട് ത്രസിച്ച് തിളയ്ക്കുന്ന വെയിലിൽ പട്ടണം മുറിച്ച് കടന്ന് കോട്ടയ്ക്കുള്ളിലേക്കിറങ്ങുമ്പോൾ തന്നെ മനസ്സൊന്നു തണുത്തിരുന്നു. 16-ാം നൂറ്റാണ്ടുമുതൽ തുടരെയുണ്ടായ യുദ്ധങ്ങളുടെ പാ ടുകൾ കോട്ടമതിലിൽ ചിലേടത്ത് കാണാം. കോട്ടയ്ക്കു ചുറ്റും എപ്പോഴും വെള്ളമുള്ള കനാൽ. ഈ കോട്ടയ്ക്കുള്ളിലാണ് ശിൽപ്പചാതുരി കൊണ്ട് കാലത്തെ അമ്പരിപ്പിക്കുന്ന ജലകണ്ഠേശ്വരക്ഷേത്രം. ശംബുവരായരും വിജയനഗര രാജാക്കൻമാരുമാണ് കോട്ടയും കോട്ടയ്ക്കകത്തെ ക്ഷേത്രവും നിർമ്മിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. 1921ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഇവ ഏറ്റെടുത്തു.

jalakanteswar temple
കല്യാണമണ്ഡപത്തിന്റെ തൂണുകൾ

കോട്ടയ്ക്കുള്ളിൽ നിരവധി സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതിനാൽ ആളുകളുടെ തിരക്കുണ്ട്. പ്രധാന റോഡിൽ നിന്ന് കുറച്ചു പടവുകൾ ഇറങ്ങിവേണം ക്ഷേത്രത്തിലേക്ക് കടക്കാൻ. തെക്കുഭാഗത്തേക്ക് കാഴ്ചയുള്ള പ്രധാനകവാടത്തോടു ചേർന്നുള്ള വഴിയിൽ ഒന്നു രണ്ട് പൂക്കച്ചവടക്കാർ. രണ്ട് ഗോപുരദ്വാരങ്ങളും തെക്കുഭാഗത്തേക്കാണ് സ്ഥിതിചെയ്യുന്നതെങ്കിലും പ്രധാന ക്ഷേത്രം കിഴക്ക് ഭാഗത്തേക്കാണ് നടതുറക്കുന്നത്. രണ്ടിനെയും ബന്ധിപ്പിക്കാൻ വലിയൊരു ചുറ്റുമതിൽ. ക്ഷേത്രത്തിലേക്ക് പൊടുന്നനെ കടക്കാനാവില്ല, ചുമരുകളിലും തൂണുകളിലും മച്ചിലുമുള്ള ശിൽപ്പങ്ങൾ കണ്ട് നൊടിനേരമെങ്കിലും അമ്പരന്നു നിൽക്കാതെ. ഓരോ തൂണിനുകീഴിലും സെൽഫി സംഘങ്ങൾ, ക്യാമറകളുടെ ഫ്ളാഷ് വെട്ടം.

തൂണുകളിൽ സദാശിവദേവമഹാരായരുടെയും ചിന്നബൊമ്മനായകരുടെയും ശിൽപ്പങ്ങൾ, മച്ചിൽ അഷ്ടദിക് പാലകർ, ഇടതുവശത്താണ് കല്യാണമണ്ഡപം. വിജയനഗര രീതിയിലുള്ള രണ്ടു വലിയ ദ്വാരപാലക ശിൽപ്പങ്ങൾ ഒഴിച്ചാൽ ബാക്കിയുള്ളവയെല്ലാം ശംബുവരായർ കാലത്തിലുള്ളതാണെന്നാണ്  നിഗമനം. കല്യാണമണ്ഡപം സദാശിവദേവമഹാരായരുടെ കാലത്താണ് പണിതീർത്തതെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിലെ മ്യൂസിയത്തിൽ കിടക്കേണ്ടിയിരുന്നതാണ് മണ്ഡപമെന്നറിഞ്ഞതോടെ ക്ഷേത്രത്തിലെത്തിയ ഭക്തർക്കും ടൂറിസ്റ്റുകൾക്കുമെല്ലാം കമ്പമേറി. പലതായി ചിതറി പിന്നെയും ഫോട്ടോഷൂട്ടുകൾ തുടങ്ങി.

jalakanteswar temple 5
ക്ഷേത്ര രഥം

ശിവനെയും വിഷ്ണുവിനെയും ഒരേസമയം ആരാധിച്ചിരുന്ന അമ്പലമായിരുന്നു ഇതെന്ന് ഭക്തർക്കിടയിലെ ചില പഴമക്കാർ ഓർത്തു. രംഗനാഥ പ്രതിഷ്ഠയായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. ശിവനും വിഷ്ണുവിനുമായി രണ്ട് മടപ്പള്ളികളും രണ്ട് യാഗശാലകളും ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. പക്ഷേ ഏറെക്കാലം ക്ഷേത്രത്തിൽ പൂജകൾ മുടങ്ങി. ഭക്തരുടെ ഇടപെടലുകളിലൂടെ അതീവരഹസ്യമായാണ് ശിവലിംഗം ക്ഷേത്ര ത്തിലെത്തിച്ച് പൂജ തുടങ്ങിയത്. ഇപ്പോൾ ആരാധന നടത്തുന്ന വിഗ്രഹങ്ങൾ 1981 ലാണ് പ്രതിഷ്ഠിച്ചത്. പൂജകൾ മുടങ്ങിയതിനെക്കുറിച്ച് കൃത്യമായ രേഖകളൊന്നും കിട്ടാനില്ല. കോട്ടയും ക്ഷേത്രവും തൊട്ടടുത്ത മുസ്ലീം പള്ളിയും ഉൾപ്പെടെയുള്ള 136 ഏക്കർ ഇപ്പോൾ സംരക്ഷി തസ്മാരങ്ങളാണ്. ആരാധന പുനരാരംഭിച്ച ശേഷം പൂർണ്ണമായും ശൈവരീതിയിലേക്ക് മാറിയെങ്കിലും ഇപ്പോൾ ബാലാജി (വിഷ്ണു) പ്രതിഷ്ഠയും ഇവിടെയുണ്ട്. നവഗ്രഹങ്ങളുടെയും ശൈവസന്യാസിമാരുടെയും ഗണേശ, വീരഭദ്രൻമാരുടെയും, ശിൽപ്പങ്ങൾ കണ്ട് കൗതുകമൊഴിയാത്ത കണ്ണുകളെ ദശാവതാരകഥകൾ നിറഞ്ഞ തൂണുകളും പ്രദക്ഷിണവഴികളും പ്രലോഭിപ്പിച്ചുകൊണ്ടേയിരുന്നു. പിന്നെ വസന്തമണ്ഡപത്തിലേക്ക്. വടക്കുകിഴക്കൻ മൂലയിലെ മണ്ഡപത്തിലേക്കുള്ള വഴി യിലാണ് സിംഹകിണറുള്ളത്. വെല്ലു രിന് 15 കി.മി. പടിഞ്ഞാറുഭാഗത്തുള്ള വിരിഞ്ഞിപുരം ക്ഷേത്രത്തിലേക്ക് ഇവിടെ നിന്ന് ഒരു ഭൂഗർഭപാതയുണ്ട്. വസന്തമണ്ഡപത്തിനുതാഴെയുള്ള ഈ തുരങ്കം കൂടാതെ രണ്ട് ചെറുപാതകൾ കൂടി ഭൂമിക്കടിയിലൂടെയുണ്ട്. അകത്ത് വടക്കുകിഴക്കെ മൂലയിലെ കിണറിനു താഴെയും, നടരാജമൂർത്തിയുടെ ചുവട്ടിലുമായാണ് ആ രഹസ്യവഴികളെന്ന് പറയപ്പെടുന്നു.

കോട്ടകെട്ടി കാത്തുവെച്ച് പ്രൗഢിയുടെ പടവുകൾ കയറി വഴിയിലെത്തി. കുഞ്ഞുകുഞ്ഞുശിൽപങ്ങൾ നിറഞ്ഞ ഗോപുരം, കാലങ്ങൾക്കപ്പുറത്തെ കപ്പൽഛേദം ബാക്കിയാക്കിയ കവിതയുടെ കരിങ്കൽ കൊട്ടാരം ഒന്നുകൂടി കണ്ണിലൊപ്പി.

ചുറ്റുവട്ടം

വെല്ലൂരിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ഖനനം ചെയ്തെടുത്ത ശിൽപ്പങ്ങളും ആയുധങ്ങളുമെല്ലാമുള്ള മ്യൂസിയം കോട്ടയ്ക്കകത്ത് ക്ഷേത്രത്തിനു തൊട്ടടുത്തുണ്ട്. എട്ടാം നൂറ്റാണ്ടുമുതലുള്ള കൽ പ്രതിമകളും ആയുധങ്ങളും പാത്രങ്ങളും ലിഖിതങ്ങളും മറ്റും ഇവിടെ കാണാം. 9.30 മുതൽ അഞ്ചുവരെയാണ് സന്ദർശനസമയം.

വെല്ലൂരിന് 13 കിലോമീറ്റർ തെക്കാണ് ശോലാപുരം എന്ന പട്ടണം. 25 കിലോമീറ്റർ പോയാൽ പടവീടും പടവീട്ടമ്മൻ ക്ഷേത്രവുമായി. 45 കിലോമീറ്റർ ദൂരത്താണ് തിരുമലയിലെ ജൈനക്ഷേത്രം. 25 കിലോമീറ്റർ പോയാൽ ചരിത്ര പ്രസിദ്ധമായ ആർക്കോട്ട് പട്ടണമായി. മുരുകൻ വല്ലിയെ വിവാഹം ചെയ്ത സ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന വള്ളിമലയിലേക്ക് 32 കിലോമീറ്ററാണ് ദൂരം. ഇവിടെ രണ്ട് സുബ്രഹ്മണ്യക്ഷേത്രങ്ങളുണ്ട്. 25 കിലോമീറ്റർ ദൂരത്തുള്ള അമിർത്തി സുവോളജിക്കൽ പാർക്കിൽ വന്യമൃഗങ്ങളെ കാണാം.

 

Travel Info

Yathra New
പുതിയ ലക്കം യാത്ര വാങ്ങാം

Vellore

Jalakanteswarar temple is situated on the north ern part of the carpet area inside the Vellore fort. It is an Outstanding architecture of two different periods namlely Sambuvarayars of Padavedu and the Vijayanagara rulers of Hampi.

Get There: Vellore falls on the Chennai-Bangalore highway. (Chennai 130 km). Tamilnadu Transport Corpora tion and Private operators ply buses from Vellore to other neighboring cities in and around Tamilnadu. Katpadi is the nearest railway junction (7km). Vellore contonment and Vellore town stations are the other railway stations located in the heart of the town connecting Katpadi Junction on the one side and Villupuram junction on the other side Chennai (140) Bengaluru (200)

Stay: Hotels of all ranges as per your pocket is available at Vellore.

(മാതൃഭൂമി യാത്ര 2014 ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: jalakanteswarar temple, vellore fort, spiritual travel, mathrubhumi yathra